ശ്രദ്ധ അഥവാ ആദ്ധ്യാത്മികവിശ്വാസം, ബുദ്ധി അഥവാ ആത്മാനാത്മ വിവേചനം ചെയ്യുന്ന പ്രതിഭ, ഇവ മനുഷ്യനിലുള്ള രണ്ട് ശക്തി വിശേഷങ്ങളാണ്. ഇവ രണ്ടും ചേര്‍ന്ന് ധര്‍മ്മത്തിന്റെ സുപ്രധാന ഘടകങ്ങളായിത്തീരുന്നു. ശ്രദ്ധയുടെ പ്രഭാവവും ബുദ്ധിയുടെ പ്രകാശവും സംയോജിക്കുമ്പോള്‍ മാനുഷിക കര്‍മ്മങ്ങളെ നേര്‍വഴിക്ക് നയിക്കുന്ന ശക്തിവിശേഷമെന്ന നിലയില്‍ ധര്‍മ്മം പ്രകടമാവുന്നു. ഈ ശക്തിയാകട്ടെ സാധകനെ മാനസികവൃത്തികളുടെ ആക്രമണത്തില്‍നിന്നു വിമുക്കമാക്കി മോക്ഷത്തിലേക്ക് സുരക്ഷിതമായി നയിക്കുന്നു. തന്നില്‍ അന്തര്‍ലീനമായിട്ടുള്ള ആദ്ധ്യാത്മിക ശക്തികളില്‍ ബോധവാനല്ലാത്ത അജ്ഞന് ജീവിതം ഒരു ഭാരമാണ്. എന്നാല്‍ ശ്രദ്ധാസംയുക്തമായ ബുദ്ധിക്ക്, ഈ ഭാരത്തെ ലഘൂകരിക്കുവാനും നിങ്ങളെ ''ഭവനദി'' തരണം ചെയ്യിക്കാനുള്ള കരുത്തുമുണ്ട്. ശ്രദ്ധാ വിഹീനമായ ബുദ്ധി ആദ്ധ്യാത്മിക മണ്ഡലത്തില്‍ നിഷ്പ്രയോജനമാണ്. അതിനു യഥാര്‍ത്ഥമായ ധാര്മ്മികമൂല്യമില്ല. എന്നാല്‍ ഒരുവനില്‍ ശ്രദ്ധ ജാഗ്രത്താകുമ്പോള്‍ ബുദ്ധി സ്വയം തേജോമയമാകും. എല്ലാം ഗ്രഹിക്കാനും വിവേചിച്ചറിയുവാനും അപഗ്രന്ഥിക്കാനും മാനസികവൃത്തികളെ നിയന്ത്രിക്കാനും സാധകനെ ധര്‍മ്മമാര്‍ഗത്തില്‍ നയിക്കാനും യോഗശൃംഗത്തിലെത്തിക്കാനുമുള്ള ശക്തി ബുദ്ധിക്ക് സംസിദ്ധമാവുന്നു. സത്യവസ്തുവിനെ ദൃഢമായി ഗ്രഹിക്കുവാനുള്ള ആന്തരികബോധമാണ് ശ്രദ്ധ. ബുദ്ധി ആ വിദ്യയില്‍ നിന്നുണ്ടായതാണ്. അത് പ്രകൃതിയുടെ വിഭാഗത്തിലുള്‍പ്പെട്ടതാണ്. തന്മൂലം സ്വന്തം പരിധിക്കപ്പുറം പറക്കാന്‍ കഴിവില്ലാത്തതുപോലെ ബുദ്ധിക്ക് പ്രകൃതിക്കപ്പുറം കടക്കാന്‍ കഴിവില്ല. അപ്പോള്‍ തന്റെ സീമകള്‍ക്കപ്പുറത്തുള്ള സത്യവസ്തുവിനെ എങ്ങിനെയാണു ബുദ്ധിക്ക് ഗ്രഹിക്കാന്‍ കഴിയുക..Remadevi
No comments:
Post a Comment