Wednesday, August 09, 2017

സുന്ദരകാണ്ഡം വായിക്കാം - 25
രാവണന്റെ വാക്കുകളില്‍ നിന്നു ക്രോധം വാര്‍ന്നൊഴുകി. എന്റെ മുമ്പില്‍ നിര്‍ഭയനായി നീയെങ്ങനെ ഇവ്വിധം പുലമ്പുന്നു. നീയിപ്പറയുന്ന രാമന്‍ ആര്? ഏതൊരുവനാണ് ഈ സുഗ്രീവന്‍? ആ പരിഷകളെ ഞാന്‍ ഉടന്‍ തന്നെ പരലോകത്തേയ്ക്കയക്കുന്നുണ്ട്. അവര്‍ക്കുമുന്നേ നീ പരലോകത്തെത്തണം. ഇതാ, ഈ നിമിഷം- കിളിപ്പാട്ടില്‍ അതു വിവരിക്കുന്നില്ലേ, വരുണാ? ചൊല്ലിക്കേള്‍പ്പിക്കൂ
വരുണ്‍ ചൊല്ലി-
തിലസദൃശമിവനെയിനി വെട്ടിനുറുക്കുവിന്‍
ധിക്കാരമിത്ര കണ്ടീല മറ്റാര്‍ക്കുമേ
മമ നികടഭൂവി വടിവൊപ്പമിരുന്നു മാം മറ്റൊരു ജന്തുക്കളിങ്ങനെ ചൊല്ലുമോ
ഭയവുമൊരു വിനയവുമിവന്നു കാണ്മാനില്ല
പാപിയായോരു ദുഷ്ടാത്മാ ശഠനിവന്‍
‘ രാവണന്റെ കല്‍പനയനുസരിച്ച് വായുപുത്രനെ വെട്ടിക്കൊല്ലാന്‍ കിങ്കരന്‍ മുതിരുമോ എന്നു പേടിച്ചാണ് വിഭീഷണന്‍ ഇടപെടുന്നത്, അല്ലേ? മുത്തശ്ശി ആരാഞ്ഞു.
‘അതെ’- മുത്തശ്ശന്‍ തുടര്‍ന്നു. വിഭീഷണന്‍ തിടുക്കത്തിലെണീറ്റ് കൈകൂപ്പിക്കൊണ്ടു പറഞ്ഞു. രാക്ഷസേന്ദ്രാ, കോപമൊതുക്കി ക്ഷമിക്കണേ. ദൂതനെ നിഗ്രഹിക്കാന്‍ കൊടുത്ത ആജ്ഞ പിന്‍വലിക്കണേ. സത്തുക്കളായ രാജാക്കന്മാര്‍ ഒരിക്കലും ദൂതവധം നടത്താറില്ല. രാജധര്‍മ്മത്തേയും അതിന്റെ മര്‍മ്മത്തേയും ന്യായാന്യായങ്ങളേയും വേര്‍തിരിച്ചറിയാന്‍ കഴിയുന്ന അങ്ങയില്‍ നിന്ന് ഒരു കൃത്യലോപമുണ്ടാവരുത്. വധശിക്ഷ ഒഴിവാക്കി, ദൂതന് ഉചിതമായ ഒരു ശിക്ഷ വിധിക്കണേ.
യുക്തായുക്തം വിനിശ്ചിത്യ
ദൂതദണ്‌ഡോ വിധീയതാം
രാവണനില്‍ കോപം ഒട്ടൊന്നയഞ്ഞുവെന്നു മനസ്സിലാക്കിയ വിഭീഷണന്‍ തന്റെ വാദത്തിനു മുനകൂര്‍പ്പിച്ചു. ദൂതനു പലവിധ ദണ്ഡനങ്ങളാണ് നീതിവിധിയിലുള്ളത്. അംഗവൈരൂപ്യം വരുത്തല്‍, ചാട്ടയടി, തലമുണ്ഡനം ചെയ്യല്‍, ചാപ്പകുത്തല്‍ എന്നിങ്ങനെ. ദൂതവധത്തെക്കുറിച്ച് പറയുന്നേയില്ല. ഒന്നു നിറുത്തി, വിഭീഷണന്‍ തുടര്‍ന്നു. അപ്രധാനമെങ്കിലും ഒരു കാര്യം അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താം. ഇവനെ നാം നിഗ്രഹിച്ചാല്‍, നമ്മുടെ സന്ദേശം രാമസുഗ്രീവന്മാരെ അറിയിക്കാന്‍ നാമെന്തുചെയ്യും? ഇവിടുത്തെ സാഹചര്യമെല്ലാം മനസ്സിലാക്കിയ ഇവന്‍, അവിടെ മടങ്ങിയെത്തുമ്പോള്‍, ഫലത്തില്‍ ഇവന്‍ നമ്മുടെ ദൂതനാവില്ലേ? ഇവനില്‍ നിന്ന് എല്ലാ വിവരവുമറിഞ്ഞ അവര്‍ നമ്മെ എതിരിടാന്‍ ഇവിടെയെത്തും. അവിടെച്ചെന്ന് അവരെ എതിരിട്ടുതോല്‍പിക്കുന്നതിലും എളുപ്പം, ഇവിടെ വരുന്ന അവരെ നേരിടുന്നതല്ലേ? ഇവനെ വധിച്ചാല്‍, കടല്‍ കടന്ന് ഇങ്ങോട്ടെത്താന്‍ കഴിവുറ്റ മറ്റൊരു ആകാശചാരി അവരുടെ കൂട്ടത്തിലില്ലെങ്കിലോ? വധിക്കപ്പെട്ടു എന്ന് ഇവനെ അയച്ചവര്‍ അറിയാന്‍ വഴിയില്ലാതാവും.
വിഭീഷണന്‍ പറയുന്നതില്‍ ന്യായമുണ്ട്- എന്നു രാക്ഷസേശ്വരനു തോന്നി.
സമ്യഗുക്തം ഹി ഭവതാ
ദൂതവധ്യാ വിഗര്‍ഹിതാ
അവശ്യം തു വധായാന്യ
ക്രിയതാമസ്യ നിഗ്രഹഃ
നീ പറഞ്ഞതു ശരിതന്നെ. ഇവനെ കൊല്ലുന്നത് ശരിയല്ലേ. എങ്കിലും, ഇവന് വധമല്ലാത്ത കടുത്തശിക്ഷ കൊടുക്കേണ്ടതുണ്ട്. ഒരു കാര്യം ചെയ്യാം. നീ പറഞ്ഞതു പോലെ, അംഗങ്ങളില്‍ വൈരൂപ്യം വരുത്താം, വാനരന്മാര്‍ക്ക് അതിപ്രധാനമായൊരലങ്കാരം വാലല്ലേ? ഇവന്റെ വാല്‍ നമുക്ക് ദഹിപ്പിച്ചു വിടാം. കത്തിക്കരിഞ്ഞ വാലോടുകൂടി ഇവന്‍ ഇവിടെനിന്നു മടങ്ങട്ടെ. അവനിവിടെ അനുവര്‍ത്തിച്ച അതിക്രമങ്ങള്‍ക്ക് അതൊരു നിത്യസ്മാരകമാവും. കത്തിക്കാളുന്ന വാലോടെ ഇവനെ ലങ്കാവാസികള്‍ കാണട്ടെ…


ജന്മഭൂമി: http://www.janmabhumidaily.com/news685634#ixzz4pJd2vOLa

No comments: