ബ്രഹ്മാസ്ത്ര ബന്ധനം തന്നെ അധികനേരം ബാധിക്കില്ലെന്ന് ഹനുമാനറിയാം. തനിക്ക് ബ്രഹ്മദേവന്റെ അനുഗ്രഹമുണ്ട്. ഇത് ഒരു അവസരമാണ്. രാവണന്റെ സദസിലെത്തി രാവണന്റെ മുന്നിലിരുന്ന് ശ്രീരാമദൗത്യമറിയിക്കാനുള്ള ഒരവസരമാണിത്.
ബ്രഹ്മാസ്ത്ര ബന്ധനമേല്പിച്ച് ഇന്ദ്രജിത് മാറി വിശ്രമിക്കുന്ന സമയത്താണ് മറ്റു രാക്ഷസര്‍ കയറും മറ്റും കൊണ്ടു വന്ന് ഹനുമാനെ വീണ്ടും ബന്ധിക്കുന്നത്. ഇന്ദ്രജിത് സ്വല്പ നേരത്തിനു ശേഷം വന്നു നോക്കിയപ്പോള്‍ ഈ പാശബന്ധനം കണ്ട് നഷ്ടചിത്തനായി. ബ്രഹ്മാസ്ത്ര ബന്ധനത്തിന്റെ മീതെ മറ്റൊരു ബന്ധനം വന്നാല്‍ ബ്രഹ്മാസ്ത്ര ബന്ധനം താനേ അഴിയുമെന്ന് ഇന്ദ്രജിത്തിനറിയാം. തന്റെ കര്‍മം ഫലശൂന്യമായതു കണ്ട് ഇന്ദ്രജിത് നിരാശനായി. ബ്രഹ്മാസ്ത്ര ബന്ധനത്തില്‍ നിന്നു പോലും മോചിതനായ ഹനുമാനെ ഇനി ഒരു തരത്തിലും ജയിക്കാനോ ബന്ധിക്കാനോ വധിക്കാനോ സാധ്യമല്ലെന്ന തിരിച്ചറിവ് ഇന്ദ്രജിത്തിനുണ്ട്.
രാവണന്റെ മുന്നിലെത്തിയ ഹനുമാനെ രാവണനിയോഗത്താല്‍ പ്രഹസ്തന്‍ ചോദ്യം ചെയ്തപ്പോള്‍ താന്‍ ശ്രീരാമകാര്യത്തിനായി സുഗ്രീവ ദൂതനായി വന്നതാണെന്ന വിവരം ഹനുമാന് അറിയിച്ചു. തെറ്റുകള്‍ ഏറ്റു പറഞ്ഞ് ശ്രീരാമനെ ആശ്രയിക്കാനുള്ള ഹനുമാന്റെ ഉപദേശത്തെ രാവണന് തള്ളിക്കളഞ്ഞു. കോപാക്രോശത്താല് ഹനുമാനെ വധിക്കാന്‍ കല്പിച്ചെങ്കിലും ദൂതവധം നിഷിദ്ധമെന്ന വിഭീഷണ ഉപദേശം ചെവിക്കൊണ്ടു. വാലില്‍ തുണി ചുറ്റി തീ കൊളുത്തി പട്ടണ പ്രദക്ഷിണം നടത്താന്‍ രാവണന് കല്പിച്ചു.
ഹനുമാന് സന്തോഷിച്ചു. അഗ്നിതന്നെ വേദനിപ്പിക്കില്ല. രാത്രി ലങ്ക്യില് വന്ന താന്‍ ലങ്കാനഗരം മുഴുവന്‍ ശരിക്കു കണ്ടില്ല. ഇപ്പോള്‍ പകല്‍ നഗര പ്രദക്ഷിണം രാവണ കല്പനയാല് ലഭിച്ചു. നഗരത്തിലെ എല്ലാ പ്രദേശങ്ങളെക്കുറിച്ചും ശരിക്കു കണ്ടു മനസിലാക്കാനുള്ള അവസരം വന്നിരിക്കുന്നു.
നഗരം ചുറ്റിക്കണ്ടശേഷം ഹനുമാന് ശരീരം ചെറുതാക്കിയതോടെ വാലില്‍ ചുറ്റിയ തുണികളെല്ലാം അഴിഞ്ഞു. തുടര്‍ന്ന് ഹനുമാന് വലിയ കെട്ടിടങ്ങളുടെ മുകളിലേക്ക് കുതറിച്ചാടി. അവക്കെല്ലാം തീ പിടിച്ചു. ഇങ്ങിനെ ലങ്കാനഗരം മുഴുവന്‍ അഗ്നിക്കിരയാക്കി. പെട്ടെന്നാണ് ഹനുമാന് അശോക വനത്തെയും സീതാദേവിയെയും ഓര്‍ത്തത്. വാനര ചാപല്യത്തെയോര്ത്ത് ഹനുമാന് സ്വയം പരിതപിച്ചു.
എന്നാല്‍ ഹനുമാന് വേണ്ടി പ്രാര്‍ത്ഥനാനിരതയായ സീത അവിടുത്തെ അന്തരീക്ഷത്തെ ശീതളമാക്കിയിരുന്നു. തുടര്‍ന്ന് ഹനുമാന് സീതയെക്കണ്ട് അനുമതി വാങ്ങി സമുദ്ര തരണം ചെയ്ത് മറ്റു വാനരന്മാരോടൊപ്പം ചേര്‍ന്നു.
സീതാവൃത്താന്തങ്ങളറിഞ്ഞ് ഉടന്‍ ലങ്കയെ ആക്രമിക്കാലന് അംഗദന് നിര്‍ദേശിച്ചുവെങ്കിലും ജാംബവാന്റെ ഉപദേശാനുസൃതം പിന്മാറി. തുടര്‍ന്ന് ശ്രീരാമ സന്നിധിയിലേക്കുള്ള പ്രയാണം പൂര്‍ത്തിയാക്കി. ഭഗവത് സന്നിധിയിലെത്തുന്നതാണല്ലോ എല്ലാ യാത്രയുടേയും പൂര്‍ത്തീകരണം.
ജന്മഭൂമി: http://www.janmabhumidaily.com/news686746#ixzz4pQealNq4
No comments:
Post a Comment