Wednesday, April 18, 2018

കാലാഗ്നിരുദ്രാപനിഷത്ത്‌

കാലാഗ്നിയെസര്‍വസംഹാരകമായ പ്രളയാഗ്നി തുല്യനായ രുദ്രനെകുറിച്ചുള്ള ഉപനിഷത്ത്‌. ഉപനിഷത്ത്‌ എന്ന പദത്തിന്‌ ആത്മവിദ്യയെന്നര്‍ഥം. ആത്മവിദ്യാപ്രതിപാദകമായ ഗ്രന്ഥവും "താദര്‍ഥ്യാത്താച്ഛബ്‌ദ്യം' (അതിനുവേണ്ടിയുള്ളതിനെ അതായി വ്യവഹരിക്കുകആയുസ്സിനുവേണ്ടിയുള്ള ഘൃതത്തെ "ആയുര്‍ഘൃതം' എന്ന വ്യവഹരിക്കാറുണ്ടല്ലോ) എന്ന ന്യായത്താല്‍ "ഉപനിഷത്ത്‌' എന്ന്‌ വ്യവഹാരത്തിനു വിഷയമാകും. അതുപോലെ പ്രകൃതത്തില്‍ കാലാഗ്നിരുദ്രനെ ഉപാസിക്കുന്ന ഋഷിയെയും അഭേദോപചാരത്താല്‍ കാലാഗ്നിരുദ്രനായി ഗണിക്കാം. അങ്ങനെ കാലാഗ്നിരുദ്രനായ ഋഷീശ്വരനാല്‍ പ്രാക്തമായ ഉപനിഷത്ത്‌ (കഠനാല്‍ പ്രാക്തമായ ഉപനിഷത്ത്‌ കഠോപനിഷത്ത്‌ എന്നപോലെ) കാലാഗ്നിരുദ്രാപനിഷത്ത്‌ എന്ന്‌ വന്നുകൂടുന്നു. ഇത്‌ താരതമ്യേന അര്‍വാചീനമാണ്‌.
ഭസ്‌മധാരണം ബ്രഹ്മജ്ഞാനോപായമായി ഗണിക്കപ്പെടുന്നു. പ്രകൃതോപനിഷത്തില്‍ ഭസ്‌മത്രിപുണ്‌ഡ്രധാരണ വിധിയാണ്‌ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്‌. ഭസ്‌മധാരണത്തിന്റെ ദ്രവ്യം, സ്ഥാനം, പ്രമാണം, രേഖ, മന്ത്രങ്ങള്‍, ശക്തി, ദൈവതം, കര്‍ത്താവ്‌, ഫലം എന്നിവയെക്കുറിച്ച്‌ സനത്‌കുമാരന്‍ ഭഗവാന്‍ കാലാഗ്നി രുദ്രനോട്‌ ചോദിക്കുന്നു. ആഗ്നേയം ഭസ്‌മം ദ്രവ്യമാണെന്നും സഭ്യോജാതാദിമന്ത്രങ്ങള്‍ ജപിച്ച അത്‌ ഗ്രഹിച്ച്‌ ജലംകൊണ്ടു കുഴച്ച്‌ ശിരസ്സ്‌, ലലാടം, വക്ഷസ്സ്‌, സ്‌കന്ധം എന്നിവിടങ്ങളില്‍ വിലങ്ങനെ മുമ്മൂന്നുരേഖകളായി ധരിക്കണമെന്നും ഭഗവാന്‍, സനത്‌കുമാരന്‌ ഉപദേശിച്ചുകൊടുക്കുന്നു. തുടര്‍ന്ന്‌ പ്രഥമരേഖ ഭൂലോകം, രജസ്സ്‌, ക്രിയാശക്തി, ഋഗ്വേദം എന്നിവയെയും ദ്വിതീയരേഖ അന്തരീക്ഷം, സത്ത്വം, ഇച്ഛാശക്തി, യജുര്‍വേദം എന്നിവയെയും തൃതീയരേഖ ദ്യുലോകം, തമസ്സ്‌, ജ്ഞാനശക്തി, സാമവേദം എന്നിവയെയും പ്രതിനിധീകരിക്കുന്നുവെന്നും പ്രസ്‌താവിക്കുന്നു. ഇപ്രകാരം ഭസ്‌മംകൊണ്ട്‌ ത്രിപുണ്‌ഡ്രം ധരിക്കുന്നവന്‍ സകലഭോഗാനുഭവങ്ങള്‍ക്കുംശേഷം ശരീരം ത്യജിച്ച്‌ ശിവസായുജ്യം പ്രാപിക്കുമെന്നും അവനു പുനരാവൃത്തിയില്ലെന്നും പ്രസ്‌താവിച്ചുകൊണ്ട്‌ ഉപസംഹരിക്കുന്നു.
(പ്രാഫ. ആര്‍. വാസുദേവന്‍ പോറ്റി)

No comments: