Monday, April 23, 2018

''ആരെങ്കിലും മരിക്കാന്‍ കിടക്കുമ്പോഴോ, ശവസംസ്‌കാരങ്ങളുടെ ഭാഗമായോ ഗീതാശ്ലോകങ്ങളോ, രാമായണ ഭാഗങ്ങളോ വായിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നിട്ട് ആരും ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നതായി കണ്ടിട്ടുമില്ല. അപ്പോള്‍ ഗീതാശ്ലോകങ്ങളോ പുണ്യഗ്രന്ഥങ്ങേേളാ വായിച്ചു മരണത്തെജയിക്കാമെന്നവിചാരം വെറുതെയല്ലേ? ഗീതയോടുള്ള അന്ധമായ ആരാധനകൊണ്ടാണ് മുത്തച്ഛന്‍ ഇത്രയൊക്കെ പറയുന്നതെന്നു തോന്നുന്നു.'' ഉണ്ണി തുറന്നടിച്ചു. '' കൊള്ളാം മോന്‍ യുക്തി വാദം തുടങ്ങുകയാണോ? ആയിക്കോളൂ മറുപടി പറയാന്‍ ഞാന്‍ ശ്രമിക്കാം. എന്റെ വാക്കുകളെ തികച്ചും ബാഹ്യമായ അര്‍ത്ഥത്തില്‍ നീ വിലയിരുത്തുരുത്. മരണത്തെ ജയിക്കുക എന്നാല്‍ മരണത്തെ സ്വയം ഭയപ്പെടാതിരിക്കലാണ്. മറ്റുള്ളവര്‍ മരിക്കുമ്പോള്‍ ദുഃഖിക്കാതിരിക്കലുമാണ്. ഒഴിവാക്കാന്‍ കഴിയാത്ത സത്യമാണ് മരണം. അതേപറ്റിയുള്ള ഭയം ഒഴിവാക്കി ഒരാള്‍ നിരന്തരം സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകുമ്പോള്‍ വിജയം വരിക്കുന്നു എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം? ''മരണത്തെ ജയിക്കാന്‍ തന്നെ'' ഉമ പറഞ്ഞു. ''അതേ അതിനുള്ള മാനസികവും ബുദ്ധിപരവും കര്‍മ്മപരവും ആയ അഭ്യാസമാണ് ഗീതാഭ്യാസം. അതിലൂടെ ജീവിത വിജയം നേടിയ മഹാത്മാക്കളില്‍ ഒരാളാണ് ഗാന്ധിജി. മരണത്തിനെ അദ്ദേഹം ഭയപ്പെട്ടിരുന്നില്ലല്ലോ. നെഞ്ചില്‍ വെടിയുണ്ടകള്‍ തുളച്ചു കയറിയപ്പോഴും എന്താണ് അദ്ദേഹം പറഞ്ഞതെന്ന് നിങ്ങള്‍ക്കറിയില്ലേ?'' '' ഹേ,രാം... ഹേ,രാം...! എന്ന്. അത ്‌ദൈവനാമമാണെന്ന് പലരും അന്നേ പറഞ്ഞു. പക്ഷേ അതിനുമപ്പുറമാണ് എന്റെ തോന്നല്‍. ഞാനിതാമരിക്കുന്നു. എന്ന വിലാപമല്ല. ഞാനിതാ രമിക്കുന്നു എന്ന മന്ദഹാസമൊഴിയാണ് ഗാന്ധിജിയില്‍നിന്നും ഉണ്ടായത്. ഒഴിവാക്കാനാകാത്ത മരണത്തെ ഏതുനിമിഷവും പ്രതീക്ഷിച്ചിരിക്കുകയുമായിരുന്നു. '' ഹാവൂ! ഇങ്ങനെയൊരു വ്യാഖ്യാനം ആദ്യമായാണ് കേള്‍ക്കുന്നത്.'' ഉണ്ണി പറഞ്ഞു. ''ഗാന്ധിജിയെപ്പോലുള്ള മഹാന്മാരെ നമ്മള്‍ ഓരോ സന്ദര്‍ഭങ്ങളിലായി ഓര്‍മ്മിക്കുന്നത് അവര്‍മരണത്തെ ജയിച്ചതുകൊണ്ടാണ് കുട്ടികളേ. വാക്കുകളിലൂടെ അദൃശ്യരായി നമുക്കൊപ്പം അവരും ജീവിക്കുംപോലെ ഇല്ലേ? ഐന്‍സ്റ്റീന്‍, ന്യൂട്ടന്‍, ടോള്‍സ്റ്റോയ്, ഷേക്‌സ്പിയര്‍, കാളിദാസന്‍, ശങ്കരാചാര്യര്‍ തുടങ്ങിയ എത്രയോ മഹാന്മാര്‍ ഇങ്ങനെ സ്മരിക്കപ്പെടുന്നുണ്ട്. അത്രഉയര്‍ന്ന തലത്തിലല്ലങ്കിലും, നമുക്കും കര്‍മ്മമികവിലൂടെ സ്വന്തം കുടുംബത്തിലും നാട്ടുകാര്‍ക്കിടയിലുംഏറെക്കാലം ഓര്‍മ്മിക്കപ്പെടുന്നവിധത്തില്‍ ജീവിക്കാന്‍ കഴിയണം.ഓരോരുത്തരും അവരുടെ കഴിവുപോലെ ചെയ്താല്‍മതി. അതിനുസഹായിക്കുന്ന ഗ്രന്ഥമാണ് ഗീത''. ''പക്ഷേ നോക്കൂമുത്തച്ഛാ! ഇന്നത്തെ പത്രം കണ്ടില്ലേ? വിജയം വരിക്കാന്‍ ശ്രമിക്കുന്നതിനു പകരം മരണം വരിക്കാനാണ് ആളുകള്‍ തിടുക്കം കൂട്ടുന്നത്! എത്ര എത്ര ആത്മഹത്യകളാണെന്നോ! ചെറിയ മനോവിഷമമുണ്ടായാല്‍മതി ജീവിതം അവസാനിപ്പിക്കാന്‍! പരീക്ഷയില്‍ തോറ്റതിനും വഴിയില്‍ കളിയാക്കപ്പെട്ടതിനും രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യചെയ്തിട്ടുണ്ട്. ഇന്നലെ.'' ഉമപറഞ്ഞു. ''മോട്ടോര്‍ ബൈക്ക് വാങ്ങിച്ചുകൊടുക്കാത്തതിനാണ് എന്റെ കൂട്ടുകാരന്റെ അയല്‍ക്കാരന്‍ ആത്മഹത്യചെയ്തത്. മക്കള്‍ നോക്കാനില്ലാത്തതുമൂലം വൃദ്ധ ദമ്പതികള്‍ തൂങ്ങി മരിച്ചവാര്‍ത്തയും വേറെ. വല്ലാത്ത കഷ്ടംതന്നെ'' ഉമയ്‌ക്കൊപ്പം ഉണ്ണിയും വാര്‍ത്തകള്‍ നിരത്തി. ''ശരിയാണ് ആത്മഹത്യചെയ്യാന്‍ വലിയ കാരണമൊന്നും വേണ്ട. പ്രായവും പ്രശ്‌നമല്ല. കൂട്ട ആത്മഹത്യ വാസ്തവത്തില്‍ കൊലപാതകം കൂടിയാണ്. ഇങ്ങനെ സംഭവിക്കുന്നത് മറ്റൊന്നുകൊണ്ടും അല്ല; വ്യക്തികള്‍ക്കു ഭൗതീകമായ ആഗ്രഹങ്ങള്‍ വല്ലാതെ കൂടിപ്പോയതുകൊണ്ടാണ്. ആഗ്രഹങ്ങള്‍ സാധിക്കതെ വരുമ്പോഴും പരാജയം നേരിടുമ്പോഴും പിടിച്ചു നില്ക്കാന്‍ ശക്തിയില്ലാത്തതുകൊണ്ടാണ്. ധര്‍മ്മബോധം പൊതുവെ കുറവായതിനാല്‍ സമൂഹത്തില്‍ വ്യാപകമായിരിക്കുന്ന അരക്ഷിതത്വം മൂലവുമാണ്. ഒന്നേയുള്ളൂ പരിഹാരമാര്‍ഗ്ഗം.-ആഗ്രഹങ്ങള്‍ കുറയ്ക്കാന്‍ മനസ്സിനെ സ്വയം പരിശീലിപ്പിക്കുക. അപ്പോള്‍ ബുദ്ധിയും കര്‍മ്മങ്ങളും നേരായ വഴിയിലേക്കു തിരിയുന്നതുകാണാം. അത് ആത്മജ്ഞാനത്തിന്റെ വഴിയാണ്. ആവഴിക്കു സഞ്ചരിക്കുന്നവര്‍ ആത്മഹത്യയ്ക്ക് ഒരിക്കലും മുതിരുകയില്ല.'' ഇത്തരം ഉപദേശങ്ങളൊന്നും കേട്ടിരിക്കാന്‍ ആര്‍ക്കും ക്ഷമയില്ല. മുത്തച്ഛാ മനസ്സിലാക്കാനും വിഷമമുണ്ട്... ബോറടിക്കുന്നു എന്നു പറയുന്നതാവും ശരി.'' ഉണ്ണി തെളിച്ചു പറഞ്ഞു. ''അങ്ങനെ വരട്ടേ! കാര്യം പറഞ്ഞാല്‍ പരിഹാരമുണ്ടാക്കാമല്ലോ മുത്തച്ഛന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു. ''എന്തായാലും ക്ഷമവേണം കെട്ടോ...കഥകേള്‍ക്കാന്‍ നിങ്ങള്‍ക്കുക്ഷമയുണ്ടാവില്ലേ?'' ''ഹയ്യോ! ..കഥയോ? എന്തു കഥയാണു മുത്തച്ഛാ? ആരുടെ കഥയാണിത്.? ഉമയ്ക്ക് ഉത്സാഹം കൂടി.'' മഹാഭാരതത്തിലെ കഥയാണ് പറയാന്‍ പോകുന്നത്. ഭീഷ്മര്‍ യുധിഷ്ഠിരനോടു പറഞ്ഞ കഥ. ഒരു മുനികുമാരന്റെ കഥ. റെഡിയല്ലേ''''ഓ എപ്പഴേ തയ്യാര്‍! ''ഉണ്ണിയും ഉമയും ചിരിച്ചു കൊണ്ട് പറഞ്ഞു.  
janmabhumi

No comments: