പറയാതറിയാനറിയാമോ?’
* കുഞ്ഞുണ്ണി മാഷുടേതല്ലേ വരി. നേരത്തേ കേട്ടിട്ടുണ്ട്. കേട്ടപ്പോൾ തോന്നിയതെന്താണെന്നോ? പറഞ്ഞിട്ടു തന്നെ ഇവിടെ അറിയാൻ പറ്റുന്നില്ല. പിന്നെ എങ്ങിനെ പറയാതെ അറിയാൻ കഴിയും!!?
# പരിശീലനം കൊണ്ട് നേടിയെടുക്കേണ്ട കലയാണത്. നാം മുഖ്യമായി വ്യവഹരിക്കുന്ന മേഖലകളിൽ ബന്ധപ്പെട്ടവരുടെ മനോഗതവും ആവശ്യങ്ങളും അറിയാൻ സാദരം മനസ്സിരുത്തണം.
*തെറ്റാണെന്നറീയാം…എങ്കിലും, തിരക്കിനിടയിൽ അതിനെവിടെ നേരം എന്നൊരു ചോദ്യമാണ് ഉളളിൽ ഉണരുന്നത്.
# തിരക്കിൻറെ കാര്യം…അതൊരു നല്ല തമാശയാണ്. നല്ല ഗതാഗതത്തിരക്കുള്ള റോഡ് മുറിച്ചു കടക്കുമ്പോഴും ഗൗരവപൂർവ്വം മൊബൈൽ ഫോണിൽ സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്. (അവർ കാണിക്കുന്ന ശ്രദ്ധക്കുറവ് കണ്ടാൽ ഭയം തോന്നും. വാഹനമോടിക്കുന്നവർ ശപിക്കുന്നുണ്ടാവും.) അത് തിരക്കാണോ, തിരക്കഭിനയിക്കുകയാണോ, പത്രാസ് കാണിക്കുകയാണോ എന്നത് സംശയിക്കേണ്ടതില്ലെ?
* തിരക്കഭിനയിക്കുമോ?
# ഇല്ലാതില്ല. താനൊരനാവശ്യമാണെന്ന ആത്മനിന്ദയാലും അപകർഷ ചിന്തയാലും വേട്ടയാടപ്പെടുമ്പോൾ അതിനെ മറികടക്കാൻ അഭിനയത്തിൻറെ വഴി പലരും സ്വീകരിക്കാറുണ്ട്.
*ഓ ഹോ … അപ്പോൾ തിരക്കുകളെക്കുറിച്ച് വിമർശനം ആവശ്യമാണല്ലേ.
# തീർച്ചയായും. തിരക്കിൻറെ അഭിനയം കൊണ്ട് നാം അന്യരെ പറ്റിക്കുന്നു. അതിനേക്കാൾ ആത്മവഞ്ചനയുണ്ടെന്നുള്ള അപകടമുണ്ട്. സുഹൃദ്ബന്ധങ്ങൾ ശിഥിലമായിപ്പോയാൽ വീണ്ടും കൂടുതൽ ദൃഢമായി ഉറപ്പിച്ചെടുക്കാൻ സാധിച്ചെന്നിരിക്കും. എന്നാൽ അവനവനോട് പിണങ്ങിയാൽ ബന്ധം പൂർവാധികം നന്നാക്കൽ എളുപ്പമാവില്ല. ( അത് എത്രയോ ജീവീതങ്ങളെ സങ്കീർണ്ണമാക്കുന്നുണ്ട് )
* തിരക്കിന്റെ കാര്യത്തിലെ വകതിരിവ് മനസ്സിലായി. ഇനിയുള്ളത് ആലോചിച്ച് കണ്ടെത്തിക്കോളാം. പറയാതറിയലിനെ കുറിച്ച് തുടരൂ.
# ഓരോ പ്രഭാതത്തിലും കുറച്ചു നേരം തിരക്കില്ലാതിരിക്കണം. അന്ന് ചെയ്ത് തീർക്കേണ്ടുന്ന ദൗത്യങ്ങളെക്കുറിച്ച് വക തിരിച്ച് ആലോചിക്കണം. ‘ആകത്തുക’ കാഴ്ച്ചക്കനുസരിച്ച് സ്വന്തം പങ്കാളിത്തം എന്തായിരിക്കണം എന്ന ധാരണ നേടണം. അപ്പോൾ മറ്റുള്ളവരുടെ കാര്യവും ബോധ്യമായാക്കിട്ടും.
(പ്രഭാതത്തിലെന്നതുപോലെ അതാതു ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനു തൊട്ടുമുമ്പും ഈ പ്രക്രിയ അനുവർത്തിക്കാൻ, ശീലം കൊണ്ട് അനായാസം സാധിക്കും)
(പ്രഭാതത്തിലെന്നതുപോലെ അതാതു ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനു തൊട്ടുമുമ്പും ഈ പ്രക്രിയ അനുവർത്തിക്കാൻ, ശീലം കൊണ്ട് അനായാസം സാധിക്കും)
* പൂർണ്ണമായി മനസ്സിലായിട്ടില്ല.
# ഒരു എഞ്ചിനീയർക്ക് പണിയാനൊരുങ്ങുന്ന കെട്ടിടത്തിൻറെ സമഗ്ര ചിത്രം – കെട്ടിടത്തിൻറെ സുവ്യക്ത സ്വപ്നം – ഉണ്ടായിരിക്കുമല്ലോ. അത് കൊണ്ട് അയാൾക്ക് സ്വയം ചെയ്യേണ്ട കാര്യവും മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കേണ്ട കാര്യവും വീഴ്ച കൂടാതെ നിശ്ചയിക്കാൻ കഴിയുന്നു.
(തുടരും….)
(ഭാഗം 2….)
ഇതു പോലെ നമ്മുടെ ദൗത്യമേഖലകളിലൊക്കെ ഒരു സമഗ്ര കാഴ്ച്ചയുടെ സ്വപ്നത്തിൻറെ – സാധ്യതയുണ്ട്. ആരെങ്കിലുമൊക്കെ അതു കണ്ടെത്തട്ടെ, നിർദ്ദേശിക്കട്ടെ അപ്പോൾ ചെയ്യാം എന്ന ഉദാസീന സമീപനം മാറ്റണം. കുടുംബത്തിലായാലും ജോലി സ്ഥലത്തായാലും സാമുഹ്യ സേവന മേഖലയിലായാലും പറഞ്ഞറിയാൻ കാത്തുനിൽക്കാതെ പറയാതറിയാൻ ശ്രദ്ധിക്കാം.
സമഗ്രക്കാഴ്ച്ചയെ ആവാഹിച്ചു ധ്യാനിക്കാൻ കഴിഞ്ഞാൽ, വേണ്ട കാര്യങ്ങൾ പറയാതെ അറിയാൻ സാധിക്കുമെന്ന് മാത്രമല്ല പറയുന്ന കാര്യങ്ങളും കൂടുതൽ ആഴത്തിൽ സ്വാംശീകരിക്കാൻ കഴിയും.
* വ്യാപരിക്കാനിരിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് ഇറങ്ങിത്തിരിക്കും മുമ്പ് തനതു സ്വപ്നം കാണാൻ കഴിയണമെന്നല്ലേ ഉദ്ദേശിച്ചത്?
# അതെ … സമഷ്ടി തലത്തിൽ ( cosmic intelligence level) ഒരു ‘blue print’ (മാതൃക ) ആദ്യമേ തയ്യാറാവുന്നുണ്ട്. സൂക്ഷ്മതലത്തിലുള്ള അത് സ്നേഹവും പ്രതിബദ്ധതയും ഉണർത്തി നിർത്തിയാൽ ആവാഹിക്കാൻ കഴിയും.
* വളരെ രസകരമായ ഒരു ആശയം. ഞാൻ ആദ്യം കുടുംബത്തിൽ ഇതു പരിശീലിച്ചു നോക്കട്ടെ. ‘എൻറെ കുടുംബത്തിൽ നടക്കാനിരിക്കുന്ന കാര്യങ്ങളുടെ ഒരു സ്വപ്നം ധ്യാനിച്ചു കണ്ടെത്തൽ’ കൊള്ളാം.
# തുടക്കത്തിൽ പരാജയപ്പെട്ടാലും പിൻതിരിയരുത്. ഇത് വളരെ സൂക്ഷമതയിൽ അറിയേണ്ട കാര്യമാണല്ലോ. അതിന് അനുഗുണമായി നാം സ്വസ്ഥത ആർജ്ജിക്കണം എന്നത് പ്രധാനമാണ്. മറ്റുള്ളവർ പറയാതെ അവർ പറയാനുദ്ദേശിക്കുന്നത് അറിഞ്ഞു ചെയ്യാൻ കഴിയുക എന്നത് തൃപ്തി നൽകുന്ന കാര്യമാണ്.
വിജയിക്കുമ്പോൾ സ്വയം അഭിനന്ദിച്ച് ഊർജ്ജമാർജിക്കണം. അബദ്ധം പിണയുന്നത് തിരിച്ചറിയാൻ ജാഗ്രത വേണം. തിരുത്താൻ സങ്കോചം തോന്നരുത്.
നമ്മുടെ വ്യക്തിത്വ വികാസത്തിന്നും കുടുംബഭദ്രതക്കും സമാജാഭിവൃദ്ധിക്കുമായി, ഒരു സാധന എന്ന നിലയിൽ ഇതു പരീക്ഷിക്കണം.
ചൂഷണതാത്പര്യങ്ങൾ ഇതിനിടയിൽ കടന്നു കൂടരുത്.
ചൂഷണതാത്പര്യങ്ങൾ ഇതിനിടയിൽ കടന്നു കൂടരുത്.
അതുപോലെ മറ്റുള്ളവർ പറയാതറിഞ്ഞ് ചെയ്യുന്നത് ബോദ്ധ്യപ്പെട്ടാൽ അഭിനന്ദിക്കുന്നതും നന്ന്. ( പ്രത്യേകിച്ചും കുട്ടികളുടേയും യുവജനങ്ങളുടേയും കാര്യത്തിൽ..)
ശുഭാശംസകൾ നേരുന്നു.
പ്രേമാദപൂർവം
സ്വാമി അദ്ധ്യാത്മാനന്ദ
സ്വാമി അദ്ധ്യാത്മാനന്ദ
No comments:
Post a Comment