Tuesday, June 12, 2018

ഒരു സാധാരണ മനുഷ്യന്‍ ഭൗതിക സുഖം കിട്ടാന്‍ വേണ്ടിയോ, പരമപദം പ്രാപിക്കാന്‍ വേണ്ടിയോ കര്‍മ്മം ചെയ്യണം എന്ന് ശാസ്ത്രങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. സന്ധ്യാവന്ദനം തുടങ്ങിയ സത്യകര്‍മങ്ങള്‍ ചെയ്യാതിരുന്നാല്‍ ഉണ്ടാകാവുന്ന ദോഷങ്ങള്‍ നീങ്ങി പാപമുക്തനാവാന്‍ വേണ്ടിയും കര്‍മങ്ങള്‍ ചെയ്യണം. എന്നാല്‍ ധ്യാനയോഗിയോ, ഭക്തിയോഗിയോ, ഭഗവത്സ്വരൂപ ദര്‍ശനം കൊണ്ടുണ്ടാവുന്ന ആനന്ദം അനുഭവിച്ചു തുടങ്ങിയാല്‍ ഒരുതരത്തിലുള്ള കര്‍മ്മങ്ങളും ചെയ്യേണ്ടതില്ല. കാരണം ഭഗവദ്ദര്‍ശനം സിദ്ധിച്ചവന് അതിനെക്കാള്‍ ഉത്കൃഷ്ടമായ ഒരു സുഖവും കിട്ടേണ്ടതായിട്ടില്ല. ഒരു തരത്തിലുള്ള കര്‍മവും ചെയ്യാതിരുന്നാല്‍ ഒരു ദോഷമോ ന്യൂനതയോ വരികയുമില്ല. കാരണം ഭഗവാന്റെ കാരുണ്യം അവരുടെ യോഗചര്യക്ക് വരാവുന്ന എല്ലാ തടസ്സങ്ങളും തട്ടിനീക്കിക്കളയുന്നതുകൊണ്ടുതന്നെ ദേവന്മാരോടൊ ഋഷികളോടോ പിതൃക്കളോടൊ പക്ഷിമൃഗാദികളോടൊ ജനങ്ങളോടോ ഒരു കടപ്പാടും അവര്‍ക്കില്ല. ശ്രീമദ് ഭാഗവതത്തില്‍ ഈ വസ്തുത പറയുന്നു ഭാഗവതം(5-4) ''ദേവര്‍ഷി ഭൂതാപ്ത നൃണാം പിതൃണാം ന കിങ്കരോനായ മൃണീ ച രാജന്‍! സര്‍വാത്മനായഃ ശരണം ശരണ്യം ഗതോമുകുന്ദം പരിഹൃത്യ കര്‍ത്തം'' (= ശരണം പ്രാപിക്കാന്‍ യോഗ്യനും മോക്ഷദാതാവുമായ ശ്രീകൃഷ്ണനെ, എല്ലാവിധ കര്‍മങ്ങളും ഉപേക്ഷിച്ച്, സര്‍വാത്മനാ ശരണം പ്രാപിച്ച ഭക്തന്‍ ദേവന്മാരോടൊ ഋഷികളോടൊ പിതൃക്കളോടോ ബന്ധുക്കളോടൊ അതിഥികളോടോ കടപ്പെട്ടവനല്ല; അവരുടെ കിങ്കരനുമല്ല.) എന്നാല്‍ ഒരേ ഒരു കര്‍മം ആ യോഗി ചെയ്തുകൊണ്ടിരിക്കും. ഭഗവാന്റെ തിരുനാമം കേട്ടുകൊണ്ടും പാടിക്കൊണ്ടും സച്ചിദാനന്ദ രൂപം ധ്യാനിച്ചും ഭക്തന്മാരെ സേവിച്ചുകൊണ്ടും പൂജിച്ചുകൊണ്ടും ഭഗവാനെ സേവിച്ച് ആനന്ദിച്ചുകൊണ്ടിരിക്കും. ''കര്‍മ്മാഷ്യേകം തസ്യദേവസ്യ സേവാ'' എന്ന കാര്യം അവര്‍ക്ക് നന്നായറിയാം...janmabumi

No comments: