Saturday, April 28, 2018

ഈശ്വരന്‍ നമുക്ക്, ഈ ശരീരം തന്നിരിക്കുന്നതും നാനാവിഷയങ്ങളെ സൃഷ്ടിച്ചിരിക്കുന്നതും അവയൊക്കെ യഥേഷ്ടം അനുഭവിച്ചു സുഖമായി ജീവിക്കാനല്ലേ എന്നു ചില മക്കള്‍ ചോദിക്കാറുണ്ട്. സുഖഭോഗമൊന്നും പാടില്ലെന്നു ആദ്ധ്യാത്മികശാസ്ത്രം പറയുന്നില്ല. എന്നാല്‍ അവയുടെ യഥാര്‍ത്ഥസ്വഭാവം നമ്മള്‍ മനസ്സിലാക്കിയിരിക്കണം. സുഖഭോഗങ്ങള്‍ അനുഭവിക്കുമ്പോഴും ധര്‍മ്മം കൈവിടാതെ സൂക്ഷിക്കണം. സ്വാര്‍ത്ഥസുഖം മാത്രം മോഹിച്ചാല്‍, നിയന്ത്രണമില്ലാതെ ജീവിച്ചാല്‍, സുഖത്തിനുപകരം ദുഃഖമായിരിക്കും ഫലം. ഒന്നും അമിതമാകരുത്. വികാരവിചാരങ്ങള്‍ മനസ്സിലുണ്ടാകുന്നതു സ്വാഭാവികമാണ്. പക്ഷേ, ഒരു നിയന്ത്രണം അത്യാവശ്യമാണ്. വിശപ്പു സ്വാഭാവികമാണ്. എന്നാല്‍ ആഹാരപദാര്‍ത്ഥങ്ങള്‍ കാണുമ്പോഴെല്ലാം എടുത്തു കഴിക്കാറില്ലല്ലോ. അങ്ങനെ കഴിച്ചാല്‍ അസുഖം പിടിപെട്ടു കിടപ്പിലാകും. അതുപോലെ അമിതസുഖത്തിനുള്ള ആഗ്രഹം പിന്നീടു ദുഃഖത്തിനു കാരണമാകും.
ടാറിട്ട നല്ല റോഡുണ്ട്, നല്ല വെളിച്ചമുണ്ടു് എന്നുവച്ച് നമ്മള്‍ തോന്നുന്ന രീതിയില്‍ വണ്ടി ഓടിച്ചാല്‍ എവിടെയെങ്കിലും ചെന്നിടിച്ചു മരണം വരെ സംഭവിക്കാം. റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ അതിനു് ഒരു നിയമമുണ്ട്്. അതനുസരിച്ചു വാഹനമോടിക്കണം. അതുപോലെ ഈശ്വരന്റെ സൃഷ്ടിയായ ഈ ലോകത്തു  ജീവിക്കുമ്പോള്‍, അതിനും ഒരു നിയമമുണ്ട്. അതനുസരിച്ചുവേണം ജീവിക്കേണ്ടത്. അല്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും. ചോക്ലേറ്റിനു നല്ല മധുരമാണ്. എന്നാല്‍ നമ്മുടെ ഇഷ്ടമനുസരിച്ച് ആവശ്യത്തിലധികം കഴിച്ചാല്‍ വയറിനു വേദനയുണ്ടാകും. എന്തും അമിതമായാല്‍ ഇതുപോലെയുള്ള പ്രശ്‌നങ്ങളുണ്ടാകും, ദുഃഖത്തിനു കാരണമാകും. 
ലോകവസ്തുക്കള്‍ക്കു ശാശ്വതസുഖം നല്കാനുള്ള കഴിവില്ലെന്ന് നമ്മള്‍ മനസ്സിലാക്കണം. കുറച്ച് അനുഭവിച്ചു കഴിയുമ്പോള്‍ ഏതും മടുത്തുപോകുന്നു. ഒരാഗ്രഹം സാധിച്ചാല്‍ പിന്നെ മറ്റൊന്നിനുവേണ്ടിയായി                                                                                  ആഗ്രഹം. അതൃപ്തി എപ്പോഴും ബാക്കിയാകുന്നു. ഒരു വിളക്കിനെ ദ്വാരമുള്ള കുടംകൊണ്ട് മൂടിയാല്‍ ദ്വാരത്തിലൂടെ വെളിച്ചം ലഭിക്കും. എന്നാല്‍ വെളിച്ചത്തിന്റെ ഉറവിടം ദ്വാരമല്ലല്ലോ. അതുപോലെ ആനന്ദത്തിന്റെ ഉറവിടം ബാഹ്യവിഷയങ്ങളല്ല, ആത്മാവാണ്. ശാന്തമായ മനസ്സില്‍ സ്വതവേ ആനന്ദമുണ്ട്. എന്നാല്‍ ആഗ്രഹങ്ങള്‍കൊണ്ടും ആവലാതികള്‍കൊണ്ടും നമ്മള്‍ തന്നെ അതിനെ മറച്ചുകളയുകയാണ്. 
കടലിലെ തിരമാലകള്‍ ഇരമ്പിക്കൊണ്ടു മുകളിലേക്കുയരുന്നു. അടുത്തനിമിഷം തന്നെ താഴേക്കുവീഴുകയും ചെയ്യുന്നു. ഒരു നിമിഷമെങ്കിലും ഉയര്‍ന്നു നില്ക്കാന്‍ അതിനു സാധിക്കുന്നില്ല. അതുപോലെ സുഖം കിട്ടുമെന്ന മോഹത്തോടെ വസ്തുക്കളുടെ പിന്നാലെ ആവേശപൂര്‍വ്വം പായുന്ന മനുഷ്യന്‍ ദുഃഖത്തിലാണു ചെന്നുപതിക്കുന്നത്. മനസ്സുഖംതേടി പുറത്തേക്കു കുതിക്കുന്നതല്ലാതെ ശരിയായ സുഖം അനുഭവിക്കാന്‍ സാധിക്കുന്നില്ല. ഒടുവില്‍ ദുഃഖം മാത്രം മിച്ചം. 
ലോകവസ്തുക്കളില്‍ സുഖം തേടിപ്പോയാല്‍ അതു ദുഃഖത്തിനും അശാന്തിക്കും മാത്രമേ വഴിതെളിക്കൂ. ഇത്തരം സുഖാന്വേഷണം വ്യക്തിയെ മാത്രമല്ല സമൂഹത്തെ മൊത്തം പ്രതികൂലമായി ബാധിക്കുന്നു. ബാഹ്യവസ്തുവില്‍ മാത്രം സുഖം തിരയുന്നതുകൊണ്ടു യഥാര്‍ത്ഥസ്‌നേഹം എങ്ങും കാണാനില്ലാതായി. കുടുംബജീവിതത്തിലും ഭാര്യാഭര്‍ത്തൃബന്ധത്തിലും സുഖവും സ്വസ്ഥതയും ഇല്ലാതായി. ഹൃദയം തുറന്നു സ്‌നേഹിക്കാനും സേവിക്കാനുമുള്ള കഴിവു നഷ്ടപ്പെട്ടു. ഇതുകാരണം പല പുരുഷന്മാരും അന്യസ്ത്രീകളെ മോഹിക്കുന്നു; സ്ത്രീകള്‍ പരപുരുഷന്മാരെയും. പ്രത്യേകിച്ചും, പാശ്ചാത്യരാജ്യങ്ങളില്‍ ഇതു വളരെയധികമാണ്. ബാഹ്യസുഖം അമിതമായി ആഗ്രഹിക്കുന്നതുകൊണ്ട് സ്വന്തം മകളെപ്പോലും തിരിച്ചറിയാനുള്ള വിവേകം നഷ്ടപ്പെടുന്നു. സഹോദരീസഹോദര സങ്കല്പംകൂടി തകരുന്നു. എത്രയോപേര്‍ പീഡനത്തിന് ഇരയായിത്തീരുന്നു. ഇന്നു ലോകത്തു കാണുന്ന കുറ്റകൃത്യങ്ങള്‍ക്കും ക്രൂരതയ്ക്കും മുഴുവന്‍ കാരണം സുഖം പുറത്താണെന്ന മിഥ്യാധാരണയാണ്.
ആഗ്രഹത്തെ നിയന്ത്രിക്കുക അത്യന്തം പ്രയാസമാണ് എന്നു പലരും പറയാറുണ്ട്. എന്നാല്‍ ആഗ്രഹത്തിന്റെ സ്വഭാവം തിരിച്ചറിഞ്ഞാല്‍ ഇതത്ര പ്രയാസമല്ല. നമുക്കു ദ്രോഹം ചെയ്യുന്ന ഒരാളെ അറിഞ്ഞുകൊണ്ടു നമ്മള്‍ കൂടെതാമസിപ്പിക്കുമോ? അറിഞ്ഞുകൊണ്ട് ഒരു ഭ്രാന്തന്റെ സമീപം കിടന്നുറങ്ങാന്‍ നമ്മള്‍ തയ്യാറാകില്ലല്ലോ. അവനു സ്ഥിരബുദ്ധിയില്ല; അതിനാല്‍ അയാള്‍ ഏതു നിമിഷവും നമ്മളെ അപകടപ്പെടുത്തും എന്നറിയാം. പാമ്പിന് പാലു നല്കി വളര്‍ത്തിയാലും അതു് അതിന്റെ സ്വഭാവം കാണിക്കും. പേപിടിച്ച പട്ടിയെ വീട്ടില്‍ വളര്‍ത്തുവാന്‍ ആരും തയ്യാറാവില്ല. ഇവയൊക്കെ നമുക്കു ദുഃഖം വരുത്തുന്നവയാണെന്നു ബോദ്ധ്യമുള്ളതുകൊണ്ട് അവയെ അകറ്റിനിര്‍ത്താന്‍ നമ്മള്‍ ശ്രദ്ധിക്കുന്നു.  അതുപോലെ വിഷയസുഖങ്ങളുടെ സ്വഭാവം മനസ്സിലാക്കി നീങ്ങിയാല്‍ ദുഃഖിക്കേണ്ടിവരില്ല.  
ജീവിതത്തില്‍ അവശ്യം വേണ്ട സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ധാര്‍മ്മികതയില്‍ ഉറച്ചുനിന്നുകൊണ്ടാകണം അങ്ങനെ ചെയ്യുന്നത്. അതിനാല്‍ ആവശ്യത്തിനുമാത്രം കഴിക്കുക, ആവശ്യത്തിനു മാത്രം സംസാരിക്കുക, ആവശ്യത്തിനു മാത്രം ഉറങ്ങുക, ബാക്കിയുള്ള സമയം നല്ല കര്‍മ്മങ്ങള്‍ ചെയ്യുക. ജീവിതത്തില്‍ ഒരു നിമിഷവും വെറുതെ കളയാതിരിക്കുക. നമ്മുടെ ജീവിതം മറ്റുള്ളവര്‍ക്കുകൂടി പ്രയോജനമുള്ളതായിത്തീരാന്‍ ശ്രദ്ധിക്കുക. ആഹാരമായാലും പണമായാലും മറ്റുവസ്തുക്കളായാലും അത് ഇല്ലാത്തവരുമായി പങ്കുവയ്ക്കാനുള്ള ഒരു മനസ്സ് വളര്‍ത്തിയെടുക്കുക. ഒപ്പം ദിവസവും കുറച്ചു സമയമെങ്കിലും അന്തര്‍മുഖരായി നമ്മുടെ സ്വരൂപമെന്തെന്ന് ആരായുക. അത്രയുമായാല്‍ ജീവിതത്തിലൊരിക്കലും സുഖവും ശാന്തിയും നമുക്ക് നഷ്ടമാവില്ല.
 amma

No comments: