ഭക്തിയുടെ ശുദ്ധീകരണപ്രക്രിയ സ്വാഭാവികമാണ്. ഭക്തിയും ഈശ്വരാഭിനിവേശവും വര്‍ദ്ധിക്കുമ്പോള്‍ മോഹാവേശങ്ങള്‍ പിന്‍വാങ്ങും. ഈശ്വരജ്ഞാനം എല്ലാവരിലും ലീനമായിട്ടുണ്ട്. പക്ഷേ ഭക്തിയാവട്ടെ ഈശ്വരദത്തമായ അമൂല്യവരമാണ്. അനുഭൂതിയുടെ പരമാനന്ദമാണ് മധുരമധുരമായ ഭക്തി. ഭക്തിയുടെ അപ്രതിഹതമായ പ്രവാഹധാരയില്‍ മനസ്സ് ഈശ്വരനില്‍ അലിഞ്ഞുചേരുന്നു. ഈശ്വരനോടുള്ള നിഷ്‌കളങ്കവും നിസ്സീമവുമായ പ്രേമമാണ് ഭക്തി.
നിങ്ങള്‍ സ്‌നേഹിക്കുന്ന വസ്തുക്കള്‍ ഒട്ടു വളരെയുണ്ട്. അതുകൊണ്ട് മനസ്സ് വിവിധവിഷയങ്ങളില്‍ ചിന്നിച്ചിതറി കിടക്കുകയാണ്. ആ വസ്തുക്കളില്‍ നിന്നെല്ലാം മനസ്സിനെ പിന്‍വലിച്ച് ഏകാഗ്രമാക്കി ഈശ്വരപാദങ്ങളിലേക്കു നയിക്കണം. അപ്പോള്‍ ഭക്തിയുടെ ആനന്ദം അത് അനുഭവിച്ചുതുടങ്ങും. ഈശ്വരനാമമാണ് വിത്ത്. മനസ്സാകുന്ന വയലിനെ ശ്രദ്ധയും ആത്മീയതൃഷ്ണയുംകൊണ്ട് ഉഴുതു മറിച്ച് മയപ്പെടുത്തണം. ശുദ്ധാചരണം സാധനാനുഷ്ഠാനം ഇവയാകുന്ന വെള്ളവും വളവും ധാരാളം ചേര്‍ക്കണം. അപ്പോള്‍ മനസ്സിലെ വാസനാശക്തികള്‍ ദുര്‍ബലമാകും. ഈശ്വരഭക്തിയിലൂടെ കൈവരുന്ന യഥാര്‍ത്ഥ ആദ്ധ്യാത്മിക ശക്തിയാണിത്. ഈശ്വരനാണ് പരമമായ ആകര്‍ഷണശക്തി. അവിടുന്ന് പ്രേമാഗ്നിയാണ്. സര്‍വ്വതേജോമയനാണ്. മാധുര്യമൂര്‍ത്തിയും അവിടുന്നു തന്നെ.
ഈശ്വരനാമം എപ്പോഴും ഭക്തന്റെകൂടെയുണ്ടാകും. ആ നാമം ജപിക്കുമ്പോള്‍ രൂപവും സ്വയമേവ പ്രത്യക്ഷമാകും. പിന്നീട് നാമവും രൂപവും അനിര്‍വചനീയമായ അദ്വൈതാനുഭൂതിയില്‍ ചേര്‍ന്നു ലയിക്കും. ആനന്ദപ്രദമായ ഈശ്വരപ്രേമത്തിന്റെ ശക്തി അത്തരത്തിലാണ്. പ്രേമാമൃതം ആവോളം പാനം ചെയ്തിരിക്കയാണ് ആ ഭക്തന്‍. ഒരൊറ്റ തവണ ആ നാമമാധുര്യം നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിഞ്ഞാല്‍ മറ്റു സകല ആഗ്രഹങ്ങളും അതോടെ കൊഴിഞ്ഞുപോകും.
(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)
No comments:
Post a Comment