കാലടിയില്‍ കൈപ്പള്ളി ഇല്ലത്തു വിദ്യാധിരാജന്റെ പുത്രനായി ശിവഗുരു എന്നൊരു ബ്രാഹ്മണശ്രേഷ്ഠനുണ്ടായിരുന്നു. അദ്ദേഹം ഇന്നത്തെ മൂവാറ്റുപുഴത്താലൂക്കില്‍പെട്ട മേല്‍പാഴൂരില്ലത്തെ ‘ആര്യ’ എന്ന അന്തര്‍ജ്ജനത്തെ പാണിഗ്രഹണം ചെയ്തു. ആര്യാംബയെ സതി എന്നും വിളിച്ചുവന്നു. ആ ദമ്പതിമാര്‍ അനപത്യതാദുഃഖത്താല്‍ പീഡിതരായി വളരെക്കാലം സമീപത്തുള്ള വൃഷഗിരി എന്ന ക്ഷേത്രത്തില്‍ ശിവനെ തപസ്സുചെയ്തു. അതിന്റെ ഫലമായി ഭഗവല്‍ പ്രസാദം ലഭിച്ച് അതിവിശിഷ്ടനെങ്കിലും അല്പായുര്യോഗമുള്ള ഒരു കുമാരനെ ആര്യ പ്രസവിച്ചു. ആ കുമാരനാണ് പിന്നീടു ജഗദ്ഗുരുവായിത്തീര്‍ന്ന ശങ്കരന്‍. ഉണ്ണിയെ മൂന്നാമത്തെ വയസ്സില്‍ പിതാവ് എഴുത്തിനിരുത്തുകയും ആ കൊല്ലത്തില്‍ തന്നെ കാലധര്‍മ്മം പ്രാപിക്കുകയും ചെയ്തു. അഞ്ചാമത്തെ വയസ്സില്‍ ശങ്കരന്‍ ഉപനീതനായി അതിവേഗത്തില്‍ സകല ശാസ്ത്രങ്ങളിലും പ്രശസ്തമായ പാണ്ഡിത്യം സമ്പാദിച്ചു. ബ്രഹ്മചര്യകാലത്ത് ഒരിക്കല്‍ അമ്മാത്തു ഭിക്ഷ യാചിക്കുവാന്‍ പോകുകയും ദരിദ്രയായ വിപ്രപത്നിയുടെ സങ്കടം കണ്ട് ശ്രീസ്തുതി എന്നുകൂടി പേരുള്ള കനകധാരാസ്തോത്രം നിര്‍മ്മിച്ച് ആകാശത്തില്‍നിന്നു കനകവര്‍ഷം ചെയ്യിക്കുകയും ചെയ്തതായി ഐതിഹ്യം പുകഴ്ത്തുന്നു. ഈ സംഭവം നടന്നതു സ്വാമികള്‍ സന്ന്യാസിയായി കേരളത്തിലേയ്ക്കു തിരിയെ വന്നപ്പോളാണെന്നും ഒരു പക്ഷമുണ്ട്. വയോധികയായ മാതാവിനു നടന്നുപോയി കുളിച്ചുവരാനുള്ള പ്രയാസം കണ്ട് പെരിയാറ്റിന്റെ ഒരു ശാഖ ഇല്ലത്തിന്റെ നടവഴിക്ക് ഒഴുകി. എട്ടാമത്തെ വയസ്സില്‍ മുതല കാലില്‍ കടിക്കവേ അമ്മയുടെ സമ്മതത്തോടുകൂടി ആപല്‍സന്ന്യാസം സ്വീകരിച്ചു. പെരിയാറ്റിന്റെ പുതിയ കൈവഴി കുടുംബപരദേവതയായ ശ്രീകൃഷ്ണസ്വാമിയുടെ ക്ഷേത്രം കുത്തിയെടുക്കാതിരിക്കത്തക്കവണ്ണം അതു നവീകരിച്ചു ബിംബം പുനഃപ്രതിഷ്ഠാപനം ചെയ്കയും ചെയ്തു.
അനന്തരം കര്‍മ്മകാണ്ഡനിഷ്ഠമായ കേരളത്തില്‍ തനിക്കു സന്ന്യാസഭിക്ഷ നല്‍കുന്നതിനു തക്ക ഗുരുവില്ലാതിരുന്നതിനാല്‍ അമ്മയുടെ അനുമതി വാങ്ങി നര്‍മ്മദാതീരത്തില്‍ച്ചെന്ന് അവിടെ ഗൗഡപാദന്റെ ശിഷ്യനായ ഗോവിന്ദഭഗവല്‍ പാദന്റെ അന്തേവാസിത്വം സ്വീകരിച്ചു. ‘കസ്ത്വം’ എന്നുള്ള ഗോവിന്ദാചാര്യന്റെ ചോദ്യത്തിന് ഉത്തരമാണ് ‘‘ന ഭൂമിര്‍ന്ന വായുര്‍ന്ന ഖം നേന്ദ്രിയം വാ’’ എന്നാരംഭിക്കുന്ന സുപ്രസിദ്ധമായ ദശശ്ലോകി. ഗോവിന്ദന്‍ സന്തോഷിച്ചു് അദ്ദേഹത്തെ സന്ന്യാസാശ്രമത്തില്‍ പ്രവേശിപ്പിച്ചു. അവിടെ കുറേക്കാലം അദ്വൈതവേദാന്തം അഭ്യസിച്ചതിനുമേല്‍ കാശിയില്‍ ചെന്ന് അവിടെ ബ്രാഹ്മനിഷ്ഠനായി കാലയാപനം ചെയ്തു. കാശിയില്‍വെച്ചാണ് നരസിംഹോപാസകനായ സനന്ദന്‍ അദ്ദേഹത്തിന്റെ പ്രഥമശിഷ്യനായിത്തീര്‍ന്നത്. അവിടെ സ്വാമികളുടെ അദ്വൈതവിചാരത്തിന്റെ പരിശുദ്ധതപരീക്ഷിക്കുവാന്‍ സാക്ഷാല്‍ ശ്രീപരമേശ്വരന്‍തന്നെ ചണ്ഡാലവേഷത്തില്‍ പ്രത്യക്ഷീഭവിച്ചു. അവര്‍ തമ്മില്‍ നടന്ന വാഗ്വാദത്തിന്റെ ഫലമായി സ്വാമികള്‍ ജീവാത്മപരമാത്മാക്കളുടെ ഐക്യം ശരിക്കുമനസ്സിലാക്കി ‘മനീഷാപഞ്ചംകം’ എന്ന മനോഹരമായ കൃതി നിര്‍മ്മിച്ചു. പിന്നീട് അവിടെയും ബദര്യാശ്രമത്തിലുമായി താമസിച്ചു പല സിദ്ധന്മാരുമായി കൂടിയാലോചിച്ചു നിഷ്കൃഷ്ടമായി അര്‍ത്ഥനിര്‍ണ്ണയം വരുത്തി ബാദരായണന്റെ (വ്യാസന്റെ) വേദാന്തസൂത്രങ്ങള്‍ക്കും മറ്റും ഭാഷ്യം രചിച്ചു. പാശുപതന്മാര്‍, നൈയായികന്മാര്‍ ഇവരെ വാദത്തില്‍ തോല്പിച്ചു സൂത്രകാരനായ വ്യാസഭഗവാനെ പ്രത്യക്ഷപ്പെടുത്തി അദ്ദേഹത്തിന്റെ അനുഗ്രഹവും സമ്പാദിച്ചു. അന്നു പതിനാറു വയസ്സേ ആചാര്യനു തികഞ്ഞിരുന്നുള്ളു എന്നും അതിനുമേല്‍ ആയുസ്സില്ലാതിരുന്നതിനാല്‍ സമാധിക്കു സന്നദ്ധനായി എന്നും വ്യാസന്റെ കാരുണ്യത്താല്‍ ദിഗ്വിജയത്തിനുവേണ്ടി പതിനാറു വര്‍ഷംകൂടി ജീവിതകാലം നീട്ടിക്കിട്ടി എന്നും ആസ്തിക്യന്മാരായ പുരാവിത്തുകള്‍ പറയുന്നു. ഭഗവല്‍പാദര്‍ പതിനാറാമത്തെ വയസ്സില്‍ മാത്രമേ കേരളം വിട്ടുപോയി ഗോവിന്ദസ്വാമികളുടെ ശിഷ്യനായുള്ളു എന്നാകുന്നു കേരളത്തിലെ ഐതിഹ്യം. ‘‘ഷോഡശാബ്ദേ സമാഗതേ സര്‍വജ്ഞത്വമഗാദേവ ശങ്കരശ്ശങ്കരാംശജഃ’’ എന്നു ഗോവിന്ദനാഥന്‍ ശങ്കരന്‍ കേരളം വിടുന്നതിനുമുന്‍പുള്ള കഥ വര്‍ണ്ണിക്കുന്നതു നോക്കുക.
പിന്നീടു സ്വാമികള്‍ ദിഗ്വിജയത്തിനായി പുറപ്പെട്ടു. പ്രയാഗത്തില്‍വെച്ച് ഉമിത്തീയില്‍ ചാടി പ്രാണത്യാഗം ചെയ്യുന്ന കുമാരിലഭട്ടനെ കാണുകയും അദ്ദേഹത്തിന്റെ ഉപദേശമനുസരിച്ചു മാഹിഷ്മതീ നഗരത്തില്‍ചെന്നു വിശ്വരൂപന്‍ എന്നു കൂടിപ്പേരുള്ള മണ്ഡനമിശ്രനെ വാദത്തില്‍ പരാജയപ്പെടുത്തി മീമാംസകമൂര്‍ദ്ധന്യനായിരുന്ന അദ്ദേഹത്തെക്കൊണ്ട് അദ്വൈത മതം സ്വീകരിപ്പിച്ചു സുരേശ്വരന്‍ എന്ന പേരില്‍ സന്യസ്തനാക്കി തന്റെ രണ്ടാമത്തെ ശിഷ്യനായി അങ്ഗീകരിക്കുകയും ചെയ്തു. വിശ്വരൂപന്‍ എന്നതു ഗൃഹസ്ഥാശ്രമത്തില്‍ അദ്ദേഹത്തിനുണ്ടായിരുന്ന പേരും മണ്ഡനന്‍ എന്നതു ബിരുദനാമവുമാകുന്നു എന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. യാജ്ഞവല്ക്യസ്മൃതിക്കു ബാലക്രീഡ എന്ന വ്യാഖ്യാനം അദ്ദേഹം നിര്‍മ്മിച്ചതു വിശ്വരൂപന്‍ എന്ന പേരിലാകുന്നു. മണ്ഡനനും സുരേശ്വരനും ഒന്നല്ലെന്നാണ് എന്റെ പക്ഷം. സ്വാമികളുടേയും മണ്ഡനന്റേയും വാദം നടന്നത്. ‘‘ഉഭയഭാരതി’’ എന്ന മഹാവിദുഷിയായ മണ്ഡനന്റെ ധര്‍മ്മപത്നിയുടെ മാധ്യസ്ഥത്തിലായിരുന്നു. മണ്ഡനന്‍ തോറ്റപ്പോള്‍ ഭാരതി തന്നെക്കൂടി തോല്പിച്ചാലല്ലാതെ ശങ്കരന്റെ വിജയം പൂര്‍ണ്ണമാകുകയില്ലെന്നു തര്‍ക്കിക്കുകയും ആ തര്‍ക്കം സമ്മതിച്ചു ശങ്കരന്‍ ആ പണ്ഡിതയോടും വാദം നടത്തുകയും ചെയ്തു. ഒടുവില്‍ പരാജിതയാകുമെന്നു കണ്ടപ്പോള്‍ ഭാരതി കാമശാസ്ത്രത്തില്‍ ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങുകയും നൈഷ്ഠികബ്രഹ്മചാരിയായ ശങ്കരന് ആ ചോദ്യങ്ങള്‍ക്ക് ഉത്തരം പറവാന്‍ നിവൃത്തിയില്ലാതെ തീര്‍ന്നതിനാല്‍ ഒരു മാസത്തെ അവധി വാങ്ങി അതിനല്പംമുമ്പു സ്വര്യാതനായ അമരുകരാജാവിന്റെ ശവശരീരത്തില്‍ യോഗശക്തികൊണ്ടു പ്രവേശിച്ച് അദ്ദേഹത്തിന്റെ പട്ടമഹിഷിയായ കാഞ്ചനമഞ്ജരിയും മറ്റുമായി തമിച്ചു തിരിയെ വന്നു ഭാരതിയെ ആ ശാസ്ത്രത്തിലും തോല്പിക്കുകയും ചെയ്തു. അത്രമാത്രം ശ്രമം ചെയ്തിട്ടാണ് സ്വാമികള്‍ മണ്ഡനനെ സ്വമതത്തിലേക്കു പരിവര്‍ത്തനം ചെയ്യിച്ചതെന്നു ശങ്കരചരിതങ്ങളില്‍ വര്‍ണ്ണിക്കുന്നു.
അതു കഴിഞ്ഞു ഭഗവല്‍പാദര്‍ ദക്ഷിണദേശത്തേക്കു യാത്രപുറപ്പെട്ടു. വഴക്കുവെച്ചു് ഒരു കാപാലികന്‍ സ്വാമികളോട് അദ്ദേഹത്തിന്റെ തല തനിക്കു മഹേശ്വരപൂജയ്ക്കായി തരണമെന്നു പ്രാര്‍ത്ഥിക്കുകയും സ്വാമികള്‍ അതു സസന്തോഷം സമ്മതിക്കുകയും ചെയ്തു. എങ്കിലും സനന്ദനനില്‍ ആവേശിച്ച നരസിംഹമൂര്‍ത്തി ആ പാപിയെ വധിച്ചു ഗുരുവിന്റെ ജീവനെ രക്ഷിച്ചു. അതിനുമുന്‍പു കാശിയില്‍വച്ചുതന്നെ അദ്ദേഹത്തിനു (സനന്ദനനു്) പത്മപാദന്‍ എന്നൊരു ബിരുദപ്പേര്‍ സിദ്ധിച്ചിരുന്നു. ഗങ്ഗയുടെ മറുകരയില്‍നിന്നു ഗുരു വിളിക്കുന്നതു കേട്ടു ഗുരുഭക്തി തന്നെ രക്ഷിക്കുമെന്നുള്ള അചഞ്ചലമായ വിശ്വാസത്തോടുകൂടി അദ്ദേഹം നദിയില്‍ നടന്നുതുടങ്ങി എന്നും അപ്പോള്‍ താന്‍ പാദന്യാസം ചെയ്ത സ്ഥലത്തെല്ലാം ഓരോ താമരപ്പൂവുണ്ടായി അദ്ദേഹത്തിന്റെ കാലടികളെത്താങ്ങി എന്നുമാണ് ഈ ബിരുദത്തിനു പഴമക്കാര്‍ പറയാറുള്ള ആഗമം. മൂകാംബിയില്‍നിന്ന് ആചര്യന്‍ തൌളവബ്രാഹ്മണര്‍ വസിക്കുന്ന ശ്രീവലിഗ്രാമത്തില്‍ ചെന്നു. അവിടെ പതിമ്മൂന്നു വയസ്സായ ഒരു ബാലന്‍ ജഡനെപ്പോലെയിരിക്കുന്നതു കണ്ടു. പിതാവായ പ്രഭാകരന്‍ വളരെ വ്യസനിച്ച് ആ ഉണ്ണിയെ ആചാര്യന്റെ സന്നിധിയില്‍കൊണ്ടുപോയി. ആചാര്യന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉണ്ണി വേദാന്തതത്വങ്ങള്‍ ഉള്ളങ്കൈയിലെ നെല്ലിക്കപ്പോലെ കണ്ട മാതിരിയില്‍ വിശദമായി ഉത്തരം പറയുകയാല്‍ അദ്ദേഹത്തിന്റെ ജാഡ്യം കേവലം ഭൗതികവിഷയങ്ങളിലാണെന്നു ഗ്രഹിച്ചു് അദ്ദേഹത്തെ തന്റെ മൂന്നാമത്തെ ശിഷ്യനായി സ്വീകരിച്ചു. ആ ശിഷ്യനെ ഹസ്താമലകനെന്നു പറയുന്നു.
തദനന്തരം ഋശ്യശൃങ്ഗമഹര്‍ഷിയുടെ തപോവൃത്തിയാല്‍ പണ്ടുതന്നെ പവിത്രമായ ശൃങ്ഗഗിരിയില്‍ (ശൃങ്ഗേരി) എത്തി അവിടെ ഒരു ക്ഷേത്രം പണിയിച്ചു് അതില്‍ ശാരദാ ദേവിയെ പ്രതിഷ്ഠിച്ചു് ഒരു മഠവും സ്ഥാപിച്ചു സുരേശ്വരനെ ആ മഠത്തിന്റെ അധ്യക്ഷനായി നിയമിച്ചു. ശൃങ്ഗേരിയില്‍ വെച്ചു് ആനന്ദഗിരി എന്ന നാലാമത്തെ ശിഷ്യനെ കിട്ടി. തോടകവൃത്തത്തില്‍ വേദാന്തവിഷയകമായി കവനംചെയ്യുന്നതിന് അദ്ദേഹത്തിനുണ്ടായിരുന്ന വിശേഷനൈപുണ്യം കൊണ്ട് അദ്ദേഹം തോടകന്‍ എന്ന പേരിലും അറിയപ്പെടുന്നു. ഈ ആനന്ദഗിരിയല്ല ഗുരുദിഗ്വിജയകാരന്‍. സ്വാമികള്‍ ശൃങ്ഗേരിയില്‍ താമസിച്ചുകൊണ്ടിരുന്നപ്പോള്‍ അമ്മയ്ക്ക് അന്ത്യകാലം ആസന്നമായി എന്നറിഞ്ഞു് അവിടെ നിന്നു പുറപ്പെട്ടു കാലടിയില്‍ എത്തി. അമ്മ സഗുണബ്രഹ്മോപദേശം ലഭിക്കണമെന്നു പ്രാര്‍ത്ഥിക്കുകയാല്‍ ആദ്യം ശിവഭുജങ്ഗമുണ്ടാക്കിച്ചൊല്ലുകയും അതു പോരെന്നു പറകയാല്‍ വിഷ്ണുഭുജങ്ഗമുണ്ടാക്കി ആ വയോധികയുടെ അന്തിമാശ സാധിക്കുകയും ചെയ്തു. മാതാവിന്റെ മരണാനന്തരം സന്ന്യാസി അപരക്രിയയ്ക്കു് അധികാരിയല്ലെന്നു കര്‍മ്മഠരായ അവിടത്തെ നമ്പൂരിമാര്‍ വിധിക്കുകയാല്‍ അവര്‍ ആ കാര്യത്തില്‍ അദ്ദേഹത്തിനു യാതൊരു സാഹായ്യവും ചെയ്യുകയുണ്ടായില്ല. തന്നിമിത്തം സ്വാമികള്‍ അവരെ ശപിച്ചു. ആചാര്യന്‍ അതിനു ശേഷം ശിഷ്യന്മാരോടുകൂടി കേരളമെങ്ങും സഞ്ചരിക്കുകയും പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. അക്കൂട്ടത്തില്‍ മാതുലഗൃഹത്തിലും പോയി.
പിന്നീടു പല ദേശങ്ങളിലും പര്യടനം ചെയ്തു ശാക്തന്മാര്‍, കാപാലികന്മാര്‍, പാഞ്ചരാത്രന്മാര്‍, ശൈവന്മാര്‍, ആര്‍ഹതന്മാര്‍ മുതലായ പല കൂട്ടരേയും സ്വാമികള്‍ വാദത്തില്‍ മടക്കി. ഗങ്ഗാനദീതീരത്തുവച്ചു ഗൗഡപാദാചാര്യരെക്കണ്ട് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി. ഒടുവില്‍ കാശ്മീരത്തില്‍ എത്തി സകലശാസ്ത്രവാദികളേയും ജയിച്ച് അന്നുവരെ ആര്‍ക്കുംതന്നെ തുറന്നുകൊടുക്കാതിരുന്ന അവിടത്തെ ശാരദാക്ഷേത്രത്തിന്റെ തെക്കേ വാതില്‍ തുറപ്പിച്ചു് ദേവിയുടെ പുരോഭാഗത്തുള്ള സര്‍വജ്ഞപീഠത്തെ ആരോഹണം ചെയ്തു. അതിനെത്തുടര്‍ന്നു ശൃങ്ഗേരിയിലെ മഠത്തിനുപുറമേ ഭാരതഭൂമിയുടെ കിഴക്കു്, പടിഞ്ഞാറ്, വടക്ക് എന്നീ മൂന്നു കോണങ്ങളില്‍ ജഗന്നാഥം, ദ്വാരക, ബദരി ഈ സ്ഥലങ്ങളിലായി മൂന്നു മഠങ്ങള്‍കൂടി സ്ഥാപിച്ചു് അവിടങ്ങളിലും ശാരദാപ്രതിഷ്ഠ നിര്‍വഹിച്ചു് അവയ്ക്കു് യഥാക്രമം തോടകന്‍, ഹസ്താമലകന്‍, പത്മപാദന്‍ ഇവരെ അധിപതികളാക്കി. അപ്പോഴേക്കും മുപ്പത്തിരണ്ടു വയസ്സു തികഞ്ഞു. അതോടുകൂടി തന്റെ ജന്മോദ്ദേശങ്ങളെല്ലാം സാധിച്ചുകഴിഞ്ഞതിനാല്‍ കൃതകൃത്യനായി അഭൗമപ്രഭാവനായ ആ യതീശ്വരന്‍ നിര്‍വികല്പസമാധിയില്‍ നിലീനനായി പാഞ്ചഭൗതികമായ ശരീരത്തെ പരിത്യജിച്ചു പരമപദത്തെ പ്രാപിച്ചു.
ഇതാണു് ഭഗവല്‍പാദരുടെ ജീവിതചരിത്രത്തിന്റെ സംക്ഷേപം. അതിമാനുഷങ്ങളായ അപദാനങ്ങളെ കഴിയുന്നതും ഒഴിക്കണമെന്നായിരുന്നു എന്റെ ആഗ്രഹമെങ്കിലും ഗത്യന്തരമില്ലായ്കയാല്‍ അവയില്‍ ചിലതെല്ലാം ഈ സംക്ഷേപത്തില്‍ സ്പര്‍ശിക്കേണ്ടതായി വന്നിട്ടുണ്ട്. സ്വാമികള്‍ തൃശ്ശൂരില്‍വെച്ചാണ് ദേഹവിയോഗം ചെയ്തത് എന്നുള്ളതിനു വടക്കുന്നാഥക്ഷേത്രത്തിലെ മതില്‍ക്കകത്തുള്ള ശംഖചക്രകുടീരത്തിനു പുറമേ, അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ അവിടെ സ്ഥാപിച്ച നാലു സന്ന്യാസിമഠങ്ങളും ജ്ഞാപകങ്ങളാണ് അവയില്‍ തെക്കേമഠം പത്മപാദന്റേയും ഇടയില്‍മഠം ഹസ്താമലകന്റെയും നടുവില്‍മഠം സുരേശ്വരന്റേയും വടക്കേമഠം തോടകന്റേയുമാണ്. ആ ആചാര്യന്മാര്‍ പ്രസ്തുത മഠങ്ങള്‍ സ്ഥാപിച്ചതു തങ്ങലുടെ ഗുരുവിന്റെ സമാധിസ്ഥലം കൂടക്കൂടെ സന്ദര്‍ശിച്ചു വന്ദിക്കുന്നതിനായിരുന്നു എന്നു പറഞ്ഞുവരുന്നു. ഇടയില്‍മഠം തെക്കേമഠത്തില്‍ പില്‍കാലത്തില്‍ ലയിച്ചുപോയി. വടക്കേ മഠം ബ്രഹ്മസ്വംമഠമായി മാറുന്നതിനുള്ള ഹേതു ഞാന്‍ അന്യത്ര പ്രസ്താവിച്ചിട്ടുണ്ട്. തെക്കേമഠവും നടുവിലേ മഠവും മാത്രമേ ഇപ്പോള്‍ സ്വാമിയാര്‍മഠങ്ങളായി അവശേഷിക്കുന്നുള്ളു. അവയ്ക്കു രണ്ടിനും അളവറ്റ സ്വത്തുണ്ടു്. കാലടിക്കടുത്തു കൈപ്പള്ളി എന്ന് ഇപ്പോള്‍ ഒരില്ലമുണ്ട്. എന്നാല്‍ അതു സ്വാമികളുടെ പൂര്‍വാശ്രമത്തിലെ ഗൃഹമല്ല. ആ ഗൃഹത്തിലെ സ്വത്തുക്കള്‍ തെക്കേമഠത്തില്‍ ഒതുങ്ങിയിരിക്കുകയാണ്. സ്വാമികളുടെ ഇല്ലപ്പറമ്പു തെക്കേമഠത്തില്‍നിന്നു വിലകൂടാതെ ശൃങ്ഗേരി മഠത്തിലേക്കു വിട്ടുകൊടുക്കുകയും അവിടെ ആ മഠത്തിലെ ഉപോത്തമാചാര്യനായിരുന്ന നരസിംഹഭാരതീസ്വാമികള്‍ കൊല്ലം 1085-ആമാണ്ടു കുംഭമാസം 10-ആംനു ജഗദംബാക്ഷേത്രവും ശങ്കരാചാര്യക്ഷേത്രവും പ്രതിഷ്ഠിച്ചു കാലടിയെ ശാപവിമുക്തമാക്കുകയും ചെയ്തത് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ.
No comments:
Post a Comment