Sunday, April 01, 2018

ടി. ആര്‍. ചിന്താമണി ആചാര്യന്റെ കാലം ക്രി.പി. 655 മുതല്‍ 687 വരെയാണെന്നു ചില രേഖകള്‍ ഉദ്ധരിച്ചു നിര്‍ദ്ദേശിക്കുന്നു. സുരേശ്വരന്റെ ബൃഹദാരണ്യക വാര്‍ത്തികത്തില്‍നിന്ന്
‘‘ആത്മാപി സദിദം ബ്രഹ്മ മോഹാല്‍ പാരോക്ഷ്യദൂഷിതം;
ബ്രഹ്മാപി സ തഥൈവാത്മാ സദ്വിതീയതയേക്ഷതേ’’
എന്ന ശ്ലോകം ജൈനഹരിവംശം രചിച്ച ജിനസേനന്റെ ഗുരുവായ വിദ്യാനന്ദന്‍ അദ്ദേഹത്തിന്റെ അഷ്ടാസാഹസ്രിയില്‍ ഉദ്ധരിക്കുന്നു എന്നും ജിനസേനന്‍ ക്രി.പി. 783-ല്‍ ജീവിച്ചിരുന്നു എന്ന് അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതാണ് ആ കാലഗണയ്ക്ക് ഒരാധാരം. വിശ്വരൂപന്‍ എന്നതു നാമകരണമുഹൂര്‍ത്തത്തില്‍ ലബ്ധമായ പേരും മണ്ഡനമിശ്രനെന്നതു ഗൃഹസ്ഥാശ്രമത്തില്‍ സിദ്ധിച്ച ബിരുദവും സുരേശ്വരനെന്നതു സന്ന്യാസാശ്രമസ്വീകാരത്തില്‍ അങ്ഗീകരിച്ച നാമധേയവുമാണെന്നു ചിലര്‍ പറയുന്നു. ഉംവേകനും ഭവഭൂതിയും ഒന്നാണെങ്കിലും വിശ്വരൂപന്‍ വിഭിന്നനാകുന്നതിനാണ് ഉപപത്തി അധികമുള്ളത്. മണ്ഡനന്‍ കുമാരിലന്റെ ശിഷ്യനായിരുന്നു എന്നുള്ളത് എങ്ങനെ നോക്കിയാലും നിര്‍വിവാദമാണ്. മണ്ഡനന്‍ ശങ്കരന്റെ ഒരു വാക്യത്തെ ഖണ്ഡിക്കുന്നതായി കല്പതരുകാരനായ അമലാനന്ദന്‍ (ക്രി.പി. പതിമ്മൂന്നാം ശതകം) പറയുന്നു; എന്നുമാത്രമല്ല ബ്രഹ്മസിദ്ധിയില്‍ മണ്ഡനന്‍ ശങ്കരന്റെ പ്രാചാര്യനായ ഗൗഡപാദന്റെ മാണ്ഡൂക്യകാരികയില്‍നിന്ന് ഒരു ശ്ലോകം ഉദ്ധരിക്കുകയും ചെയ്യുന്നു. ശങ്കരന്റെ ചില വാക്യങ്ങളെ ഭട്ടഭാസ്കരന്‍ വിമര്‍ശിക്കുകയും ഭാസ്കരന്റെ വിമര്‍ശനങ്ങള്‍ക്കു വാചസ്പതിമിശ്രന്‍ സമാധാനം പറയുകയും ചെയ്യുന്നുണ്ട്. ക്രി.പി. ഒന്‍പതാംശതകത്തിന്റെ ആരംഭത്തിലാണ് ശങ്കരന്‍ ജീവിച്ചിരുന്നതെങ്കില്‍ ഇതെല്ലാം സംഭാവ്യമാകുന്നതെങ്ങനെ? ഇത്തരത്തിലാണ് ആ പണ്ഡിതന്റെ വാദഗതി. പ്രൊഫസര്‍ എസ്സ്. കുപ്പുസ്വാമിശാസ്ത്രി ഈ മതത്തെ പൂര്‍ണ്ണമായി അങ്ഗീകരിക്കുന്നില്ല. സംക്ഷേപശാരീരക കര്‍ത്താവായ പ്രകാശാത്മയതി സുരേശ്വരന്റെ ശിഷ്യനാണെന്നു മധുസൂദനസരസ്വതി പ്രസ്താവിച്ചിട്ടുണ്ട്. പ്രകാശാത്മാവു താമ്രവര്‍ണ്ണീതീരത്തിലുള്ള ബ്രഹ്മദേശത്തില്‍ ജനിച്ച ഒരു പണ്ഡിതനാണ്. അദ്ദേഹം
‘‘ശ്രീദേവേശ്വരപാദപങ്കജരജ-
സ്സമ്പര്‍ക്കപൂതാശയ-
സ്സര്‍വജ്ഞാത്മഗിരാങ്കിതോ മുനിവര-
സ്സംക്ഷേപശാരീരകം
ചക്രേസജ്ജനബുദ്ധിവര്‍ദ്ധനമിദം
രാജന്യവംശ്യേ നൃപേ
ശ്രീമത്യക്ഷയശാസനേ മനുകുലാ-
ദിത്യേ ഭുവം ശാസതി’’
എന്ന പദ്യത്തില്‍ താന്‍ മനുകുലാദിത്യന്‍ എന്ന രാജാവിന്റെ കാലത്താണ് സംക്ഷേപശാരീരകം രചിച്ചതെന്നു പ്രസ്താവിച്ചിട്ടുണ്ട്. മനുകുലാദിത്യന്റെ തിരുമൂഴിക്കുളം ശാസനത്തില്‍ നിന്ന് ആ രാജാവ് ഭാസ്കരരവിവര്‍മ്മന്റെ (വാഴ്ച ക്രി.പി. 978–1027) കാലത്താണ് ജീവിച്ചിരുന്നതെന്നു വെളിവാകുന്നു. ഇതില്‍നിന്ന് ഒന്നുകില്‍ പ്രകാശാത്മാവു സുരേശ്വരന്റെ ശിഷ്യനല്ലെന്നും അല്ലെങ്കില്‍ അദ്ദേഹം സ്മരിക്കുന്ന മനുകുലാദിത്യന്‍ മറ്റൊരു രാജാവായിരുന്നിരിക്കണമെന്നുമാണ് അനുമാനിക്കേണ്ടത്. ദേവേശ്വരനും സുരേശ്വരനും ഒന്നാകണമെന്നില്ല. ആയാലത്തെ ഫലം സുരേശ്വരനെ പത്താം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലേക്കെങ്കിലും നയിക്കുക എന്നുള്ളതാണ്. അപ്പോള്‍ ഭഗവല്‍പാദര്‍ ഒന്‍പതാം ശതകത്തിന്റെ ഒടുവില്‍ ജീവിച്ചിരുന്നതായി സങ്കല്പിക്കണം; അത് ഏതുനിലക്കും അനുപപന്നമാണെന്നുള്ളതിനും പക്ഷാന്തരത്തിനു മാര്‍ഗ്ഗമില്ല. ഭഗവല്‍പാദരാണ് കൊല്ലവര്‍ഷം നടപ്പാക്കിയതെന്നു മി. ഹിരിയണ്ണാ പറയുന്നു; അത് ‘ആചാര്യവാഗഭേദ്യാ’ എന്ന കലിവാക്യത്തെ ആസ്പദമാക്കി മാത്രമാകയാല്‍ സ്വീകാര്യമല്ലെന്നു മുന്‍പുതന്നെ പ്രസ്താവിച്ചുകഴിഞ്ഞു. ആകെക്കൂടി നോക്കുമ്പോള്‍ ശങ്കരന്റെ ജീവിതകാലം ക്രി.പി. 788 മുതല്‍ 820 വരെയെന്നോ 805 മുതല്‍ 837 വരെയെന്നോ അല്ല 655 മുതല്‍ 687 വരെയെന്നു പറയുന്നതാണ് താരതമ്യേന സംഭാവ്യമായിട്ടുള്ളത്. ‘ന ശൿനോമി കര്‍ത്തും പരദ്രോഹലേശം’ ഇത്യാദിപദ്യത്തില്‍ ‘സുതദ്രോഹിണം’ എന്ന പദംകൊണ്ടു ഭഗവല്‍പാദര്‍ സ്മരിക്കുന്നതു ചിറുത്തൊണ്ടനായനാരെയാണെന്നു സമ്മതിച്ചാലും അദ്ദേഹം ക്രി.പി. 642-ല്‍ ജീവിച്ചിരുന്നതായി കാണുന്നതുകൊണ്ട് അതു പ്രസ്തുത കാലഗണനയ്ക്കു ബാധകമല്ല. ഇത്രയുംകൊണ്ട് ഈ പക്ഷം സിദ്ധാന്തദശയില്‍ എത്തിയതായി എനിക്കു് അഭിപ്രായമില്ലെന്നും ഉപരിഗവേഷണം ഇനിയും ആവശ്യകമാണെന്നും പ്രസ്താവിച്ചുകൊണ്ട് തല്‍ക്കാലം വിരമിക്കാം. ചുരുക്കത്തില്‍ ഭഗവല്‍പാദര്‍ ക്രി.പി. ഏഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിനു മുന്‍പോ ഒന്‍പതാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിനു പിന്‍പോ അല്ല ജീവിച്ചിരുന്നത് എന്നുമാത്രമേ നിഷ്കൃഷ്ടമായി സ്ഥാപിക്കുവാന്‍ സാധിക്കുകയുള്ളു.

No comments: