Friday, April 27, 2018

ഛാന്ദോഗ്യോപനിഷത്ത്-7
ഖണ്ഡം-8
ശലാവാന്റെ മകനായ ശീലകന്‍, ചികിതായനന്റെ മകനായ ദാല്‍ഭ്യന്‍, ജീവനകന്റെ മകനായ പ്രവാഹണന്‍ എന്നിവര്‍ ഉദ്ഗീഥ വിഷയത്തില്‍ വലിയ പണ്ഡിതരായിരുന്നു. ഉദ്ഗീഥ വിഷയത്തിന് പണ്ഡിതന്മാരായ നമുക്ക് അതിനെപ്പറ്റി വിചാരം ചെയ്യാമെന്ന് അവര്‍ പറഞ്ഞു. ഓങ്കാരരൂപമായ ഉദ്ഗീഥത്തിന്റെ വിശിഷ്ട ഫലത്തെ നല്‍കുന്ന ഉപാസനത്തെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. അറിവുള്ളവര്‍ തമ്മിലുള്ള ചര്‍ച്ച സംശയങ്ങള്‍ തീര്‍ക്കാനും അറിവ് നേടാനും സഹായിക്കും. ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച് അവര്‍ ഇരുന്നപ്പോള്‍ പ്രവാഹണന്‍ പറഞ്ഞു. ആദരണീയരും ബ്രാഹ്മണരുമായി നിങ്ങള്‍ രണ്ടുപേരും ആദ്യം പറയൂ ഞാന്‍ കേള്‍ക്കാം. പ്രവാഹണന്‍ ക്ഷത്രിയനും മറ്റു രണ്ടുപേര്‍ ബ്രാഹ്മണരുമായിരുന്നു. ശീലകന്‍ ദാല്ഭ്യനോട് പറഞ്ഞു. അങ്ങ് അനുവദിച്ചാല്‍ ഞാന്‍ അങ്ങയോട് ചോദിക്കാം. ചോദിക്കാന്‍ അനുവാദം ദാല്ഭ്യന്‍ നല്‍കി.
സാമത്തിന് എന്താണ് ആശ്രയമെന്ന് ശീലകന്‍ ചോദിച്ചു. സ്വരമാണെന്ന് ദാല്ഭ്യന്‍ പറഞ്ഞു. സ്വരത്തിന് എന്താണ് ആശ്രയം. പ്രാണനാണ് ആശ്രയം. അപ്പോള്‍ പ്രാണന് ആശ്രയം? അന്നമാണ്. അന്നത്തിന്റെ ആശ്രയം? ജലം. ഏതിനെ ആശ്രയിച്ചാണ് സാമം തീര്‍ക്കുന്നത് എന്നുചോദിച്ചാല്‍ അത് സ്വരമാത്മകമായതിനാല്‍ സ്വരമാണ് ആശ്രയം. പ്രാണനെക്കൊണ്ടാണ് സ്വരം ഉണ്ടാകുന്നത് എന്നതിനാല്‍ സ്വരത്തിന് ആശ്രയം പ്രാണനാണ്. പ്രാണന്‍ നിലനില്‍ക്കുന്നത് അന്നംകൊണ്ടായതിനാല്‍ അന്നമാണ് ആശ്രയം. അന്നം ഉണ്ടാവുന്നത് ജലംകൊണ്ടായതിനാല്‍ ജലമാണ് അന്നത്തിന്റെ ആശ്രയം. 
ജലത്തിന് എന്താണ് ആശ്രയം ആ ലോകം എന്നുപറയുന്ന സ്വര്‍ലോകം ആണ്. സ്വര്‍ഗലോകത്തിന്റെ ആശ്രയം എന്താണ്? സാമം സ്വര്‍ലോകത്തില്‍ പ്രതിഷ്ഠിതമാണ്. സാമത്തെ സ്വര്‍ഗമെന്ന് സ്തുതിക്കാറുണ്ട്. എന്നിങ്ങനെ ദാല്‍ഭ്യന്‍ ഉത്തരം പറഞ്ഞപ്പോള്‍ ശിലകന് തൃപ്തിയായില്ല. ശരിയായ ഉത്തരം പറഞ്ഞില്ലെങ്കില്‍ ശാപം കാരണം തല വീണുരുളും എന്നുപറഞ്ഞ ദാല്‍ഭ്യന്‍ ശിലകനോട് പറഞ്ഞുതരാന്‍ ആവശ്യപ്പെട്ടു. ഈ ലോകമാണ് സാമത്തിന്റെ പ്രതിഷ്ഠയെന്ന് അദ്ദേഹം പറഞ്ഞു. സാമത്തെ പൃഥ്വിവിയായും സ്തുതിക്കുന്നുണ്ട്. ഇതുകേട്ട പ്രവാഹണന്‍ പറഞ്ഞു. ഈ ഉത്തരവും തൃപ്തികരമല്ല. ഇങ്ങനെയെങ്കില്‍ സാമത്തിന് അന്തമുണ്ടാകും. എല്ലാറ്റിനും പരവും ശ്രേഷ്ഠതമവുമായ ഉദ്ഗീഥത്തിന് അന്തം കല്‍പ്പിച്ചതിനാല്‍ ശിലകനും അപരാധിയായി. ശാപം കിട്ടിയാല്‍ തലപോകും എന്നതിനാല്‍ വാസ്തവമറിയാന്‍ അദ്ദേഹം പ്രവാഹണനോട് ചോദിച്ചു. പ്രവാഹണന്‍ പറയാന്‍ തുടങ്ങി.
ലോകത്തിന്റെ ആശ്രയം ആകാശമാണ്. എല്ലാ ഭൂതജാലങ്ങളും ആകാശത്തുനിന്നാണ് ഉണ്ടാകുന്നത്, ലയിക്കുന്നത്. ആകാശം തന്നെയാണ് ഇവയെക്കാളും മഹത്തരവും എല്ലാറ്റിനും ആശ്രയവും. ഇവിടെ ആകാശം എന്നുപറയുന്നത് പരമാത്മാവിനെയാണ്. പരമാത്മാവിലാണ് എല്ലാം ഉണ്ടാകുന്നതും ലയിക്കുന്നതും. പഞ്ചമഹാഭൂതങ്ങളില്‍പ്പെട്ട ആകാശം എന്ന് അര്‍ത്ഥം എടുക്കാന്‍ ആവില്ല. ഇത് ഉന്നതവും ഉത്കൃഷ്ടവുമായ ആ ഉദ്ഗീഥമാണ്. അത് അന്തമില്ലാത്തതുമാണ്. ആരാണോ ഇത്തരത്തിലുള്ള ഉദ്ഗീഥത്തെ അറിഞ്ഞ് ഉപാസിക്കുന്നത്, അയാളുടെ ജീവിതവും ഉന്നതവും ഉത്കൃഷ്ടമാവും.  അത്തരം വലിയ ലോകങ്ങളെ ജയിക്കുകയും ചെയ്യും. ഉന്നതവും (പരം) ഉത്കൃഷ്ടവും (വരീയസ്സ്) എന്നര്‍ത്ഥത്തില്‍ പരോവരീയസ്സ് എന്നുപറയുന്ന ഉദ്ഗീഥത്തെയാണ് ആകാശം എന്നു പറഞ്ഞത്. ഇത് പരമാത്മാവ്തന്നെയാണ്. ഉപാസകനും അതുപോലെ ഉന്നതനും ഉത്കൃഷ്ടനുമാകും. അതുപോലുള്ള ലോകങ്ങളെ ജയിക്കുകയും ചെയ്യും.
ശുനകന്റെ മകനായ അതിധന്വാവ് തന്റെ ശിഷ്യനായ ഉദരശാണ്ഡില്യന് ഇത് പഠിപ്പിച്ചു. എന്നിട്ട് നിന്റെ വരും തലമുറയില്‍ പരോവരീയസ്സായ ഉദ്ഗീഥത്തെ അറിയുന്നവര്‍ ഉന്നതരും ശ്രേഷ്ഠരുമാകട്ടെ എന്ന് അനുഗ്രഹിച്ചു. പരലോകത്തിലും ഉന്നതമായ ലോകം കിട്ടും. അപ്രകാരമുള്ള ജീവിതവും ഉണ്ടാകുമെന്ന് പറഞ്ഞു. ഉപാസനാഫലം പണ്ടുള്ളവര്‍ക്ക് മാത്രമല്ല. ഇപ്പോഴുള്ളവര്‍ക്കും ലഭിക്കുമെന്ന് ശ്രുതി പറയുന്നു.
സ്വര്‍ഗ്ഗമോ ഈ ലോകമോ അല്ല സാമത്തിന്റെ പ്രതിഷ്ഠയ്ക്കും ആശ്രയമായിരിക്കുന്നത്. അത് ആകാശം എന്ന പേരില്‍ ഇവിടെ പറഞ്ഞ പരമാത്മാവ് തന്നെയാണ്. എല്ലാം ആകാശമാകുന്ന പരമാത്മാവില്‍നിന്നുണ്ടായി അതില്‍തന്നെ ലയിക്കുന്നു. എല്ലാറ്റിനും ആശ്രയമായത് ആകാശമായ പരമാത്മാവാണ്. ഇത് ഉന്നതവും ഉത്കൃഷ്ടവുമായ ഉദ്ഗീഥമാണ്. ഉദ്ഗീഥത്തെ ഇപ്രകാരം അറിഞ്ഞ് ഉപാസിക്കണം. ഉദ്ഗീഥം തന്നെ അനന്തമായ ആകാശം. അതുതന്നെ പരമാത്മാവ്.
janmabhumi

No comments: