Tuesday, March 13, 2018

സത്യം, അഹിംസാ, ബ്രഹ്മചര്യം എന്നിവ സനാതന ധര്‍മ്മസംസ്‌കൃതി അനുശാസിക്കുന്ന മൂന്ന് ഉത്തമ മൂല്യങ്ങളാണ്. 
ആത്മതത്വത്തെ സംബസിച്ച് 'സച്ചിദാനന്ദ സ്വരൂപി' എന്ന ജ്ഞാനം നേടിയെടുക്കുന്നതിന്റെ ഭാഗമായി മൂന്നു മൂല്യങ്ങളും വിചാര വിധേയമാക്കുന്നത് വ്യാവഹാരിക തലത്തില്‍ പ്രയോജനം ചെയ്യും.
സത്യം, സത്യഭാഷണം എന്നത് സത്ഭാവത്തെ പുരസ്‌കരിച്ചിട്ടുള്ള മൂല്യമായിട്ടു ഗണിക്കാം. 
'സത്യം വദ' എന്ന് വേദം അനുശാസിക്കുന്നു.  സത്യമേ പറയാവൂ എന്നതാണ് നിഷ്‌ക്കര്‍ഷ. പ്രപഞ്ചവും വേദവും ഒക്കെ സത്യത്തില്‍ പ്രതിഷ്ഠിതമാണ്. 'സത്യമേവ ജയതേ' എന്ന ഉപനിഷത് മഹാവാക്യവും ശ്രദ്ധേയമാണല്ലോ. സത്യഭാഷണത്തിന്റെ കാര്യത്തില്‍  അനുബന്ധമായി മറ്റൊരു നിര്‍ദ്ദേശം കൂടിയുള്ളത് പരിഗണിക്കണം. 'സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്. ന ബ്രൂയാത് സത്യമപ്രിയം'. (സത്യം പറയൂ. പ്രിയം പറയൂ. അപ്രിയ സത്യം പറയാതിരിക്കൂ.)
സത്യധ്യാനത്തിന്റെയും, സത്യവിചിന്തനത്തിന്റെയും, സത്യം മാത്രം പറയുന്നതിന്റെയും സാധനാചര്യയ്ക്ക് നാം എത്രമാത്രം  മൂല്യം നല്‍കാറുണ്ടെന്ന് ആലോചിക്കണം. വ്യവഹാരത്തില്‍ മറ്റുള്ളവര്‍ നമ്മോട് കളവു പറയുന്നത് നമുക്ക് സഹിക്കാന്‍ കഴിയില്ല. എന്നാല്‍ പല ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടിയും അസത്യഭാഷണം നടത്തുന്നതില്‍ നമുക്കു സങ്കോചം തോന്നാറില്ല. സത്യം പറയണമെന്ന അനുശാസനം കുട്ടികള്‍ക്ക് നല്‍കുന്നതില്‍ നാം ബദ്ധശ്രദ്ധരാണ്. എന്നാല്‍ അവരുടെ മുന്നില്‍ വെച്ചു തന്നെ നാം കളവു പറഞ്ഞ് തെറ്റായ മാതൃക കാണിച്ചു പോവും. മൂല്യബോധം പകരുന്നേടത്ത് ഈ വൈരുദ്ധ്യം ദോഷം സൃഷ്ടിക്കുന്നു. 
സത്യം സുന്ദരമാണ്. പ്രപഞ്ചത്തിലെ എല്ലാ സൗന്ദര്യാവിഷ്‌ക്കാരങ്ങളും സത്യത്തിന്റെ വിഭൂതികളാണല്ലോ. ആവിഷ്‌ക്കാരങ്ങള്‍ കറകളഞ്ഞ നിര്‍വൃതിയോടെ നുകരുന്നതിനും, സത്യസാക്ഷാത്ക്കാരം നേടുന്നതിനും സത്യവാദനശീലം പാലിക്കണം.  ചില വസ്തുതകള്‍ മറച്ചുവെയ്ക്കാനും, തത്ക്കാലം ചില അസൗകര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനും, അഥവാ കൊച്ചു നേട്ടങ്ങള്‍ കരസ്ഥമാക്കാനും സത്യവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നത് ആന്തരിക അസ്വസ്ഥതയ്ക്കു കാരണമാവുന്നു. ഫലത്തില്‍ കളവു പറഞ്ഞു നേടുന്നതിന്റെ സന്തോഷം ആന്തരിക അലോസരത്തില്‍ നഷ്ടമാവും. കളവ് പറഞ്ഞാല്‍ അത് തെളിയിക്കാനുള്ള നുണകളെ കുറിച്ച് ആലോചിക്കണം. ആദ്യം പറഞ്ഞ നുണ മറന്നു പോകാതെ ഓര്‍മ്മിക്കേണ്ടി വരും. സത്യം പറയുമ്പോള്‍ താത്ക്കാലികമായി ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായേക്കാമെങ്കിലും നാം നമ്മില്‍ നിന്ന് അകന്ന് നമ്മോടു പോരടിക്കുന്ന അവസ്ഥ ഉണ്ടാവില്ല. 
സത്യം എന്ന മൂല്യം സുന്ദരമായി പൊതുവെ കുട്ടികള്‍ക്ക് അനുഭവപ്പെടണമെന്നില്ല. കാരണം രക്ഷാകര്‍ത്താക്കളും, അദ്ധ്യാപകരും, മുതിര്‍ന്നവരും കുട്ടികളോട് സത്യം പറയണമെന്ന് ആവശ്യപ്പെടുന്നത് പലപ്പോഴും ആക്രോശ സ്വരത്തിലാവും. വടിയുയര്‍ത്തി ഭീഷണിപ്പെടുത്തിക്കൊണ്ടാവും. ഇതൊക്കെ കുട്ടികളുടെ മനസ്സില്‍ സത്യത്തിനോട് വിരോധം വളര്‍ത്താന്‍ കാരണമായേക്കാം. ഈ കാര്യം സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടണം. സത്യത്തിന്റെ മഹത്വം കുട്ടികള്‍ക്ക് ബോധ്യമാക്കി ക്കൊടുക്കണം.  സത്യം സുന്ദരമാണ്, ഹൃദ്യമാണ്, മനഃശാന്തിദായകമാണ് എന്ന് കുട്ടികള്‍ പരിചയപ്പെടാന്‍ ഇടവരണം. 
കഠോപനിഷത്തിന്റെ ആദ്യ ഭാഗത്ത് യാഗശാലയില്‍ വെച്ച് നചികേതസ്സിന്റെ അച്ഛന്‍ 'നിന്നെ ഞാന്‍ യമനു കൊടുക്കുന്നു.' എന്നു പറഞ്ഞു പോവുന്ന രംഗമുണ്ട്. യാഗശാലയില്‍ വെച്ച് പറഞ്ഞ വാക്ക് പാലിക്കപ്പെടണം. അതിനാല്‍ യമധര്‍മ്മ രാജധാനിയിലേക്ക് നചികേതസ്സ് ഉടന്‍ പുറപ്പെടുന്നു. മകന്റെ യമപുരിയിലേക്കുള്ള യാത്രയെച്ചൊല്ലി പിതാവ് ഖേദിച്ചിരിക്കണം. സ്വന്തം ധര്‍മ്മബോധവും, സത്യനിഷ്ഠയും പ്രകാശിപ്പിച്ചു കൊണ്ട് നചികേതസ്സ് അച്ഛനെ സമാധാനിപ്പിക്കാന്‍ പറഞ്ഞ വാക്കുകള്‍ ആലോചനാമൃതമാണ്.
'പൂര്‍വ്വികരായിട്ടുള്ളവരും, വര്‍ത്തമാനകാലത്ത് വസിക്കുന്നവരുമായ ധന്യാത്മാക്കളുടെ ജീവിതം ശ്രദ്ധിക്കണം. അവരുടെ വ്യവഹാരങ്ങള്‍ പരിഗണിക്കണം. മനുഷ്യനും സസ്യജാലങ്ങളും തമ്മില്‍ ജനിമൃതിയുടെ കാര്യത്തില്‍ സാമ്യമുണ്ട്. മനുഷ്യന്‍ വ്യത്യസ്തനാകുന്നത് സത്യപരിപാലനം കൊണ്ടാവണം. '  നചികേതസ്സ് ഇങ്ങിനെ ചില വാക്യങ്ങള്‍ പറഞ്ഞ് യമ ലോക യാത്രക്ക് അനുമതി വാങ്ങിക്കുന്നു. നചികേതസ്സിന്റെ കാര്യത്തില്‍ സത്യവിചിന്തന നിഷ്ഠവ്യക്തിത്വത്തിന്റെ ആഴത്തില്‍ പതിഞ്ഞിരിക്കുന്നു. 
വ്യതിചലിച്ചു പോയ പിതാവിനെ നേര്‍വഴിയില്‍ ചിന്തിക്കാന്‍ മകന്‍ പ്രേരിപ്പിക്കുന്നത് മാതൃകാപരമാണ്. സത്യം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വിഷയത്തില്‍ നചികേതസ്സു പുലര്‍ത്തിയ മാതൃകയില്‍ സമാജത്തില്‍ താത്പര്യവും സന്തോഷവും പെരുകട്ടെ....swamiji adhyatmananda

No comments: