Wednesday, April 18, 2018

കൈലാസം

കൈലാസപര്‍വതം
ഹിമാലയപര്‍വതത്തിലെ ഒരുയര്‍ന്ന കൊടുമുടിയും ഹിന്ദുക്കളുടെ ഒരു തീര്‍ഥാടനസ്ഥാനവും. ഹിന്ദുദേവാലയങ്ങളുടെ ഗോപുരത്തിന്റെ ആകൃതിയുള്ള ഈ ശിഖരത്തിനു 6704 മീ. ഉയരമുണ്ട്. സ്ഫടികമയം, കേളീസമൂഹം സ്ഥിതിചെയ്യുന്നത് എന്നും മറ്റുമാണ് കൈലാസത്തിനര്‍ഥം. 'കയില', 'കയിലാതം' എന്നിങ്ങനെയാണ് ഇതു പഴയ മലയാളത്തില്‍ പ്രയോഗിച്ചുകാണുന്നത്. വെള്ളിമാമല, രജതാദ്രി എന്നീ പേരുകളിലും ഈ ശിഖരം പുരാണാദിഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. ഗംഗയുടെ ഉദ്ഭവസ്ഥാനമെന്നു കരുതപ്പെടുന്ന മാനസസരസ്സിന്റെ ഉത്തരഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ഇപ്പോള്‍ ചൈനയുടെ അധീനതയിലുള്ള ടിബറ്റില്‍ സ്ഥിതിചെയ്യുന്ന കൈലാസത്തിലും മാനസസരസിലും തീര്‍ഥയാത്രക്കാര്‍ക്ക് എത്തിച്ചേരാന്‍ എളുപ്പമല്ല. നേപ്പാളിന്റെ വടക്കുപടിഞ്ഞാറുഭാഗത്തെ അതിര്‍ത്തിയിലൂടെ ടിബത്തില്‍ കടന്നാല്‍ കൈലാസത്തില്‍ എത്താം. ഭാരതസീമയ്ക്കുള്ളിലുള്ള നന്ദാദേവിയെന്ന ശൃങ്ഗത്തിന്റെ പാര്‍ശ്വഭാഗത്തുകൂടി അതിര്‍ത്തികടന്ന് വടക്കോട്ടു യാത്ര ചെയ്താലും കൈലാസത്തിലെത്താന്‍ കഴിയും.
ഹൈന്ദവപുരാണങ്ങളിലും മറ്റും കൈലാസത്തിന് പ്രമുഖമായ സ്ഥാനമാണ് കല്പിച്ചുകാണുന്നത്. കൈലാസത്തിന്റെ വടക്കുഭാഗത്ത് സുവര്‍ണമയമായ മഹാമേരു പര്‍വതം സ്ഥിതി ചെയ്യുന്നുവെന്നു ഭാരതീയര്‍ വിശ്വസിച്ചുപോരുന്നു. ശ്രീപരമേശ്വരന്റെ വാസസ്ഥാനമായ ഈ രജതാദ്രി നൂറുയോജന (ഉദ്ദേശം 76 കി. മീ.) ഉയരമുള്ളതാണെന്നു പുരാണങ്ങളില്‍ വിവരിച്ചു കാണുന്നു. ധനാധിപനായ കുബേരന്റെ വാസസ്ഥാനമായ അളക കൈലാസപാര്‍ശ്വത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രഹ്മാവും ദേവന്മാരും മേരുപര്‍വതവാസികളാണെന്നും യക്ഷകിന്നരഗന്ധര്‍വാദികള്‍ കൈലാസവാസികളാണെന്നും മഹാഭാരതാദിഗ്രന്ഥങ്ങളില്‍ പ്രസ്താവിച്ചിട്ടുണ്ട്.
സനാതന ധര്‍മത്തിലെ ശൈവസങ്കല്പവുമായി ബന്ധപ്പെട്ടതാണ് ഈ ഗിരിശൃങ്ഗം. ജ്ഞാനയോഗത്തിന്റെയും തപശക്തിയുടെയും മൂര്‍ത്തരൂപമായി ആരാധിക്കപ്പെടുന്ന ജഗത്പിതാവായ ശിവനും സര്‍വൈശ്വര്യങ്ങളുടെയും ഉറവിടവും പാര്‍ഥിവശക്തിയുടെ പാവനപര്യായവുമായി മേവുന്ന പാര്‍വതിയും വാഗര്‍ഥങ്ങളെന്നപോലെ ചേര്‍ന്നുനിലകൊള്ളുന്ന ദിവ്യസങ്കേതമാണ് കൈലാസം. ഭാരതീയ ദര്‍ശനത്തിന്റെയും ഹൈന്ദവധര്‍മത്തിന്റെയും ഉജ്ജ്വലപ്രതീകം കൂടിയാണിത്.
ആര്യദേവതയായ പാര്‍വതിയുടെയും ദ്രാവിഡാരാധനാമൂര്‍ത്തിയായ ശിവന്റെയും സംഗമത്തില്‍ നിന്നുദ്ഭവിച്ച ഒരു നൂതനശക്തിയായ കാര്‍ത്തികേയന്‍ ആര്യദ്രാവിഡ സംസ്കാരങ്ങളുടെ സമ്മേളനം കൊണ്ടു രൂപംകൊണ്ട ഒരു നവ്യസംസ്കാരത്തിന്റെ പ്രതീകമാണ്. ആ കാര്‍ത്തികേയന്റെ കളിവീടായും കൈലാസത്തെ വര്‍ണിച്ചിട്ടുണ്ട്. അങ്ങനെ ഭാരതീയ സംസ്കാരത്തിന്റെ വികാസപരിണാമങ്ങളുടെ സങ്കേതമെന്ന നിലയിലും ഈ പര്‍വതശിഖരം യശസ്സാര്‍ജിച്ചിട്ടുണ്ട്. ശിവപ്രീതി നേടാനായി മഹാവിഷ്ണുകൈലാസത്തില്‍ വന്നു തപസ്സ് ചെയ്തതായും വനവാസകാലത്ത് പാണ്ഡവന്മാര്‍ കൈലാസം സന്ദര്‍ശിച്ചിരുന്നതായും മഹാഭാരതത്തില്‍(ആദിപര്‍വം, ആനുശാസനികപര്‍വം) പ്രസ്താവിച്ചു കാണുന്നു. ഭീമസേനന്‍ കല്യാണസൗഗന്ധികപുഷ്പം പറിക്കാന്‍ ചെന്നതും കൈലാസപ്രാന്തത്തിലുള്ള കുബേരോദ്യാനത്തിലായിരുന്നുവത്രേ. ശിവഭക്തനായ രാവണന്‍ തന്റെ മാര്‍ഗത്തിനു തടസ്സമായിരുന്ന കൈലാസത്തെ പൊക്കിയെടുത്ത് അമ്മാനമാടുകയും അതുമൂലം ഭയചകിതയായ പാര്‍വതീദേവി ശിവനെ ഗാഢമായി കെട്ടിപ്പിടിക്കുകയും തത്ഫലമായി സന്തോഷിച്ച ശിവന്‍ രാവണനെ അനുഗ്രഹിച്ച് ചന്ദ്രഹാസ ഖഡ്ഗം സമ്മാനമായി നല്‍കുകയും ചെയ്തതായി പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. ഭഗീരഥന്‍ ശിവപ്രീതിക്കായി കൈലാസത്തില്‍ തപസ്സ് ചെയ്തതായും പുരാണപ്രസ്താവമുണ്ട്. ശ്രീരാമന്റെ വാനരസൈന്യത്തിലെ ഒരു സേനാപതിയായ ഗന്ധമാദനന്‍ ഇന്ദ്രജിത്തിനാല്‍ വധിക്കപ്പെട്ടപ്പോള്‍ ഹനുമാന്‍ കൈലാസത്തില്‍ നിന്ന് ഔഷധികൊണ്ടുവന്ന് അവനെ പുനരുജ്ജീവിപ്പിച്ചതായി രാമായണത്തിലും വര്‍ണിച്ചുകാണുന്നു. അങ്ങനെ ഇത് വിശിഷ്ടൌഷധങ്ങളുടെ കേദാരമായും ഗണിക്കപ്പെട്ടിരുന്നുവെന്ന് കാണാം. ഈ പരാമര്‍ശങ്ങള്‍ ഈ ഗിരിശിഖരത്തിന്റെ ചിരപുരാതനത്വവും പുണ്യശ്ളോകതയും വ്യക്തമാക്കുന്നു.
കവികളും വാഗ്ഗേയകാരന്മാരും കൈലാസവാസിയായ ശിവനെ വാഴ്ത്തിപ്പാടിയിട്ടുണ്ട്. കാളിദാസമഹാകവി ഉന്നതങ്ങളായ ശൃങ്ഗങ്ങള്‍ കൊണ്ട് ആകാശദേശത്തെ വ്യാപിച്ചു സ്ഥിതിചെയ്യുന്നവനും അമരവനിതാദര്‍പ്പണവുമായ കൈലാസത്തെ 'രാശീ ഭൂതഃ പ്രതിദിനമിവത്ര്യം ബകസ്യാട്ടഹാസഃ' (ഒന്നായുഗ്രാട്ടഹാസം പ്രതിദിനമിവിടെച്ചേര്‍ന്നുവാനില്‍ പരക്കുന്നെന്നാശങ്കിക്കുമാറ്) എന്നു വര്‍ണിച്ചിട്ടുണ്ട്. ആ ക്രീഡാശൈലത്തില്‍ സര്‍പ്പവളവെടിഞ്ഞ് ശിവഹസ്തമവലംബിച്ചുകൊണ്ട് പാര്‍വതീദേവി പാദചാരിണിയായി വിഹരിക്കുന്ന ചിത്രവും കാളിദാസന്‍ മേഘസന്ദേശത്തില്‍ വരച്ചുകാട്ടിയിരിക്കുന്നു. മാനസസരോവരം 'ഹേമാംഭോജപ്രസവി' യാണെന്നും അവിടത്തെ സുരയുവതികള്‍ മേഘത്തെ യന്ത്രധാരഗൃഹമാക്കിയേക്കുമെന്നും കൂടി പ്രസ്താവിക്കുന്ന കാളിദാസന്‍ കൈലാസത്തിന്റെ അനന്യസാധാരണമായ സൗഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഭാരവി, ബാണഭട്ടന്‍ തുടങ്ങിയ കവീശ്വരന്മാരും ഈ പര്‍വതശിഖരത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. കേരളീയകവികളില്‍ പുനവും കുഞ്ചന്‍ നമ്പ്യാരും കൈലാസത്തിന്റെ മനോഹരമായ ചിത്രം വരച്ചുകാട്ടിത്തരുന്നു. ഭാരതീയ സാഹിത്യവുമായി അഭേദ്യമായ ബന്ധമാണ് ഈ പൌരാണിക ഗിരിശിഖരത്തിനുള്ളത് എന്നത് തര്‍ക്കമറ്റ സംഗതിയാണ്.
'കൈലാസം നന്നാവാന്‍ പ്രദോഷം നോല്ക്കുക' (സ്വാമിയുടെ ഗുണത്തിനായി സ്വാമിയെ സേവിക്കുക) എന്നൊരു ചൊല്ലും മലയാളത്തില്‍ പ്രചാരത്തിലുണ്ട്. അമ്പലവാസികളില്‍ ഒരു വര്‍ഗവും 'കൈലാസവാസി' എന്ന പേരില്‍ അറിയപ്പെടുന്നു.

No comments: