Tuesday, March 13, 2018

തന്നിൽ നിന്നന്യമായി ഇവിടെ യാതൊന്നുമില്ലെന്ന സത്യം അനുഭവമായി തെളിഞ്ഞ ഒരു 'യോഗി'ക്കും അനുഭവജ്ഞാനമില്ലാത്ത സാധാരണക്കാരനും ഈ ഇല്ലാത്തതായ പ്രബഞ്ച വസ്തുക്കളെല്ലാം ഉള്ളതായിത്തന്നെ കാണപ്പെടുന്നു. അതിൽ പലതിലും ഒരേ പോലെ വ്യാപരിക്കുകയും ചെയ്യുന്നു.എന്നാൽ അതൊന്നും തന്നെ ജ്ഞാനിയിൽ ഒരു ബന്ധനവും തീർക്കുന്നില്ല. അതു കൊണ്ട് തന്നെ അതിന്റെ ഗുണദോഷങ്ങളോ, സുഖദു:ഖങ്ങളാ അയാളെ ബാധിക്കുന്നുമില്ല. സാധാരണക്കാർ അജ്ഞാനം മൂലം ഇതെല്ലാം സത്യമാണെന്ന് ധരിച്ച് ദു:ഖിക്കാനിട വരുന്നു.
എങ്ങിനെയെന്നാൽ ഒരു കൊച്ചു കുട്ടിയും ഒരു മുതിർന്നയാളും ഒരുമിച്ച് ഒരു മാജിക് കണ്ടുകൊണ്ടിരിക്കുന്നു എന്ന് സങ്കൽപ്പിക്കുക. ജാലവിദ്യക്കാരൻ സ്റ്റേജിൽ ഒരു പെൺകുട്ടിയെ രണ്ടായി മുറിക്കുന്നതായി കാണിക്കുന്നു. അതുകണ്ട് കൊച്ചു കുട്ടി വാവിട്ട് കരയുന്നു.ആ പെൺകുട്ടി മുറിക്കപ്പെടുന്നില്ല എന്ന സത്യത്തിൽ ഉറപ്പുള്ളതുകൊണ്ട്, മുതിർന്നയാളിൽ ഒരു വിസ്മയം ജനിക്കുന്നതല്ലാതെ ഒരു ദുഃഖവും ഉണ്ടാക്കുകയില്ലല്ലോ.ഇതാണ് ഒരു ജ്ഞാനിയും അജ്ഞാനിയും തമ്മിലുള്ള വ്യത്യാസം.
സ്വപ്നം കണ്ടുകൊണ്ടിരിരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം സ്വപ്നത്തിൽ നടക്കുന്ന സംഭവങ്ങളെല്ലാം തികച്ചും വാസ്തവമായിത്തന്നെ ധരിക്കാനിട വരുന്നു. പക്ഷേ എപ്പോൾ അയാൾ ഉണരുന്നുവോ ആ നിമിഷം അയാൾ കണ്ടതെല്ലാം മിഥ്യയായിരുന്നു എന്ന് അയാൾ തിരിച്ചറിയുന്നു.അതു പോലെ ഈ ലോകമാകുന്ന സ്വപ്നത്തിൽ കുടുങ്ങിയ സാധാരണക്കാർക്ക് സ്വപ്നം വിട്ട് ഉണരണമെങ്കിൽ ഒരു ഗുരുവിന്റെ സ്പർശം കൂടിയേ തീരൂ.ഏവർക്കും ഗുരോരനുഗ്രഹത്തിനായി പ്രാർത്ഥിച്ചു കൊണ്ട്.
നന്ദി.നമസ്ക്കാരം
ഗുരുകൃപയാൽ......
രാമകൃഷ്ണൻ ശിവമയം

No comments: