Sunday, August 06, 2017

ഇങ്ങനെ വര്‍ണവിഹിതവും വര്‍ണബാഹ്യവുമായ കര്‍മവ്യവസ്ഥകളെല്ലാം പ്രതിപാദിച്ചശേഷം, വ്യാസദേവന്‍ അനുരഞ്ജനവും സാന്ത്വനവുമായി പറയുന്ന കാര്യം അത്യന്തം ശ്രദ്ധേയമാണ്.മനുഷ്യരാരും പ്രവര്‍ത്തിയ്ക്കുന്നത് ഉള്‍പ്രേരണയാലാണ്. ഈ പ്രേരണകള്‍ പ്രവൃത്തികൊണ്ടും തത്ഫലാനുഭവംകൊണ്ടും ഉപശമിച്ചുവരുന്നതാണ് അവസാനലക്ഷ്യം.
ദേഹത്തിനു പ്രായമാകുന്തോറും, പ്രവര്‍ത്തനശേഷി കുറയുമല്ലോ. അതിനൊത്തെങ്കിലും മന:പ്രേരണയും ഉപശമിയ്ക്കണം.പൂര്‍ണമനസ്സോടെ ചെയ്യുന്ന എന്തു പ്രവൃത്തിയും ക്രമത്തില്‍ പ്രവൃത്യതീതമായ നൈഷ്‌കര്‍മ്യത്തിലെത്തിയ്ക്കും. ബ്രാഹ്മണനും ചെന്നണയുന്നത് അതിലാണ്. നിര്‍ഗുണത്വമാണിത്. തുടക്കത്തില്‍, കാഴ്ചയില്‍, കുറെക്കാലം, വര്‍ണക്കാര്‍തമ്മില്‍ പ്രകടമായ വ്യത്യാസങ്ങള്‍ കണ്ടാലും, നദികളെല്ലാം ഒഴുകിയൊഴുകിച്ചെന്ന് അവസാനം ഒരേ സമുദ്രനിരപ്പില്‍ അണയുന്നതുപോലെത്തന്നെയാണ് പ്രവര്‍ത്തകമനസ്സുകളുടേയും പ്രയാണം. പ്രവൃത്തി ബാഹ്യമാണ്. അതിനു കാരണമാകുന്ന മനസ്സ് ദേഹത്തിനുള്ളിലും. അതിനു കൈവരിക്കാനുള്ളതാണ് പാകം, പക്വത. ഗുണപ്രേരിതവും ഗുണാത്മകവുമാണ് പ്രവൃത്തി.
അതിനാല്‍ നേടാനുള്ളതോ, നിര്‍ഗുണത്വവും. ഇത് എല്ലാവര്‍ക്കും ഒരുപോലെ സിദ്ധിയ്ക്കുന്നുപോലും!അപ്പോള്‍ പ്രവൃത്തിയെച്ചൊല്ലിയുള്ള വൈവിധ്യഗണന നിരര്‍ഥകമാ       കുന്നില്ലേ, ഉച്ചനീചത്വം എവിടെപ്പോയി? ഇത്തരം സാര്‍വത്രികമായ മനഃപരിപാകം എങ്ങനെ സംഭവിക്കുന്നുവെന്നോ?ഒരേ വിളഭൂമിയില്‍ വീണ്ടുംവീണ്ടുമിറക്കുന്ന വിത്തും, തുടര്‍ന്നുള്ള വിളവെടുപ്പും ആ കൃഷിഭൂമിയെ അവസാനം നിര്‍വീര്യമല്ലേ ആക്കുന്നത്? വീര്യക്കുറവിനാല്‍ വിതച്ച വിത്തുപോലും നഷ്ടപ്പെട്ടെന്നുള്ള നില വന്നേക്കും. ആശകളുടെ വിളനിലമാണ് മനസ്സ്. ആശ നിറവേറിയ സന്തോഷാനുഭവവും ഇതേ മനസ്സാണ് നല്കുന്നത്. മേല്ക്കുമേലുള്ള ആശനിറവേറ്റലും സന്തോഷവും കാരണം മനസ്സില്‍ ആശയറ്റു വിരാഗത ഉളവാകുന്നു. ഇനി ആശതൊടുത്തുവിട്ടു നിറവേറ്റുകയെന്ന വിള വയ്യെന്നും വേണ്ടെന്നുമുള്ള നില വരുന്നു.
വിരാഗതയും ആശയില്ലായ്മയും സ്വാഭാവികമാണ്. പിശുക്കുപിടിച്ചു സുഖഭോഗങ്ങള്‍ അനുഭവിയ്ക്കുന്ന മനസ്സില്‍ ഈ പാകം സംഭാവ്യമല്ല.നെയ്ത്തുള്ളിയാലാളുന്ന തീ നെയ്‌വീഴ്‌തേ കെടുംനെയ്യ് തുള്ളിതുള്ളിയായി ഒഴിയ്ക്കുമ്പോള്‍ തീ അതേറ്റു ജ്വലിച്ചു പൊങ്ങിക്കൊണ്ടേയിരിയ്ക്കും. മറിച്ച്, അതേ നെയ്യ് ധാരാളമായൊഴിച്ചാലോ, അഗ്നി കെട്ടുപോകും. ആശനെയ്യ് ഏല്ക്കുന്ന ചിത്താഗ്നിയുടെ ഗതിയും ഇതുതന്നെ.അതുകൊണ്ട് സ്വഭാവസഹജമായ കര്‍മ്മ മുറകള്‍ പിന്തുടര്‍ന്നു ജീവിയ്ക്കുന്ന എല്ലാവര്‍ക്കും കര്‍മ്മ പരിപാകവും നൈഷ്‌കര്‍മ്യവും നേടാന്‍ തുല്യസാധ്യതയുണ്ടെന്നു പറഞ്ഞു വ്യാസദേവനും ശ്രീമദ്ഭാഗവതവും വര്‍ണവിഹിതകര്‍മ്മനിര്‍വചനം സമാപിപ്പിയ്ക്കുന്നു. കൂട്ടത്തില്‍ സുപ്രധാനമായ ഒരു പ്രസ്താവനകൂടി ചെയ്യുന്നുണ്ട്, എത്ര വിലപ്പെട്ടതാണിത്!ദേഹത്തിലെ ഏകകങ്ങള്‍ (സെല്ലുകള്‍) വഴി വര്‍ണപ്രേരണകളും കര്‍മമുറകളും പിന്തുടര്‍ച്ചയായിത്തീരാമെന്നതു ശരിതന്നെ.
അതങ്ങനെത്തന്നെ നടന്നുകൊള്ളട്ടെ. പ്ലാവില്‍നിന്ന് അതേ ഗുണവിശേഷങ്ങളുള്ള പ്ലാത്തൈകളുണ്ടാവുന്നപോലെയാണ് ഈ വ്യവസ്ഥയും.തരംതിരിവ് ഗുണലക്ഷണങ്ങളിന്മേലേ ആകൂപക്ഷേ മനുഷ്യന്റെ കാര്യത്തില്‍ ജന്മമല്ല, ജന്മത്തെത്തുടര്‍ന്നു ദൃശ്യമാകുന്ന പ്രേരണാകര്‍മങ്ങളാണ് പ്രമാണം.  ജന്മത്തിനനുസരിച്ച പ്രേരണാബലമില്ലെന്നുവന്നാല്‍, അത് അസ്വീകാര്യമായ അപവാദമെന്നേ പറയാവൂ. അതുപോലെ, ജന്മം മറ്റെവിടെയോ ആകട്ടെ, തുടര്‍ന്നു ദൃശ്യമാകുന്ന പ്രേരണകള്‍ എങ്ങനെയിരിയ്ക്കുന്നുവെന്നാണ് നോക്കേണ്ടത്.ബ്രാഹ്മണലക്ഷണങ്ങള്‍തുടങ്ങി ഏതേതും ആരാരില്‍ എവിടെവിടെ കണ്ടാലും, അവരവര്‍ അതാതു വര്‍ണങ്ങളില്‍പ്പെട്ടവരാണെന്നുവേണം കണക്കാക്കാന്‍.
എത്ര അസന്ദിഗ്ധമായ പ്രസ്താവനയും മാനദണ്ഡവുമാണിത്. ഈയൊറ്റ വിജ്ഞാപനംമതി സര്‍വതെറ്റിദ്ധാരണകളും നീങ്ങി വര്‍ണ്ണനിര്‍ണ്ണയകാര്യത്തില്‍ ആശയത്തെളിച്ചമുണ്ടാകാന്‍.ബ്രാഹ്മണവംശത്തില്‍ ജനിച്ച നാലു ശിശുക്കളില്‍ ബ്രാഹ്മണപ്രേരണകളുണ്ടാകുന്നതാണ് ക്രമം; എന്നാല്‍ അങ്ങനെയല്ലാതേയും വരാം. അവരില്‍ ആര്‍ക്കെന്തു വാസനാബലമാണോ കാണുന്നത്, അവരെ ആ വര്‍ണക്കാരായി വേണം കാണാന്‍.
ഋഷഭരാജന് ഉണ്ടായ പുത്രന്മാര്‍ ഒന്നിലധികം വര്‍ണക്കാരാണല്ലോ. അപ്പോള്‍ ബ്രാഹ്മണബ്രാഹ്മണരോടൊപ്പം, ബ്രാഹ്മണക്ഷത്രിയരും, ബ്രാഹ്മണവൈശ്യരും, ബ്രാഹ്മണശൂദ്രരുമുണ്ടാകാന്‍ എപ്പോഴും ഇടയുണ്ട്. ഇതുപോലെ ക്ഷത്രിയവൈശ്യകുടുംബങ്ങളിലും ജന്മകര്‍മ്മക്കലര്‍പ്പുകള്‍  കാണാം. ഇങ്ങനെ ശൂദ്രബ്രാഹ്മണന്‍, ശൂദ്രക്ഷത്രിയന്‍, ശൂദ്രവൈശ്യന്‍, ശൂദ്രശൂദ്രന്‍ എന്നിവരും സംഭവിയ്ക്കാം. ഇതു വളരെ സ്വാഭാവികമാണ്. ദേഹംകൊണ്ടും ജന്മംകൊണ്ടുമുള്ള വര്‍ണ്ണമാണ് പെട്ടെന്നു പരാമര്‍ശിക്കപ്പെടുക; എന്നാല്‍ ഗുണകര്‍മങ്ങള്‍കൊണ്ടുള്ളതാണ് പരിഗണിക്കേണ്ടത്. ഇതു സുഗമമാക്കാനും, അതുവഴി ഓരോരുത്തനേയുംകൊണ്ട് ഉന്നമനപ്രയത്‌നം നടത്തിയ്ക്കുന്നതിനുമാണ് ശാസ്ത്രം ഇത്തരം അപഗ്രഥനം നടത്തുന്നതെന്നറിയുന്നപക്ഷം നമ്മുടെ മൂല്യനിര്‍വചനദൗത്യം സഫലമായി.
വര്‍ണ്ണാശ്രമങ്ങള്‍ സമാജത്തില്‍ എക്കാലത്തും കുത്തനേയും വിലങ്ങനേയുമുള്ള വിഭജനങ്ങളായി നില്ക്കും. ഇതു സമാജത്തെ അനവധി അഴികളുള്ള ചക്രത്തെപ്പോലെ കെട്ടുറപ്പും ഈടുറ്റതുമാക്കുന്നു. പ്രേരണാകര്‍മ്മങ്ങളെ ആധാരമാക്കി രൂപപ്പെടുന്ന ഈ ചക്രത്തിന്റെ അഴികള്‍ കുറഞ്ഞുപോകയോ ദുര്‍ബ്ബലമാകയോ ചെയ്താല്‍, അതു ചക്രത്തിന്റേതെന്നപോലെ, സമാജത്തിന്റെ മുന്നേറ്റത്തിനും വിഘാതംവരുത്തും. എങ്ങനെ നോക്കിയാലും അത് അഭികാമ്യമല്ല. സ്ത്രീപുരുഷവ്യത്യാസങ്ങള്‍പോലെയുള്ള വര്‍ണ്ണവ്യവസ്ഥകള്‍ ശാസ്ത്രകാരന്മാര്‍ കെട്ടിച്ചമച്ചതല്ല. വിവേകപ്രയോഗത്താല്‍ കണ്ടെത്തിയ പ്രകൃതിസിദ്ധാന്തങ്ങളും വ്യവസ്ഥകളുമാണ് ഇവയൊക്കെ. ഉള്ളതിനെ തിരിച്ചറിയുന്നതാണല്ലോ വിവേകം.
ദേഹം നശ്വരമാണെന്നു പറയുമ്പോള്‍, അതു പറയുന്നവന്‍ ദേഹത്തെ നശ്വരമാക്കുന്നുണ്ടോ? അതിനുള്ളിലുള്ളതാകട്ടെ അനശ്വരമായ ആത്മദീപ്തിയും എന്നു കൂട്ടിച്ചേര്‍ക്കുന്ന തത്ത്വദര്‍ശി, ദേഹത്തില്‍ അനശ്വരാത്മാവിനെ തിരുകിയിറക്കുന്നുവെന്നു പറയാമോ? അതുപോലെതന്നെ പ്രകൃതിരചനയായ മനുഷ്യരാശിയിലെ സ്ഥൂലവും സൂക്ഷ്മവുമായ വ്യത്യാസങ്ങളെ ക്രോഡീകരിച്ച് അതില്‍ അധിഷ്ഠിതമായ ജീവിതക്രമങ്ങള്‍ വെളിപ്പെടുത്തുന്നതും. ഇതുവിട്ടൊന്നും ആരോപിക്കാനോ അപവാദംപറയാനോ ഇതിലില്ല. മറിച്ചുചിന്തിക്കുന്നത് അനര്‍ഥകരമാണ്.വര്‍ണ്ണം നാലേ ഉള്ളു. ജാതിയോ ആയിരക്കണക്കിലും. അതുകൊണ്ടുതന്നെ മനസ്സിലാക്കിക്കൂടേ, ജാതിചിന്തയും ജാതിവിഭജനവുമൊക്കെ ശാസ്ത്രം വിഭാവനംചെയ്യുന്നതല്ലെന്ന്?


ജന്മഭൂമി: 

No comments: