മനുഷ്യജീവിതത്തിന്റെ സ്വാഭാവികഘട്ടങ്ങളെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്ന നാല് ആശ്രമങ്ങളായി കണ്ട് ലോകമംഗളത്തിനായി അതാതിനുള്ള വ്യവസ്ഥകളുടെ വിധികള്‍ ഈ വേദാന്തഭാഗം കൂടി ഉള്‍പ്പെട്ട മുഴുവന്‍ വേദത്തിന്റെയും സംഭാവനയാണ് എന്നു കാണാം
വിവരണം- ഹിന്ദു ഗോത്രങ്ങളില്‍ ചിലതിലെ ദാര്‍ശനികര്‍ സത്യത്തിന്റെ സാക്ഷാല്‍കാരത്തില്‍ നിന്നുളവായ വെളിപാടു പോലെ പാടിയ ഉദാത്തങ്ങളായ കാവ്യശകലങ്ങളാണ് പല ഋക്കുകളും. ഏതോ പൂര്‍വകാലത്ത് പലപ്പോഴായി അവയില്‍ പലതിനേയും ശേഖരിച്ച് സഞ്ചിതമാക്കിയ സംഹിതകളുടെയും അവയുടെ പ്രയോഗവിധികള്‍ വിവരിക്കുന്നതും ക്രമേണ പരിഷ്കരിക്കപ്പെട്ടവയും ആയ ബ്രാഹ്മണങ്ങളുടെയും പശ്ചാത്തലത്തില്‍ തയ്യാറാക്കപ്പെട്ട വിശ്വാസപദ്ധതിയാണ്,ഗര്‍ഭാധാനാദി അന്ത്യേഷ്ടിപര്യന്തമുള്ള വ്യക്തി-കുടുംബതല സംസ്കാരങ്ങളും യാഗം എന്ന സാമൂഹ്യസംരംഭവും ചേര്‍ന്ന, മേല്‍വിവരിച്ച, വൈദിക കര്‍മ്മകാണ്ഡം എന്നു നാം കണ്ടു.
ഈ പദ്ധതിയെ പിന്തുടര്ന്നവരില് ചിലര്‍ കേവലം അതില്‍ ഒതുങ്ങിനില്ക്കാതെ ഈ ലോകമാകുന്ന അത്ഭുതത്തിന്റെ പൊരുള്‍ മറ്റു വഴികളില്‍ക്കൂടി തേടാനൊരുമ്പെട്ടു. അതിന്റെ ഫലമായി ഉരുത്തിരിഞ്ഞ പല ചിന്തകളുടെയും പില്ക്കാല സമാഹാരമാണ് വേദാന്തം എന്നു പറയുന്ന, വേദത്തിന്റെ അവസാനഭാഗം. ആരണ്യകം, ഉപനിഷത്ത് എന്നിവ ചേര്‍ന്നതാണിത്- പ്രത്യേകിച്ചും ഉപനിഷത.് ആരണ്യകം കര്‍മ്മകാണ്ഡത്തില്‍ നിന്നും ഉപനിഷത്തിലേക്കുള്ള കാല്‍വെയ്പ്പായിട്ടാണ് ദാസ്ഗുപത പറയുന്നത്. ഇതിന് ജ്ഞാനകാണ്ഡം എന്നും പറയുന്നു. ഇത് പില്ക്കാലത്ത് വിവര്‍ത്താദ്വൈതം, വിശിഷ്ടാദ്വൈതം, ദ്വൈതാദ്വൈതം, വിശുദ്ധാദ്വൈതം, ദ്വൈതം മുതലായ പല ഹിന്ദുവിശ്വാസപദ്ധതികള്‍ക്കും അടിസ്ഥാനമായി.
സംന്യാസം എന്ന ആശയവും പദ്ധതിയും ഈ വേദാന്തത്തില്‍ നിന്നാണ് രൂപപ്പെടുത്തിയത്. അപ്പോള്‍ മനുഷ്യജീവിതത്തിന്റെ സ്വാഭാവികഘട്ടങ്ങളെ ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്ന നാല് ആശ്രമങ്ങളായി കണ്ട് ലോകമംഗളത്തിനായി അതാതിനുള്ള വ്യവസ്ഥകളുടെ വിധികള്‍ ഈ വേദാന്തഭാഗം കൂടി ഉള്‍പ്പെട്ട മുഴുവന്‍ വേദത്തിന്റെയും സംഭാവനയാണ് എന്നു കാണാം. കാളിദാസന് രഘുവംശത്തില്‍ രഘുകുലനായകരുടെ ജീവിതക്രമത്തെ- ശൈശവേ അഭ്യസ്തവിദ്യാനാം. യൗവ്വനേ വിഷയൈഷിണാം. വാര്‍ദ്ധകേ മുനിവൃത്തീനാം. യോഗേനാന്തേ തനുത്യജാം (ബാല്യത്തില്‍ വിദ്യാഭ്യാസം, യൗവ്വനത്തില്‍ ഗൃഹസ്ഥധര്‍മ്മം, വാര്‍ദ്ധക്യത്തില്‍ മുനിചര്യ, അന്ത്യകാലത്ത് യോഗവിധിപ്രകാരമുള്ള ശരീരത്യാഗം)- എന്നാണ് വര്‍ണ്ണിക്കുന്നത്.
ഋക്കുകളുടെ സംഹിതയ്ക്ക് ഏറെക്കുറെ നിശ്ചിതഘടന (മന്ത്രങ്ങളുടെ എണ്ണം, ക്രമം എന്നിവ) കൈവരുത്തിയിട്ടുണ്ടെങ്കിലും ബ്രാഹ്മണങ്ങളുടെ കാര്യത്തില്‍ അതല്ല സ്ഥിതി എന്നുകാണാം. നാടിന്റെ നാനാഭാഗങ്ങളിലായി വ്യാപിച്ചു കിടന്ന വൈദികഗോത്രങ്ങളില്‍ ഈ സംഹിതാഭാഗം തലമുറകളിലൂടെ ചൊല്ലിക്കേട്ടു പഠിച്ച്, വലിയ പാഠഭേദങ്ങള്‍ വരാതെ, ബ്രാഹ്മണര്‍ നിലനിര്‍ത്തി. യാഗാദിക്രിയാവിധികള്‍ അടങ്ങിയ ഗദ്യരൂപത്തിലുള്ള ബ്രാഹ്മണങ്ങള്‍ക്ക് ദേശകാലഭേദങ്ങള്‍ക്കും അതാത് ഗോത്രങ്ങളുടെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് ഭേദങ്ങളുണ്ടായി, പരിഷ്കാരങ്ങളുണ്ടായി. കാലക്രമേണ ഒരേ വേദം പഠിച്ചുപോന്നവരുടെ ഇടയില്‍പ്പോലും ബ്രാഹ്മണങ്ങളില് കാര്യമായ വ്യത്യാസങ്ങള്‍ കാണപ്പെട്ടു. അങ്ങനെ ഐതരേയം, കൗഷീതകി തുടങ്ങിയ പല വേദശാഖകള്‍ രൂപംകൊണ്ടു. ബ്രാഹ്മണങ്ങളിലെ ഈ ഭേദങ്ങള്‍ക്കനുസൃതമായി അവയുമായി ബന്ധപ്പെട്ട ഉപനിഷത്തുകളുടെ ഉള്ളടക്കം, വലിപ്പം എന്നിവയിലും വ്യത്യാസങ്ങളുണ്ടായി എന്നു ദാസ്ഗുപ്ത പറയുന്നു. 700 ബി.സി തൊട്ട് 600 ബി.സി വരെയുള്ള കാലഘട്ടത്തിലാണ് ആദ്യത്തെ ഉപനിഷത്തുക്കള്‍ എഴുതപ്പെട്ടതെന്നാണ് പണ്ഡിതാഭിപ്രായം.
അതനുസരിച്ച് അതാതു ശാഖകളുടെ പേരില്‍ത്തന്നെ അവയുടെ അന്ത്യഭാഗങ്ങളായ ഉപനിഷത്തുകളും അറിയപ്പെട്ടു. ഐതരേയ, കൗഷീതകി ബ്രാഹ്മണങ്ങളുടെ ഉപനിഷത്തുകള്‍ ആ പേരുകളില്‍ത്തന്നെ അറിയപ്പെട്ടു. സാമവേദത്തിന്റെ താണ്ഡ്യ, താലവകാര ശാഖകളുടെ ഉപനിഷത്തുകള്‍ യഥാക്രമം ഛാന്ദോഗ്യം, താലവകാരം (കേനം) എന്നറിയപ്പെട്ടു. യജുര്‍വേദത്തിന്റെ തൈത്തിരീയശാഖയുടെ ഉപനിഷത്തുകളെ തൈത്തിരീയം എന്നും കഠശാഖയുടേതിനെ കാഠകം എന്നും മൈത്രായണീശാഖയുടേതിനെ മൈത്രായണി എന്നും വിളിച്ചുപോരുന്നു. വാജസനേയി ശാഖകളുടെ ശതപഥബ്രാഹ്മണത്തിന്റെ ഭാഗമാണ് ബൃഹദാരണ്യക ഉപനിഷത്. മറ്റേ ശാഖയുടേതാണ് ഈശം. ശ്വേതാശ്വതരോപനിഷത്തിന്റെ ശാഖ നശിച്ചുപോയതായി കരുതപ്പെടുന്നു. അതാതു ശാഖകളുടെ ഉയര്‍ന്ന ദാര്‍ശനികതലങ്ങളായി അതാത് ഉപനിഷത്തുകളെ കരുതുന്നു.
വേദം എന്നു പറയുന്ന ഈ വിസ്തൃത സാഹിത്യത്തിന്റെ ഘടന സംഹിത, ബ്രാഹ്മണം, ആരണ്യകം, ഉപനിഷത്ത് എന്നതാണെന്നു നാം കണ്ടു. ഇവയുടെ വ്യക്തമായ ചിത്രം ഒറ്റനോട്ടത്തില്‍ മനസ്സിലാകാന്‍ ഉതകുന്ന തരത്തില്‍ താഴെ കൊടുക്കുന്നു-
ഈ പ്രധാനപ്പെട്ട ഉപനിഷത്തുകളില്‍ ഈശം ശുക്ളയജുര്‍വേദത്തിന്റെ അവസാന അധ്യായം ആയിട്ടാണ് നമുക്ക് ലഭിക്കുന്നത്. ഐതരേയം, കൗഷീതകി, ഛാന്ദോഗ്യം, കേനം, ബൃഹദാരണ്യകം, തൈത്തിരീയം എന്നിവ ബ്രാഹ്മണത്തിന്റെയോ, ആരണ്യകത്തിന്റെയോ ഭാഗങ്ങളായിട്ടാണ് കാണപ്പെടുന്നത്. മറ്റുള്ളവയും നഷ്ടപ്പെട്ട ഏതോ ബ്രാഹ്മണത്തിന്റെയോ, ആരണ്യകത്തിന്റെയോ ഭാഗങ്ങളാകാം. മൈത്രായണിയും മാണ്ഡൂക്യവും പില്ക്കാലത്തു ചേര്‍ത്തതാണെന്നു കരുതിവരുന്നു.
ഈ ഉപനിഷത്തുകള്‍ ആരണ്യകങ്ങളുടെ പരിശിഷ്ടങ്ങള്‍ ആണെന്നും ആരണ്യകങ്ങള്‍ ബ്രാഹ്മണങ്ങളുടെ ഭാഗങ്ങള്‍ ആണെന്നും കരുതിവരുന്നുണ്ടെങ്കിലും ചിലപ്പോള്‍ ബ്രാഹ്മണഭാഗങ്ങളില്‍ പറയേണ്ടവ ആരണ്യകങ്ങളിലും ആരണ്യകങ്ങളില്‍ വിവരിക്കേണ്ടവ ഉപനിഷത്തുകളിലും ആയി കാണപ്പെടുന്നു. ഇതിനു കാരണം- ഈ മൂന്നു തരം സാഹിത്യങ്ങളും സമാന്തരമായി വളര്‍ന്നവയാകാം. തന്മൂലം ഉള്ളടക്കങ്ങള്‍ വ്യത്യസ്തങ്ങള്‍ ആണെങ്കിലും അവയെ ഒരൊറ്റ ഗ്രന്ഥമായി കണ്ടിരിക്കാം- എന്നതാകാം എന്നു ദാസ്ഗുപ്ത അനുമാനിക്കുന്നു.
ബ്രാഹ്മണങ്ങള്‍ ഗൃഹസ്ഥന്മാര്‍ക്കും ആരണ്യകങ്ങള്‍ വനാന്തരങ്ങളിലേക്കു പിന്‍വാങ്ങിയ വൃദ്ധര്‍ക്കും ഉപനിഷത്തുകള്‍ സര്‍വവും ത്യജിച്ച് ധ്യാനത്തിലൂടെ അന്തിമമോക്ഷത്തിനായി പരിശ്രമിക്കുന്നവര്‍ക്കും വേണ്ടി എഴുതപ്പെട്ടവയാകാം എന്നാണ് ഡസ്സന് എന്ന വിദേശ വേദപണ്ഡിതന് പറയുന്നത്. മൂന്നായിട്ടുള്ള ഈ വിഭജനത്തിന്റെ പിന്നിലുള്ള ഉദ്ദേശ്യം എന്തുതന്നെയായാലും പ്രാചീന ഇന്ത്യന്‍ ദാര്‍ശനികര്‍ ഈ ഉപനിഷത്തിനെ കര്‍മ്മകാണ്ഡം എന്നു വിശേഷിപ്പിക്കുന്ന മറ്റു വേദഭാഗങ്ങളില്‍ നിന്നും തികച്ചും വ്യതിരിക്തമായ ജ്ഞാനകാണ്ഡം ആയിട്ടാണ് കരുതിയത് എന്നു ദാസ്ഗുപ്ത ചൂണ്ടിക്കാട്ടുന്നു.
vamanan
No comments:
Post a Comment