Friday, August 11, 2017

രാമായണസുഗന്ധം - 27
മിഥിലയിലേയ്ക്കുള്ള യാത്രയില്‍ സൈന്യം മഹാരാജാവിന്റെ രഥത്തിന്റെ പിന്നിലായിരിക്കുമെന്നും നിര്‍ദ്ദേശിച്ചു. നാലുനാളിലെ യാത്രയ്ക്കുശേഷം ദശരഥനും സംഘവും വിദേഹരാജ്യത്തിലെത്തിച്ചര്‍ന്നു. ജനകന്‍ അത്യാഹ്‌ളാദത്തിലായിരുന്നു. ദശരഥനെ സ്വീകരിച്ചശേഷം തന്റെ ഭാഗ്യത്താലാണ് രാമനെ ലഭിച്ചതെന്നും വസിഷ്ഠന്റെ ആഗമനം അത്യന്തം സന്തോഷപ്രദമാണെന്നും പറഞ്ഞ ജനകന്‍ അടുത്തദിവസം വിവാഹം നടത്താമെന്നും നിര്‍ദ്ദശിച്ചു.
രാജാധിരാജനായ ദശരഥന്‍ പറഞ്ഞു ‘ഒരുസമ്മാനം അതു നല്‍കുന്ന ആളിനെ ആശ്രയിച്ചാണിരിക്കുന്നത് എന്നു ഞാന്‍ കേട്ടിട്ടുണ്ട്. അതുകൊണ്ടങ്ങു പറയുന്നതുപോലെയാകട്ടേ കാര്യങ്ങള്‍’. ജനകന്റെ പുത്രിമാരായ സീതയുടേയും ഊര്‍മ്മിളയുടേയും വിവാഹങ്ങളാണ് അടുത്തദിവസം നടക്കേണ്ടത്. അടുത്തനാള്‍ വിവാഹത്തിന്റെ ചടങ്ങുകള്‍ തുടങ്ങുകയായി. അതിനുമുമ്പ് ചടങ്ങുകളില്‍ പങ്കെടുക്കുവാനായി ജനകന്‍ സങ്കാസ്യദേശത്തുനിന്നും രാജാവായ തന്റെ അനുജന്‍ കുശധ്വജനെ വിളിച്ചുവരുത്തി.
ചടങ്ങുകള്‍ തുടങ്ങവേ, തന്റെ രാജകുലത്തിനുവേണ്ടി വസിഷ്ഠന്‍ സംസാരിക്കുമെന്ന് ദശരഥന്‍ പറഞ്ഞു. വസിഷ്ഠനാകട്ടെ വരന്റെ കുലത്തെപ്പറ്റി -ബ്രഹ്മാവ് – മരീചി – കാശ്യപന്‍ വിവസ്വാന്‍ തുടങ്ങി നാളിതുവരെയുള്ള എല്ലാ സൂര്യവംശരാജാക്കന്മാരെയുംപറ്റി പറയുകയുണ്ടായി. ഇതുപോലെ ജനകന്‍ അദ്ദേഹത്തിന്റെ വംശാവലിയും അവതരിപ്പിച്ചു -രാജാ നിമി -മിഥി – ജനകന്‍ (ഈ വംശത്തില്‍ ആ പേരു ലഭിച്ച ആദ്യത്തെ രാജാവ്) – ഉദാവസു തുടങ്ങി നാളിതുവരെയുള്ള എല്ലാ രാജാക്കന്മാരെയും അവതരിപ്പിക്കുകയുണ്ടായി.
‘ഏറ്റവുമൊടുവില്‍ സാങ്കാസ്യത്തിലെ രാജാവായിരുന്ന സുധന്വന്‍ മിഥിലയെ ആക്രമിക്കുകയും ഈ ധനുസ്സും എന്റെ പുത്രിയായ സീതയേയും ആവശ്യപ്പെടുകയും ചെയ്തു. യുദ്ധംചെയ്ത് അദ്ദേഹത്തെ വധിക്കുകയും എന്റെ അനുജന്‍ കുശധ്വജനെ സാങ്കാസ്യത്തിലെ രാജാവാക്കുകയും ചെയ്തു. ഞങ്ങള്‍ രണ്ടുപേരുംകൂടി എന്റെ മകള്‍ സീതയെ രാമനും ഊര്‍മ്മിളയെ ലക്ഷ്മണനും നല്‍കുകയാണ്. ഇന്നേക്കു മൂന്നാം നാള്‍ ഉത്രംനക്ഷത്രത്തില്‍ വിവാഹകര്‍മ്മം’ ജനകന്‍ പറഞ്ഞു.


ജന്മഭൂമി: http://www.janmabhumidaily.com/news687057#ixzz4pUcCsInL

No comments: