തൈത്തീരിയോപനിഷത്ത്-28
ബ്രഹ്മാനന്ദവല്ലി ഒമ്പതാം
അനുവാകം
യതോ വാചോ നിവര്‍ത്തന്തേ അപ്രാപ്യമനസാ സഹ
ആനന്ദം ബ്രഹ്മണോ
വിദ്വാന് ന ബിഭേതി
കുതശ്ചനേതി
യാതൊന്നില്‍നിന്ന് വാക്കുകള്‍ മനസ്സിനോടു കൂടെ എത്താനാകാതെ മടങ്ങുന്നുവോ അങ്ങനെയുള്ള ബ്രഹ്മത്തിന്റെ ആനന്ദത്തെ അറിയുന്നയാള്‍ ഒന്നിനേയും (ഒന്നില്‍നിന്നും) പേടിക്കുന്നില്ല.
ബ്രഹ്മത്തെക്കുറിച്ചു പറയുന്ന വാക്കുകള്‍ അതിനെ വെളിപ്പെടുത്താതെ പിന്താങ്ങുന്നു. മനസ്സ് എന്ന് പറയുന്നത് വിജ്ഞാനമാണ്. എവിടെ വിജ്ഞാനമുണ്ടോ അവിടെ വാക്കുകളും പ്രവര്‍ത്തിക്കും. അതിനാല്‍ വാക്കും മനസ്സും ഒരുമിച്ചാണ് എപ്പോഴും എല്ലായിടത്തും പ്രവര്‍ത്തിക്കുക. ബ്രഹ്മത്തെ പ്രകാശിപ്പിക്കാനായി പ്രയോഗിക്കപ്പെടുന്ന വാക്കും വിജ്ഞാനവും അതിന് സാധിക്കാനാവാതെ മടങ്ങുന്നു. ബ്രഹ്മത്തിന്റെ ആനന്ദത്തെ അറിയുന്നയാള്‍ തന്നില്‍നിന്നും അന്യമായി ഒന്നിനേയും കാണുന്നില്ല. മറ്റൊന്നില്ലാത്തതുകൊണ്ട് ആരെ ഭയപ്പെടാന്‍! അറിവില്ലായ്മമൂലം ഭേദബുദ്ധിയുണ്ടാകുമ്പോഴാണ് ഭയം ഉണ്ടാകുന്നത്. 'കുതശ്ചന' എന്ന് ഇവിടെ ഉപയോഗിച്ചത് നേരത്തെ മനോമയനെപ്പറ്റി പറഞ്ഞപ്പോള്‍ 'കദാചന' എന്നായിരുന്നു. അവിടെ സ്തുതിയായിരുന്നുവെങ്കില് പരമാനന്ദം അനുഭവിക്കുകയും താന്‍തന്നെ എല്ലാം എന്ന് അറിയുകയും ചെയ്തയാള്‍ക്ക് ഒരിക്കലും ഭയമുണ്ടാവുകയില്ല.
വേണ്ടത് ചെയ്യാത്തതിനാലോ അരുതാത്തത് ചെയ്താലോ ആത്മജ്ഞാനിയ്ക്ക് ഭയമുണ്ടാകുമോ
ഏതം ഹവാവ ന തപതി കിമഹം സാധുനാകരവം കിമഹം പാപമകരവമിതി
ഞാന്‍ എന്തുകൊണ്ട് നല്ലതിനെ ചെയ്തില്ല എന്നതോ ഞാന്‍ എന്തിന് പാപം ചെയ്തു എന്നതോ ഉള്ള പശ്ചാത്താപം ആത്മജ്ഞാനിയെ തപിപ്പിക്കയില്ല.
മരണം അടുക്കുന്ന സമയത്ത് തന്റെ ചെയ്തികളിലെ വീഴ്ചയെക്കുറിച്ച് ആളുകള്‍ക്ക് പശ്ചാത്താപം ഉണ്ടാകാറുണ്ട്. നരകഭയം മുതലായവയൊക്കെ ഉണ്ടാകും. ഇതുകൊണ്ട് സങ്കടപ്പെട്ട് തപിക്കും. എന്നാല്‍ ഇത് അറിവില്ലാത്തവര്‍ക്കു മാത്രമേ ഉണ്ടാകൂ. വിദ്വാനായ ഒരാളെ ഭയപ്പെടുത്താനോ തപിപ്പിക്കാനോ കഴിയില്ല.
എന്തുകൊണ്ടാണ് വിദ്വാനെ തപിപ്പിക്കില്ലെന്നു പറഞ്ഞത്-
സ യ ഏവം വിദ്വാനേതേ
ആത്മാനം സ്പൃണുതേ
ഉഭേ ഹ്യേവൈഷു ഏതേ
ആത്മാനം സ്പൃണുതേ യ
ഏവം വേദ ഇത്യുപനിഷത്
ഇപ്രകാരം അറിയുന്ന വിദ്വാന് പുണ്യപാപങ്ങളെ ആത്മാവായി കണ്ട് പ്രീണിപ്പിക്കുന്നു. ആരാണോ ഇങ്ങനെ അറിയുന്നത് ആ ജ്ഞാനി അവ രണ്ടിനേയും ആത്മാവായി പ്രീണിപ്പിക്കുകയെന്നത് അതീവ രഹസ്യവിദ്യയാകുന്നു.
ഭയത്തിനോ താപത്തിനോ കാരണമായ പുണ്യപാപങ്ങളെ പരമാത്മാവെന്ന നിലവില്‍ കാണുന്നു. അറിവില്ലായ്മ മൂലമാണ് ആത്മാവിനെ പുണ്യവും പാപവും ആയി വേറെ വേറെ കണ്ടത്. അറിവ് നേടുമ്പോള്‍ പുണ്യപാപങ്ങള്‍ ആത്മാവ് തന്നെയെന്ന് തിരിച്ചറിയും. ആത്മാവല്ലാതെ വേറൊന്നില്ലല്ലോ. അതിനാല്‍ ആനന്ദമല്ലാതെ ഭയപ്പെടേണ്ട കാര്യം ജ്ഞാനിക്കില്ല. ആത്മാവെന്ന നിലയില്‍ പുണ്യപാപങ്ങളെ നോക്കുമ്പോള്‍ അവ നിര്‍വീര്യവും സങ്കടമുണ്ടാക്കാത്തവയുമാണ്. ആ പുണ്യപാപങ്ങള്‍ക്ക് ജന്മം ഉണ്ടാക്കാനുമാവില്ല.
ബ്രഹ്മാനന്ദത്തെ അറിയുന്നയാള്‍ക്ക് സ്വര്‍ഗ- നരക അനുഭവങ്ങളെല്ലാം മിഥ്യയാണ് മനസ്സിലാകും. അതുകൊണ്ട് അവയെക്കുറിച്ച് ആലോചിച്ച് സങ്കടപ്പെടേണ്ടതില്ല. സാധാരണ നമ്മുടെ ജീവിതത്തില്‍ ആസക്തിയോടെ ചെയ്യുന്ന പുണ്യപാപകര്‍മ്മങ്ങള്‍ ജനനമരണത്തിനും സുഖദുഃഖങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍ പരമാത്മാവില്‍ മാത്രം മുഴുകിയ ഒരാളെ സംബന്ധിച്ചിടത്തോളം ഇതൊന്നും ബാധിക്കില്ല.
ബ്രഹ്മാനന്ദവല്ലിയില്‍ എല്ലാ വിദ്യകളിലും വച്ച് ഏറ്റവും രഹസ്യമായ ബ്രഹ്മവിദ്യയെയാണ് വിവരിച്ചത്. ഈ വിദ്യകൊണ്ട് പരമശ്രേയസ്സിനെ നേടാം. അതുകൊണ്ടാണ് അവസാനം ഇതിനെ ഉപനിഷത്തെന്ന് പ്രത്യേകം പറഞ്ഞത്. 'സഹനാവവതു' എന്ന ശാന്തിമന്ത്രത്തോടെ ബ്രഹ്മാനന്ദവല്ലി കഴിഞ്ഞു.
janmabhumi
No comments:
Post a Comment