Thursday, April 19, 2018

അശ്വമേധം തുടങ്ങിയ യജ്ഞങ്ങള്‍, കൃച്ഛം ചാന്ദ്രായണം തുടങ്ങിയ തപസ്സുകള്‍ ഇവയും കര്‍മങ്ങളുടെ പുണ്യപാപ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയില്ലേ? ശുദ്ധീകരിക്കും. പക്ഷേ അശ്വമേധാദികള്‍ ഓരോതരം പ്രത്യേക പാപകര്‍മങ്ങളുടെ മാലിന്യങ്ങളെ മാറ്റും. അത്രമാത്രം. എല്ലാത്തരം പുണ്യപാപ മാലിന്യങ്ങളെയും ഒന്നിച്ച്, ഒറ്റയടിക്ക് നശിപ്പിക്കാന്‍ അവ പര്യാപ്തങ്ങളല്ല. കോടിക്കണക്കില്‍ ജന്മങ്ങളില്‍ നാം ചെയ്തുകൂട്ടിയ പാപങ്ങളെയും ഈ ജന്മത്തില്‍ ചെയ്തുക്കൂട്ടിക്കൊണ്ടിരിക്കുന്ന പാപങ്ങളെയും ഇനിമേല്‍ പാപംചെയ്യാനുള്ള വാസനയെയും നശിപ്പിക്കാനുള്ള കഴിവ്, വേദത്തിലും ശാസ്ത്രങ്ങളിലും പറയപ്പെട്ട കര്‍മങ്ങള്‍ക്കില്ല-അതുകൊണ്ടാണ്, 'നഹി ജ്ഞാനേന സദൃശം പവിത്രമിഹ വിദ്യതേ'' എന്ന് ഭഗവാന്‍ പറയുന്നത്. ജീവാത്മക്കളുടെയും പരമാത്മാവായ ഭഗവാന്റെയും യഥാര്‍ത്ഥാവസ്ഥയും പരസ്പരബന്ധവും അറിയുക എന്ന രൂപത്തിലുള്ള ഈ ജ്ഞാനം ആര്‍ക്കുനേടാന്‍ കഴിയും? എന്ന ചോദ്യത്തിനുത്തരം പറയുന്നു. ''യോഗസംസിദ്ധഃ'' ഭക്തിയോഗത്തിന്റെയോ, ധ്യാനയോഗത്തിന്റെയോ പരിപൂര്‍ണാവസ്ഥയില്‍ എത്തിച്ചേര്‍ന്നവന് ഈ ജ്ഞാനം നേടാന്‍ കഴിയും. ലൗകികവും വൈദികവുമായ കര്‍മങ്ങള്‍ ഭഗവാന് ആരാധനയായിത്തീരുംവിധം അനുഷ്ഠിക്കുകയാണ് ഭക്തി എന്ന യോഗം. അത് തന്റെ ശീലമാക്കി മാറ്റിയവനാണ് ഭക്തിയോഗ സംസിദ്ധന്‍. ഭഗവാന്റെ സച്ചിദാനന്ദമയമായ രൂപത്തില്‍ മനസ്സിന്റെ മുഴുവന്‍ പ്രവര്‍ത്തനവും ആമഗ്നമാക്കുക. അതാണ് ധ്യാനയോഗം. അത് ശീലമാക്കി മാറ്റിയവന്‍ ധ്യാനയോഗ സംസിദ്ധന്‍. ഈ രണ്ടുവിധം ആളുകള്‍ക്കും ഭഗവത്തത്ത്വ വിജ്ഞാനം ലഭിക്കുന്നതാണ്. എപ്പോഴാണ് ലഭിക്കുക? പറയുന്നു- ''കാലേന''- പുണ്യപാപങ്ങളുടെ സ്വഭാവം (ഏറ്റക്കുറവുകള്‍) അനുസരിച്ച്, ജ്ഞാനലാഭത്തിന് കാലം നീളുകയോ കുറയുകയോ ചെയ്‌തേക്കാം. എവിടെയാണ് ഈ ജ്ഞാനമാകുന്ന ദീപം പ്രകാശിക്കുക? പറയുന്നു. ''ആത്മനി''- നമ്മുടെ ഹൃദയമാകുന്ന ആധാരത്തില്‍തന്നെ. ആരാണ് ഈ ജ്ഞാനദീപാഗ്നി ജ്വലിപ്പിച്ചുതരുന്നത്. അത് പത്തമധ്യായത്തിലെ 11-ാം ശ്ലോകത്തില്‍ ഭഗവാന്‍ പറയുന്നു. ''തേഷാമേവാനുകമ്പാര്‍ത്ഥ- മഹമജ്ഞാനേജൃംതമഃ നാശയാമ്യാത്മ ഭാവസ്ഥോ ജ്ഞാനദീപേന ഭാസ്വതാ. (സിദ്ധാവസ്ഥയില്‍ എത്തിയ ഭക്തിയോഗികളോടുള്ള കാരുണ്യം നിമിത്തം, ഞാന്‍ തന്നെ-ഈ കൃഷ്ണന്‍ തന്നെ-അവരുടെ അന്തഃകരണത്തില്‍ ആവിര്‍ഭവിച്ച്, അജ്ഞാനത്തില്‍നിന്ന് ഉദ്ഭവിച്ച് ഇരുട്ടിനെ ജ്ഞാനമാകുന്ന ദീപം ഉജ്ജ്വലിപ്പിച്ച് നശിപ്പിക്കും).

No comments: