Sunday, August 06, 2017

ലോകത്തിലെ മനുഷ്യഹൃദയങ്ങളെ ഏറ്റവും അധികം സ്വാധീനിച്ച ഇതിഹാസമേതെന്ന് ചോദിച്ചാല്‍ അതിന്് ഒറ്റ ഉത്തരമേ ഉണ്ടാവൂ രാമായണം. രാമായണം വാസ്തവത്തില്‍ കുറേ വ്യക്തികളുടെ കഥയല്ല. മനുഷ്യജീവിതത്തിന്റെ തന്നെ കഥയാണ്. മഹത്തായ ജീവിതമൂല്യങ്ങളേയും മഹത്തായ ജീവിതസത്യങ്ങളേയും അതു നമുക്കു കാട്ടിത്തരുന്നു.
ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പു ആദികവിയായ വാല്മീകിയുടെ ഹൃദയത്തില്‍ നിന്നൊഴുകിവന്ന രാമായണം നമ്മുടെ സംസ്‌കാരത്തെ മാത്രമല്ല, ലോകമെമ്പാടുമുള്ള മനുഷ്യഹൃദയങ്ങളെ സ്വാധീനിച്ചിട്ടുണ്ട്; ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
ഭൂമിയില്‍ നദികളും പര്‍വ്വതങ്ങളും ഉള്ളിടത്തോളം കാലം ഈ മഹത്തായ കാവ്യം ലോകത്തു പ്രചരിക്കുക തന്നെ ചെയ്യുമെന്നു രാമായണത്തില്‍ പറഞ്ഞിരിക്കുന്നത് സത്യമാണെന്നതിന് തെളിവാണ് ഇന്നും അതിനുള്ള പ്രചാരം.
രാമായണം ഒരു ഇതിഹാസകാവ്യം മാത്രമല്ല, അത് ഒരു സാഹിത്യകൃതിയാണ്, ഭക്തികാവ്യമാണ്, വേദാന്തശാസ്ത്രവുമാണ്, അതിലുമുപരി, പുരാതനഭാരതീയ സംസ്‌കാരത്തിന്റെ കണ്ണാടിയാണ്. മഹാപുരുഷന്മാരുടെ ജീവചരിതം വര്‍ണ്ണിച്ച് അതിലൂടെ സംസ്‌കാരത്തെ പോഷിപ്പിക്കുന്നതിനാല്‍ രാമായണം ഒരു ഇതിഹാസമാണ്.
വായനക്കാരിലും ശ്രോതാക്കളിലും ആനന്ദത്തെ ഉണര്‍ത്തി മനസ്സുകളെ ശുദ്ധീകരിക്കുന്നതിനാല്‍ അത് ഒരു ഉത്തമസാഹിത്യകൃതിയാണ്. ഭക്തിയെ വളര്‍ത്തുന്നതിനാലും ഉത്തമ ഭക്തിയേയും അധമഭക്തിയേയും വേര്‍തിരിച്ചു കാണിക്കുന്നതിനാലും അത്് ഒരു ഭക്തിശാസ്ത്രമാണ്.
സാധനയുടെ ആരംഭം മുതല്‍ പരമാത്മാവില്‍ ഐക്യം പ്രാപിക്കുംവരെയുള്ള പാതയെ വെളിപ്പെടുത്തുന്നതിനാല്‍ അത് ഒരു വേദാന്തശാസ്ത്രവുമാണ്. എന്നാല്‍, നമ്മെ ഉപദേശിക്കുകയല്ല രാമായണം ചെയ്യുന്നത്. മറിച്ച്, അതു നന്മതിന്മകളെ ഹൃദയസ്പര്‍ശിയായി കാണിച്ചുതന്ന് ക്രമേണ നമ്മെ ശുദ്ധീകരിക്കുകയാണു ചെയ്യുന്നത്.
അനേകം മൂല്യങ്ങളുടെ നിധിയാണു രാമായണമെങ്കിലും അതിന്റെ ഏറ്റവും പ്രധാന സന്ദേശം ത്യാഗമാണ്. കാരണം, തങ്ങള്‍ നിലകൊള്ളുന്ന ആദര്‍ശത്തിനുവേണ്ടി സര്‍വ്വസ്വവും ത്യജിക്കാന്‍ തയ്യാറായ അനേകം കഥാപാത്രങ്ങള്‍ രാമായണത്തിലുണ്ട്.
രാമനും ഭരതനും ലക്ഷ്മണനും സീതയും ഊര്‍മ്മിളയും ഹനുമാനും സുമിത്രയും കൗസല്യയും ദശരഥനും ജടായുവും എല്ലാം തങ്ങളുടെ ധര്‍മ്മത്തിനുവേണ്ടി കഠിന ദുഃഖങ്ങള്‍ സ്വയം വരിക്കാനും എന്തു ക്ലേശം സഹിക്കുവാനും തയ്യാറായി. ഒരാളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അയാളാണ് ഏറ്റവും ശ്രേഷ്ഠന്‍ എന്നു തോന്നിപ്പോകും. പിന്നെ മറ്റൊരാളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അതല്ല, ഇദ്ദേഹംതന്നെ ഉത്തമന്‍ എന്നു തോന്നും. അത്രയ്ക്കുണ്ട് ഓരോരുത്തരുടെയും ശ്രേഷ്ഠത.
ഉദാഹരണത്തിന് ജീവിതം മുഴുവന്‍ ജ്യേഷ്ഠനുവേണ്ടിയുള്ള തപസ്സാക്കി മാറ്റിയ ആളാണ് ലക്ഷ്മണന്‍. ആ ഭക്തിക്ക്, സ്‌േനഹത്തിന്, ആ വിശ്വാസത്തിന്, അനുസരണയ്ക്ക് ഒരിക്കലും ഒരു കുറവും വരുന്നില്ല. രാമനുവേണ്ടി ഊണും ഉറക്കവും വെടിഞ്ഞ ലക്ഷ്മണന്‍ തന്റെ ശരീരവും മനസ്സും രാമനുള്ള അര്‍പ്പണമാക്കി മാറ്റി.
ഭരതനെക്കുറിച്ചു ചിന്തിച്ചാലോ, ലക്ഷ്മണന്‍പോലും മങ്ങിപ്പോകുന്നു എന്നു തോന്നും. കൈവന്ന അധികാരത്തില്‍ സന്തോഷിക്കുകയല്ല, ദുഃഖിക്കുകയാണ് ഭരതന്‍ ചെയ്തത്. ആ അധികാരം ഭക്തിപൂര്‍വ്വം അദ്ദേഹം രാമന്റെ കാല്‍ക്കല്‍ വച്ചു. രാജ്യഭരണം രാമനുള്ള ഒരു പൂജയാക്കി മാറ്റി. കൊട്ടാരത്തില്‍ ഒരിക്കലും പ്രവേശിക്കാതെ രാമനെപ്പോലെതന്നെ പതിനാലു വര്‍ഷവും മരവുരി ധരിച്ചു തപസ്വിയായി കഴിഞ്ഞു.
പതിനാലു വര്‍ഷം അധികാരത്തിലിരുന്നിട്ടും രാമന്‍ മടങ്ങിവന്നപ്പോള്‍ പൂര്‍ണ്ണസന്തോഷത്തോടുകൂടി അതു തിരികെ നല്‍കി. ആകാശംപോലെ നിര്‍മ്മല മനസ്സുള്ളവനാണു ഭരതന്‍ എന്നാണു വാല്മീകി പറയുന്നത്. ഇനി ഹനുമാന്റെ കാര്യമെടുക്കുക. രാമഭക്തന്മാരില്‍ എന്തുകൊണ്ടും ഒന്നാമത്തെ സ്ഥാനം ഹനുമാനുതന്നെയാണ്. കാരണം, ഹനുമാനില്‍ ഞാനെന്ന ഭാവമേയില്ല.
തന്റെ ശരീരവും മനസ്സും സര്‍വ്വശക്തികളും രാമന് അര്‍പ്പിച്ചുകൊണ്ടു സ്വയം രാമന്റെ ഉപകരണമായി മാറി ഹനുമാന്‍. ആ അചഞ്ചല വിശ്വാസം, പൂര്‍ണ്ണമായ ദാസ്യഭാവം, ധീരത, ഉത്സാഹം, കര്‍മ്മശേഷി, പ്രായോഗികബുദ്ധി, പാണ്ഡിത്യം, വിവേകം എല്ലാം അതുല്ല്യമാണ്. രാമകാര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ വിശ്രമം എന്ന വാക്കുതന്നെ ഹനുമാന്‍ മറക്കുന്നു.
തപസ്സ്, വീര്യം, വിവേകം ഇവകൊണ്ടു അതുല്യമായ വ്യക്തിത്വത്തിനുടമയാണ് ഹനുമാന്‍.
സീതയുടെ കാര്യമെടുത്താല്‍ പതിഭക്തിയുടെയും സഹന ശക്തിയുടേയും പതറാത്ത ആത്മധൈര്യത്തിന്റെയും പര്യായമാണു സീത. ജന്മം പോലെതന്നെ സീതയുടെ ജീവിതവും അമാനുഷികമാണ. കാട്ടില്‍പ്പോകേണ്ട യാതൊരാവശ്യവും ഇല്ലാതിരുന്നിട്ടും പത്‌നി ധര്‍മ്മം അനുസരിച്ചുകൊണ്ടു സീത, രാമനെ അനുഗമിച്ചു.
സുഖത്തിലും ദുഃഖത്തിലും രാമനു തുണയായി നിന്നു സീത. രാവണനെ ശപിച്ചു ഭസ്മമാക്കാനുള്ള ശക്തി തനിക്കുണ്ടെന്നു സീതതന്നെ രാവണനോടു പറയുന്നുണ്ട്. എങ്കിലും അങ്ങനെ ചെയ്തു രാമന്റെ കീര്‍ത്തിക്ക് മങ്ങലേല്‍പിക്കുവാന്‍ സീത തയ്യാറായില്ല. തന്റെ പരിശുദ്ധി പരീക്ഷണങ്ങള്‍ക്കു അതീതമാണെന്ന് അവസാന നിമിഷം വരെ തെളിയിച്ച മഹത്‌വ്യക്തിത്വമാണ് സീത.
രാമായണത്തിലെ ഓരോ കഥാപാത്രവും ഓരോ സംഭവവും നമുക്കു ഗുരുവാണ്. ഓരോ കഥാപാത്രത്തില്‍നിന്നും നമുക്കു പഠിക്കുവാനുണ്ട്. മാനുഷികമൂല്യങ്ങളുടെയും ആദ്ധ്യാത്മിക മൂല്യങ്ങളുടെയും ഒരു കലവറതന്നെയാണ് രാമായണം. രാമായണം വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്ന ഏതൊരാളും സ്വയം ശുദ്ധീകരിക്കപ്പെടുന്നു. അയാളില്‍ ഭക്തിയും ജ്ഞാനവും വൈരാഗ്യവും വളരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news683493#ixzz4oyuYVB9d

No comments: