ഛാന്ദോഗ്യോപനിഷത്ത് - 10
രണ്ടാം അദ്ധ്യായം
സാമത്തിന്റെ 5, 7 ഭാഗങ്ങളോടുകൂടിയ സമഗ്രമായ ഉപാസനയെ പറയുകയാണ് ആദ്യത്തെ 10 ഖണ്ഡങ്ങളില്‍.
എല്ലാ അവയവങ്ങളോട് കൂടിയ സമഗ്രമായ സാമത്തിന്റെ ഉപാസനം ശോഭനമാകുന്നു. ശോഭനമായതിനെയെല്ലാം ജനങ്ങള്‍ സാമം എന്നു പറയുന്നു.ശോഭനമല്ലാത്തത് അസാമമാണ്.
സാമത്താല്‍ ഇതിനെ സമീപിച്ചു എന്ന് ജനങ്ങള്‍ പറയുമ്പോള്‍ നല്ല നിലയില്‍ സമീപിച്ചു വെന്ന് അര്‍ത്ഥം.
അസാമമെന്നാല് ശോഭനമല്ല രീതിയിലല്ല എന്നറിയാം. രാജധര്‍മ്മമായ ചതുരുപായങ്ങളില്‍ ഒന്നായ സാമം ഏറ്റവും സാധുവായത് എന്നാണറിയപ്പെടുന്നത്
ജനങ്ങള്‍ നല്ല കാലം, നല്ല അനുഭവം എന്നിവയുണ്ടാകമ്പോള് അതിനെ സാമം എന്ന് പറയാറുണ്ട്.ഇതിന് വിപരീതം അസാമമാണ്. ഇപ്രകാരം സാമത്തെ അറിഞ്ഞ് ഉപാസിച്ചാല്‍ ശോഭനങ്ങളായ ധര്‍മ്മങ്ങള്‍ നമ്മെ സമീപിക്കുകയും സേവിക്കുകയു ചെയ്യം.
സദ്ധര്മ്മങ്ങളുടെ ഫലം വേഗത്തില്‍ അനുഭവിക്കാന്‍ സാധിക്കും. ലോകങ്ങളെ സംബന്ധിച്ച 5 ഭാഗങ്ങളോടുകൂടിയ സാമത്തെ ഉപാസിക്കണം. പൃഥിവി ഹിങ്കാരം,അഗ്നി പ്രസ്താവം, അന്തരീക്ഷം ഉദ്ഗീഥം. ആദിത്യന് പ്രതിഹാരം. ദ്യോവ് നിധനം . ഇത് ഊര്‍ദ്ധ്വ ലോകങ്ങളെ സംബന്ധിച്ച ഉപാസനമാണ്.
ഇനി മുകളില്‍ നിന്ന് കീഴോട്ടുള്ള തരത്തില്‍ ലോകങ്ങളെ പറ്റിയുള്ള സാമ ഉപാസന.
സ്വര്‍ഗം ഹിങ്കാരം ആദിത്യന് പ്രസ്താവം, ആകാശം ഉദ്ഗീഥം, അഗ്നി പ്രതിഹാരം ഭൂമി നിധനം.
ഇതിനെ ഇങ്ങനെ അറിഞ്ഞ് ലോകങ്ങളില്‍ പഞ്ചവിധമായ സാമത്തെ സാധു ഗുണത്തോടെ ഉപാസിക്കുന്നവന് മേലേയും താഴെയുമുള്ള ലോകങ്ങള്‍ ഭോഗ്യങ്ങളായിത്തീരും.
വൃഷ്ടിയായി പഞ്ചവിധ ഭക്തിയോടു കൂടിയ സാമത്തെ ഉപാസിക്കണം. ആദ്യം വരുന്ന കാറ്റ് ഹിങ്കാരം. മേഘം പ്രസ്താവം. മഴ ഉദ്ഗീഥം മിന്നലും ഇടിയും പ്രതിഹാരം. മഴ തോരുന്നത് നിധനം .ഇതിനെ അറിഞ്ഞ് വൃഷ്ടി ദൃഷ്ടിയോട് കൂടി പഞ്ചവിധമായ സാമത്തെ ഉപാസിക്കുന്നയാള്‍ക്ക് മഴ ഇല്ലാത്ത അവസരത്തില്‍ പോലും മഴ പെയ്യിക്കാനാവും .
ജലവുമായി ബന്ധപ്പെട്ട് 5 വിധത്തില്‍ സാമത്തെ ഉപാസിക്കണം. മേഘങ്ങള്‍ മേലോട്ട് ഉയരുന്നത് ഹിങ്കാരം.വര്‍ഷിക്കുന്നത് പ്രസ്താവം. കിഴക്കോട്ടൊഴുകുന്ന വെള്ളം (നദികള്‍) ഉദ്ഗീഥം. പടിഞ്ഞാറോട്ട് ഒഴുകുന്ന വെള്ളം (നദങ്ങള്‍ ) പ്രതിഹാരം. സമുദ്രം നിധനം. ഇങ്ങനെ അറിഞ്ഞ് എല്ലാ അപ്പുകളിലും പഞ്ചവിധ സാമത്തെ ഉപാസിക്കുന്നവന് ജലത്തില്‍ മരണമുണ്ടാകില്ല. മരുഭൂമിയില്‍ പോലും യഥേഷ്ടം വെള്ളം കിട്ടും.
ഋതുക്കളായി 5 വിധമായ സാമത്തെ ഉപാസിക്കണം. വസന്തം ഹിങ്കാരം, ഗ്രീഷ്മം പ്രസ്താവം, വര്‍ഷം ഉദ്ഗീഥം, ശരത് പ്രതിഹാരം, ഹേമന്തം നിധനം. സാമത്തെ ഋതുക്കളായി ഉപാസിക്കുന്നവന് എല്ലാ ഋതുക്കളും ഭോഗ്യങ്ങളാകുന്നു. ഓരോ ഋതുവിലും നല്ല ഭോഗമുണ്ടാവും.
മൃഗ (പശു) ദൃഷ്ടിയോടെ സാമത്തെ ഉപാസിക്കണം. കോലാട് ഹിങ്കാരം, ചെമ്മരിയാട് പ്രസ്താവം. പശുക്കള്‍, ഉദ്ഗീഥം, കുതിരകള്‍ പ്രതി ഹാരം.മനുഷ്യന് നിധനം. ഇങ്ങനെ ഉപാസിച്ചാല്‍ ധാരാളം പശുക്കളുണ്ടാകും.
janmabhumi
No comments:
Post a Comment