Wednesday, August 23, 2017

യോഗശാസ്ത്ര പ്രകാരം, കോശങ്ങള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന അഞ്ചു ശരീരങ്ങളാലാണ് മനുഷ്യന്‍ വ്യക്തിരൂപത്തിലാവുന്നത്. അവയെ യഥാക്രമം അന്നമയകോശം, പ്രാണമയകോശം,മനോമയകോശം, വിജ്ഞാന മയകോശം, ആനന്ദമയ കോശം എന്ന് വിളിക്കാം. ഈ അഞ്ചുതലങ്ങളിലുണ്ടാവുന്ന താളപ്പിഴകള്‍ എങ്ങനെ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്നും യോഗ പരിശീലനത്തിലൂടെ അവയെ എങ്ങനെ പരിഹരിക്കാമെന്നും നോക്കാം.
അന്നമയകോശം
ഭൗതികലോകത്തിലെ വ്യത്യസ്ത ഘടകങ്ങളില്‍നിന്ന് രൂപംകൊണ്ടിട്ടുള്ള ഭൗതികശരീരമാണ് അന്നമയകോശം. ആഹാരപദാര്‍ത്ഥങ്ങളാണ് അവയെ പരിപോഷിപ്പിക്കുന്നത്. പഞ്ചമയകോശങ്ങളില്‍വച്ച് ഇന്ദ്രിയഗ്രാഹ്യമാവുന്നത് അന്നമയകോശമാണ്. ജനനം, വളര്‍ച്ച, പരിണാമം, ജീര്‍ണത, മരണം എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. ആ പ്രത്യേകതകള്‍ സ്വയം അനുഭവിക്കാനും മറ്റുള്ളവര്‍ക്ക് കണ്ടറിയുവാനും കഴിയും. സാത്വിക ഭക്ഷണം, ഷഡ്ക്രിയകള്‍, യോഗാസനങ്ങള്‍, സൂര്യനമസ്‌കാരം എന്നിവയുടെ ചിട്ടയായ പരിശീലനം അന്നമയകോശത്തിലുണ്ടാകുന്ന രോഗങ്ങളെ നിയന്ത്രിക്കുവാനും, ശമിപ്പിക്കുവാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുവാനും സഹായിക്കും.
പ്രാണമയകോശം
ഭൗതിക ശരീരത്തിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ ഊര്‍ജ്ജസ്രോതസ്സാണ് പ്രാണമയകോശം. സൂക്ഷ്മശരീരത്തില്‍ പ്രാണന്‍, അപാനന്‍, സമാനന്‍, വ്യാനന്‍, ഉദാനന്‍ എന്നീ അഞ്ച് ഊര്‍ജ്ജങ്ങളാലാണ് ഇത് രൂപംകൊണ്ടിട്ടുള്ളത്. അന്നമയകോശത്തിലെ ഓരോ തന്തുവിലേക്കും പ്രാണന്‍ ഒരുപോലെ പ്രവഹിക്കുമ്പോഴാണ് പ്രസ്തുതകോശങ്ങള്‍ക്ക് ചൈതന്യവും സൗഖ്യവും ലഭിക്കുക. ശ്വസനക്രിയകള്‍, ഷഡ്ക്രിയകള്‍, പ്രാണായാമം എന്നിവയുടെ ചിട്ടയായ പരിശീലനങ്ങള്‍ പ്രാണമയകോശത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ഉതകുന്നു.
മനോമയകോശം:-
ചിന്തകളുടെയും വികാരങ്ങളുടെയും സംഗമമാണ് മനസ്സ്. രാജയോഗസിദ്ധാന്തപ്രകാരം പ്രമാണം വിപര്യയം, വികല്‍പം, നിദ്ര, സ്മൃതി എന്ന അഞ്ചു വ്യത്യസ്ത ഭാവങ്ങളുണ്ട് മനസ്സിന്. മനുഷ്യമനസ്സിലുയരുന്ന തരംഗങ്ങള്‍ക്കനുസൃതമായി സുഖങ്ങളോ ദുഃഖങ്ങളോ ഉണ്ടാകുന്നു. മനോമയകോശത്തിലെ അഹങ്കാരം എന്ന തലമാണ് വികാരങ്ങള്‍ക്ക് ആധാരം. ഇവയാണ് മനുഷ്യന്റെ സകല ആനന്ദങ്ങള്‍ക്കും ആധികള്‍ക്കും മൂലം. മനുഷ്യമനസ്സിന്റെ ഉള്ളിലെ ആശയങ്ങളാണ് ഭൂരിപക്ഷരോഗങ്ങളും സൃഷ്ടിക്കുന്നത്. മനോമയകോശത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ധാരണയും ധ്യാനവും വഴി പരിഹരിക്കുവാന്‍ കഴിയും. ഈശ്വരഭക്തി മനോമയകോശത്തിന്റെ പൂര്‍ണതയ്ക്ക് കൂടിയേ തീരൂ.
വിജ്ഞാനമയ കോശം
ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും തലമാണ് വിജ്ഞാനമയ കോശം. ഏതൊരു സംഗതിയുടെയും യഥാര്‍ത്ഥ പ്രകൃതം ബുദ്ധി വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തില്‍ മനോമയ കോശത്തെ നയിക്കുകയും ചെയ്യുന്നു. കേവലം വികാരങ്ങളെ പരിധിവിട്ട് പോവാതെ സൂക്ഷിക്കുന്ന തലമാണ് വിജ്ഞാനമയകോശം. ഇതാണ് മനുഷ്യനെ മൃഗങ്ങളില്‍നിന്ന് പ്രധാനമായും വേര്‍തിരിക്കുന്നത്. അണമുറിഞ്ഞ വികാരങ്ങള്‍ ആധികള്‍ക്കും വ്യാധികള്‍ക്കും വഴിയൊരുക്കും. ആ ദുരന്തത്തിനെതിരായ പ്രതിരോധദുര്‍ഗ്ഗങ്ങളിലൊന്നാണ് വിജ്ഞാനമയകോശത്തിന്റെ പ്രവര്‍ത്തനത്തിന് സഹായകമാണ്.
ആനന്ദമയകോശം
ആനന്ദം, സന്തോഷം, സമാധാനം, ശാന്തത, സിദ്ധികള്‍ എന്നിവ പ്രകടമാക്കുന്നത് ആത്മാവിന്റെ തലമായ ആനന്ദമയകോശത്തിലാണ്. ഞാന്‍ ആത്മാവാണ് എന്ന നിരന്തരചിന്തയിലൂടെ യോഗിക്ക് സര്‍വ്വവ്യാപിയും സര്‍വ്വശക്തനുമായ ആത്മാവില്‍ താദാത്മ്യം പ്രാപിക്കുവാന്‍ കഴിയുന്നു. അതോടെ മാനുഷികമായ സകല പിരിമുറുക്കങ്ങളും ആകുലതകളും അഹംഭാവവും പാടെ അകന്ന് പരിപൂര്‍ണ്ണ ആത്മീയ വിശ്രാന്തി കൈവരുന്നു. ഇതാണ് നിരാകാരവും നിര്‍വികാരവും നിര്‍ഗുണവും നിര്‍വികല്‍പ്പവുമായ അവസ്ഥ. പരിപൂര്‍ണ്ണ സ്വാസ്ഥ്യം ആനന്ദമയകോശത്തിലേ കൈവരൂ.

ജന്മഭൂമി: http://www.janmabhumidaily.com/news693339#ixzz4qcSnKKdH

No comments: