Wednesday, June 20, 2018

മനുഷ്യസമൂഹത്തെ നാലായി വിഭജിച്ചിട്ടുണ്ട്‌. ഇതാണ്‌ വര്‍ണം. അത്‌ ഇന്നുകാണുന്ന ജാതിവ്യവസ്ഥയൊന്നുമല്ല. ഗുണം, കര്‍മ്മം, സ്വഭാവം എന്നിവയനുസരിച്ച്‌ ഓരോരുത്തരും വരിക്കുന്നതാണ്‌ വര്‍ണം. അതായത്‌ ഒരാള്‍ എന്തായിത്തീരണമെന്ന്‌ തീരുമാനിക്കുന്ന സമ്പ്രദായമാണ്‌ വര്‍ണാശ്രമധര്‍മം. ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവയാണ്‌ വര്‍ണങ്ങള്‍. വര്‍ണവ്യവസ്ഥ ഏതെങ്കിലും ജന്മനായുള്ള ജാതിയെ പ്രകടിപ്പിക്കുന്നില്ല. വര്‍ണവ്യവസ്ഥയെ ജാതിവ്യവസ്ഥയാക്കി സ്വാര്‍ത്ഥികളാണ്‌ ചിത്രീകരിച്ചത്‌. സനാതന ധര്‍മ്മത്തില്‍ ജാതിയില്ല. എന്തായാലും ഈ നാലു പേരുകള്‍ പ്രയോഗിച്ചാലും ഇല്ലെങ്കിലും നാലു തരക്കാരാണ്‌ മനുഷ്യസമൂഹത്തിലുള്ളത്‌.
ഗുണങ്ങള്‍, പ്രവൃത്തി, സ്വഭാവം എന്നിവയനുസരിച്ചാണ്‌ വേദങ്ങള്‍ ഇവരെ വേര്‍തിരിക്കുന്നത്‌. ഈശ്വനെയും വേദത്തെയും അറിയുന്നവനാണ്‌ ബ്രാഹ്മണന്‍. ബ്രാഹ്മണന്‌ ചില ധര്‍മ്മങ്ങളുമുണ്ട്‌. വേദം തുടങ്ങിയ ശാസ്ത്രങ്ങള്‍ പഠിക്കുക, അത്‌ പ്രചരിപ്പിക്കുക, കഴിവിനനുസരിച്ച്‌ ദാനം ചെയ്യുക, ധര്‍മ്മമുപദേശിക്കുക, സാമൂഹിക സേവനങ്ങളും പരോപകാര പ്രവര്‍ത്തനങ്ങളും നടത്തുക ഇതൊക്കെയാണ്‌ ബ്രഹ്മണധര്‍മ്മം. എന്നാല്‍ ഉയര്‍ന്നകുലത്തില്‍ ജനിച്ചതുകൊണ്ട്‌ ഒരാള്‍ ബ്രാഹ്മണനാകുന്നില്ല. മഹാഭാരത്തില്‍ പറയുന്നു, സത്യം, ദാനം, ക്ഷമ, ശീലം, അനൃശംസ്യം, ത്രപ, അഘൃണ, തപസ്‌ എന്നിവ ആര്‌ ആചരിക്കുന്നുവോ അയാള്‍ മാത്രമാണ്‌ ബ്രാഹ്മണന്‍.
ചീത്ത കാര്യങ്ങളില്‍ നിന്ന്‌ അകന്നുനില്‍ക്കുന്നത്‌ ത്രപ, എല്ലാവരോടും ദയ കാട്ടുന്നത്‌ അഘൃണ, കാലാവസ്ഥ, സുഖദുഃഖങ്ങള്‍, മാനം, അപമാനം തുടങ്ങിയവയെ ഒരുപോലെ കണ്ട്‌, ഘോരമായ വിപത്തിലും ഇളകാതെ ധര്‍മ്മം കാക്കുന്നതാണ്‌ തപസ്‌. ഭഗവദ്ഗീതയില്‍ ശ്രീകൃഷ്ണന്‍ പറയും, ശാന്തി, മനസ്സിനെ വശത്താക്കുക, ചൂടും തണുപ്പും പവിത്രതയും ഉണ്ടാവുക, ക്ഷമ, ആര്‍ജ്ജവം, മനസ്സിലുള്ളതു പറയുക, ഉത്തമമായ അറിവ്‌ നേടുക, പരമാത്മാ ജീവാത്മ തത്വങ്ങള്‍ അറിയുക എന്നിവ ബ്രാഹ്മണരുടെ സ്വഭാവ കര്‍മ്മങ്ങളാണ്‌.
വേദങ്ങളില്‍ നിരവധി സൂക്തങ്ങളുണ്ട്‌. നന്നായി പറഞ്ഞത്‌ എന്നാണ്‌ സൂക്തമെന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. അതിലൊന്നാണ്‌ പുരുഷസൂക്തം. പുരിയില്‍ ശയിക്കുന്നവനാണ്‌ പുരുഷന്‍. ശരീരമാണ്‌ പുരി. അതുകൊണ്ടാണ്‌ ജീവനുള്ള ശരീരത്തെ പുരുഷന്‍ എന്നു വിളിക്കുന്നത്‌. ലോകമാകുന്ന പുരിയിലും ഒരാള്‍ വസിക്കുന്നുണ്ട്‌. അദ്ദേഹവും പുരുഷനാണ്‌. ഈശ്വരന്‍. ആ പുരുഷനെ സംബന്ധിക്കുന്ന സൂക്തമാണ്‌ പുരുഷസൂക്തം. അതില്‍ മനുഷ്യ സമൂഹത്തെ ഒരു ശീരത്തോടാണ്‌ ഉപമിച്ചിട്ടുള്ളത്‌. ആ ശരീരത്തിലെ തലയാണ്‌ ബ്രാഹ്മണന്‍. ലോകത്ത്‌ എവിടെ മനുഷ്യരുണ്ടോ അവിടെയെല്ലാം നേരത്തെ പറഞ്ഞ നാല്‌ വര്‍ധണങ്ങളുണ്ട്‌. മനുഷ്യ സമൂഹത്തില്‍ ഓരോരുത്തര്‍ക്കും അവരുടേതായ ധര്‍മ്മങ്ങളുണ്ട്‌. വര്‍ണവും ജീതിയും ഒന്നല്ല. മനുഷ്യനെന്നൊരു ജാതിയും ആണും പെണ്ണും എന്നിങ്ങനെ ഉപജാതികളുമല്ലാതെ മറ്റൊരു ജാതിയുമില്ല. കാഴ്ചമാത്രയില്‍ തിരിച്ചറിയാന്‍ കഴിയുന്നത്‌ ജാതി. മനുഷ്യജാതിയെ കണ്ടാല്‍ തിരിച്ചറിയാം. 
ആണിയെയും പെണ്ണിനെയും തിരിച്ചറിയാം. ന്യായദര്‍ശനത്തില്‍ ഗൗതമ മഹര്‍ഷിയാണ്‌ ഇത്‌ വിവരിക്കുന്നത്‌. മനുഷ്യന്‍ കുരങ്ങനാവില്ല. പൂച്ച, നായ, പശു, പക്ഷി എന്നിവയെല്ലാം ജീതികളാണ്‌. അതിന്‌ മാറ്റമുണ്ടാവുകയില്ല. എന്നാല്‍ ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രരെ കണ്ടാല്‍ മനസ്സിലാകുമോ ഇല്ല. ശൂദ്രമാതാപിതാക്കളില്‍ (സ്വഭാവം കൊണ്ട്‌) ബ്രാഹ്മണന്‍ ജനിക്കാം. ധര്‍മ്മാത്മാവും സദാചാരിയും തപസ്വിയും ത്യാഗിയുമാണ്‌ അവനെങ്കില്‍ ബ്രാഹ്മണനാണ്‌. ബ്രാഹ്മണപിതാക്കള്‍ക്ക്‌ ജനിക്കുന്ന പുത്രന്‍ അധര്‍മിയും ദുഷ്ടനും ക്രൂരനുമായി ജീവിക്കുന്നതെങ്കില്‍ അവന്‍ ശൂദ്രനാണ്‌.
വ്യാസമഹര്‍ഷി മഹാഭാരതം രചിച്ചു. അതില്‍ ഭൃഗുവും, ധര്‍മപുത്രരും യക്ഷനോട്‌ സംഭാഷണം ചെയ്യുന്നതിങ്ങനെയാണ്‌; സത്യം, ദാനം, ക്ഷമ, സത്സ്വഭാവം തുടങ്ങിയ ലക്ഷണങ്ങള്‍ ബ്രാഹ്മണകുലത്തില്‍ പിറന്നവനില്ലെങ്കില്‍ അയാള്‍ ബ്രാഹ്മണനല്ല. ശൂദ്രകുലത്തില്‍ പുറന്നവന്‌ ഉണ്ടെങ്കില്‍ അയാള്‍ ശൂദ്രനുമല്ല. ആലക്ഷ്ണമുള്ളവന്‍ ബ്രാഹ്മണന്‍, ഇല്ലാത്തവന്‍ ശൂദ്രന്‍. ജന്മംകൊണ്ടോ കുലമഹിമ കൊണ്ടോ ആരും ശ്രേഷ്ഠനോ, ബ്രാഹ്മണനോ ആകുന്നില്ല. സദ്ഗുണങ്ങളുണ്ടെങ്കില്‍ ചണ്ഡാലകുലത്തില്‍ പിറന്നാലും അയാള്‍ ബ്രാഹ്മണനാണ്‌. മനുസ്മൃതിയില്‍ പറയും, "ശൂദ്രകുലത്തില്‍ പിറന്നവന്‌ ബ്രാഹ്മണനാകാം, ബ്രാഹ്മണന്‍ ശൂദ്രനുമാകാം. ഇതുപോലെ ക്ഷത്രിയ വൈശ്യകുലത്തില്‍ പിറന്നവര്‍ക്കും ഗുണകര്‍മ്മസ്വഭാവമനുസരിച്ച്‌ പരിവര്‍ത്തനം വരും.
- ആചാര്യ എം.ആര്‍.രാജേഷ്‌

No comments: