ശ്രീരാമകൃഷ്ണ-വിവേകാനന്ദ സാഹിത്യം മലയാളത്തില്‍ പരമാവധി പ്രചരിപ്പിച്ച വ്യക്തിയാണ് പി.ശേഷാദ്രി അയ്യര്‍. ജന്മദേശമായ ഹരിപ്പാട്ട്, കേരളത്തിലെ പ്രഥമ ശ്രീരാമകൃഷ്ണമഠം സ്ഥാപിതമാകുന്നതു മുതല്‍ ശ്രീരാമകൃഷ്ണപ്രസ്ഥാനവുമായി ഗാഢബന്ധമുണ്ടായിരുന്നു അദ്ദേഹത്തിന്.
ശ്രീരാമകൃഷ്ണമഠത്തിന്റെ പ്രഥമാദ്ധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദ സ്വാമികളില്‍ നിന്നുമാണ് അദ്ദേഹം മന്ത്രോപദേശം സ്വീകരിച്ചത്. വിവേകാനന്ദസാഹിത്യത്തിന്റെ പല ഭാഗങ്ങളും മൂലഭാഷയായ ബംഗാളിയില്‍ നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ഇദ്ദേഹമായിരുന്നു.
മഹാവ്യക്തികള്‍ പ്രസ്ഥാനങ്ങള്‍ക്ക് മാതൃകയല്ലാതായി ത്തീരുന്ന കാലമാണിത്. അക്ഷരത്തെ ആദരിക്കാത്ത കച്ചവടക്കാര്‍ക്ക് പി.ശേഷാദ്രി അയ്യര്‍ അന്യനാകുന്നതില് അത്ഭുതപ്പെടാനില്ല. അദ്ദേഹം ഓര്‍മ്മയായിട്ട് ഇന്ന് 48 വര്‍ഷങ്ങള്‍ തികയുന്നു.
തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂളിലെ അദ്ധ്യാപകന്, തിരുവിതാംകൂര്‍ സര്‍ക്കാരിലെ സബ്രജിസ്ട്രാര്‍, തിരുവിതാംകൂര്‍ സര്‍വകലാശാല പ്രസിദ്ധീകരണവകുപ്പിന്റെ അധ്യക്ഷന്‍, ശ്രീചിത്രാ ഹിന്ദുമതഗ്രന്ഥശാലാ ക്യൂറേറ്റര്‍ എന്നീ ഔദ്യോഗികകൃത്യങ്ങളെല്ലാം നിര്‍വഹിച്ച പണ്ഡിതനായിരുന്നു, പി.ശേഷാദ്രി അയ്യര്‍. ഭാരതീയ ഭാഷകള്‍ക്കുപുറമെ ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മ്മന്‍, ഗ്രീക്ക്, ഹിബ്രു, അറബി തുടങ്ങിയ ഭാഷകളിലെ കൃതികള്‍ വിവര്ത്തനംചെയ്യത്തക്ക പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.
തിരുവിതാംകൂര്‍ സര്‍വകലാശാലയിലെ പബ്ലിക്കേഷന്‍ മേധാവിയായിരിക്കുമ്പോള്‍ ശാസ്ത്രസാങ്കേതിക വിഷയങ്ങളില്‍ ഗ്ലോസ്സറികള് അദ്ദേഹം നിര്‍മ്മിക്കുകയുണ്ടായി. ഭാരതീയ നാരി, ഭാസകഥാമഞ്ജരി, ആദര്‍ശപുരുഷന്‍ തുടങ്ങിയവ കൂടാതെ ഗ്രീക്കില്‍ നിന്നും അറിലീയസ്സിന്റെ ആത്മനിവേദനം, പ്ലൂട്ടാര്‍ക്കിന്റെ ജീവിതം, ഫ്രഞ്ചില്‍ നിന്നും മോണിയറിന്റെ ഉപന്യാസങ്ങള്‍, റഷ്യനില്‍ നിന്നും ടോള്‍സ്റ്റോയിയുടെ ചെറുകഥകള്‍, സംസ്കൃതത്തില്‍ നിന്ന് ഇംഗ്ലീഷിലേയ്ക്ക് സോംഗ്സ് ഡിവൈന്‍, ബംഗാളിയില്‍ നിന്നും കഥാമൃതം, ബ്രഹ്മാനന്ദീയം, ആചാര്യ ശങ്കരന് തുടങ്ങിയവ മലയാളത്തിലേയ്ക്ക്, നാരദഭക്തിസൂത്രങ്ങള്‍ സംസ്കൃത്തില് നിന്നും മലയാളത്തിലേയ്ക്ക്, ഗാന്ധിജിയുടെ അനാസക്തിയോഗം, ഗാന്ധിജിയുടെ വ്രതകഥ എന്നിവ ഗുജറാത്തിയില്‍ നിന്നും മലയാളത്തിലേയ്ക്ക്, വ്യാസരാമചരിതം കന്നടയില്‍ നിന്നും മലയാളത്തിലേക്ക്, വ്യാസന്റെ വിരുന്ന് തമിഴില്‍ നിന്നും ബംഗാളിയിലേക്ക്, സി.രാജഗോപാലാചാരി തമിഴില്‍ രചിച്ച ശ്രീരാമകൃഷ്ണോപനിഷത്ത് ബംഗാളിലേക്കും പി.ശേഷാദ്രി അയ്യര്‍ രചിച്ചിട്ടുണ്ട്. ധര്‍മ്മാനന്ദ കോസാംബിയുടെ ഭഗവാന് ബുദ്ധന്, ടാഗോറിന്റെ പ്രബന്ധങ്ങള്‍, ഇതോ പരിഷ്കാരം, പെലോപ്പോണേഷ്യന് യുദ്ധചരിത്രം, ഇന്ത്യയിലെ വൃക്ഷങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ അദ്ദേഹം ഗ്രന്ഥരചന നിര്‍വ്വഹിച്ചിട്ടുണ്ട്.
പി.ശേഷാദ്രി അയ്യര്‍ എഴുതിയ ശ്രീരാമകൃഷ്ണചരിതാമൃതം പന്തളം എന്‍.പരമേശ്വരന് നമ്പ്യാതിരി ഭാഷാഗാന നാടകമായി രൂപാന്തരം ചെയ്തു. മറാഠിയില്‍ നിന്നും ജ്ഞാനേശ്വരിയുടെ വിവര്‍ത്തനവും സതാവല്ക്കറുടെ ഗീതാവ്യാഖ്യാന തര്‍ജമയും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ശേഷാദ്രി അയ്യരുടെ അവസാനത്തെ ഗ്രന്ഥം ‘ശ്രീശങ്കരാചാര്യരായി’രുന്നു. തൃശൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തില്‍ നിന്നുമാണ് ആ പുസ്തകം പ്രസിദ്ധീകരിച്ചത്. വിവിധ വിഭാഗങ്ങളിലായി പല ഭാഷകളിലായി ഇരുപത്തഞ്ചോളം ഗ്രന്ഥങ്ങളും അസംഖ്യം ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
1989 ആഗസ്റ്റ് 9 ന് അന്തരിച്ച പി.ശേഷാദ്രി അയ്യരുടെ 125-ാം ജന്മവാര്‍ഷികം കഴിഞ്ഞുപോയി. ശിഷ്യരെന്ന് അവകാശപ്പെടുന്നവര്‍ പോലും ആ ദിനം വിസ്മരിച്ചു. ഗുരുവിന്റെ അക്ഷരസ്വത്തുക്കള് തന്റേതാക്കിയ ശിഷ്യന്മാരെ കാലം തിരിച്ചറിയുക തന്നെ ചെയ്യും. അതാണല്ലോ കാവ്യനീതി.
ജന്മഭൂമി: http://www.janmabhumidaily.com/news685310#ixzz4pCxgqDDc
No comments:
Post a Comment