Friday, August 11, 2017

രാമായണകാവ്യം പരത്തുന്ന പ്രേമസൗരഭ്യത്തെ ഉപമിക്കാൻതക്ക കൃതികളോ കഥാതന്തുക്കളോ വിരളം എന്ന് ശങ്ക കൂടാതെ പറയാം. മാംസനിബിഡമായ പ്രേമത്തിലുപരി, ത്യാഗത്തിലും വിരഹത്തിലും കാത്തിരിപ്പിലും മോഹഭoഗത്തിലും, എന്തിനു, മൃതിയിൽ പോലും പ്രേമമുണ്ടെന്ന് നമ്മെ ആദികവി പഠിപ്പിക്കുകയല്ലേ! വിശ്വവിഹായസ്സിലെ കോടാനുകോടി താരങ്ങളും ജ്വലിക്കുന്നത് ആരൊക്കെയോ അവരെയും, ആരെയൊക്കെയോ അവരും പ്രേമിക്കുന്നത് മൂലമല്ലേ എന്ന് ചിന്തിക്കുക, ഇതുമൂലം, സരളം. ഭാരതീയനെ ഇങ്ങനെ പ്രേമിക്കാൻ പഠിപ്പിച്ച ആദികാവ്യത്തിലും പക്ഷെ, ചില നിസ്തുല പ്രണയങ്ങൾ വർണിക്കപ്പെട്ടത്തിൽ കാവ്യഭംഗി കുറഞ്ഞു എന്ന് പറയാതെ വയ്യ! ചിലപ്പോൾ മറ്റു പ്രേമഗാഥകളെ അധികം വർണിച്ചു കവിയുടെ വർണ്ണനാപാടവം ശകലസമയം ചുഴിയിലാണ്ടു എന്ന് സംശയിച്ചു, ആശ്വാസം നുകരാം. അല്ലെങ്കിൽ ഒരുപക്ഷെ, വർണ്യമായതായിരിക്കില്ല ആ ചില ഗാഥകൾ എന്ന് വിശ്വസിക്കാം - വാക്കുകൾക്ക് പറയാവുന്നതിനേക്കാൾ സുന്ദരവും, ചിന്തകൾക്ക് പറന്നെത്താവുന്നതിനെക്കാൾ  ഗഹനവും ആകാം അവ!
"ദുഃഖിപ്പതില്ലീ നേരമെനിക്ക്
മംഗളം നേർന്നീടുവാൻ കാമിച്ചീടുന്നു.."
- മൊഴിയുന്നത് വാത്മീകി ആവോളം വർണിച്ച ജാനകിയോ, മാരുതിയോ, രാഘവനോ അല്ല. പകരം, ഇരുപത്തിനാലായിരം ശീലുകളുള്ള രാമായണത്തിലെ പരിമിതമായ വരികളിൽ മാത്രം വർണന ചുരുങ്ങിയ ഊർമിള എന്ന നിരുപമ കഥാപാത്രം! അയോദ്ധ്യാകാണ്ഡത്തിൽ, പിതൃഹിതം നിറവേറ്റാൻ യാത്ര പുറപ്പെടുന്ന ശ്രീരാമനെ ഓർത്തു വിലപിക്കുന്ന നാരീജനത്തെ നമുക്കറിയാം. എന്നാൽ, പതിന്നാലു വർഷം തന്നെ വിട്ടുപിരിയുന്ന ഭർത്താവിനോട് മംഗളം നേരുന്ന ഊർമിളയെ നാം ശ്രദ്ധിച്ചിട്ടുണ്ടാവില്ല. 'കൂടെ വരട്ടെ' എന്ന അവളുടെ ചോദ്യത്തിനു 'വേണ്ട, കൃത്യനിർവഹണഭംഗമാകുമത്' എന്ന് ലക്ഷ്മണൻ പറയുമ്പോൾ അഴറുന്ന, നിസ്സഹായയായി ഉള്ളിൽ കേഴുന്ന ഒരു സ്ത്രീഹൃദയവും നാം ഗൗനിചിട്ടുണ്ടാവില്ല. ജന്മമൊട്ടാകെ അവഗണന പേറിയ ആ നാരീരത്നത്തിനു കാവ്യാസ്വാദാകരുടെ അവജ്ഞയോ സാരം?


ജനകന്റെ നാല് പുത്രിമാരിൽ ഒരാളായും, ദശരഥന്റെ നാല് മരുമക്കളിൽ ഒരാളായും മാത്രം ഊർമിളയുടെ വർണന ചുരുങ്ങി. രാമനും ലക്ഷ്മണനും അയോദ്ധ്യയിൽ എങ്ങനെയോ, അങ്ങനെ തന്നെ മിഥിലയിൽ സീതയും ഊർമിളയും. സ്വയംവരപന്തലിൽ വരണമാല്യം അണിയവേ, സീതയെ പോലെ ഊർമിളയും മോഹിച്ചു കാണില്ലേ ചിരകാലപ്രണയവും പതീസാമീപ്യവും? എന്നാൽ, തന്റേതല്ലാത്ത ലാഭത്തിനു വേണ്ടി ആ പതിവ്രതയ്ക്ക് സംവത്സരങ്ങളുടെ വിരഹവും, മോഹഭംഗവും, ഏകാന്തതയും മാത്രമാണ് വിധി കരുതിവെച്ചത്. രാമായണത്തിലെ തുടർന്നുള്ള ഒരു കാണ്ഡത്തിലും ഊർമിള തന്റെ കർതവ്യതിനു അഭംഗം വരുത്തിയെന്ന് സൂചനയില്ല. മറിച്ച്, ശോകമൂകമായ അയോദ്ധ്യാരാജധാനിയിൽ ദശരഥപത്നിമാരെ ഭയഭക്തിബഹുമാനപുരസ്സരം ശുശ്രൂഷിക്കുക ആയിരുന്നിരിക്കാം ഊർമിള. ഭരത-ശത്രുഘ്നനപത്നിമാരുടെ സാമീപ്യവും ഒരുപക്ഷേ അവൾക്കൊരു നേരിയ ആശ്വാസവും പകർന്നിട്ടുണ്ടാകാം. എന്നാൽ അവയേതെങ്കിലും പ്രാണപ്രിയന്റെ സാമീപ്യത്തിനു തുല്യമോ? കാലം തെറ്റി വന്ന വേനലിൽ, കരിയില മാത്രം പറക്കുന്ന മേടയിൽ ഊർമിളയ്ക്ക് നഷ്ടമായത് അവളുടെ പ്രണയശിഷിരമാണ് - മനുഷ്യായുസ്സിൽ ഭംഗിയേറുന്ന, ദാമ്പത്യത്തിന്റെ കുളിരേറുന്ന സംവത്സരങ്ങൾ!

രാമായണത്തിലെ ഓരോ കഥാസന്ദർഭവും പലതരത്തിൽ മാറ്റി വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്, അവ ആധാരമായ സമാനകൃതികളും പ്രസിദ്ധമായിട്ടുണ്ട്. ഊർമിളയുടെ വിഷയസംബന്ധിയായ അത്തരം വ്യാഖ്യാനങ്ങളിൽ വ്യക്തിപരമായി എന്നെ പിടിച്ചുലത്തിയവ ചുവടെ -
  • ലക്ഷ്മണൻ ഊർമിളയെ പാണീഗ്രഹം ചെയ്തിട്ടില്ല. സ്വയംവരവേളയിൽ മാത്രം ഊർമിളയുടെ വർണന ചുരുങ്ങിയതെങ്ങനെ എന്ന് ഇപ്പ്രതി സമർഥിക്കുന്നു. ശേഷം, രാമൻ ശൂർപണഘയോടു 'അവിവാഹിതനായ ലക്ഷമണനെ' സമീപിക്കുക എന്ന് പറഞ്ഞത് പ്രസക്തം[1].
  • സീതാരാമന്മാരെ സംരക്ഷിക്കാനായി നിദ്രാദേവി ലക്ഷ്മണന് പതിന്നാലു സംവത്സരത്തെ ജാഗ്രത്ത്‌ വരമായി നല്കിയെന്നും, അത്രയും നാളത്തെ നിദ്ര ഊർമിളയ്ക്ക് വിധിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. രാവണപുത്രനായ ഇന്ദ്രജിത്തിനെ വധിക്കാൻ ലക്ഷ്മണന് ആകുന്നത് പതിന്നാലുസംവത്സരങ്ങളിലെ നിദ്രാവിഹീനതയാണത്രേ[2]!
  • ലക്ഷ്മണനുമായുള്ള യാത്രപറച്ചിൽ സുഗമമാക്കാൻ ഊർമിള, അയോധ്യയിലെ സുഖസൗകര്യങ്ങളിൽ ലോലിഭയായി പെരുമാറുകയും, തുടർന്ന് ലക്ഷ്മണനെ ചൊടിപ്പിക്കുകയും ചെയ്യുന്നുവത്രേ. ഇത് നിമിത്തം, ഭാര്യയോട്‌ വെറുപ്പ്‌ തോന്നുന്ന ലക്ഷ്മണന്  വനവാസകാലത്ത് ഒരുതര വ്യതിചലനങ്ങളും ഉണ്ടാകുന്നില്ല എന്നും ഒരു വ്യാഖ്യാനം[3].
  • കഴിവുറ്റ ചിത്രകലാകാരിയും രാജതന്ത്രവിദഗ്ധയുമായിരുന്ന ഊർമിള, രാമന്റെ അഭാവത്തിൽ ഭരത-ശത്രുഘ്നൻമാർക്കൊപ്പം ഭരണനിർവഹണത്തിൽ പങ്കെടുത്തു എന്നും പറയപ്പെടുന്നു[4]. 

ആദികവി രണ്ടു വരികളിൽ ചുരുക്കിയ കഥാപാത്രത്തെ ഇത്രമടങ്ങ്‌ സ്വഭാവകല്പനകൾ നല്കി, മുൻനിരകഥാപാത്രങ്ങളുടെ പട്ടികയിൽ വരച്ചിട്ടതിൽ വ്യക്തിപരവും വ്യക്തിഹിതവുമയ വ്യാഖ്യാനസമുച്ചയങ്ങൾക്കുള്ള പങ്കു എത്രമാത്രമെന്നു പറയേണ്ടതില്ലല്ലോ! [ഒടുവിലത്തെ  വ്യാഖ്യാനം ആണ് ലേഖനത്തിൽ അവലംബിച്ചിരിക്കുന്നത്.]

ഭാര്യാവിരഹം 'രാമായണത്തിലെ രാമനിൽ' പോലും അസഹനീയമായ അല്ലലുണ്ടാക്കി എന്ന് പറയാൻ കവി മറക്കുന്നില്ല. "ഹാ! ഹാ! വല്ലഭേ! സീതേ, ഹാ! ഹാ! മൈഥിലീ നാഥേ!" എന്ന് വിലപിക്കുന്ന രാമനിൽ സാധാരണമനുഷ്യന്റെ ഭാവപ്രകടനമാണ് നാം കാണുന്നത്. അവതാരപുരുഷന്റെ വിരഹ-കൊടുമുടി പോലും വർണിച്ചു ആസ്വാദകരിൽ തീവ്രവ്യസനം കുത്തിനിറയ്ക്കുന്ന കവി, പക്ഷേ എന്തേ നശ്വരപ്രാണിയായ ഊർമിളയുടെ വിരഹ-താഴ്വാരമെങ്കില്ലും വർണിച്ചീല?   

'പതിയുടെ താങ്ങില്ലാത്ത സ്ത്രീ അമ്പില്ലാത്ത ആവനാഴി' എന്ന് സീതാദേവി,  വനവാസകാലശേഷം, പറയുമ്പോൾ അത് ശ്രവിക്കുന്ന ഊർമിളയുടെ മാനസികവ്യാപാരം അചിന്ത്യം! സ്വയംകൃതമോ, സ്വലാഭത്തിനോ  വേണ്ടി എയ്യാത്ത അവളുടെ 'അമ്പ്' ലക്‌ഷ്യം തെറ്റാതെ മടങ്ങിയെത്തിയതിൽ സന്തോഷം മാത്രമേ ആ 'ആവനാഴിയ്ക്ക്' ഉണ്ടായിരുന്നു കാണുള്ളൂ.

പതിയുടെ സാമീപ്യം ത്യജിച്ചു വിരഹദുഃഖം പേറി ജീവിച്ചതിനേക്കാൾ മഹദ്ത്തരം ആണ് പതിയുടെ സമേതം വനവാസം അനുഷ്ഠിച്ചത് എന്ന് ശരിവെയ്ക്കാൻ വിമുഖതയുണ്ട്. ഇത്തരം വിമുഖതകൾക്ക് അറുതി വരുത്താനും, ആദികാവ്യത്തിലെ ത്യാഗങ്ങളുടെ കനമേറിയ തുലാസ്സിൽ ഊർമിളയ്ക്ക് നേർക്കുനേർ സീതാദേവിയെ നിറുത്താനുമായിരിക്കാം, ആദികവി ഒഴികെയുള്ള കവികൾ ഉത്തരകാണ്ഡം രചിച്ചത്. മാത്രവുമല്ല,ഭർതൃവിരഹത്തിൽ മനംനൊന്തു നിറംമങ്ങിയ ജീവിതം പേറുമ്പോൾ, ഊർമിളയെ ആശ്വസിപ്പിച്ചു സ്വന്തം മടിത്തട്ടിലേക്ക് ക്ഷണിക്കുവാൻ ഭൂമിദേവിയെയും നാം കണ്ടില്ലല്ലോ! കാവ്യപാരായണത്തിനൊടുവിൽ ആസ്വാദകരുടെ മനസ്സിൽ ഏതൊക്കെയോ കോണിൽ സീതയോട് തോന്നുന്ന അതേ അലിവു ഊർമിളയോടും തോന്നിപ്പോയേക്കാം എന്ന് കവി തിരിച്ചറിഞ്ഞതാകുമോ ഊർമിളയുടെ വർണന കുറയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിചിട്ടുണ്ടാവുക എന്ന് ശങ്കിച്ച് പോകുന്നു!
  
ഊർമിളയില്ലാതെ രാമായണം ഇല്ലെന്നൊന്നും സമർഥിക്കാൻ തുനിയുന്നില്ല, എങ്കിലും ത്യാഗത്തിന്റെയും കാവ്യമായ ആദികാവ്യത്തിൽ ഉയർന്നൊരു ശീർഷകം ഇവൾക്കും തീർക്കേണ്ടതായിരുന്നു. ടാഗോർ അഭിപ്രായപ്പെട്ടത് പോലെ ഭാരതസാഹിത്യത്തിലെ വിസ്മരിക്കപ്പെട്ട നായികമാരിൽ പ്രഥമ ഊർമിള എന്ന് പറയാം. പിൽക്കാലങ്ങളിൽ പക്ഷെ, ഊർമിളയുടെ ചിന്താകോണിൽ നിന്നും ആദികാവ്യം മുഴുവനായി പരിണാമവിധേയമാക്കാൻ പോലും മൈഥിലീ ശരണ്‍ ഗുപ്ത പോലുള്ള സാഹിത്യകാരന്മാർ തുനിഞ്ഞു. കവിത കേൻ രചിച്ച 'സീതാസ് സിസ്റ്റർ' എന്ന പുസ്തകവും ഇതേ വിഷയം പ്രതിപാദിക്കുന്നു. സുഗതകുമാരിയുടെ 'ഒരു ഭാരത രംഗം' എന്ന കവിതയും എടുത്ത് പറയേണ്ടിയിരിക്കുന്നു[5].

ചില കഥകൾ, ചില കഥാപാത്രങ്ങൾ ഇങ്ങനെയാണ്. അതിനെ പറ്റി, അവരെ പറ്റി അധികം അറിഞ്ഞെന്നു വരില്ല. പക്ഷേ അവ(ർ) മനസ്സിൽ എന്നും തറച്ചു നിൽക്കും. നേരിയ വേദനയോടൊപ്പം അല്പം  സുഖം പകർന്നു മറവിയ്ക്ക് അടിമപ്പെടാതെ അവ(ർ) നിലക്കൊള്ളും!

"അല്ലയോ ഊർമിളേ,
നീ വിസ്മരിക്കപ്പെട്ടവളല്ലെന്നറിക!
നിന്റെ ചുടുകണ്ണീർകണങ്ങൾ  കാലയവനി-
കയ്ക്കിപ്പുറം പെയ്തിറങ്ങീടുന്നതറിക,
മാനവഹൃത്തിനെ തൊട്ട്, നോവിച്ച്, കരയിച്ച്,
ഒരു കുറ്റപത്രത്തിൻ പേമാരിയായി!"
shraed from itush

No comments: