കാടഞ്ചേരി നമ്പൂതിരി
17-ാം ശതകത്തിന്റെ അന്ത്യത്തില്‍ തെക്കേ മലബാറിലെ കാടഞ്ചേരി ഇല്ലത്തു ജീവിച്ചിരുന്ന ഒരു മലയാളകവി. ഇദ്ദേഹത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. മാമാങ്കോദ്ധരണം ആണ് ഇദ്ദേഹത്തിന്റെ കണ്ടുകിട്ടിയിട്ടുള്ള ഒരേയൊരു കൃതി. കിളിപ്പാട്ടുരീതിയിലുള്ള ഈ കാവ്യത്തില്‍ ഭരണിതിരുനാള്‍ (മാനവിക്രമ) സാമൂതിരിപ്പാടിന്റെ (17-ാം ശ.) രാജ്യഭാരത്തെയും അദ്ദേഹം 1694-ലും 95-ലും നടത്തിയ രണ്ട് മാമാങ്കങ്ങളെയുമാണ് വര്‍ണിച്ചിരിക്കുന്നത്. ഈ കൃതിയില്‍പ്പെട്ട ഗോകര്‍ണോദ്ധരണം (കേക), പൂന്തുറേശാധിപത്യം (കാകളി), പൂന്തുറേശ വൃത്തം (കേക), മാഘമഹോത്സവം (കാകളി), ശക്തിപ്രസാദം (കാകളി), മാമാങ്കോദ്ധരണം (കാകളി) എന്നീ ആറു ഖണ്ഡങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടുണ്ട്. മാമാങ്കോദ്ധരണാനന്തരമുള്ള സംഭവങ്ങള്‍ വിവരിക്കുന്ന ഏഴാം ഖണ്ഡത്തിന്റെ ഏതാനും വരികള്‍ മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. കേരളോത്‌പത്തിയിലെ കഥ തന്നെയാണ് നമ്പൂതിരിയുടെ തത്ത ആദ്യത്തെ രണ്ടു ഖണ്ഡങ്ങളില്‍ കാവ്യാത്മകമായി അവതരിപ്പിക്കുന്നത്.
""ചൊല്ലെഴും മക്കത്തു കപ്പലോടിക്കയും കല്യാണമുള്‍ക്കൊണ്ടു മാമാങ്കമാകിയ നല്ല മഹോത്സവം മേളിച്ചു കൊള്‍കയു- മല്ലലൊഴിഞ്ഞു ചെയ്‌താലും നിരന്തരം''
മുതലായ വരികള്‍ ഈ ഭാഗത്തുള്ളതാണ്. ഒന്‍പതാം ശതകത്തിലെ കേരളചരിത്രത്തിന്റെ പൊതുവേയും, നെടിയിരിപ്പു സ്വരൂപത്തിന്റെ ചരിത്രത്തിന്റെ പ്രത്യേകമായും ഉള്ള പഠനത്തിന് ഗവേഷകന്മാര്‍ക്ക് ഇതിനെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിക്കാവുന്നതാണ് എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം. (കേരള സാഹിത്യചരിത്രം-III).
No comments:
Post a Comment