Thursday, May 18, 2017

ജീവന്‍റെ സഞ്ചാരപഥം.
സദ്ഗുരു :- ശിരസ്സിന്‍റെ മുകളിലായി പ്രത്യേകിച്ചൊരു സ്ഥാനമുണ്ട്. ബ്രഹ്മരന്ധ്രം എന്നാണ് അതറിയപ്പെടുന്നത്. കുഞ്ഞു ജനിക്കുമ്പോള്‍ത്തന്നെ അതവിടെയുണ്ട്. എന്നാല്‍ അത് ഏറ്റവും മൃദുലമായിരിക്കും. ആ ഭാഗത്തെ എല്ലിന് മൂപ്പെത്തിയിട്ടുണ്ടാവില്ല. കുട്ടി കുറച്ചൊന്നു വലുതാകുമ്പോഴേക്കും ആ അസ്ഥിക്കും ദൃഢത കൈവരുന്നു. രന്ധ്ര എന്നത് ഒരു സംസ്കൃത പദമാണ്. മറ്റു പല ഭാഷകളിലും സാമാന്യേന അതുപയോഗിക്കുന്നുണ്ട്. ചെറിയ ഒരു ദ്വാരം എന്നാണതിനര്‍ത്ഥം. കടന്നുപോകാനുള്ള ഒരു വഴി എന്നും പറയാം. ഈ ദ്വാരത്തില്‍കൂടിയാണ് ജീവന്‍ ഭ്രൂണത്തില്‍ പ്രവേശിക്കുന്നത്.
ഒരുനാള്‍ ജീവന്‍ ശരീരത്തെ വിട്ടുപോകുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അത് ബോധപൂര്‍വം നിങ്ങളായി ചെയ്യുന്നതാണെങ്കില്‍ വഴി ഏതായാലും തെറ്റില്ല. എന്നാലും ബ്രഹ്മരന്ധ്രത്തില്‍ കൂടിയുള്ള ഇറങ്ങിപ്പോക്ക്, അതാണ് ഏറ്റവും ഉത്തമം.
പ്രാണനെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ശരീരത്തിന് എത്രത്തോളം സാധിക്കുമെന്നതിനെ കുറിച്ച് ജീവന് വ്യക്തമായ ധാരണയുണ്ട്. അതുകൊണ്ട് ആ രക്ഷാമാര്‍ഗം എപ്പോഴും തുറന്നുതന്നെ സൂക്ഷിക്കും. ശരീരത്തിന്‍റെ കാര്യക്ഷമത നഷ്പ്പെട്ടു എന്നു തോന്നുന്ന നിമിഷം പ്രാണന്‍ ഈ ദ്വാരത്തിലൂടെ നിഷ്ക്രമിക്കുന്നു. അതിനായി ശരീരത്തിലെ മറ്റു ദ്വാരങ്ങളൊന്നും തന്നെ അത് പ്രയോജനപ്പെടുത്തുന്നില്ല. താന്‍ വന്നവഴിയിലൂടെത്തന്നെ അത് തിരിച്ചു പോകുന്നു. മാന്യനായ ഒരു അതിഥിയെപോലെ. ഉമ്മറവാതിലില്‍ കൂടി അകത്തേക്കു വരുന്നു. അതേ വാതിലില്‍കൂടി പുറത്തേക്കും പോകുന്നു. ഉമ്മറവാതിലില്‍കൂടി വന്ന ആള്‍ പിന്‍വശത്തെ വാതിലില്‍ കൂടി പുറത്തേക്കു പോയാല്‍ അതിനര്‍ത്ഥം, അയാള്‍ എന്തോ കളവ് നടത്തിയിട്ടുണ്ട് എന്നാണ്. ചിലപ്പോള്‍ വീട്ടില്‍ കാര്യമായൊന്നും ബാക്കിവെച്ചിട്ടില്ല എന്നും വരാം. ജീവന്‍ ശരീരത്തെ വിട്ടുപോകുന്ന വഴി പലതാകാം. എങ്കിലും ഏറ്റവും ശുഭമായത് ബ്രഹ്മരന്ധ്രത്തില്‍കൂടി പുറത്തേക്കു പോകുന്നതാണ്.
ഭാരതീയ പാരമ്പര്യത്തില്‍, ഗര്‍ഭിണിയായ സ്ത്രീയുടെ പരിരക്ഷക്കായി പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കുന്ന പതിവുണ്ട്. സവിശേഷമായ സാഹചര്യങ്ങളും സൗകര്യങ്ങളും അവള്‍ക്കായി ബന്ധുക്കള്‍ ഒരുക്കുന്നു.
അമ്മമാര്‍ ‘ചാപിള്ളക’ളെ പ്രസവിക്കുന്നത് അത്ര അസാധാരണമായൊരു സംഭവമല്ല. അതിന് തക്കതായ ഒരു കാരണവും ഡോക്ടര്‍ക്ക് പറയാനുണ്ടാവില്ല. ഗര്‍ഭസ്ഥശിശുവിന് ആരോഗ്യപരമായി ഒരു ദോഷവുമുണ്ടാകില്ല. എല്ലാം വേണ്ടതുപോലെത്തന്നെയായിരിക്കും. എന്നാലും അങ്ങനെ സംഭവിക്കുന്നത്, ജീവന്‍റെ ഇച്ഛക്കനുസരിച്ചിട്ടാണ്. ജീവന്‍ ഭ്രൂണത്തില്‍ പ്രവേശിക്കുന്നു. പിന്നീട് ബോദ്ധ്യമാവുന്നു, അത് നിനക്കു പറ്റിയ ശരീരമല്ല എന്ന്. ഉടനെ, ശിശുവാകാന്‍ കാത്തു നില്കാതെ  ആ ദേഹം വിട്ടു പോകുന്നു. അതുകൊണ്ടാണ് ഒരു വാതില്‍ എപ്പോഴും തുറന്നുവെച്ചിരിക്കുന്നത്.
ഭാരതീയ പാരമ്പര്യത്തില്‍, ഗര്‍ഭിണിയായ സ്ത്രീയുടെ പരിരക്ഷക്കായി പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കുന്ന പതിവുണ്ട്. സവിശേഷമായ സാഹചര്യങ്ങളും സൗകര്യങ്ങളും അവള്‍ക്കായി ബന്ധുക്കള്‍ ഒരുക്കുന്നു. നല്ലൊരു പ്രജയുണ്ടാകാന്‍ സംഗതിയാവണേ എന്ന പ്രാര്‍ത്ഥനയും പ്രതീക്ഷയുമാണ് ഇതിനു പിന്നിലുള്ളത്. അങ്ങനെയുള്ള പഴയ നാട്ടുനടപ്പുകളെല്ലാം നമ്മള്‍ ഇപ്പോള്‍ വേണ്ടെന്നു വെച്ചിരിക്കുന്നു. അവള്‍ കഴിക്കുന്ന ഭക്ഷണം, കേള്‍ക്കുന്ന ശബ്ദങ്ങള്‍, ഇടപഴകുന്ന ആളുകള്‍, അങ്ങനെ സര്‍വകാര്യങ്ങളിലും അന്ന് നമ്മള്‍ ശ്രദ്ധചെലുത്തിയിരുന്നു. നല്ല ഒരു പ്രജയെ സ്വീകരിക്കാന്‍ ശരീരത്തെ സജ്ജമാക്കുക. ഇതുകൊണ്ടെല്ലാം നമ്മള്‍ ലക്ഷ്യമാക്കിയിരുന്നത് അതായിരുന്നു.
ബ്രഹ്മരന്ധ്രം ഒരു ‘ആന്‍റിന’യാണ്.
ബ്രഹ്മരന്ധ്രത്തെ പറ്റി വിശദമായി പല ഗ്രന്ഥങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട്. വിദ്വാന്‍മാര്‍ വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട്. അതിനെ ആസ്പദമാക്കി പലരും പല സങ്കല്പങ്ങളും വെച്ചുപുലര്‍ത്തുന്നു. ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ശരീരത്തിന്‍റെ ഏതൊരു ഭാഗത്താണൊ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിച്ചു നിര്‍ത്തുന്നത്, ആ ഭാഗത്ത് സവിശേഷമായ ഒരു സ്പന്ദനം വ്യക്തമായി അനുഭവപ്പെടുന്നതാണ്. ഇത് സ്വയം പരീക്ഷിച്ചറിയാനാകും. ശ്രദ്ധ ചെറുവിരലിന്‍റെ അറ്റത്ത് ഏകാഗ്രമാക്കി നിര്‍ത്തു. അല്പസമയത്തിനുള്ളില്‍ അവിടെ പ്രത്യേകിച്ചൊരു സ്പന്ദനം അനുഭവിക്കാനാകും.
ശാരീരികമായി ഇതുപോലെയുള്ള ചലനങ്ങള്‍ നമ്മുടെ ദേഹത്തിന്‍റെ പല ഭാഗങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. സ്വഭാവേന പരിഭ്രമവും പിരിമുറുക്കുങ്ങളും അനുഭവിക്കുന്ന ആളുകളില്‍ ഇത് കൂടുതല്‍ സാധാരണമായിരിക്കും. ഇതെല്ലാം അപൂര്‍വ്വമായ മഹാസംഭവങ്ങളായി കണക്കാക്കേണ്ടതില്ല.
നമ്മുടെ ശരീരത്തില്‍ 114 ചക്രങ്ങളുണ്ട്. അതില്‍ രണ്ടെണ്ണം ഭൗതികശരീരത്തിന് പുറത്താണ്. സാധാരണ ശാരീരിക തലത്തിനും അപ്പുറത്തുള്ള ഒരു മേഖല നിങ്ങളുടെ ഉള്ളില്‍ സദാ ചൈതന്യവത്തായി തീരുന്നുവെങ്കില്‍, ക്രമേണ, സ്വതവേ മങ്ങിക്കിടക്കുന്ന ഈ രണ്ടു ചക്രങ്ങളും വളരെ സജീവമായിത്തീരും. അവ സജീവമാകുന്നതോടെ ബ്രഹ്മരന്ധ്രമെന്ന നിങ്ങളുടെ ‘ആന്‍റിനയും’ കൂടുതല്‍ ഊര്‍ജസ്വലമാകും. ജീവിതത്തെ കുറിച്ച് സവിശേഷമായ ഒരുള്‍ക്കാഴ്ച അത് നിങ്ങള്‍ക്കു പ്രദാനം ചെയ്യും!
രണ്ടിനും ഇടയിലുള്ള ജീവിതം
ഇത് നിങ്ങളെ ഭൗതീകമായ ജീവിതത്തിനും, അതിനപ്പുറത്തുമുള്ളതിനിടയില്‍ നിലനിര്‍ത്തുന്നു. ഒരു യോഗിയെ സംബന്ധിച്ചടത്തോളം ഈ സ്ഥിതിവിശേഷം അദ്ദേഹം മനഃപൂര്‍വ്വം സൃഷ്ടിക്കുന്നതാണ്. ഇച്ഛാനുസരണം ദേഹമുപേക്ഷിക്കാന്‍ ഏതുനിമിഷവും അദ്ദേഹത്തിന് സാധിക്കുന്നത് ഇതുകൊണ്ടാണ്. എന്നെപോലെ കാറോടിക്കുകയും, ഹെലികോപ്റ്റര്‍ പറപ്പിക്കുകയും ചെയ്യുന്ന ഒരു യോഗിയുടെ കാര്യത്തില്‍ ഇത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. രണ്ടിനും മദ്ധ്യത്തില്‍ തന്നെയായിരിക്കണം നിലനില്പ്. എല്ലാ യോഗികളും ചെയ്യുന്നതാണിത്.  ഞാന്‍ പ്രത്യേകിച്ചും ആ കാര്യത്തില്‍ മനസ്സിരുത്തുന്നു. കാരണം, അഥവാ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണാലും അബോധാവസ്ഥയില്‍ ഈ ശരീരം വിട്ടുപോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ബ്രഹ്മരന്ധ്രം സദാ സജ്ജമാക്കിവെക്കാന്‍ യോഗികള്‍ മനസ്സിരുത്തുന്നു. എപ്പോള്‍ വേണമെങ്കിലും തികഞ്ഞ ബോധത്തോടെ ഈ ശരീരത്തില്‍നിന്നും നിഷ്ക്രമിക്കാനുള്ള തയ്യാറെടുപ്പാണത്.
ബ്രഹ്മരന്ധ്രം സദാ സജ്ജമാക്കിവെക്കാന്‍ യോഗികള്‍ മനസ്സിരുത്തുന്നു. എപ്പോള്‍ വേണമെങ്കിലും തികഞ്ഞ ബോധത്തോടെ ഈ ശരീരത്തില്‍നിന്നും നിഷ്ക്രമിക്കാനുള്ള തയ്യാറെടുപ്പാണത്.
ജീവിതത്തിനും അതിനപ്പുറത്തുമുള്ളതിനും നടുവിലായിക്കിടക്കുന്ന ഈ ഇടം സുരക്ഷിതമാണ്. ഇറുക്കികെട്ടിയ കയറിന്‍മേല്‍ കൂടിയുള്ള നടത്തം, നല്ല ചുവടുറപ്പുള്ളവര്‍ക്ക് കൊള്ളാം. അതില്ലാത്തവര്‍ക്ക് വളരെ അപകടം പിടിച്ചതായി തോന്നാം. വാസ്തവം പറഞ്ഞാല്‍, തെരുവിലൂടെ കാറോടിക്കുന്നതിനേക്കാള്‍ സുരക്ഷിതമാണ് ഈ  രീതി. കാരണം, കയറിേډല്‍ കൂടിയുള്ള നടത്തത്തില്‍ നിങ്ങള്‍ ഒരാള്‍ മാത്രമേയുള്ളു. തെരുവിലെ സ്ഥിതി അതല്ലല്ലൊ. ചുവടുറപ്പിച്ച് നടക്കാന്‍ ശീലിച്ചവര്‍ക്ക് കയറിന്‍മേല്‍ കൂടിയുള്ള നടത്തം തികച്ചും അപകടരഹിതമാണ്. സമനില പാലിക്കാനുള്ള കഴിവു നേടിയിരിക്കണം. എന്നുമാത്രം. കാലുതെറ്റി വീഴുമെന്ന ഭയം വേണ്ട. ചുവടുമാറ്റാനുള്ള സ്വാതന്ത്ര്യമുണ്ട്. കാര്യങ്ങള്‍ വിചാരിച്ചപോലെ മുന്നോട്ടു പോകുന്നില്ല എങ്കില്‍ എപ്പോള്‍ വേണമെങ്കിലും താഴെ ഇറങ്ങാം. അത് മനസ്സറിയാതെയാവരുത്.
സ്വയം ആ നടുവിടത്തിലാണ് എന്ന് സങ്കല്പിക്കരുത്. ശരീരത്തില്‍ അകാരണമായി ചില സ്പന്ദനങ്ങള്‍ അനുഭവപ്പെടുന്നുവെങ്കില്‍ സാരമാക്കേണ്ട. നിങ്ങളുടെ സാധന തുടര്‍ന്നുകൊണ്ടുപോകൂ. അതല്ല, മനസ്സിനെ കൂടുതല്‍ ഉയര്‍ന്ന തലങ്ങളില്‍ വ്യാപരിപ്പിക്കാനാണ് താല്പര്യം തോന്നുന്നതെങ്കില്‍ ഞങ്ങളെ സമീപിക്കു.isha

No comments: