Wednesday, April 18, 2018

അംഗം ഹരേഃ പുളകഭൂഷണമാശ്രയന്തീ
ഭൃംഗാങ്ഗനേവ മുകുളാഭരണം തമാലം
അംഗീകൃതാഖിലവിഭൂതിരപാങ്ഗലീല
മംഗല്യദാസ്തു മമ മംഗലദേവതായാഃ
*ശ്ലോകം 6*
കാളമേഘച്ഛടാതുല്യകേശഭാരമനോഹരാ
മാലതീകുന്ദമന്ദാരമാലാഭൂഷിതകുന്തളാ
20. കാളമേഘച്ഛടാതുല്യകേശഭാരമനോഹരാ
കാള- മേഘ- ഛടാ- തുല്യ- കേശ- ഭാര- മനോഹരാ. കാളമേഘങ്ങളുടെ നിബിഡതപോലെ കറുത്ത് ഇടതിങ്ങിയ കേശഭാരംകൊണ്ടു മനോഹരി ആയവൾ. കാളമേഘം മഴക്കാലത്തേ കറുത്ത മേഘമോ പ്രളയകാലമേഘമോ ആയി വ്യാഖ്യാനിക്കാം. കറുത്ത് ഇടതിങ്ങിയ കേശഭാരത്തിൻറെ പശ്ചാത്തലത്തിൽ ദേവിയുടെ തിരുമുഖം ഭക്തൻറെ മനസ്സിനെ ഹരിക്കുംവിധം ആകർഷകമായിരിക്കുന്നു.
21. മാലതീകുന്ദമന്ദാരമാലാഭൂഷിതകുന്തളാ
മാലതീ- കുന്ദ-മന്ദാര-മാലാ-ഭൂഷിത-കുന്തളാ. പിച്ചി, മുല്ല, മന്ദാരം തുടങ്ങിയ പൂക്കൾ കോർത്തിണക്കിയ മാലകൊണ്ട് അലങ്കരിക്കപ്പെട്ട തലമുടി ഉളളവൾ . കാളമേഘച്ഛടാതുല്യമായാ ദേവിയുടെ
കാർകൂന്തലിനെ അലങ്കാരമായി അണിഞ്ഞിട്ടുളള പൂമാലകളാണ് ഈ നാമത്തിൽ പറയുന്നത്.
" ചമ്പകപുന്നാഗസൗഗന്ധികലസത്കചാ" എന്ന് ലളിതാ സഹസ്രനാമത്തിൽ ദേവിയുടെ കേശാലങ്കാരത്തെ വർണ്ണിക്കുന്നുണ്ട്.
*ശ്ലോകം 7*
തിലപുഷ്പസമാനശ്രീനാസാഭംഗിവിലാസിതാ
സ്ഫുരന്മാണിക്യരത്നാഢ്യനാസാഭരണഭാസുരാ
22. തിലപുഷ്പസമാനശ്രീനാസാഭംഗിവിലാസിതാ
തില- പുഷ്പ- സമാന- ശ്രീ- നാസാഭംഗി- വിലാസിതാ. എളളിൻപൂവിനുതുല്യം ഭംഗിയുളള മൂക്കിൻറെ ശോഭയുളളവൾ. മഹാലക്ഷ്മിയുടെ മൂക്കിനെ ആകൃതിസാമ്യമുളള എളളിൻപൂവിനോട് ഉപമിച്ചിരിക്കുന്നു. സുന്ദരികളായ സ്ത്രീകളുടെ നാസികയെ തിലപുഷ്പത്തോടുപമിക്കുന്നതു കവിസങ്കേതം.
23. സ്ഫുരന്മാണിക്യരത്നാഢ്യനാസാഭരണഭാസുരാ
സ്ഫുരത്- മാണിക്യ-രത്ന- ആഢ്യ-നാസാഭരണ- ഭാസുരാ. സ്ഫുരിക്കന്ന, പ്രകാശിക്കുന്ന, മാണിക്യരത്നംകൊണ്ടു ശ്രേഷ്ഠമായ നാസാഭരണത്തിൽ - മൂക്കുത്തികൊണ്ട് ഭാസുരയായവൾ , വിളങ്ങുന്നവൾ. ദേവി ശ്രോഷ്ഠവും തിളങ്ങുന്നതുമായ മൂക്കുത്തി അണിഞ്ഞിരിക്കുന്നു. ആ മൂക്കുത്തി മാണിക്യരത്നം പതിച്ചതാണ്. സ്വതേ സുന്ദരവും പ്രകാശമാനവുമായ ദേവിയുടെ തിരുമുഖത്തിൻറെ കാന്തിയെ ഈ ആഭരണത്തിൻറെ ശോഭ വർദ്ധിപ്പിക്കുന്നു.

No comments: