Wednesday, April 25, 2018

ഛാന്ദോഗ്യോപനിഷത്ത്-5
ഖണ്ഡം-4
ഓമിത്യേതദക്ഷരമുദ്ഗീഥമുപാസിതോമിതി...
ഉദ്ഗീഥമെന്ന ഓം എന്ന അക്ഷരത്തെ ഉപാസിക്കണം. ഓം എന്ന അക്ഷരത്തോടെയാണ് വേദമന്ത്രങ്ങള്‍ ജപിക്കുന്നത്. അതിന്റെ വ്യാഖ്യാനം ഇനി പറയുന്നു. ദേവന്മാര്‍ മൃത്യുവിനെ ഭയപ്പെട്ട് മൂന്ന് വേദങ്ങളില്‍ പറഞ്ഞ ത്രയീവിഹിത കര്‍മ്മങ്ങളെ ആരംഭിച്ചു. ആസൂരീക വൃത്തികളുടെ ആക്രമണത്തെയാണ് മൃത്യു എന്ന് പറയുന്നത്. അതില്‍നിന്ന്  രക്ഷപ്പെടുവാനാണ് കര്‍മ്മങ്ങള്‍ ചെയ്തത്. കര്‍മ്മത്തിന് ഉപയോഗിക്കാത്ത മന്ത്രങ്ങളെക്കൊണ്ട് ജപം, ഹോമം മുതലായവ ചെയ്ത് അവര്‍ തങ്ങളെ മറച്ചു. മറയ്ക്കുക എന്ന ഛാദനം ചെയ്തതിനാല്‍ ഈ മന്ത്രങ്ങള്‍ക്ക് ഛന്ദസ്സ് എന്ന പേരുണ്ടായി. ഛാദനം ചെയ്യുന്നത് ഛന്ദസ്സ്.
വെള്ളത്തില്‍ മത്സ്യത്തെ കാണുംപോലെ മൃത്യു അവരെ ഋക്കിലും, സാമത്തിലും യജുസ്സിലും കണ്ടു. ഇത് അറിഞ്ഞ ദേവന്മാര്‍ ഈ മൂന്ന് വേദകര്‍മ്മങ്ങളില്‍നിന്ന് പിന്‍വലിഞ്ഞ് സ്വരത്തില്‍ പ്രവേശിച്ചു. കര്‍മ്മവും കര്‍മ്മഫലം നശ്വരമായതിനാല്‍ ദേവന്മാരെ പിടികൂടാന്‍ എളുപ്പമെന്ന് മൃത്യു മനസ്സിലാക്കിയപ്പോഴാണ് ദേവന്മാര്‍ അവയില്‍ നിന്നും മാറി സ്വരമായ അക്ഷരമായ ഓങ്കാരത്തെ ആശ്രയിച്ചത്. അവര്‍ ഓങ്കാരോപാസന തുടങ്ങി ഋക്കിനെ പഠിക്കുമ്പോള്‍ ഓം എന്ന ആദരവോടെ പറയുന്നു. സാമം, യജുസ്സ് എന്നിവയ്ക്കും ഇതുപോലെയാണ്. ഓം എന്ന അക്ഷരം തന്നെയാണ് സ്വരം. അത് അമൃതവും അഭയവുമാണ്. ദേവന്മാര്‍ ഓങ്കാരോപാസനയാല്‍ അമൃതരും അഭയരുമായിത്തീര്‍ന്നു. ഓങ്കാരം സ്വരാത്മകമായതിനാലാണ് അതിനെ സ്വരം എന്നുപറയുന്നത്. ഓങ്കാര ഉപാസനയില്‍ കര്‍മ്മംകൊണ്ട് ലഭിക്കാതിരുന്ന അമൃതവും അഭയവുമൊക്കെ ദേവന്മാര്‍ക്ക് ലഭിച്ചു. കര്‍മ്മങ്ങളേക്കാള്‍ ഉപാസനയ്ക്കുള്ള പ്രാധാന്യം ഇവിടെ വ്യക്തമാക്കുന്നു. ഓങ്കാരത്തെ ഇപ്രകാരം ഉപാസിക്കുന്നയാള്‍ അമൃതവും അഭയവുമായ അക്ഷരത്തില്‍ പ്രവേശിച്ച് മരണമില്ലാത്തവനായിത്തീരും. ഓങ്കാര ഉപാസകര്‍ക്കെല്ലാം ദേവന്മാര്‍ നേടിയതുപോലുള്ള അവസ്ഥയെ കൈവരിക്കും. എല്ലാം ആസുരീക വ്യക്തികളെയും ജയിക്കാനാവും.
ഖണ്ഡം 5
ഉദ്ഗീഥമാണ് പ്രണവം. പ്രണവം തന്നെ ഉദ്ഗീഥം. ആദിത്യന്‍ ഉദ്ഗീഥവും പ്രണവുമാണ്. ഓം എന്ന് ജപിച്ചാണ് ആദിത്യന്‍ ആകാശത്തില്‍ സഞ്ചരിക്കുന്നത്. സൂര്യന്‍ ഉദിക്കുന്നതും സഞ്ചരിക്കുന്നതും ഓം ചൊല്ലിയാണ്. 'ഓം' എന്ന് അനുമതി നല്‍കുന്നതുപോലെയാണിത്. പകല്‍ ആളുകള്‍ പണിയെടുക്കുന്നത് ഓം എന്ന് അനുമതി നല്‍കുന്ന സൂര്യന്റെ സാന്നിദ്ധ്യംകൊണ്ടാണ്. അതിനാല്‍ ആദിത്യോപാസന പ്രണവോപാസനയാണ്. ആദ്ധ്യാത്മികമായി പ്രാണദൃഷ്ടിയോടും അധിദൈവതമായി ആദിത്യദൃഷ്ടിയോടും ഉപാസിക്കണമെന്ന് പറഞ്ഞതിനെ വിശദമാക്കുകയാണ് വീണ്ടും.
കൗഷീതകി ഋഷി മകനോട് പറഞ്ഞു-ഞാന്‍ ആദിത്യനേയും രശ്മികളേയും ഒന്നായിക്കണ്ട് സ്തുതിച്ചു. അതിനാല്‍ എനിക്ക് ഒരു പുത്രന്‍ മാത്രം ഉണ്ടായി. നീ ആദിത്യനേയും രശ്മികളേയും വേറെയായി കണ്ട് ഉപാസിക്കൂ. നിനക്ക് ധാരാളം മക്കളുണ്ടാകും. ഇതാണ് ദേവതാ വിഷയമായ അധിദൈവത ഉപാസനം.
ദേഹസംബന്ധിയായ അധ്യാത്മ ഉപാസനയെ പറയാം. മുഖത്തെ പ്രാണനായി ഉദ്ഗീഥത്തെ ഉപാസിക്കണം. ഓം എന്ന് പറഞ്ഞാണ് അത് വ്യാപിക്കുന്നത്, പോകുന്നത്. വാക്ക് മുതലായവയുടെ പ്രവൃത്തിക്ക് അനുമതി നല്‍കാന്‍ പ്രാണന്‍ ഓം എന്ന് ഉച്ചരിക്കുന്നു. അതുപോലെ ഭാവിക്കുന്നു. മരിക്കുമ്പോള്‍ ഇങ്ങനെ 'ഓം' എന്ന അനുജ്ഞ ലഭിക്കാതാവുമ്പോള്‍ വാക്ക് തുടങ്ങിയ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കാതാവുന്നു. ഇതാണ് പ്രാണനും ഉദ്ഗീഥത്തിനും തമ്മിലുള്ള താദാത്മ്യം.
കൗഷീതികി മനോട് പറഞ്ഞു- ഞാന്‍ ഈ പ്രാണനാകുന്ന ഉദ്ഗീഥത്തെ സ്തുതിച്ചു. അതിനാല്‍ എനിക്ക് ഒരു പുത്രന്‍ മാത്രമാണ് ഉണ്ടായത്. വളരെ  മക്കളുണ്ടാകണമെങ്കില്‍ വാക്ക് തുടങ്ങിയ വൈവിധ്യത്തോടെ നീ പ്രാണനെ ഉപാസിക്കണം. മുഖ്യ പ്രാണന്‍ തന്നെയാണ് വാക്ക് മുതലായ ഇന്ദ്രിയങ്ങളില്‍ കൂടി പ്രകാശിക്കുന്നത്. മുഖ്യ പ്രാണനേയും വാക്ക് മുതലായവയേയും വേറെ കണ്ട് ഉപാസിച്ചാല്‍ വളരെയധികം മക്കളുണ്ടാകുമെന്ന ഫലത്തെയാണ് പറഞ്ഞത്.
ഉദ്ഗീഥം പ്രണവമാണെന്നും പ്രണവം ഉദ്ഗീഥം തന്നെയെന്നും ധ്യാനിക്കണം. അങ്ങനെയെങ്കില്‍ ഹോതാവിന്റെ സ്ഥാനത്ത് നിന്ന് തെറ്റായി ഗാനം ചെയ്തവയെ കൂടി തിരുത്തി ശരിയാക്കാനാവും. ഹോതാവിന് മന്ത്രോച്ചാരണത്തില്‍ പിഴച്ചാലോ കര്‍മ്മങ്ങളില്‍ തെറ്റ് വന്നാലോ ദോഷമില്ലാതിരിക്കാന്‍ ധ്യാനത്തിലൂടെയുള്ള ഉപാസനയ്ക്ക് സാധിക്കും.
janmabhumi

No comments: