തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കില്‍ സ്ഥിതിചെയ്യുന്ന മഹാവിഷ്ണു ക്ഷേത്രം. വൈഷ്ണവര്‍ പ്രാധാന്യം നല്കുന്ന കേരളത്തിലെ പതിനൊന്ന് ദിവ്യദേശങ്ങളില്‍ ഒന്ന്. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിന് പണ്ട് 'മല്ലികാവനം' എന്ന പേരുണ്ടായിരുന്നതായി പറയപ്പെടുന്നു. ക്ഷേത്രത്തില്‍ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയ്ക്കു പുറമേ സുദര്‍ശനചക്രം, മഹാലക്ഷ്മി, വരാഹമൂര്‍ത്തി, ദക്ഷിണാമൂര്‍ത്തി, ഗണപതി, ശാസ്താവ് എന്നീ പ്രതിഷ്ഠകളുമുണ്ട്. ഇവിടെ ആദ്യം സുദര്‍ശനചക്രപ്രതിഷ്ഠ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും വിഷ്ണുപ്രതിഷ്ഠ പില്ക്കാലത്ത് ഉണ്ടായതാണ് എന്നും കരുതപ്പെടുന്നു. ചക്രപ്രതിഷ്ഠ ഉണ്ടായിരുന്നതിനാല്‍ ക്ഷേത്രമുള്ള സ്ഥലത്തിന് 'ചക്രപുരം' എന്ന പേരും കൈവന്നു.
ക്ഷേത്രത്തിലെ ഒറ്റക്കല്‍ കൊടിമരം വളരെ പ്രസിദ്ധമാണ്. 53 അടി ഉയരമുള്ള ഈ കൊടിമരത്തിനു മുകളില്‍ ശ്രീ ഗരുഡന്റെ ലോഹനിര്‍മിതമായ ഒരു പ്രതിമ ഉറപ്പിച്ചിരിക്കുന്നു. പ്രതിമ നിര്‍മിച്ചത് പെരുന്തച്ചനാണെന്നാണ് വിശ്വാസം. നൂറ്റാണ്ടുകളായി തുറക്കാത്ത ഒരു നിലവറയും ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തില്‍നിന്ന് ലഭിച്ച ചെപ്പേടുകളില്‍നിന്ന് ഇവിടെ പണ്ട് ദേവദാസി സമ്പ്രദായം നിലനിന്നിരുന്നതായി മനസ്സിലാക്കാം. ക്ഷേത്രത്തിനോടനുബന്ധിച്ച് ഒരു വേദപാഠശാലയും പ്രവര്‍ത്തിച്ചിരുന്നു. കൊല്ലവര്‍ഷം 1143 വരെ ഈ ക്ഷേത്രത്തിന്റെ നാലമ്പലത്തിനുള്ളില്‍ വിഷുവിനും തിരുവാതിരയ്ക്കും മാത്രമേ സ്ത്രീകള്‍ പ്രവേശിച്ചിരുന്നുള്ളൂ.
വൈഷ്ണവ ആഴ്വാര്‍മാര്‍ തിരുവല്ലക്ഷേത്രത്തിലെ മൂര്‍ത്തിയെ സ്തുതിച്ചുകൊണ്ട് നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ശ്രീവല്ലഭ ക്ഷേത്ര മാഹാത്മ്യം എന്ന പ്രാചീന സംസ്കൃതകൃതിയില്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ മാഹാത്മ്യവും പൂജാക്രമങ്ങളും മറ്റും വിശദീകരിച്ചിരിക്കുന്നു.
മുഖ്യപ്രതിഷ്ഠയായ മഹാവിഷ്ണുവിനെ അഞ്ച് വ്യത്യസ്ത രൂപങ്ങളില്‍ സങ്കല്പിച്ച് അഞ്ച് പൂജകള്‍ നിത്യേന നടത്തി വരുന്നു. ഉഷഃപൂജയില്‍ ബാലനായും എതൃത്തുപൂജയില്‍ ബ്രഹ്മചാരിയായും പന്തീരടിപൂജയില്‍ വനവാസിയായും ഉച്ചപൂജയില്‍ ഗൃഹസ്ഥനായും അത്താഴപൂജയില്‍ വിരാട്-പുരുഷനായുമാണ് സങ്കല്പിക്കുന്നത്. നിത്യവും അത്താഴപൂജയ്ക്കു ശേഷം ദുര്‍വാസാവ് മഹര്‍ഷി ക്ഷേത്രത്തില്‍ വരികയും പൂജ നടത്തുകയും ചെയ്യുന്നു എന്ന ഒരു വിശ്വാസം നിലവിലുണ്ട്. പടറ്റിപഴം നേദിക്കുന്നത് ഇവിടത്തെ പ്രധാന വഴിപാടാണ്. ഇവിടത്തെ മറ്റൊരു വഴിപാട് കഥകളി അര്‍പ്പിക്കലാണ്. കിഴക്കേ ഗോപുരത്തില്‍ കഥകളി നടക്കുമ്പോള്‍ ശ്രീകോവില്‍ തുറന്നുവച്ചിരിക്കും. പ്രതിഷ്ഠാമൂര്‍ത്തി കഥകളി ആസ്വദിക്കുന്നത് വില്വമംഗലത്ത് സ്വാമിയാര്‍ നേരിട്ടു കണ്ടു എന്ന വിശ്വാസമാണ് ഇതിനു നിദാനം. ഈ വിശ്വാസത്തിന്റെ സൂചനയായി കഥകളിവേദിയില്‍ പട്ട് തുണികൊണ്ട് മൂടിയ ഒരു പീഠവും നിലവിളക്കും ഭഗവാനായി വയ്ക്കാറുണ്ട്.
No comments:
Post a Comment