Friday, August 11, 2017

കിളിപ്പാട്ടില്‍ ലങ്കാദഹനം ആരംഭിച്ചിരിക്കുന്നത് ജീവന്‍ തുടിക്കുന്ന വാക്കുകളിലാണ്, അല്ലേ? വരുണാ, ഒന്നു ചൊല്ലിത്തരൂ…
വരുണ്‍ ചൊല്ലി-
പവനജനുമതി കൃശശരീരനായീടിനാന്‍
പാശവുമപ്പോള്‍ ശിഥിലമായ് വന്നിതു
ബലമൊടവനതിചപലമചലനിഭഗാത്രനായ്
ബന്ധവും വേര്‍പെട്ടു മേല്‍പ്പോട്ടുപൊങ്ങിനാന്‍
ചരമഗിരി ഗോപുരാഗ്രേ വായുവേഗേന
ചാടിനാന്‍ വാഹകന്മാരേയും കൊന്നവന്‍
ഉഡുപതിയൊടുരസുമടവുയരവിയലുന്നര-
ത്‌നോത്തുംഗസൗധാഗ്രമേറി മേവീടിനാന്‍
മുത്തശ്ശന്‍ പറഞ്ഞു: ‘വായുവേഗം സഞ്ചരിക്കുന്ന ഹനുമാന്‍ കണ്ണില്‍ക്കണ്ട മാളികകളെല്ലാം അഗ്നിക്കിരയാക്കി. വിഭീഷണന്റെ ആശ്രമം മാത്രം ഒഴിവാക്കി. അവസാനം രാവണന്റെ അരമനയുടെ നെറുകയിലെത്തി; വിമാനങ്ങള്‍ എന്നുപേരുള്ള രാജഭവനങ്ങളത്രയും അഗ്നിക്കിരയാക്കി. കമ്പരാമായണകാരന്‍ കാവ്യഭാഷയില്‍ വിവരിക്കുന്നു: ഹനുമാന്‍ നടത്തിയ അഗ്ന്യാരാധനയ്ക്ക് വായുഭഗവാന്‍ അകമഴിഞ്ഞ സഹായം നല്‍കി; പടര്‍ന്നുയര്‍ന്നു തിങ്ങിത്തിങ്ങിക്കത്തിത്തെളിഞ്ഞ അഗ്നി, വിഭൂതി നിറഞ്ഞലങ്കയെ വിഭൂതികൊണ്ടു നിറച്ചു; രത്‌നമയിയായിരുന്ന ലങ്ക അഗ്നിമയിയായി; പിന്നെ ഭസ്മയിയായി….
‘ആനന്ദ രാമായണത്തിലേയ്ക്ക് ലങ്കാദഹനത്തിനൊരുങ്ങുന്ന ഹനുമാനെ ലങ്കേശന്‍ നേരിടുന്നത്?’ മുത്തശ്ശി ചോദിച്ചു.
അതെ, രാക്ഷസേന്ദ്രന്‍ കാലാള്‍പ്പടയുമായി നേരിടാനെത്തി. കാലാള്‍പ്പടയെ മുഴുവന്‍ കൊന്നൊടുക്കിയ ഹനുമാന്‍ കയ്യിലെ ഇരുമ്പുദണ്ഡുകൊണ്ട് രാവണന്റെ നെറുകയില്‍ ഒന്നടിച്ചു; ലങ്കേശന്‍ ബോധമറ്റ് വീണു. ഹനുമാന്‍ നേരെ, രാക്ഷസേന്ദ്രന്‍ തടവിലാക്കിയിരുന്ന ദേവന്മാരേയും ദേവസ്ത്രീകളേയും മോചിപ്പിച്ചു.
രാവണവധത്തിനുശേഷമാണ് വായുപുത്രന്‍ ഇങ്ങനെ ദേവന്മാരെയും ദേവസ്ത്രീകളെയും ബന്ധന വിമുക്തരാക്കുന്നതെന്നു കേട്ടിട്ടുണ്ട്- മുത്തശ്ശി പറഞ്ഞു.
‘ശരിയാണ്, തത്വസംഗ്രഹ രാമായണത്തില്‍ അങ്ങനെയാണ്. സീതയെ അന്വേഷിച്ചു നടക്കുന്ന വേളയില്‍, കാരാഗൃഹത്തില്‍ക്കിടക്കുന്ന ദേവസ്ത്രീകളുടെ നിലവിളി ഹനുമാന്‍ കേള്‍ക്കയുണ്ടായത്രേ.
‘ഹനുമാന്‍ ദഹിപ്പിച്ച ലങ്ക, രാവണന്‍ വീണ്ടും നിര്‍മിച്ചുവെന്നു കേട്ടിട്ടുണ്ട്’- ശ്രീലക്ഷ്മി പറഞ്ഞു.
‘ഉവ്വ്’-മുത്തശ്ശന്‍ പറഞ്ഞു: ‘സേരീരാമിലാണ് ആ കഥ. നാരായണന്‍ അപ്പോള്‍ തന്നെ വിശ്വകര്‍മാവിനെ വിളിച്ചുവരുത്തി. പഴയ ലങ്കയുടെ അതേ രൂപത്തില്‍ ഒരു ലങ്ക ദേവശില്‍പ്പി നിര്‍മിച്ചു നല്‍കി.
‘ഹനുമാന്‍ ഇപ്പോള്‍ എവിടെയാണ് മുത്തശ്ശാ’ ശരത്ത് തിരക്കി.
‘അവിടെത്തന്നെയുണ്ട്-‘ കഥ തുടര്‍ന്നു: ‘ലങ്കയെ മുഴുവന്‍ ഭസ്മമാക്കിയശേഷം സമുദ്രത്തില്‍ച്ചാടി വാലിലെ തീ കെടുത്തി. കാര്യങ്ങള്‍ ഒരുവിധം ഭംഗിയായി എന്നാശ്വസിച്ചിരിക്കേയാണ് കിടിലംകൊള്ളിക്കുന്ന ഒരു ചിന്ത ഹനുമാന്റെ മനസ്സിലേക്ക് ഓടിക്കയറിയത്: ലങ്ക മുഴുവന്‍ അഗ്നിക്കിരയായില്ലേ? അപ്പോള്‍, ശിംശപാവൃക്ഷച്ചുവട്ടിലിരിക്കുന്ന ദേവിയും അഗ്നിക്കിരയായിട്ടുണ്ടാവില്ലേ? എങ്കില്‍പ്പിന്നെ ഞാനെന്തിനു ജീവിച്ചിരിക്കണം? ഈ ജീവന്‍ തന്നെ നശിപ്പിച്ചു കളഞ്ഞാലോ?
‘അപ്പോഴോ?’ ശ്രീഹരി ഉല്‍കണ്ഠയോടെ തിരക്കി.
‘അപ്പോള്‍ ഒരു അശരീരി ഹനുമാന്റെ കാതിലെത്തി: വിശ്വകര്‍മാവ് നിര്‍മിച്ചെടുത്ത ലങ്കാപുരി വായുപുത്രന്‍ നിമിഷവേഗം ഭസ്മമാക്കിയല്ലോ. അദ്ഭുതം തന്നെ. പക്ഷേ, അതിലും വലിയ അദ്ഭുതമല്ലേ, എല്ലായിടവും അഗ്നിക്കിരയായപ്പോള്‍, അശോകവനിയില്‍ സീതാദേവിയും ദേവിയും ദേവിയ്ക്കു തണലേകുന്ന ശിംശപാവൃക്ഷവും അഗ്നിക്ക് ഇരയാവാഞ്ഞത്?

ജന്മഭൂമി: http://www.janmabhumidaily.com/news687060#ixzz4pUbpTfBE

No comments: