വിശുദ്ധവിജ്ഞാന വിരോചനാഞ്ചിതാ
വിദ്യാത്മവൃത്തിശ്ചരമേത ഭണ്യതേ
ഉദേതി കര്മ്മാഖില കാരകാദിഭിഃ
ന്നിഹന്തി വിദ്യാഖിലകാരകാദികം.(13)
വിശുദ്ധമായ വിജ്ഞാനംകൊണ്ട് പ്രകാശിക്കുന്ന വിദ്യ അവസാനത്തെ ആത്മവൃത്തിയാണ് എന്നു പറയപ്പെടുന്നു. കര്‍മ്മം കാരകാദികളെക്കൊണ്ടാണ് ഉണ്ടാകുന്നത്. വിദ്യയാകട്ടെ കാരകാദികളെ നശിപ്പിക്കുന്നു. ഇപ്രകാരം പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്ന വിദ്യയും കര്‍മ്മവും ഒരേനിലയില്‍ ഇരിക്കുന്നതെങ്ങനെ?
കുറിപ്പ്- ആത്മാന്വേഷണം നടത്തുന്നവന് അവസാനത്തെ ആത്മവൃത്തിയാണ് വിദ്യ അഥവാ ജ്ഞാനം. അതുലഭിച്ചാല്‍ പിന്നെ ആത്മവൃത്തികളൊന്നുമില്ല. അവന് മുക്തനായി. എന്നാല്‍ കര്മ്മത്തിന് കാരകങ്ങളുണ്ട്. അതായത് 5 ഘടകങ്ങളുണ്ട്. അധിഷ്ഠാനം( അവലംബം), കര്‍ത്താവ്( കര്‍മ്മംചെയ്യുന്നയാള്‍) കരണങ്ങള്‍( കര്‍മ്മം ചെയ്യുന്ന ശരീരാദികള്‍), ചേഷ്ടകള്‍( ചെയ്യുന്ന വൃത്തി), ദൈവം(കര്‍മ്മം ചെയ്യാനുള്ള പ്രേരണ) എന്നിവയാണ് കാരകങ്ങള്‍. വിദ്യയുണ്ടാകുമ്പോള്‍ ഈ കാരകങ്ങള്‍ നശിക്കുന്നു. പിന്നെ കര്‍മ്മമില്ല.
തസ്മാല്‍ ത്യജേല്കാര്യമശേഷതഃ സുധീഃ
വിദ്യാവിരോധാന്ന സമുച്ചയോ ഭവേല്‍
ആത്മാനുസന്ധാന പരായണസ്സദാ
നിവൃത്തസര്വ്വേന്ദ്രിയവൃത്തിഗോചരഃ. (14)
സദ്ബുദ്ധിയുള്ളവന്‍ കര്‍മ്മങ്ങളെല്ലാം ഉപേക്ഷിക്കണം. വിദ്യക്കു വിരോധമാകയാല്‍ കര്മ്മസമുച്ചയത്തെ ഉണ്ടാക്കരുത്. സദാ ആത്മധ്യാനത്തില്‍ തന്നെ ബുദ്ധിയുറപ്പിച്ച് അതിനായി പരിശ്രമിച്ചുകൊണ്ടും എല്ലാ ഇന്ദ്രിയങ്ങളില്‍ നിന്നും നിവൃത്തനായുമിരിക്കണം.
യാവച്ഛരീരാദിഷു മായയാത്മധീ
സ്താവദ്വിധേയോ വിധിവാദകര്മ്മണാം
നേതീതി വാകൈ്യരഖിലം നിഷിദ്ധൃതല്
ജ്ഞാത്വാ പരാല്മാനമഥ ത്യജേല്‍ ക്രിയാഃ (15)
മായയുടെ സ്വാധീനംകൊണ്ട് ശരീരാദികളില്‍ ആത്മാവെന്ന ബോധം ഏതുവരെയുണ്ടാകുന്നുവോ, അതുവരെ ജനം കര്‍മ്മകാണ്ഡത്തില്‍ വിവരിക്കുന്ന കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. നേതി നേതിയെന്ന ഉപനിഷത് വാക്യങ്ങളാല് വിചിന്തനം ചെയ്ത് ആത്മാവല്ലാത്ത എല്ലാറ്റിനെയും ഉപേക്ഷിച്ചിട്ട് നിത്യനിരഞ്ജനനിര്ഗ്ഗുണാദി പദങ്ങളെക്കൊണ്ടു വ്യവഹരിക്കുന്ന വസ്തുവാണ് പരമാത്മാവെന്ന് അറിയണം. അപ്പോള്‍ കര്‍മ്മങ്ങളെയെല്ലാം ത്യജിക്കാന്‍ സാധിക്കും.
swamiji sukumarananda
No comments:
Post a Comment