പ്രാണായാമം (417)
ആദ്യമേ പ്രാണായാമത്തിന്റെ അര്‍ത്ഥം അല്പം മനസ്സിലാക്കാന്‍ നോക്കാം. അതിഭൌതികശാസ്ത്രത്തില് പ്രാണനെന്നുവെച്ചാല് ജഗത്തിലുള്ള ശക്തികളുടെ ആകെത്തുകയാണ്. ഈ ജഗത്, ദാര്ശനികസിദ്ധാന്തപ്രകാരം, തരംഗരൂപത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്നു. അതു പൊങ്ങുന്നു. വീണ്ടും അടങ്ങുന്നു-ലയിക്കുന്നു എന്നു പറയാം. പിന്നെ വീണ്ടും ഈ നാനാത്വമൊക്കെയായി പുറപ്പെടുന്നു. വീണ്ടും പതുക്കെ മടങ്ങുന്നു. അങ്ങനെ അതു പൊയ്ക്കൊണ്ടിരിക്കുന്നു, ഒരു സ്പന്ദനംപോലെ, ഈ ജഗത് മുഴുവന്‍ ദ്രവ്യവും ശക്തിയും ചേര്‍ന്നതാണ്. സംസ്കതദാര്ശനികമതപ്രകാരം, ഘനവും ദ്രവവുമായ സര്‍വ്വവും ആകാശം എന്ന് അവര്‍ പറയുന്ന ഒരു മൂലദ്രവ്യത്തില്നിന്നു പുറപ്പെട്ടതാണ്. പ്രകൃതിയില്‍ നാം കാണുന്ന സര്‍വ്വശക്തികളും യാതൊന്നിന്റെ പ്രകാശനമാണോ, ആ മൌലികശക്തിയെ അവര്‍ പ്രാണനെന്നു വിളിക്കുന്നു. ഈ പ്രാണനാണ് ആകാശത്തില്‍ വ്യാപരിച്ച് ഈ വിശ്വത്തെ സൃഷ്ടിക്കുന്നത്. പിന്നെ, ഒരു കല്പകാലം അവസാനിച്ചാല്‍ ഒരു ശാന്തകാലമാണ്. ഒരു വ്യാപാരകാലത്തിന്റെ പിന്നാലെ ഒരു ശാന്തകാലമുണ്ട്. ഇതാണ് എല്ലാറ്റിന്റെയും പ്രകൃതി. ഈ ശാന്തകാലം വരുമ്പോള്‍ ഭൂമിയിലുള്ള സര്‍വ്വരൂപങ്ങളും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും-ഈ പ്രകാശനങ്ങളെല്ലാം ലയിച്ചടങ്ങി, ഒടുവില്‍ ആകാശമായിത്തീരുന്നു. അവ ചിതറി വീണ്ടും ആകാശമായിത്തീരുന്നു. ഈ ശക്തികളെല്ലാം ശരീരത്തിലോ മനസ്സിലോ ഉള്ളവ. ആകര്ഷണവികര്ഷണചലനചിന്താത്മകങ്ങള്, ചിതറുന്നു. അങ്ങനെ മൂലപ്രാണനില് പോയി ലയിക്കുന്നു. ഇതില്‍നിന്നു നമുക്കു മനസ്സിലാകും പ്രാണായാമത്തിന്റെ പ്രാധാന്യം. ഈ ആകാശം നമ്മെ എമ്പാടും അന്തര്വ്യാപിക്കയും ചെയ്യുന്നതുപോലെ-നാം കാണുന്നതൊക്കെ ഈ ആകാശംകൊണ്ടു നിര്‍മ്മിതമാണ്. തടാകത്തില്‍ മഞ്ഞുകട്ടകള്‍പോലെ നാം ആകാശത്തില്‍ പാറുകയുമാണ്. അവ തടാകത്തിലെ വെള്ളംകൊണ്ടുണ്ടായവയാണ്. അതേസമയം അതില്‍ ഒഴുകുകയുമാണ്. അതുപോലെ ഉള്ളതെല്ലാം ഈ ആകാശംകൊണ്ടു നിര്‍മ്മിതങ്ങളാണ്. ഈ കടലില്‍ പാറുകയുമാണ്. ഇതുപോലെതന്നെ പ്രാണമഹാസമുദ്രംകൊണ്ട്, ശക്തിയും ഊര്‍ജ്ജവുംകൊണ്ട് നാം ചുറ്റപ്പെട്ടിരിക്കുന്നു. ഈ പ്രാണനെക്കൊണ്ടാണ് നാം ശ്വസിക്കുന്നത്. രക്തപ്രവാഹം നടക്കുന്നത്. ഇതാണ് നാഡികളിലും മാംസപേശികളിലുമുള്ള ഊര്‍ജ്ജവും മസ്തിഷ്കത്തിലെ വിചാരവും. സര്‍വ്വശക്തികളും ഈ ഒരേ പ്രാണന്റെ വിവിധപ്രകാശനങ്ങളാണ്. സര്‍വ്വദ്രവ്യവും ഒരേ ആകാശത്തിന്റെ വിവിധപ്രകാശനങ്ങളാണെന്നപോലെ, എപ്പോഴും സ്ഥൂലത്തിന്റെ കാരണം നമുക്കു സൂക്ഷ്മത്തില്‍ കാണാം. ഒരു രസതന്ത്രജ്ഞന് ഒരു കനത്ത അയിര്ക്കട്ടയെടുത്തു വിശകലനം ചെയ്യുന്നു. ആ സ്ഥൂലം യാതൊരു സൂക്ഷ്മതരവസ്തുക്കളില്നിന്നാണ് വിരചിതമായതെന്ന് അയാള്‍ക്കു കണ്ടെത്തണം. അതുപോലെ, നമ്മുടെ വിചാരത്തെയും ജ്ഞാനത്തെയും സംബന്ധിച്ചും സ്ഥൂലത്തിന്റെ വ്യാഖ്യാനം സൂക്ഷ്മത്തിലാണ്. കാര്യം സ്ഥൂലവും കാരണം സൂക്ഷ്മവും. നാം കാണുകയും അറിയുകയും തൊടുകയും ചെയ്യുന്ന നമ്മുടെ ഈ സ്ഥൂലജഗത്തിന്റെ കാരണവും വ്യാഖ്യാനവും അതിന്റെ പിന്നിലുണ്ട്. വിചാരത്തില്‍, അതിന്റെ കാരണവും വ്യാഖ്യാനവും അതിന്റെയും പിന്നിലുണ്ട്. അതുപോലെ നമ്മുടെ ഈ മനുഷ്യശരീരത്തില്‍ ആദ്യം സ്ഥൂലചലനങ്ങള് നാം കാണുന്നു. കൈകളുടെയും ചുണ്ടുകളുടെയും ചലനങ്ങള്‍. എന്നാല്‍ ഇവയ്ക്കു കാരണങ്ങളെവിടെ? സൂക്ഷ്മതരനാഡികള്. അവയുടെ ചലനങ്ങള്‍ നമുക്കു തീരെ കണ്ടുകൂടാ. നമുക്കു കാണാനോ തൊടാനോ നമ്മുടെ ഇന്ദ്രിയങ്ങള്‍കൊണ്ട് ഏതെങ്കിലും വഴിക്കു തേടാനോ വയ്യാത്തത്ര സൂക്ഷ്മങ്ങള്‍. എന്നാലും; ഈ സ്ഥൂലചനങ്ങളുടെ കാരണം അവയാണെന്നു നമുക്കറിയാം. ഈ നാഡീചലനങ്ങള്തന്നെ, ഇനിയും സൂക്ഷ്മതരങ്ങളായ ചലനങ്ങള്‍ നിമിത്തമാണുണ്ടാകുന്നത്. അവയെ നാം വിചാരമെന്നു വിളിക്കുന്നു. അതിന്റെയും ഹേതു, അതിന്റെ പിന്നില്‍ ഇനിയും സൂക്ഷ്മതരമായ എന്തോ ആണ്, മനുഷ്യജീവന്, താന്‍, ആത്മാവ്. നമ്മളെത്തന്നെ അറിയേണ്ടതിലേക്ക് ആദ്യം നാം നമ്മുടെ പ്രത്യക്ഷങ്ങളെ സൂക്ഷ്മമാക്കിയേ ഒക്കൂ. എന്നുമേ കണ്ടുപിടിക്കപ്പെട്ട ഏതു സൂക്ഷ്മദര്‍ശിനിയും ഉപകരണവും നമ്മുടെ ഉള്ളില്‍ നടന്നുവരുന്ന സൂക്ഷ്മചലനങ്ങളെ കാണുവാന്‍ നമ്മെ തുണയ്ക്കില്ല. അത്തരം ഒരുപായംകൊണ്ടും നമുക്കവയെ ഒരിക്കലും കണ്ടുകൂടാ. അതുകൊണ്ട് യോഗിക്ക് ഒരു ശാസ്ത്രമുണ്ട്. അതു സ്വന്തം മനസ്സിനെ പഠിക്കാന്‍ ഒരു ഉപകരണം നിര്‍മ്മിക്കുന്നു. ആ ഉപകരണം മനസ്സിലുണ്ടുതാനും. ഏത് ഉപകരണത്തിനും ഒരിക്കലുമാവാത്ത സൂക്ഷ്മദര്ശനശക്തികളെ മനസ്സുപ്രാപിക്കുന്നു.
ഈ അതിസൂക്ഷ്മപ്രത്യക്ഷശക്തിയിലേക്കെത്താന് നമുക്കു സ്ഥൂലത്തില്‍നിന്നു തുടങ്ങേണ്ടിയിരിക്കുന്നു. ശക്തി സൂക്ഷ്മാത്സൂക്ഷ്മതരമാകുംതോറും നമ്മുടെ സ്വന്തം പ്രകൃതിയുടെ അകമേ നാം ആഴത്തില്പോകുന്നു. എല്ലാ സ്ഥൂലചലനങ്ങളും ആദ്യം സ്പൃശ്യമായിരിക്കും. പിന്നെ വിചാരത്തിന്റെ സൂക്ഷ്മതരചലനങ്ങള്. നമുക്കു വിചാരത്തെ അതാരംഭിക്കുന്നതിനു മുമ്പുതന്നെ തേടിപ്പിടിക്കാനാവും. അതെവിടെപ്പോകുന്നു, എങ്ങൊടുങ്ങുന്നു, എന്നു തേടാന്‍. ഉദാഹരണത്തിന്, സാധാരണ മനസ്സില്‍ ഒരു വിചാരം ഉയരുന്നു. മനസ്സറിയുന്നില്ല, അതെങ്ങനെ തുടങ്ങിയെന്നോ അതെങ്ങുനിന്നു വരുന്നെന്നോ. മനസ്സ് ഒരു കടലുപോലെയാണ്. അതിലൊരു തിര ഉയരുന്നു. തിര കാണുന്നെങ്കിലും അവന്നറിഞ്ഞുകൂടാ, തിര അവിടെയെങ്ങനെ വന്നെന്നും അതെവിടെ പിറന്നെന്നും അതെവിടെ ലയിച്ചടങ്ങുമെന്നും. അതിനെ, അതിനപ്പുറം തേടാന്‍ അവന്നല്പവുമാവുന്നില്ല. എന്നാല്‍, പ്രത്യക്ഷം സൂക്ഷ്മതരമാകുമ്പോള് ഈ തിര ഉപരിതലത്തില്‍ വരുന്നതിനു വളരെ വളരെ മുമ്പേ നമുക്കതിനെ തേടിപ്പിടിക്കാം. അതു മറഞ്ഞതിനുശേഷം വളരെ ദൂരെ അതിനെ തേടിച്ചെല്ലാനും സാധിക്കും. അപ്പോള്‍ നമുക്കു മനോവിജ്ഞാനീയം ശരിക്കുള്ളവണ്ണം മനസ്സിലാവും. ഈയിടെ ആളുകള്‍ ഇതോ അതോ വിചാരിക്കുന്നു. എന്നിട്ട് വളരെ പുസ്തകങ്ങള്‍ എഴുതുന്നു. അവയോ, തീരെ വഴിപിഴപ്പിക്കുന്നവ. കാരണം, അവര്‍ക്കവരുടെ മനസ്സിനെത്തന്നെ അപഗ്രഥിക്കാന്‍ കഴിവില്ല. സിദ്ധാന്തപരാമര്ശം ചെയ്തിട്ടുള്ളതല്ലാതെ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത സംഗതികളെക്കുറിച്ചു പറകയും ചെയ്യുന്നു. എല്ലാ ശാസ്ത്രവും വസ്തുതകളില്‍ പ്രതിഷ്ഠിതമാകണം. ഈ വസ്തുതകളെ നിരീക്ഷിക്കയും സാമാന്യവത്കരിക്കയും വേണം. സമാനീകരിക്കാന് ചില വസ്തുതകള്‍ കിട്ടുന്നതുവരെ, നിങ്ങള്‍ എന്തു ചെയ്യാന്‍ പോകുന്നു? അതുകൊണ്ട്, സാമാന്യവത്കരിക്കാനുള്ള സര്വ്വസംരംഭങ്ങളും നിലകൊളളുന്നത് നാം സാമാന്യവത്കരിക്കുന്ന വസ്തുക്കളെ അറിയുന്നതിന്മേലാണ്. ഒരു മനുഷ്യന് ഒരു സിദ്ധാന്തത്തെ ഉപന്യസിക്കുന്നു. എന്നിട്ട് സിദ്ധാന്തത്തോടു സിദ്ധാന്തം ചേര്‍ക്കുകയായി. ഒടുവില്‍ പുസ്തകം മുഴുവന്‍ സിദ്ധാന്തങ്ങളുടെ ഒരു ഏച്ചുകെട്ട്, ഒന്നിനെങ്കിലും അര്ത്ഥമൊട്ടില്ലാതാനും. രാജയോഗശാസ്ത്രം പറയുന്നു, ആദ്യം നിങ്ങള്‍ സ്വന്തം മനസ്സിനെ സംബന്ധിക്കുന്ന വസ്തുതകള്‍ ശേഖരിക്കണമെന്ന്. അതിനു നിങ്ങളുടെ മനസ്സിനെ അപഗ്രഥിക്കയും അതിന്റെ സൂക്ഷ്മതരങ്ങളായ പ്രത്യക്ഷത്തിനുള്ള കഴിവുകളെ വികസിപ്പിക്കയും അകമേ സംഭവിക്കുന്നതെന്തെന്നു തന്നെത്താന്‍ നോക്കിക്കാണുകയും വേണം. ഈ വസ്തുതകള്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സാമാന്യവത്കരിക്കുക. അപ്പോഴേ യഥാര്‍ത്ഥമായ മനോവിജ്ഞാനീയശാസ്ത്രം നിങ്ങള്‍ക്കു ലഭിക്കൂ. ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ, ഏതു സൂക്ഷ്മതരപ്രത്യക്ഷത്തിലും വന്നുചേരാന്‍ അതിന്റെ സ്ഥൂലതരമായ അറ്റത്തിന്റെ സഹായം കൈക്കൊള്ളണം. പുറത്തു വെളിപ്പെടുന്ന വ്യാപാരധാര സ്ഥൂലതരമാണ്. അതു നമുക്കു പിടികിട്ടി, പിന്നെയും പിന്നെയും പോയ്ക്കൊണ്ടിരുന്നാല്‍ അതു സൂക്ഷ്മതരസൂക്ഷ്മതരമാകുന്നു. അവസാനമായി സൂക്ഷ്മതമത്തിലേക്കെത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ശരീരവും ഈ ശരീരത്തില്‍ നമുക്കുള്ളതെന്തും ഭിന്നസത്തകളല്ല. പിന്നെയോ, ഒരേ ചങ്ങലയിലെ, സൂക്ഷ്മത്തില്‍നിന്നു സ്ഥൂലത്തിലേക്കു പോകുന്ന പല കണ്ണികള്‍പോലെയാണ്. നിങ്ങള്‍ ഒരു പൂര്ണ്ണസമഷ്ടിയാണ്. ഈ ശരീരം അന്തര്‍ഭാഗത്തിന്റെ ബഹിഃപ്രകാശനമാണ്, തൊണ്ട്, ബാഹ്യം സ്ഥൂലതരം, ആഭ്യന്തരം സൂക്ഷ്മതരം. അങ്ങനെ സൂക്ഷ്മാത്സൂക്ഷ്മതരമായി, ഒടുവില്‍ ആത്മാവിലെത്തുന്നു. ഒടുക്കം ആത്മാവിലെത്തുമ്പോള്, നാം അറിയാനിടയാകുന്നു. ആത്മാവുതന്നെ ഇതെല്ലാം പ്രകാശിപ്പിക്കയാണെന്ന്. ആത്മാവാണ് മനസ്സായതും, ശരീരമായതും. ആത്മാവല്ലാതെ മറ്റൊന്നും ഇല്ല. സ്ഥൂലാത്സ്ഥൂലതരമായി പല മാത്രകളിലുള്ള ആ ആത്മപ്രകാശനം തന്നെയാണ് മറ്റുള്ള ഇതെല്ലാം. അങ്ങനെ ഉപമാനംകൊണ്ടു നമുക്കു കാണാം, ഈ വിശ്വത്തിലാകെ സ്ഥൂലപ്രകാശനമുണ്ടെന്ന്. അതിന്റെ പിന്നില്‍, നമുക്ക് ഈശ്വരേച്ഛയെന്നു വിളിക്കാവുന്ന സൂക്ഷ്മതരവ്യാപാരമുണ്ടെന്ന്. അതിന്റെയും പിന്നില്‍, ആ വിശ്വാത്മാവിനെ കാണാം. പിന്നെ നമുക്കു കാണാനിടയാകും, വിശ്വാത്മാവ് ഈശ്വരനായിത്തീരുകയും ഈ വിശ്വമായിത്തീരുകയും ചെയ്യുന്നെന്ന്. ഈ വിശ്വമൊന്ന്, ഈശ്വരന് വേറൊന്ന്, പരമാത്മാവ് പിന്നെയൊന്ന് എന്നല്ല, പ്രത്യുത ഒരേ അന്തഃസത്തയുടെ പ്രകാശനത്തിന്റെ പല നിലകളാണവ എന്നും കാണാം. ഇതെല്ലാം നമ്മുടെ പ്രാണായാമത്തില്നിന്നു വരുന്നു. ശരീരത്തിനകമെ നടന്നുവരുന്നു. ഈ സൂക്ഷ്മതരചലനങ്ങള് ശ്വാസവുമായി ബന്ധപ്പെട്ടവയാണ്. ഈ ശ്വാസത്തെ പിടികൂടി കൈകാര്യം ചെയ്കയും നിയന്ത്രിക്കയും ചെയ്യാമെങ്കില്‍, നാം പതുക്കെ സൂക്ഷ്മാത്സൂക്ഷ്മതരചലനങ്ങളിലേക്കെത്തും. പിന്നെ, ആ ശ്വാസത്തെ പിടിച്ചുകൊണ്ട്, മനോമണ്ഡലങ്ങളിലേക്കും നമുക്കു കടന്നമട്ടാകാം.
നമ്മുടെ കഴിഞ്ഞ പാഠത്തില്‍ ഞാന്‍ പഠിപ്പിച്ച ആദ്യത്തെ ശ്വസനം വെറും തല്ക്കാലത്തേയ്ക്കുള്ള ഒരഭ്യാസമാണ്. പിന്നെ, ഈ ശ്വാസാഭ്യാസങ്ങളില് ചിലതു വളരെ വിഷമമാണ്. വിഷമമുള്ളതെല്ലാം ഒഴിവാക്കാന്‍ ഞാന്‍ ശ്രമിക്കാം. എന്തെന്നാല്‍, കൂടുതല്‍ വിഷമമുള്ളവയ്ക്കു വളരെയേറെ ആഹാരനിഷ്ഠയും മറ്റു നിയന്ത്രണങ്ങളും വേണം. അതു നിങ്ങളില്‍ മിക്കവര്‍ക്കും പാലിച്ചുപോകാന് അസാധ്യവുമാണ്. അതുകൊണ്ട് നമുക്കു മന്ദതരമാര്ഗ്ഗങ്ങളും ലഘുതരാഭ്യാസങ്ങളും കൈക്കൊള്ളാം. ഈ ശ്വസനത്തിനു മൂന്നു ഭാഗങ്ങളുണ്ട്. ആദ്യത്തേത് അകത്തേയ്ക്കുള്ള ശ്വസനം. അതിനെ സംസ്കൃതത്തില്‍ പൂരകം, നിറയ്ക്കല്‍, എന്നു വിളിക്കുന്നു. രണ്ടാംഭാഗം കുംഭകം. ധരിക്കല്‍, ശ്വാസകോശങ്ങള്‍ നിറച്ചു വായുവിനെ പുറത്തു കടക്കാതെ നിര്‍ത്തല്‍. മൂന്നാമത്തേതിനെ രേചകമെന്നും പറയും. പുറത്തേയ്ക്കു ശ്വസിക്കല്‍. ഞാനിന്നു നിങ്ങള്‍ക്കു പറഞ്ഞുതരുന്ന അഭ്യാസം വെറും അകത്തേയ്ക്കു ശ്വസിക്കയും ശ്വാസം ധരിക്കയും അതു പതുക്കെ പുറത്തേക്കു വിടുകയുമാണ്. പിന്നെ, ശ്വാസത്തില്‍ ഒരു പടികൂടെയുള്ളതു ഞാന്‍ പറഞ്ഞുതരുന്നില്ല. അതെല്ലാം നിങ്ങള്ക്കോര്ക്കാനാവില്ല. അത് അതിമാത്രം സങ്കീര്‍ണ്ണമാണ്. ശ്വാസത്തിന്റെ ഈ മൂന്നു ഭാഗങ്ങള്‍ ചേര്‍ന്ന് ഒരു പ്രാണായാമം. ആ ശ്വാസം നിയന്ത്രിതമായിരിക്കണം. അല്ലെങ്കില്‍, വഴിക്കു നിങ്ങള്‍ക്കുതന്നെ അപകടമുണ്ട്. അതുകൊണ്ട് അതിനെ സംഖ്യകൊണ്ട് നിയന്ത്രിച്ചിരിക്കുന്നു. നിങ്ങള്‍ക്ക് ആദ്യം താഴ്ന്ന സംഖ്യ നിശ്ചയിക്കാം. നാലു സെക്കന്റുകൊണ്ട് അകത്തേയ്ക്കു ശ്വസിക്കുക. എട്ടു സെക്കന്റ് അതു ധരിക്കുക. അതില്‍പ്പിന്നെ, നാലു സെക്കന്റ്കൊണ്ടു പതുക്കെ അതു പുറംതള്ളുക. പിന്നെയും തുടങ്ങുക. ഇതു നാലുപ്രാവശ്യം രാവിലെയും നാലു പ്രാവശ്യം വൈകീട്ടും ചെയ്യുക. ഒരു സംഗതികൂടെയുണ്ട്: ഒന്ന്, രണ്ട്, മൂന്ന് എന്നും മറ്റും നിരര്‍ത്ഥകമായി എണ്ണുന്നതിനുപകരം ഏതെങ്കിലും പവിത്രപദം ജപിക്കുന്നതാണ് നിങ്ങള്‍ക്കു കൂടുതല്‍ നന്ന്. ഞങ്ങളുടെ നാട്ടില്‍ ഞങ്ങള്‍ക്കു പ്രതീകപദങ്ങളുണ്ട്. ഉദാഹരണം ‘ഓം’, ഈശ്വരന് എന്നര്‍ത്ഥം. ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നതിനുപകരം അതാണുച്ചരിക്കുന്നതെങ്കില് അതു നിങ്ങളുടെ ഉദ്ദേശ്യത്തെ വളരെയേറെ സഫലീകരിക്കും. ഒരു കാര്യംകൂടെ. ഈ ശ്വസനം ഇടത്തെ നാസാദ്വാരത്തില്‍ക്കൂടെ തുടങ്ങണം. വലത്തേതില്‍ക്കൂടെ പുറംതള്ളണം. അടുത്ത തവണ വലത്തേതില്ക്കൂടി വലിച്ചെടുക്കയും ഇടത്തേതില്‍ക്കൂടെ പുറത്തേയ്ക്കു വിടുകയും വേണം. പിന്നെ വീണ്ടും മറിച്ച്, അങ്ങനെ പോകുക. ആദ്യംതന്നെ, രണ്ടില്‍ ഏതു നാസാദ്വാരത്തിലൂടെയും ഇച്ഛപോലെ ശ്വാസം ഓടിക്കാന്‍ നിങ്ങള്‍ക്കു കഴിയണം. ഇച്ഛാശക്തികൊണ്ടുമാത്രം. കുറെക്കഴിഞ്ഞ് അത് എളുപ്പമെന്നു നിങ്ങള്‍ക്കു കാണാം. എന്നാല്‍, ആ ശക്തി നിങ്ങള്ക്കിപ്പോഴില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ഒരു നാസാദ്വാരത്തിലൂടെ ശ്വസിക്കുമ്പോള്‍ വിരല്‍കൊണ്ടു മറ്റേതടയ്ക്കണം. ധരിക്കുമ്പോള്‍, സ്വാഭാവികമായി, രണ്ടും അടയ്ക്കണം.
ആദ്യത്തെ രണ്ടു പാഠങ്ങള്‍ മറന്നുകൂടാ. ഒന്നാമത്തേതു നിങ്ങള്‍ നേരെ ഇരിക്കുകയെന്നത്. രണ്ടാമത്തേത്, ശരീരം ഭദ്രം, അന്യൂനം, അരോഗം, ദൃഢം എന്നു ഭാവന ചെയ്ക. പിന്നെ എമ്പാടും ഒരു പ്രേമധാരയയയ്ക്കുക, സമസ്തജഗത്തിനും സുഖമെന്നു ഭാവന ചെയ്ക. പിന്നെ, ഈശ്വരനില്‍ വിശ്വസിക്കുന്നെങ്കില്‍ പ്രാര്‍ത്ഥിക്കുക. അനന്തരം പ്രാണായാമം ചെയ്യുക.
നിങ്ങളില്‍ പലര്‍ക്കും ചില ശാരീരികപരിവര്ത്തനങ്ങള് വരും. മേലാകെ ഞെട്ടലും വിറയലും. ചിലര്‍ക്ക് കരച്ചില്‍വരും. ചിലപ്പോള്‍ കൊടിയ ചലനമായിരിക്കും. പേടിക്കരുത്. അഭ്യസിച്ചു പോകുംതോറും ഇവ വന്നേ ഒക്കൂ. ശരീരം മുഴുവനേ മാറ്റിയെടുക്കേണ്ടിയിരിക്കുന്നമട്ടാണ്. വിചാരത്തിനു പുതിയ ചാലുകള്‍ തലച്ചോറിലുണ്ടാകും. നിങ്ങളുടെ ജീവിതം മുഴുവന്‍ നിര്വ്യാപാരമായിരുന്ന ചില നാഡികള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ശരീരത്തില്‍ത്തന്നെ പരിവര്‍ത്തനങ്ങളുടെ ഒരു നവപരമ്പര മുഴുവന്‍ വരും....sreyas
No comments:
Post a Comment