Wednesday, June 20, 2018

ചില ഭാഗവത ചിന്തകൾ
ഭാഗവത സപ്താഹങ്ങളുടെ ലഹളയാണ് നാടു മുഴുവനും _ ഞാനും പലപ്പോഴും ഭാഗവതം വായിയ്ക്കാറുണ്ട് - ഇല്ലത്തു വച്ച്.
പരീക്ഷിത്ത് മഹാരാജാവിന് തക്ഷകൻ കടിച്ച് മരിയ്ക്കുമെന്ന ശാപം കിട്ടിയപ്പോൾ - അപ്പോഴേയ്ക്കും മോക്ഷം കിട്ടാനായി ശ്രീശുകൻ ഉപദേശിച്ചതാണ് ഭാഗവതം എന്നു പറയുന്നു.
മരിയ്ക്കാൻ ഏഴുദിവസം മാത്രം ബാക്കി നിൽക്കുമ്പോൾ മരണസമയമാകുമ്പോഴേയ്ക്കും മോക്ഷം കിട്ടാനായിയാണല്ലൊ പരീക്ഷിത്തിന് ഭാഗവതം ഉപദേശിച്ചത്.
മരണം അടുത്ത സമയത്ത് വിവാഹത്തെ പറ്റിയോ, കുട്ടികളുണ്ടാവുന്നതിനെക്കുറിച്ചോ ,സമ്പത്തിനെക്കുറിച്ചോ പരീക്ഷിത്ത് ചിന്തിച്ചിരിയ്ക്കാനിടയില്ല. പക്ഷെ ഇന്ന് മിക്കവാറും സ്ഥലങ്ങളിൽ നടക്കുന്ന ഭാഗവത സപ്താഹങ്ങളിൽ കാണാം കുചേലവൃത്തത്തിന്റെ അന്ന് ഇന്ന നിവേദ്യം നടത്തിയാൽ ദാരിദ്ര്യം നശിയ്ക്കും - അതുപോലെ രുഗ്മിണീ സ്വയംവരത്തിന്റെ ഫലശ്രുതി വിവാഹം നടക്കലാണ്. അങ്ങിനെ ഓരോ ഭാഗത്തിനും ഓരോ ഫലശ്രുതികൾ !
ഭാഗവതത്തിൽ നിന്ന് ഒരു പാടു കാര്യങ്ങൾ മനസിലാക്കാനുണ്ട്.
ഒരാൾ മരിയ്ക്കാറായെന്നറിഞ്ഞാൽ പിന്നെ ഒന്നിലും മനസിരിയ്ക്കാതെ ആകെ പരിഭ്രാന്തനാകും. പക്ഷെ പരീക്ഷിത്തി നതു സംഭവിച്ചില്ല. അദ്ദേഹം ഭാഗവതം കേൾക്കാനുള്ള ക്ഷമ കാണിച്ചു -അതായത് പരീക്ഷിത്തിൽ നിന്ന് നമ്മൾ പഠിയ്ക്കേണ്ട ഗുണം മരണത്തെപ്പോലും ധൈര്യമായി നേരിടണമെന്നല്ലേ?
അതുപോലെ ചത്ത പാമ്പിനെ ശമീ കമുനിയുടെ കഴുത്തിലിട്ടപ്പോഴാണ് പരീക്ഷിത്തിന് തക്ഷകൻ കടിയ്ക്കും എന്ന ശാപം കിട്ടിയത്.മഹാനായ പരീക്ഷിത്തിനു പോലും ഒരു നിമിഷം മനസിനെ നിയന്ത്രിയ്ക്കാൻ പറ്റാത്തതിന്റെ ഗതികേട് എന്നല്ലാതെന്തു പറയാൻ? അതിൽ നിന്നു പഠിയ്ക്കേണ്ട പാഠം മനസിനെ നിയന്ത്രിയ്ക്കാൻ പഠിയ്ക്കേണ്ടതിന്റെ പ്രാധാന്യമല്ലെ?
ശമീ കമുനിയുടെ പുത്രനാണ് ശപിച്ചത്.ശമീ കമുനി പറഞ്ഞത് അതൊന്നും വേണ്ടിയിരുന്നില്ലെന്നാണ്. അതിൽ നിന്നു നമ്മൾ പഠിയ്ക്കേണ്ട പാഠം ക്ഷമാശീലത്തെക്കുറിച്ചല്ലേ?
ഭാഗവതം വായിച്ച് മനനം ചെയ്യുകയാണെങ്കിൽ ഇങ്ങനെ എത്രയെത്ര കാര്യങ്ങൾ മനസിലാക്കാം. അങ്ങിനെ സ്വയം മാറ്റങ്ങൾ വരുത്താം. സമൂഹത്തിലും മാറ്റങ്ങൾ വരുത്താം. 

ramesh namboodiri

No comments: