ഭവരാതന്‍; മാതൃദത്തന്‍; രാമശര്‍മ്മാ
ക്രി.പി. 635 മുതല്‍ 700 വരെ ജീവിച്ചിരുന്നു എന്നു സങ്കല്പിക്കാവുന്ന ആചാര്യ ദണ്ഡിയെപ്പറ്റി കേട്ടിട്ടില്ലാത്ത സംസ്കൃതസാഹിത്യ പ്രണയികള്‍ ഉണ്ടായിരിക്കുകയില്ലല്ലോ. പല്ലവരാജാവായ സിംഹവിഷ്ണുവിന്റേയും (വാഴ്ചക്കാലം ക്രി.പി. 575–600) അദ്ദേഹത്തിന്റെ പുത്രനായ മഹേന്ദ്രവിക്രമന്റേയും (വാഴ്ചക്കാലം ക്രി.പി. 600–630) സദസ്യപ്രവേകനും കിരാതാര്‍ജ്ജുനീയത്തിന്റെ പ്രണേതാവും ദാമോദരനാമാന്തരനുമായ ഭാരവി മഹാകവിയുടെ പുത്രനായ മനോരഥനു വീരദത്തന്‍ എന്നൊരു പുത്രനുണ്ടായിരുന്നു. വീരദത്തനു ഗൗരി എന്ന പത്നിയില്‍ ദണ്ഡി ജനിച്ചു. ദണ്ഡി കാഞ്ചീപുരത്തു താമസിക്കവേ പുലകേശിയുടെ പുത്രനായ പ്രഥമചാലൂക്യവിക്രമാദിത്യന്‍ ക്രി.പി. 655-ആമാണ്ടിടയ്ക്ക് ആ നഗരം സ്വായത്തമാക്കുകയും അതോടുകൂടി അദ്ദേഹം ദേശാന്തരഗമനം ചെയ്യുകയും ചെയ്തു. ദ്വിതീയനരസിംഹവര്‍മ്മനെന്ന പല്ലവരാജാവ് (വാഴ്ചക്കാലം ക്രി.പി. 660–685) കാഞ്ചി വീണ്ടെടുത്തപ്പോള്‍ ദണ്ഡി തിരിയെ വന്നു്, അദ്ദേഹത്തിന്റെ ആസ്ഥാനപണ്ഡിതനായിത്തീര്‍ന്നു. അവിടെവെച്ചു കാവ്യാദര്‍ശം, അവന്തിസുന്ദരി, ദ്വിസന്ധാനകാവ്യം എന്നിങ്ങനെ മൂന്നു ഗ്രന്ഥങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു. ദശകുമാരചരിതത്തില്‍ പൂര്‍വപീഠികയൊഴികെയുള്ള ഭാഗങ്ങള്‍ അദ്ദേഹത്തിന്റെ കൃതിയാണോ എന്നു സംശയമുണ്ട്. ദണ്ഡിക്കു വേദശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യത്തിനു പുറമേ ശില്പവിദ്യയിലും നൈപുണ്യമുണ്ടായിരുന്നു. ഇക്കാലത്തു ചെങ്കല്‍പ്പേട്ട ജില്ലയില്‍ ഉള്‍പ്പെടുന്ന മഹാമല്ലപുരത്തു നിന്നു ലളിതാലയന്‍ എന്ന ഒരു ശില്പി കാഞ്ചീപുരത്തു ചെന്നു മഹാമല്ലപുരത്തെ വിഷ്ണുവിഗ്രഹത്തിന്റെ വലത്തുകൈ ഒടിഞ്ഞുപോയി എന്നും താന്‍ അതു വീണ്ടും ഘടിപ്പിച്ചു എന്നും അതു ശരിയായോ എന്നു പരിശോധിക്കുവാന്‍ ദണ്ഡി കൂടി പോരണമെന്നും അപേക്ഷിച്ചു. അപ്പോള്‍ രണമല്ലനെന്ന സേനാപതിയുടെ പുത്രന് ദണ്ഡിയോടു് ആ അപേക്ഷ സാധിച്ചു കൊടുക്കേണ്ടതാണെന്നു ശുപാര്‍ശ ചെയ്തുകൊണ്ട് അതിനു പ്രരോചകമായി ദണ്ഡിയുടെ സ്നേഹിതന്മാരായ മാതൃദത്താദിപണ്ഡിതന്മാര്‍ കേരളത്തില്‍നിന്ന് അവിടെ സന്നിഹിതന്മാരായിരിക്കുമെന്നു പറയുന്നു. അവന്തിസുന്ദരീകഥയിലെ ആ ഭാഗം പ്രകൃതോപയോഗിയാകയാല്‍ ചുവടെ ഉദ്ധരിക്കുന്നു:-
“മിത്രം ച തവൈഷ വിശ്വബ്രഹ്മരാശേഃ, കല്പസൂത്രടീകാകാരസ്യ, സകലവിദ്യാനദീപൂരവാരിധേഃ, ത്രയസ്ത്രിംശല്‍കുതു വിഭൂതിഭാവിതക്രയത്രിദശസ്യ, ശാപാനുഗ്രഹസമര്‍ത്ഥസ്യ, ബ്രഹ്മര്‍ഷേര്‍ഭവരാതനാമ്നഃ പുത്രഃ, തല്‍പുത്രാണാം തത്സമാനമേധാദിസര്‍വസമ്പദാം ദ്വിതീയഃ, ത്രയ്യാമങ്ഗേഷ്വൈതിഹ്യ കലായാം കവിതായാമദ്വിതീയഃ, സുഹൃന്മതനിര്‍വഹണദത്ത ഹൃദയോ, ഗുരുപരിചര്യാപരഃ. പരമമഹേശ്വരോ ലബ്ധവര്‍ണ്ണ കര്‍ണ്ണധാരഃ, കര്‍ണ്ണമപി നാപരയാ ത്യാഗരക്ത്യാതിക്രാന്തോ, തന്ത്രാര്ത്ഥതത്വവ്യാഖ്യാനചതുരശ്ചതുവേര്ദവിത്, സര്‍വജനമാതൃ ഭൂതകരുണാവൃത്തിര്‍മ്മാതൃദത്തഃ”.
ഇതില്‍നിന്ന് അക്കാലത്തു കേരളത്തില്‍ ഭവരാതന്‍ എന്നു പേരോടുകൂടി ഒരു ബ്രഹ്മര്‍ഷിയുണ്ടായിരുന്നു എന്നും അദ്ദേഹം മുപ്പത്തിമൂന്നു യാഗംചെയ്ത കര്‍മ്മഠനും കല്പസൂത്രത്തിനു ടീക നിര്‍മ്മിച്ച പണ്ഡിതപ്രവേകനുമായിരുന്നു എന്നും വ്യക്തമാകുന്നു. അദ്ദേഹത്തിന്റെ ദ്വിതീയ പുത്രനായ മാതൃദത്തന്‍ മൂന്നു വേദങ്ങളിലും ആറു വേദാങ്ഗങ്ങളിലും അത്യന്തം നിഷ്ണാതനും കഥാപ്രവചനത്തിലും കവിതാ നിര്‍മ്മാണത്തിലും അദ്വിതീയനുമായിരുന്നു. മാതൃദത്തന്‍ ദണ്ഡിയുടെ ഉത്തമ സൗഹൃദം സമ്പാദിച്ചിരുന്നു എന്നും ഇതില്‍നിന്നു നാം അറിയുന്നു. അജ്ഞാതനാമാവായ ഒരു കവിയുടെ അവന്തിസുന്ദരീകഥാസാരം എന്ന കൃതിയില്‍
“അപിച സ്പൃഹണീയം തേ സുഹൃദാമപി ദര്‍ശനം
മിത്രാണി മാതൃദത്താദ്യാഃ കേരളേഷ്വ ദ്വിജോത്തമാഃ
ത്വദ്ദര്‍ശനാര്‍ത്ഥമായാതാസ്തസ്മിന്‍ സന്നിദധത്യമീ.”
മിത്രാണി മാതൃദത്താദ്യാഃ കേരളേഷ്വ ദ്വിജോത്തമാഃ
ത്വദ്ദര്‍ശനാര്‍ത്ഥമായാതാസ്തസ്മിന്‍ സന്നിദധത്യമീ.”
എന്ന് ഈ ഭാഗം ചുരുക്കി എഴുതിയിരിക്കുന്നു. മാതൃദത്തന്‍ ഹിരണ്യകേശിയുടെ ശ്രൗതസൂത്രങ്ങളും ഗൃഹ്യസൂത്രങ്ങളും വ്യാഖ്യാനിച്ചിട്ടുണ്ട്. മാതൃദത്തനെക്കൂടാതെ ദണ്ഡി രാമശര്‍മ്മാവെന്ന മറ്റൊരു പണ്ഡിതനെക്കൂടി അവന്തിസുന്ദരിയില്‍ സ്മരിക്കുന്നുണ്ട്. അദ്ദേഹം വിശ്വാമിത്രഗോത്രജനും വിദ്വാനും (‘വിശ്വാമിത്രഗോത്രഃ കൃതീ’) ആയിരുന്നു. രാമശര്‍മ്മാവു പ്രഹേളികാരൂപത്തില്‍ അച്യുതോത്തരം എന്നൊരു കാവ്യം രചിച്ചിട്ടുണ്ടെന്നു ഭാമഹന്‍ കാവ്യാലങ്കാരത്തില്‍ പ്രസ്താവിക്കുന്നു.
“സ പീതവാസാഃ പ്രഗൃഹീതശാര്‍ങ്ഗോ
മനോജ്ഞഭീമം വപുരാപ കൃഷ്ണഃ
ശതഹ്രദേന്ദ്രായുധവാന്നിശായാം
സംസൃജ്യമാനശ്ശശിനേവ മേഘഃ”
മനോജ്ഞഭീമം വപുരാപ കൃഷ്ണഃ
ശതഹ്രദേന്ദ്രായുധവാന്നിശായാം
സംസൃജ്യമാനശ്ശശിനേവ മേഘഃ”
എന്ന ശ്ലോകം ‘ഉപമാനത്തില്‍ അധികപദത്വം’ എന്ന കാവ്യദോഷത്തിന് ഉദാഹരണമായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഈ രാമശര്‍മ്മാവിനെയായിരിക്കാം അവന്തിസുന്ദരിയില്‍ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഭാമഹനും ദണ്ഡിയും ഏകദേശം സമകാലികന്മാരായിരുന്നു.
No comments:
Post a Comment