യുദ്ധം തുടങ്ങി. ഘോരമായ യുദ്ധം. മുന്നേറ്റങ്ങള്‍ മാറി മാറി വന്നു. ഇടക്ക് ശ്രീരാമനും ലക്ഷ്മണനുമുള്പെടെ പലരും ഇന്ദ്രജിത്തിന്റെ ഒളിയുദ്ധത്തില്‍ നാഗാസ്ത്രബന്ധനമേറ്റ് നിലം പതിച്ചു. വാനരന്മാര് പതറി.
രാമലക്ഷ്മണന്മാര് മരിച്ചതായി ഇന്ദ്രജിത്ത് രാവണ സിന്നിധിയില്‍ അറിയിച്ചു. ഉടനെ സീതയെ ഇക്കാര്യം അറിയിക്കാനായിരുന്നു രാവണന് താല്പര്യം അശോകവനികയില്‍ ത്രിജടാക സേവികമാരെ വിളിച്ച് കാര്യം ചുമതലപ്പെടുത്തി. സീതാദേവിയെ പുഷ്പക വിമാനത്തില്‍ കയറ്റിക്കൊണ്ടുപോയി രാമലക്ഷ്മണന്മാര് മരിച്ചു കിടക്കുന്നത് കാണിച്ചു കൊടുക്കണം.
ത്രിജടാദികള് അതനുസരിച്ചു സീതയെയും കൊണ്ട് പുഷ്പക വിമാനത്തില്‍ പോകുമ്പോള്‍ രാക്ഷസാദികളുടെ ആഘോഷം കണ്ടു. സീതാദേവി ഭയപ്പെട്ടു. രാമലക്ഷ്മണാദികള്‍ വീണു കിടക്കുന്നതും കൂടി കണ്ടപ്പോള്‍ ദേവിയും തളര്‍ന്നു വീഴാന്‍ പാകത്തിന് നിരാശപ്പെട്ടു. എന്നാല്‍ രാമലക്ഷ്മണാദികള്‍ക്ക് വെറും തളര്‍ച്ച മാത്രമാണെന്ന് ത്രിജട ആശ്വസിപ്പിച്ചു. വാനരന്മാരുടെ ഉത്സാഹം നശിച്ചിട്ടില്ലെന്നത് ത്രിജട ചൂണ്ടിക്കാട്ടി. രാമലക്ഷ്മണന്മാര്ക്ക് എന്തെങ്കിലും നാശമുണ്ടായാല്‍ ഇവര്‍ക്ക് ഈ ഉത്സാഹത്തോടെയിരിക്കാന്‍ പറ്റുമോ? പിന്നെ പുഷ്പക വിമാനത്തിന് ചില സത്യങ്ങളുണ്ട്. വിധവകള്‍ അതില്‍ കയറിയാല്‍ പിന്നെ അത് ചലിക്കില്ല. അതിനര്‍ഥം ദേവിയുടെ മാംഗല്യം നിലനില്ക്കുന്നുവെന്നു തന്നെ. സത്യവാക്കായ ത്രിജടയുടെ വാക്കില്‍ വിശ്വസിച്ച ജാനകി അശോകവനത്തില്‍ തിരിച്ചെത്തി.
ബന്ധന മോചനത്തിനുള്ള മാര്‍ഗങ്ങള്‍ വിഭീഷണാദികള്‍ ആലോചിച്ചു. ഇതിനിടെ കൊടുങ്കാറ്റുപോലെ ഗരുഡന് അവിടെയെത്തി. അതോടെ എല്ലാവരുടേയും നാഗാസ്ത്രബന്ധനം അവസാനിച്ചു. ശ്രീരാമനും ഗരുഡനും പരസ്പരം ഉപചാരം ചൊല്ലിപ്പിരിഞ്ഞു.
യുദ്ധം തുടര്‍ന്നു. ശ്രീരാമലക്ഷ്മണന്മാരുടെ അസ്ത്രവേഗത്തിനു മുന്നില്‍ പരാജയപ്പെട്ട രാവണന് ഭയപ്പാടോടെ കുംഭകര്‍ണനെ ഉണര്‍ത്തി യുദ്ധത്തിനു നിയോഗിച്ചു. ഇടക്ക് കുംഭകര്‍ണന്റെ ശൂലത്തിനെ മാരുതി പിടിച്ചൊടിച്ചു. കോപിഷ്ടനായ കുംഭകര്ണന് ഒരു പര്വതശിഖരമെടുത്തെറിഞ്ഞു. അതു ദേഹത്തു വീണ് സുഗ്രീവന് നിലംപൊത്തി. വാനരരാജനെ കീഴടക്കിയ സന്തോഷത്തിന് കുംഭകര്ണന് അവനെയും പൊക്കിയെടുത്തോണ്ട് രാജധാനിയിലേക്ക് മടങ്ങാന്‍ ഭാവിച്ചു.
ഇതുകണ്ട് മാരുതി ഒരു നിമിഷം ആലോചിച്ചു. ഇപ്പോള്‍ താന്‍ ചെന്ന് സുഗ്രീവനെ മോചിപ്പിച്ചാല്‍ അത് സുഗ്രീവന് നാണക്കേടാകും. സുഗ്രീവന് സ്വയം മോചിച്ചു വരുമോ എന്ന് കാത്തിരിക്കാം എന്നു നിശ്ചയിച്ചു. മാരുതി കണക്കുകൂട്ടിയപോലെ അല്പസമയം കൊണ്ട് തളര്‍ച്ച തീര്ന്നെഴുന്നേറ്റ സുഗ്രീവന് കുംഭകര്‍ണന്റെ ചെവിയും മൂക്കുമെല്ലാം മാന്തിപ്പറിച്ചു. പെട്ടെന്ന് കുംഭകര്ണന് കൈവിട്ടപ്പോള്‍ സുഗ്രീവന് ഉയര്‍ന്നു ചാടി ശ്രീരാമസന്നിധിയിലെത്തി. കുംഭകര്ണന് ചോരവാര്‍ന്നു നിന്നു. കൂടുതല്‍ വാശിയോടെ യുദ്ധത്തിനു വന്ന കുംഭകര്ണന് ശ്രീരാമസ്ത്രമേറ്റ് ശിരസറ്റു വീണു. തുടര്‍ന്ന് യുദ്ധത്തിനു വന്ന ഇന്ദ്രജിത്തിനെ ലക്ഷ്മണന് വധിച്ചു.
ജന്മഭൂമി: http://www.janmabhumidaily.com/news688590#ixzz4pniIPEy2
No comments:
Post a Comment