ആദൌപദാര്‍ത്ഥാവഗതിര്‍ഹി കാരണം
വാക്യാര്‍ത്ഥവിജ്ഞാനവിധൗ വിധാനതഃ
തത്ത്വം പദാര്‍ത്ഥൗ പരമാത്മജീവകാ-
വസീതി ചൈകാത്മ്യമഥാനയോര്‍ഭവേല്‍. (23)
വാക്യത്തിന്റെ അര്‍ത്ഥത്തെ അറിയണമെങ്കില്‍ ആദ്യമായി പദങ്ങളുടെ അര്‍ത്ഥമാണ് അറിയേണ്ടത്. അതെന്താണെന്നാല്‍ ‘തത്ത്വമസി’എന്ന വാക്യത്തില്‍ ‘തത് ത്വംഎന്നീ പദങ്ങളെക്കൊണ്ട് പരമാത്മാവിനെയും ജീവാത്മാവിനെയും ‘അസി എന്ന പദംകൊണ്ട് അതുരണ്ടും ഒന്നാണെന്നും മനസ്സിലാക്കണം. അതുനീതന്നെയെന്നു പറയുമ്പോള്‍ ഞാനും പരമാത്മാവും രണ്ടെന്നാണു തോന്നുക. ഈ ദ്വൈതബോധം നശിച്ച് രണ്ടും ഒന്നുതന്നെയെന്ന് അറിയുമ്പോള്‍ ആത്മസായുജ്യം ലഭിക്കുന്നു.
പ്രത്യക്പരോക്ഷാദിവിരോധമാത്മനോ
വിഹായ സംഗൃഹ്യ തയോശ്ചിദാത്മതാം
സംശോധിതാം ലക്ഷണയാ ച ലക്ഷിതാം
ജ്ഞാത്വാ സ്വമാത്മാനമഥാദ്വയോഭവേത്. (24)
ജീവാത്മാവിനെയും പരമാത്മാവിനെയും കുറിച്ച് ‘പ്രത്യക്ഷം’ ‘പരോക്ഷം’ എന്നിങ്ങനെയുള്ള വ്യത്യാസബുദ്ധി ഉപേക്ഷിക്കണം. അതുരണ്ടും ഏകമായ ചിത്തുതന്നെയെന്ന് ഗ്രഹിക്കുക. നല്ലവണ്ണം ആലോചിച്ചാല്‍ പ്രത്യക്‌ലക്ഷണംകൊണ്ടും(പ്രത്യക്ഷത്തില്‍ കാണുന്ന അര്‍ത്ഥം) പരോക്ഷലക്ഷണം (സന്ദര്‍ഭവശാല്‍ വരുന്ന അര്‍ത്ഥവിശേഷം) കൊണ്ടും അത് കാണാന്‍ സാധിക്കും. അതറിഞ്ഞുകഴിയുമ്പോള്‍ താന്‍ ആ പരമാത്മാവുതന്നെ എന്ന് അറിയാന്‍ സാധിക്കും. അപ്പോള്‍ രണ്ടെന്ന ഭാവം ഇല്ലാത്തവനായി ജീവാത്മാവും പരമാത്മാവും ഏകനായിത്തീരും.
കുറിപ്പ്- പരമാത്മാവിനെ സംബന്ധിച്ചിടത്തോളം പ്രത്യക്ഷമോ പരോക്ഷമോ ഇല്ല. അത് ചിത്തിലുണ്ടാകുന്ന അനുഭവമാണ്. ചിന്തിച്ചുനോക്കിയാല്‍ പ്രത്യക്ഷത്തിലും പരോക്ഷത്തിലും തെളിയുന്നത് ഒരേ ആത്മാവുതന്നെ. അതായത് ജീവാത്മാവും പരമാത്മാവും രണ്ടല്ല. ഒന്നാണ്.
ഏകാത്മകത്വാജ്ജഹതീ ന സംഭവേല്‍
തഥാളജഹല്ലക്ഷണതാ വിരോധതഃ
സോളയം പദാര്‍ത്ഥാവിവ ഭാഗലക്ഷണാ
യുജ്യേത തത്വം പദയോരദോഷതഃ 25
ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയായതുകൊണ്ട് അജഹല്ലക്ഷണയും വരില്ല. വിപരീതംകൊണ്ടും അജഹല്ലക്ഷണവരില്ല. അതിനാല്‍ ‘‘സോയം’’ (അവന്‍ തന്നെ ഇവന്‍) എന്ന പദാര്‍ത്ഥംപോലെ ഭാഗലക്ഷണ ഇവിടെ യോജിക്കുന്നു.അതെങ്ങനെ യോജിക്കും? ‘‘തത്ത്വം’ ( അതു നീതന്നെ) എന്നീപദങ്ങള്‍ മഹാവാക്യത്തിലുള്ളവയായതിനാല്‍ അതിനു ദോഷം സംഭവിക്കുന്നില്ല.
കുറിപ്പ് - ശബ്ദങ്ങള്‍ക്ക് വാച്യം, വ്യംഗ്യം, ലക്ഷണ എന്നിങ്ങനെ മൂന്നുരൂപത്തില്‍ അര്‍ത്ഥം പറയാം.വാക്കിന്റെ നേരിട്ടുള്ള അര്‍ത്ഥം വാച്യാര്‍ത്ഥം. അതില്‍ ഉള്ളടക്കിയിരിക്കുന്ന അര്‍ത്ഥം വ്യംഗ്യാര്‍ത്ഥ്യം. വാച്യമോ വ്യംഗ്യമോ അല്ലാതെ മറ്റോരര്‍ത്ഥം അനുമാനിച്ചെടുക്കുന്നത് ലക്ഷണാര്‍ത്ഥം. ജഹല്ലക്ഷണ, അജഹല്ലക്ഷണ, ജഹദജഹല്ലക്ഷണ എന്നിങ്ങനെ മൂന്നുവിധം ലക്ഷണയുണ്ട്. വാക്യത്തിന്റെ വാച്യാര്‍ത്ഥം മുഴുവന്‍ ത്യജിച്ചിട്ട് മറ്റൊരര്‍ത്ഥം സ്വീകരിക്കുന്നത് ജഹല്ലക്ഷണ.ഉദാഹരണം- ‘ഗംഗായാം ഘോഷഃ’’(ഗംഗയിലാണ് ഗോശാല) എന്നുപറഞ്ഞാല്‍ ജലപ്രവാഹത്തില്‍ ഗോശാലയുണ്ടെന്നല്ല. ഗംഗയുടെ അടുത്താണ് ഗോശാലഎന്നാണ് അനുമാനിക്കേണ്ടത്. വാക്യത്തിന്റെ ഏതാനും ഭാഗത്തെ സ്വീകരിച്ചിട്ട് അതില്‍ പുതിയ അര്‍ത്ഥം കല്പിക്കുന്നത് അജഹല്ലക്ഷണ. ഉദാഹരണം കാകേഭ്യോദധി രക്ഷ്യതാം’എന്നുപറഞ്ഞാല്‍ കാക്കകളില്‍ നിന്നും തൈരു രക്ഷിക്കണം’എന്നല്ല അര്‍ത്ഥം. കാക്ക പട്ടി തുടങ്ങിയജീവികള്‍ എടുക്കാത്തവിധംതൈരു സൂക്ഷിക്കണം’എന്നര്‍ത്ഥമാണ്. സ്വന്തം അര്‍ത്ഥം വിട്ടും വിടാതെയുമുള്ള ലക്ഷണാവൃത്തിയാണ് ജഹദജഹല്ലക്ഷണ. ഉദാഹരണം ‘ആദിത്യനും മിന്നാമിനുങ്ങും ഒന്നാണ്.’ഇവിടെ ആദിത്യന്റെ പ്രകാശവും മിന്നാമിനുങ്ങിന്റെ ആദിത്യനെന്നുള്ള ഭാവവും എന്നര്‍ത്ഥമാണ്. രണ്ടിലും സമമായുള്ളത് പ്രകാശമാണ്. ഈ ലക്ഷണാ സമ്പ്രദായങ്ങളെക്കൊണ്ടാണ് ജീവാത്മാവും പരമാത്മാവും ഒന്നാണ് എന്നു ബോധിക്കേണ്ടത്.
janmabhumi
No comments:
Post a Comment