Sunday, August 06, 2017

എണ്‍പതിനായിരം കിങ്കരന്മാരെയാണ് ഹനുമാനെ നേരിടാന്‍ ലങ്കേശനയച്ചത്; അവരെ ഒന്നടങ്കം വായുപുത്രന്‍ കാലപുരിക്കെത്തിച്ചു. ഇനിയെന്തു വേണമെന്നായി ഹനുമാന്റെ ചിന്ത. ഈ ചൈത്രപ്രാസാദം തന്നെ തകര്‍ത്തു തരിപ്പണമാക്കിയാലോ? മലപോലെ വളര്‍ന്ന വായുപുത്രന്‍ കാലുകൊണ്ടൊന്നു തട്ടിയപ്പോള്‍, നൂറുകണക്കിനു സ്വര്‍ണക്കാലുകള്‍ താണ്ടിനിര്‍ത്തിയിരുന്ന പ്രാസാദം അമ്പേ നിലംപറ്റി.
പ്രാസാദരക്ഷകരായ നൂറുകണക്കിന് രാക്ഷസര്‍ മാരുതിയെ എതിരിടാനെത്തി. പ്രാസാദത്തിന്റെ തൂണുകള്‍ ആയുധമാക്കി അവരെ ഹനുമാന്‍ നേരിട്ടു. ഒരു തൂണുകൊണ്ട് മറ്റൊരു തൂണില്‍ ആഞ്ഞടിച്ചു; ആ ശക്തിയില്‍ അഗ്‌നി ജ്വലിച്ചു; ആ അഗ്‌നിയില്‍ തകര്‍ന്ന പ്രാസാദം വെന്തു വെണ്ണീറായി; പ്രാസാദരക്ഷകരും ആ അഗ്‌നിയില്‍ വെന്തൊടുങ്ങി.
‘ഇങ്ങനെ ഒരാക്രമണം നടത്തുന്ന കാര്യം വായുപുത്രന്‍ സീതാദേവിയെ അറിയിച്ചിരുന്നോ, മുത്തശ്ശാ?’ ശ്രീഹരി തിരക്കി.
‘ഇല്ല. ദേവിയോടു യാത്ര േചാദിച്ചു പോന്നതിനുശേഷമാണ് മാരുതി ഇവ്വിധമൊരു തീരുമാനം കൈക്കൊണ്ടത്.
‘ദേവിയോടു ചോദിച്ചാല്‍ ദേവി സമ്മതിച്ചില്ലെങ്കിലോ എന്നൊരു ശങ്ക മാരുതിക്കുണ്ടായിരുന്നോ?’ വരുണ്‍ ആരാഞ്ഞു.
‘അതിന്റെ സാധ്യതയും തള്ളിക്കളയാനാവില്ല’ മുത്തശ്ശന്‍ തുടര്‍ന്നു: ‘ഒന്നു തീര്‍ച്ച. ഒരു യുദ്ധം ഹനുമാന്റെ ചിന്തയിലുണ്ടായിരുന്നില്ല. ഒരു വിളംബരം. തങ്ങളുടെ ശക്തി ഒന്നു വിളിച്ചറിയിക്കുക. അതു മാത്രമേ വായുതനയന്‍ ലക്ഷ്യമാക്കിയിരുന്നുള്ളൂ. ആ ലക്ഷ്യം സാധിച്ചു. പക്ഷേ അത് രാവണന്റെ ക്രോധം ഇരട്ടിയാക്കി.
അവന്റെ ശക്തി തന്നെ ചെറുതാക്കുന്നോ എന്ന ഒരു ശങ്കയും ലങ്കേശനില്‍ അങ്കുരിക്കാതിരുന്നില്ല. സേനാപതികളെ വിളിച്ചുവരുത്തി. അവരോടു പറഞ്ഞു: മഹാസൈന്യത്തെ നയിച്ച് ആ കാട്ടുകുരങ്ങന് മതിയായ ശിക്ഷ നല്‍കുവിന്‍…
‘ശിക്ഷ നല്‍കാന്‍ ചെന്നവര്‍ ശിക്ഷയേറ്റു അന്ത്യശ്വാസം വലിച്ചു, അല്ലേ?’ മുത്തശ്ശി കഥയിലേക്ക് കടന്നുകയറി.
‘അതു പിന്നെ അങ്ങനെയല്ലേ വരൂ?’ മുത്തശ്ശന്‍ കഥ തുടര്‍ന്നു: ‘പഞ്ചസേനാപതികളും സൈന്യങ്ങളും ആഞ്ജനേയന്റെ കയ്യൂക്കിനാല്‍ കാലപുരി പൂകിയെന്നറിഞ്ഞ ലങ്കേശന്‍ അറ്റകൈ പ്രയോഗിക്കാന്‍ തീരുമാനിച്ചു: അജയ്യനായ അക്ഷകുമാരനെ യുദ്ധരംഗത്തെത്തിക്കാം…ആജ്ഞ കിട്ടിയ അക്ഷകുമാരന്‍ തങ്കംകൊണ്ടു പൊതിഞ്ഞതും ബാലസൂര്യനെപ്പോലെ ശോഭിക്കുന്നതുമായ രഥത്തിലേറി പുറപ്പെട്ടു- മഹാകപിയെ നേരിടാനായി…
തതോ മഹാന്‍ ബാലദിവാകര പ്രഭം
പ്രതപ്ത ജാംബൂനദ ജാലസന്തതം
രഥം സമാസ്ഥായ യയൗ സ വീര്യവാന്‍
മഹാഹരിം തം പ്രതി സൈര്‍ ഋതര്‍ഷഭഃ
അക്ഷകുമാരന്റെ യുദ്ധവൈഭവം മാരുതിയില്‍ അത്ഭുതാദരങ്ങള്‍ ഉളവാക്കി. പക്ഷെ, ആളിക്കത്തുന്ന അഗ്‌നിയോട് ദയവു കാട്ടാനാവില്ല. അത് എല്ലാറ്റിനേയും ദഹിപ്പിക്കും…
‘മറ്റുള്ളവരുടെ ഗതിതന്നെ അക്ഷകുമാരനും കൈവന്നു, അല്ലേ മുത്തശ്ശാ?’ ശ്രീലക്ഷ്മി ആരാഞ്ഞു.
‘അതായിരുന്നു വിധി’- മുത്തശ്ശന്‍ പറഞ്ഞു. ‘ശത്രുവിന്റെ പരാക്രമത്തെ ബഹുമാനിച്ചും സ്വന്തം കര്‍മത്തെ ആദരിച്ചും നിന്ന മാരുതിക്ക് തോറ്റുകൊടുക്കാനാവാത്ത പരിതഃസ്ഥിതിയില്‍ കുമാരനെ നിഗ്രഹിക്കാതെ നിവൃത്തിയില്ലെന്നായി. അക്ഷകുമാരന്‍ ദിവംഗതനായി. അക്കാര്യം രാവണനു വിശ്വസിക്കാനായില്ല. ആ വാര്‍ത്തയുമായി വന്ന പാറാവുകാരന്റെ തല ക്രുദ്ധനായ ലങ്കേശന്‍ ഛേദിച്ചുകളഞ്ഞു.


ജന്മഭൂമി: http://www.janmabhumidaily.com/news683481#ixzz4oyvPHDjS

No comments: