നാം ഒരു ജന്മത്തില് ചെയ്യുന്ന കര്‍മ്മങ്ങളുടെ ഫലമാണ്. അടുത്ത ജന്മത്തില് വിധിയായി അനുഭവത്തില്‍ വരുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ട് നാം അനുഭവിച്ചറിയുന്നതിനൊക്കെ അപ്പുറത്താണ് പ്രകൃതിയില്‍ ഒളിഞ്ഞുകിടക്കുന്ന ബൃഹത്തായ സംവിധാനം. എന്നാല്‍ നമ്മുടെ ഇച്ഛാശക്തികൊണ്ട് മാറ്റങ്ങള്‍ വരുത്താം എന്നു പറയുന്നവരുണ്ട്. ‘വിധിയെ മതിയാല്‍ വെല്ലലാം’ എന്നൊരു ചൊല്ല് ഗുരു ( ശ്രീ കരുണാകര ഗുരു ) പലപ്പോഴും എടുത്തുപറയുന്നത് കേള്‍ക്കാനിടയായിട്ടുണ്ട്. ബുദ്ധികൊണ്ട്, തിരിച്ചറിവുകൊണ്ട്, പ്രയത്നം കൊണ്ട് വിധിയില്‍ മാറ്റങ്ങള്‍ വരുത്താം എന്നതാണല്ലോ അതിനര്‍ത്ഥം. പെട്ടെന്ന് ഓര്‍ക്കുന്നത് സാവിത്രിയുടെ കഥയാണ്. മഹാഭാരതം വനപര്‍വത്തിലെ പ്രസിദ്ധ കഥ.
രാജാവായിരുന്ന അച്ഛന് സൂര്യനെ( സവിതൃ ) തപസ്സുചെയ്ത് കിട്ടിയ മകളായിരുന്നു സാവിത്രി. പരിശുദ്ധിയും ലാളിത്യവും വളരെയേറെയുള്ള പെണ്‍കുട്ടി. ജന്മനാ തപസ്വിനി. ഒരു തീര്‍ത്ഥയാത്ര പോയ വഴിയില്‍ കാട്ടില്‍ വെച്ച് സത്യവാനെ കണ്ടുമുട്ടി, തനിക്ക് വരനാകേണ്ടുന്ന വ്യക്തിയാണെന്ന് തീര്‍ച്ചപ്പെടുത്തി. രാജാവായ അച്ഛന് യുദ്ധത്തില്‍ പരാജയപ്പെട്ട് കാട്ടില്‍ ഒളിച്ചതുകൊണ്ട് കാട്ടില്‍ കഴിയുകയായിരുന്നു ആ ചെറുപ്പക്കാരന്. ഒരുകൊല്ലം മാത്രമേ ആയുസ്സുള്ളു എന്ന് അറിഞ്ഞിട്ടും സാവിത്രി സത്യവാനെ വിവാഹം കഴിച്ചു.
ആ ദിവസം വന്നെത്തി. വിറകുകീറിക്കൊണ്ടിരിക്കുമ്പോള്‍ സത്യവാന് കുഴഞ്ഞു വീണു. യമധര്മ്മന് മുന്നിലെത്തിയിരുന്നു. തപസ്വിനിയായ സാവിത്രിക്ക് ആ വരവ് കാണാന്‍ കഴിഞ്ഞു. സത്യവാന്റെ ആത്മാവിനെയും കൊണ്ടുപോയ യമധര്‍മ്മനു പിറകേ സാവിത്രിയും പോയി. സാവിത്രിയുടെ അസാധാരണ നൈര്‍മ്മല്യവും ദൃഢതയും കണ്ട് സംപ്രീതനായ മൃത്യുദേവന് സത്യവാനെ ജീവിപ്പിക്കുക എന്നതൊഴികെ ഏതുവരവും ചോദിക്കാന്‍ ആവശ്യപ്പെട്ടു. തന്റെ ഭര്‍ത്താവിന്റെ അച്ഛനു നഷ്ടപ്പെട്ട കാഴ്ച്ചയും രാജ്യവും തിരികെ കിട്ടണമെന്ന വരമാണു ആദ്യം ചോദിച്ചത്. പിന്നെ തനിക്കു നൂറുപുത്രന്മാര്‍ വേണമെന്നും. പതിവ്രതയായ സാവിത്രിക്ക് കുഞ്ഞുങ്ങള്‍ ഉണ്ടാവണമെങ്കില്‍ സത്യവാനെ ജീവിപ്പിച്ചാലേ പറ്റൂ. അങ്ങനെ ആ ജീവന് തിരികെ നല്കി പോവുകയാണു യമന്‍. സാവിത്രിയുടെ ആത്മാര്‍ത്ഥതയും തപശ്ശക്തിയുമാണ് ഈ കഥയില്‍ കാണുന്നത്. വിധിയെ സാവിത്രി ജയിക്കുന്നു.
ജന്മാന്തരങ്ങളിലൂടെ വരുന്ന കര്‍മ്മഗതിയെ, അതായത് വിധിവിഹിതമായി വരുന്ന സംഭവങ്ങളെ ഒരു യഥാര്‍ത്ഥഗുരുവിന് തിരുത്താന്‍ പറ്റും. നമ്മുടെ മനസ്സിന്റെ സമര്‍പ്പണമുണ്ടെങ്കില്‍. ‘ കണ്ണില്‍ കൊള്ളാനുള്ളത് പുരികത്തില്‍ കൊള്ളുക’ എന്നാണു ഗുരു ഇതിനെപ്പറ്റി പറഞ്ഞിരുന്നത്. പ്രാര്‍ത്ഥന ഫലിപ്പിച്ചെടുക്കാനുള്ള സൂചനകളാണു നമുക്ക് കിട്ടുക. അല്ലെങ്കില്‍ ചില ‘ സൂക്ഷിപ്പുകള്‍ ‘പാലിക്കാന്‍. പ്രകൃതിയിലെ സംവിധാനത്തെ അവഗണിക്കാതെയുള്ള വഴികള്‍. വരാനുള്ളത് വരികയും ഗുരുവാക്കനുസരിച്ചുപോയാല്‍ രക്ഷ കിട്ടുകയും ചെയ്യും എന്ന സ്ഥിതിയാണു സംജാതമായിരുന്നത്.
ജന്മാന്തരങ്ങളുടെ കെട്ട് എത്ര ശക്തമാണെന്നും ഗുരുകാരുണ്യത്തിന്റെ നിര്‍മ്മലശക്തി അതിനേക്കാള്‍ എത്ര ബലവത്താണെന്നും സൂചിപ്പിക്കുന്ന ഒരനുഭവം ഇവിടെ പറയട്ടെ. തിരുവനന്തപുരം ജില്ലയിലെ രവീന്ദ്രന് നായരെ കഠിനമായ ശ്വാസംമുട്ടിനെ തുടര്‍ന്ന് അയാളുടെ സുഹൃത്ത് ബോസ് ഗുരുസന്നിധിയില്‍ എത്തിച്ചു. അവര്‍ സഹപ്രവര്‍ത്തകരായിരുന്നു. ശ്വാസം മുട്ടുകാരനു ഇരുപത്തിയൊന്നു വയസ്സ് പ്രായം. കഴിച്ചുകൊണ്ടിരുന്ന മരുന്ന് തുടരാനും മറ്റുമല്ലാതെ ഗുരുവില്‍ നിന്ന് സഹായം ഉണ്ടായില്ല. എങ്കിലും ഗുരുവിനെ സ്നേഹിച്ചുപോയ രവീന്ദ്രന് നായര്‍ ഇടയ്ക്കിടെ വന്നു കണ്ടുകൊണ്ടിരുന്നു.
രോഗത്തിന്റെ ദുസ്സഹമായ വരവുകള്‍ ഉണ്ടായി. ഇതിനിടയില്‍ വിവാഹം, വീടുവെയ്പ് തുടങ്ങിയ വിഷയങ്ങള്‍ നടക്കുന്നുണ്ട്. ഗുരുവിന്റെ ഉപദേശം തേടുന്നുണ്ട്. കുറച്ച് അനുസരിക്കയും കുറച്ച് അനുസരിക്കാതിരിക്കയും ഒക്കെ ഉണ്ട്. ഒടുവില്‍ പത്തു കൊല്ലം ഗുരുവിനെ കാണാന്‍ വന്നും പോയുമിരുന്നിട്ടും രോഗത്തില്‍ നിന്ന് മോചനം കിട്ടാതായപ്പോള്‍ രവീന്ദ്രന് നായര്‍ ഗുരുവുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. കൃത്യം ആ ദിവസം ഗുരു വിളിപ്പിച്ചിട്ട് പറഞ്ഞു, നിനക്ക് മരുന്ന് തരാന്‍ അനുവാദം കിട്ടി. ( ബ്രഹ്മശക്തിയുടെ അനുവാദമാണു സൂചിപ്പിക്കപ്പെട്ടത്.) ഗുരു ദര്‍ശനമുള്ള ശിഷ്യരെയും രവീന്ദ്രന് നായരെയും കൂട്ടി മരുത്വാമലയില്‍ ചെന്ന് ശിഷ്യര്‍ ദര്‍ശനത്തില്‍ കണ്ട മരുന്ന് കണ്ടെത്തി കൊണ്ടുവരികയാണു ചെയ്തത്. ഏഴുതവണ തുടര്‍ച്ചയായി ഏഴു പൗര്‍ണ്ണമിക്ക് കഴിക്കാനായിരുന്നു അത്.
ഒരു നിബന്ധന മാത്രം. മരിക്കാന്‍ പോകുന്നു എന്നു തോന്നിയാലും മറ്റു ചികിത്സകള്‍ പാടില്ല. മറ്റൊരു മരുന്നും ശരീരത്തില്‍ ചെല്ലരുത്. ആറു പൗര്‍ണ്ണമികള്‍ കുഴപ്പമില്ലാതെ പോയി. ഏഴാമത്തെ പൗര്‍ണ്ണമിക്ക് മുന്‍പ് ഓഫീസില്‍ വെച്ച് കടുത്ത ഒരവസ്ഥ വന്ന് ബോധം കെട്ടപ്പോള്‍ സഹപ്രവര്‍ത്തകര്‍ ആസ്പത്രിയില്‍ അത്യാഹിതവിഭാഗത്തില്‍ കൊണ്ടുപോയി. സ്വാഭാവികമായും അവര്‍ എന്തെല്ലാമോ മരുന്നുകള്‍ കൊടുത്തു. അതോടെ സ്ഥിതി വളരെ കൂടുതല്‍ വഷളായി. വീട്ടുകാര്‍ ഗുരുവിന്റെ അടുത്തെത്തിച്ചു. ഗുരു വേണ്ടുവോളം ശകാരിച്ചുവെങ്കിലും ആശ്രമത്തില്‍ താമസിപ്പിച്ച് ശുശ്രൂഷിച്ചു.
ഈ കാലയളവില്‍ അദ്ദേഹത്തിനു ഒരു പൂര്‍വജന്മാനുഭവം കാഴ്ചയില്‍ വന്നു. ഏതോ പഴയകാലത്ത് നവയുവാവായ താന്‍ ഒരു വനപ്രദേശത്തെ ആശ്രമമുറ്റത്ത് നില്ക്കുന്നു. രണ്ടു മാന്‍ കുട്ടികള്‍ തുള്ളിച്ചാടി വരുന്നു. ഒരു രസത്തിന് ആ പാവങ്ങളെ കല്ലെറിഞ്ഞോടിക്കുകയും അതുങ്ങള് ചാട്ടത്തില്‍ ഒരു പാറയിടുക്കില്‍ കുടുങ്ങുകയും ചെയ്യുന്നു. അപ്പോഴും കല്ലെറിയല്‍ തുടരുന്നുണ്ട്. മാന്‍ കിടാങ്ങളുടെ നിലവിളി കേട്ട് പര്‍ണ്ണശാലയില്‍ നിന്ന് പുറത്തുവരുന്ന സന്ന്യാസിക്ക് അവരെ രക്ഷിക്കാന്‍ കഴിയുന്നില്ല. മുനിയുടെ തീവ്രദുഃഖവും ആ ജീവികളുടെ ദാരുണമരണവും ഒരു ശാപമായി രവീന്ദ്രന് നായരെ പിന്തുടരുകയാണുണ്ടായത്.
മാന്‍ കുട്ടികളുടെ മരണപ്പിടച്ചിലാണു അദ്ദേഹം ഈ ജന്മത്തില് അനുഭവിച്ചത് ( ഒരു പക്ഷെ ജന്മാന്തരങ്ങളില്‍ ). ചെറുതായും വലുതായും ആവര്‍ത്തിച്ച്. എത്ര വയസ്സിലാണോ ആ പാപകര്‍മ്മം തന്നില്‍ നിന്നും സംഭവിച്ചത് ആ പ്രായം മുതല്‍. ഗുരുമാര്‍ഗ്ഗത്തില്‍ വന്നതുകൊണ്ട് രക്ഷകിട്ടും എന്നും അദ്ദേഹത്തിനു അറിവ് കിട്ടി. ‘പൂര്വജന്മകൃതം പാപം വ്യാധിരൂപേണ ജായതേ ‘ എന്ന് ആയുര്‍വേദം പറയുന്നതായി കേട്ടിട്ടുണ്ട്. പാപകര്‍മ്മങ്ങളുടെ ഫലം കഠിനവും വിട്ടുമാറാത്തതുമായ എന്തെങ്കിലും രോഗങ്ങള്‍ കൊണ്ട് അനുഭവിച്ച് തീരണം എന്ന്. അഹിതമായി സംഭവിച്ചാല്‍ വിധിയെ പഴിക്കുന്നവരാണു നമ്മള് മിക്കപേരും. മറ്റൊരു യുക്തിയുണ്ടെന്നുള്ള കാര്യം നമ്മില്‍ നിന്ന് മറഞ്ഞാണിരിക്കുന്നത്.
രവീന്ദ്രന് നായരുടെ ശ്വാസം മുട്ട് മാറിയെങ്കിലും അതിനുവേണ്ടി ദീര്‍്ഘകാലം കഴിച്ച ശക്തമായ മരുന്നുകള്‍ പില്ക്കാലത്ത് ശരീരത്തിനു വിഷമങ്ങളുണ്ടാക്കുമായിരുന്നു. ( അദ്ദേഹം എനിക്കു വിവരിച്ചു തന്ന ദീര്‍്ഘമായ ഒരു അനുഭവപരമ്പര വളരെ ചുരുക്കി പറയുകയായിരുന്നു ഞാന്‍. ) ശങ്കരാചാര്യരുടെ ‘ആയുര്‍ നശ്യതി’ എന്നു തുടങ്ങുന്ന ഒരു ശ്ലോകത്തിന്റെ അവസാനമാണു ഓര്‍മ്മ വരുന്നത്: മാം രക്ഷ, രക്ഷാധുനാ. ദൈവമേ ഇപ്പോള്‍ തന്നെ രക്ഷിക്കുക. പ്രാര്‍ത്ഥനയല്ലാതെ അതും, പ്രകാശഘനമായ ഒരു നിര്‍മ്മലശക്തിയോടുള്ള പ്രാര്‍ത്ഥനയല്ലാതെ മറ്റെന്തു വഴി!
ജന്മഭൂമി: http://www.janmabhumidaily.com/news694757#ixzz4qoGN5oje
No comments:
Post a Comment