Tuesday, August 08, 2017

വിശ്വാമിത്രന്‍ തന്റെ തപാനുഷ്ഠാനം ഉത്തരക്ഷേത്രത്തില്‍ നിന്നും പൂര്‍വക്ഷേത്രത്തിലേക്കു മാറ്റുകയുണ്ടായി. സമാനതകളില്ലാത്ത കാഠിന്യത്തോടെയും മൗനവ്രതത്തോടെയും അദ്ദേഹം വ്രതാനുഷ്ഠാനങ്ങള്‍ പിന്നെയും ഒരായിരം വര്‍ഷങ്ങള്‍ തുടര്‍ന്നു. ഇക്കാലമത്രയും ക്രോധത്തിനടിമയാകാതെ അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിച്ചശേഷം ഒരിക്കല്‍ അദ്ദഹം ഭക്ഷണം കഴിക്കാനിരുന്നു. ആ സമയം ഇന്ദ്രന്‍ ഒരു ബ്രാഹ്മണന്റെ വേഷത്തിലവിടെയെത്തുകയും ആ ഭക്ഷണത്തിനായി യാചിക്കുകയും ചെയ്തു.
ഋഷി ഭക്ഷണം ഇന്ദ്രനു കൊടുക്കുകയും ശ്വാസം നിരോധിച്ചുകൊണ്ട് വീണ്ടും തപസ്സു തുടരുകയുമുണ്ടായി. അദ്ദേഹത്തിന്റെ ശിരസ്സില്‍നിന്നും പുക ഉയരുകയും മൂന്നുലോകങ്ങളേയും സംഭ്രാന്തിയിലാക്കുകയും തപിപ്പിക്കുകയും ചെയ്തുതുടങ്ങി. എല്ലാദേവന്മാരും ബ്രഹ്മാവിന്റെ നേതൃത്വത്തില്‍ എത്തുകയും വിശ്വാമിത്രനെ ബ്രഹ്മര്‍ഷിയെന്നഭിസംബോധന ചെയ്യുകയുമുണ്ടായി. അവര്‍ അദ്ദേഹത്തിന് ദീര്‍ഘായുസ്സ് വരദാനമായി നല്‍കി.
തന്റെ ബ്രാഹ്മണ്യം ശരിയായും അര്‍ഹതപ്പെട്ടതാണെങ്കില്‍ ഓം, വഷട്, വേദങ്ങള്‍ ഇവയെല്ലാം എന്നെ വരിക്കട്ടെ. വസിഷ്ഠന്‍ എന്നെ ബ്രഹ്മര്‍ഷിയെന്നു വിളിക്കട്ടെയെന്ന് വിശ്വാമിത്രന്‍ ആവശ്യപ്പെട്ടു. ഇവ സാധിക്കുന്നുവെങ്കില്‍ ദേവകള്‍ക്കു മടങ്ങിപ്പോകാം എന്നു വിശ്വാമിത്രന്‍ പറഞ്ഞു.’അങ്ങ് ബ്രഹ്മര്‍ഷിയാണ്, അങ്ങയുടെയെല്ലാ ആഗ്രഹങ്ങളും സാധിച്ചിരിക്കുന്നു’ എന്നു വസിഷ്ഠന്‍ പറഞ്ഞു. വിശ്വാമിത്രന്‍ വസിഷ്ഠനെ ആദരിക്കുകയും ചെയ്തു.
‘വിശ്വാമിത്രന്‍ തപസ്സിന്റെയവതാരമാണ്. ശക്തിയുടേയും നന്മയുടേയും പ്രതിരൂപമാണദ്ദേഹം’ ശതാനന്ദന്‍ രാമനോടു പറഞ്ഞുനിര്‍ത്തി. ജനകമഹാരാജാവ് തൊഴുകൈകളോടെ വിശ്വാമിത്രന്റെ സവിധത്തിലെത്തി. രാമനോടും ലക്ഷ്മണനോടും കൂടി തന്റെ യാഗത്തിലെഴുന്നള്ളിയത് അങ്ങയുടെയനുഗ്രഹമാണെന്ന് ബ്രഹ്മര്‍ഷിയോടു ജനകന്‍ പറയുകയുണ്ടായി. അദ്ദേഹം ബ്രഹ്മര്‍ഷിയുടെ തപോബലത്തെ പ്രകീര്‍ത്തിക്കുകയും ശ്ലാഘിക്കുകയും ചെയ്തു. പിന്നീട് ശതാനന്ദനോടും കുടുംബാംഗങ്ങളോടുമൊപ്പം ബ്രഹ്മര്‍ഷിയെ പ്രദക്ഷിണം ചെയ്യുകയും ചെയ്തു


ജന്മഭൂമി: http://www.janmabhumidaily.com/news685302#ixzz4pCxGMefM

No comments: