Friday, April 27, 2018

ഛാന്ദോഗ്യോപനിഷത്ത്-8
ഖണ്ഡം-10
ഉദ്ഗീഥ ഉപാസനയോട് ചേര്‍ത്ത് പ്രസ്താവത്തിന്റെയും പ്രതിഹാരത്തിന്റെയും ഉപാസനയെ പറയുകയാണ് ഇതിലും അടുത്തതിലുമായി ചെയ്യുന്നത്.
കുരുദേശത്ത് അതിവര്‍ഷം മൂലം സസ്യങ്ങളെല്ലാം നശിച്ച സമയത്ത് ചക്രന്റെ മകനായ ഉഷസ്ഥി തന്റെ ഭാര്യയോടുകൂടി ക്ഷാമം കാരണം ഭക്ഷണമില്ലാതെ വലഞ്ഞു. അവര്‍ ഇഭ്യ ഗ്രാമത്തിലായിരുന്നു വസിച്ചിരുന്നത്. ഉഷസ്തി ഭക്ഷണത്തിനായി അലഞ്ഞ് നടക്കുമ്പോള്‍ ഉഴുന്നും മറ്റും തിന്നുകൊണ്ടിരിക്കുന്ന ഒരാളെ കണ്ടു. ഇഭ്യന്‍ എന്നാണ് പേര്. ഇഭ്യനെന്നാല്‍ ആനക്കാരന്‍ എന്നും പറയാം. ഉഷസ്തി അയോളോട് കുറച്ച് ഭക്ഷണം യാചിച്ചു.തന്റെ മുന്നിലിരിക്കുന്ന താന്‍ കഴിച്ചുകൊണ്ടിരിക്കുന്ന ഈ ഉഴുന്നല്ലാതെ മറ്റൊന്നും തന്നെയില്ല എന്നുപറഞ്ഞു. താന്‍ കഴിച്ചതിന്റെ ബാക്കിയായത് കൊടുക്കേണ്ട എന്നു കരുതിയാണ് അയാള്‍ അങ്ങനെ പറഞ്ഞത്. പക്ഷേ വളരെയധികം വിശപ്പുണ്ടായിരുന്നതിനാല്‍ ഉഷസ്തി അവ ചോദിച്ചു വാങ്ങിക്കഴിച്ചു. അപ്പോള്‍ ഇഭ്യന്‍ താന്‍ കുടിച്ച വെള്ളത്തിന്റെ ബാക്കി കുടിക്കാന്‍ കൊടുത്തപ്പോള്‍ ഉഷസ്തി നിരസിച്ചു. ആ വെള്ളം കുടിച്ചാല്‍ ഉച്ഛിഷ്ടം അഥവാ എച്ചില്‍ കഴിക്കുന്നതുപോലെയാകും. തന്റെ ഉച്ഛിഷ്ട ഭക്ഷണമല്ലേ ഇപ്പോള്‍ കഴിച്ചത് എന്നു ചോദിച്ചപ്പോള്‍ ഉഷസ്തി പറഞ്ഞു. ഭക്ഷണം കഴിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ മരിച്ചുപോകുമായിരുന്നു. വെള്ളം കുടിക്കുന്നത് എന്റെ ഇഷ്ടമാണ്. ആപത്തുകാലത്ത് ജീവന്‍ നിലനിര്‍ത്താന്‍ മോശമായതും ഉച്ഛിഷ്ടവുമാണെങ്കിലും അന്യരില്‍ ഭക്ഷണം സ്വീകരിക്കുന്നത് ദോഷമല്ല എന്ന് ഇവിടെ പറയുന്നു. സുഖഭോഗത്തിനായി എച്ചില്‍ കഴിക്കുന്നത് തെറ്റാണ്. കുടിക്കുവാനുള്ള വെള്ളം വേറെ കിട്ടാനുള്ളതിനാലാണ് അത് സ്വീകരിക്കുന്നത്.
ഉഷസ്തി താന്‍ കഴിച്ചതിന്റെ ബാക്കി ഭാര്യയ്ക്ക് കൊണ്ടുവന്നു കൊടുത്തു. അവര്‍ക്ക് നേരത്തേ നല്ല ഭിക്ഷ കിട്ടിയിരുന്നതിനാല്‍ ഭര്‍ത്താവ് തന്നതിനെ സൂക്ഷിച്ചുവച്ചു.  പിറ്റേന്ന് രാവിലെ ഉഷസ്തി ഭക്ഷണം കഴിക്കാന്‍ ആഗ്രഹിച്ചു. ഭക്ഷണം കഴിച്ചതിന്റെ ബലത്തില്‍ ധനം സമ്പാദിക്കാന്‍ പോകാമായിരുന്നു. രാജാവ് നടത്തുന്ന യാഗത്തില്‍ ഋത്വിക്കിന്റെ കര്‍മ്മങ്ങള്‍ക്കായി  തന്നെ വരിക്കും എന്നുവിചാരിച്ചു. ഭാര്യ ഇപ്പോള്‍ തന്നെ തലേന്ന് ഏല്‍പ്പിച്ചതായ ഉഴുന്ന് ഉഷസ്തിക്ക് കൊടുത്തു. അയാള്‍ അതുകഴിച്ച് രാജാവിന്റെ യാഗശാലയിലെത്തി.
യാഗവേദിയില്‍ സാമഗാനം ചെയ്യുന്നവര്‍ ഇരിക്കുന്ന സ്ഥലത്ത് സ്തുതിപാഠത്തിനാരംഭിക്കുന്ന ഉദ്ഗാതാക്കളുടെ അടുത്തിരുന്നു. സാമഗാനത്തെ ചെയ്യുന്ന പ്രസ്‌തോതാവ്, ഉദ്ഗാതാവ്, പ്രതിഹര്‍ത്താവ് എന്നിവരോട് അവര്‍ സാമഗാനം ചെയ്യുമ്പോള്‍ ഓരോന്നിലും ഏതു ദേവതയെയാണ് വിചാരിക്കുന്നത് എന്ന് പറയാന്‍ പറഞ്ഞു. ദേവത അറിയാതെ സാമഗാനം ചെയ്താല്‍ തല വീണുരുളും എന്ന് ഓര്‍മിപ്പിക്കുകയും ചെയ്തു. ഇതുകേട്ട് യാഗം ചെയ്യുന്ന രാജാവ് അദ്ഭുതത്തോടെ ഇങ്ങനെ ചോദ്യം ചെയ്തത് ആരാണെന്ന് അന്വേഷിച്ചു. താന്‍ ചാക്രായണനായ ഉഷസ്തിയാണെന്ന് മറുപടി പറഞ്ഞു. വാസ്തവത്തില്‍ ഉഷസ്തിയെയാണ് ഋത്വിക്കുകളുടെ കര്‍മ്മങ്ങള്‍ നടത്തുന്നതിനായി താന്‍ അന്വേഷിച്ചതെന്നും കണ്ടുകിട്ടാത്തതിനാലാണ് മറ്റുള്ളവരെ വരിച്ചതെന്നും രാജാവ് പറഞ്ഞു. ഇനി അങ്ങ് തന്നെ അവയെല്ലാം നടത്തിത്തരണമെന്ന യജമാനനായ രാജാവിന്റെ അഭ്യര്‍ത്ഥന ഉഷസ്തി സ്വീകരിച്ചു. മുമ്പ് വരിച്ച് ആളുകള്‍ തന്നെ സ്‌തോത്രപാഠം ചെയ്യട്ടെ. അവര്‍ക്ക് എല്ലാവര്‍ക്കും കൊടുക്കുന്ന അത്രയും ധനം തനിക്കും നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. രാജാവ് അത് സമ്മതിച്ചു.
അപ്പോള്‍ പ്രസ്‌തോതാവ് ഉഷസ്തിയോട് ചോദിച്ചു. പ്രസ്താവത്തില്‍ അനുഗതനായ ദേവത ഏതാണ് എന്ന്. പ്രാണനാണ് ആ ദേവത. ചരാചരങ്ങളായ എല്ലാ ജീവജാലങ്ങളും പ്രളയകാലത്ത് പ്രാണനില്‍ ലയിക്കുന്നു. സൃഷ്ടിയില്‍ പ്രാണനില്‍നിന്ന് ഉദ്ഗമിക്കുന്നു. അതിനാല്‍ പ്രാണന്‍ തന്നെ പ്രസ്താരത്തിലെ ദേവത. ഇത് അറിയാതെ സാമഗാനം ചെയ്യരുത്. ഉഷസ്തി പറഞ്ഞു. ഉദ്ഗാതാവ് ചോദിച്ചു- ഉദ്ഗീഥത്തിലെ ദേവത ആരാണ്? ഉച്ചസ്ഥിതനായ ആദിത്യനാണ്. 'പ്ര' എന്ന ശബ്ദംകൊണ്ട് പ്രാണന്‍ പ്രസ്താവത്തിന്റെ ദേവതയായതുപോലെ 'ഉത്' എന്ന ശബ്ദത്താല്‍ ഉച്ചസ്ഥിതനായ ആദിത്യന്‍ ഉദ്ഗീഥത്തിന്റെ ദേവതയാകുന്നു. പ്രതിഹര്‍ത്താവ് ചോദിച്ചു- പ്രതിഹാരത്തിലെ ദേവത ആരാണ്? അന്നമാണ് ദേവത. ചരാചരങ്ങളായ എല്ലാ ജീവികളും അന്നത്തെ പ്രതിഹരിച്ചുകൊണ്ടാണ് (കഴിച്ചാണ്) ജീവിക്കുന്നത്. അതിനാല്‍ അന്നമാണ് പ്രതിഹാരത്തിലെ ദേവത. 'പ്രതി' എന്ന ശബ്ദത്തിന്റെ സാദൃശ്യംകൊണ്ടാണ് പ്രതിഹാരം, പ്രതിഹാരണം എന്നിവ കണക്കിലെടുത്ത് അന്നത്തെ ദേവതയായി കല്‍പ്പിച്ചത്. പ്രസ്താവം, ഉദ്ഗീഥം, പ്രതിഹാരം എന്നിവയെ ക്രമത്തില്‍ പ്രാണന്‍, ആദിത്യന്‍, അന്നം എന്നിങ്ങനെ കണ്ട് ഉപാസിക്കണം.
ഇപ്രകാരം മൂന്ന് പേരേയും ദേവതയെ അറിയാതെ സാമഗാനം ചെയ്താലുള്ള ദോഷത്തില്‍നിന്ന് ഉഷസ്തി രക്ഷപ്പെടുത്തി.
 9495746977

No comments: