'ഓമിത്യേതത്' എന്ന മന്ത്രത്തോടെയാണ് ഛാന്ദോഗ്യോപനിഷത്ത് ആരംഭിക്കുന്നത്. കര്‍മ്മങ്ങളിലൂടെ പരമപുരുഷാര്‍ത്ഥം ഉണ്ടാകില്ലെന്നു മനസിലാക്കി സംസാരഗതിക്ക് കാരണമായ കര്‍മ്മത്തേയും അതിന് കാരണമായ കാമത്തേയും നിരാകരിച്ച് അദ്വൈത ആത്മവിജ്ഞാനം പ്രതിപാദിക്കാനായാണ് ഛാന്ദോഗ്യം ഇങ്ങനെ തുടങ്ങുന്നത്. അദ്വൈതാത്മവിജ്ഞാനമില്ലാതെ ആത്യന്തികമായ നിശ്രേയസ്സ് കിട്ടുകയുമില്ല. വിദ്യകൊണ്ട് അവിദ്യയെ നിരസിച്ച് തന്നെ താന്‍ അറിഞ്ഞാല്‍ പരമാത്മാവായിത്തീരും എന്ന് ശ്രുതി പറയുന്നു. അല്ലാത്തവന്‍ കര്‍മ്മത്തില്‍പ്പെട്ടുഴറി നശ്വരഫലത്തെ മാത്രം നേടുന്നു.
അദ്വൈതമായ ആത്മാവിനെ സത്യമെന്ന് വിശ്വസിക്കുന്നയാള്‍ക്ക് സംസാരദുഃഖനിവൃത്തിയും മോക്ഷപ്രാപ്തിയുമുണ്ടാകും. അവിദ്യാ ദോഷമുള്ളവന് കര്‍മ്മം വിധിച്ചിരിക്കുന്നുണ്ട്. അദ്വൈതജ്ഞാനമുള്ളവന് വേണ്ട. ബ്രഹ്മചാരി, ഗൃഹസ്ഥന്‍, വാനപ്രസ്ഥന്‍ എന്നിവര്‍ക്ക് പുണ്യലോകങ്ങള്‍ ലഭിക്കാന്‍ ഇടയുണ്ട്. എന്നാല്‍ ബ്രഹ്മവിത്ത് അമൃതത്വത്തെ നേടും.
അദ്വൈതവിദ്യാ പ്രകരണത്തില്‍ അഭ്യുദയ സാധനങ്ങളായ ഉപാസനങ്ങളും ക്രമമുക്തിയാകുന്ന ഫലം നല്‍കുന്ന മനോമയാദി ഉപാസനങ്ങളും കര്‍മ്മസംബന്ധിയായ ഉപാസനങ്ങളും പറയുന്നു. അദ്വൈതജ്ഞാനത്തിനും ഉപാസനങ്ങള്‍ക്കും തമ്മില്‍ വ്യത്യാസമുണ്ട്. രണ്ടെന്ന ഭാവത്തെ ഇല്ലാതാക്കിത്തീര്‍ക്കുന്നതാണ് അദ്വൈത വിജ്ഞാനം. ഉപാസനം ഒന്നിലേക്ക് മാത്രം ചിത്തവൃത്തിയെ തുടര്‍ച്ചയായി ഉണ്ടാക്കുന്ന തരത്തില്‍ ശാസ്ത്രവിധിപ്രകാരം ഒരു ആലംബനത്തെ സ്വീകരിച്ച് ചെയ്യുന്നതാണ്. ഉപാസനത്തിലൂടെ വസ്തുതത്വം അറിഞ്ഞ് അദ്വൈത ജ്ഞാനത്തിലെത്താം. ഒരു ആലംബനമുണ്ട് എന്നതിനാല്‍ എളുപ്പവുമാണ്. അതിനാലാണ് ഉപാസനത്തെ ആദ്യം പറയുന്നത്. കര്‍മ്മത്തെ വെടിഞ്ഞ് ഉപാസനത്തില്‍ മനസ്സിനെ സമര്‍പ്പിക്കാന്‍ പ്രയാസമായതിനാല്‍ കര്‍മത്തിനോട് ബന്ധമുള്ള ഉപാസനത്തെ പറഞ്ഞുകൊണ്ടാണ് തുടങ്ങുന്നത്.
ഒന്നാം അധ്യായത്തില്‍ 13 ഖണ്ഡങ്ങളുണ്ട്. ഓങ്കാര ഉപാസന അഥവാ ഉദ്ഗീഥത്തോടെയാണ് ആരംഭിക്കുന്നത്.
ഓമിത്യേതദക്ഷരമുദ്ഗീഥ മുപാസീത
ഓമിതി ഹ്യുദ്ഗായതി
തസ്യോപവ്യാഖ്യാനം
ഉദ്ഗീഥമെന്നു പറയുന്ന ഓം എന്ന അക്ഷരത്തെ ഉപാസിക്കണം. ഓം എന്നാണല്ലോ ഉദ്ഗാനം ചെയ്യുന്നത്. ആ അക്ഷരത്തിന്റെ ഉപവ്യാഖ്യാനം ആരംഭിക്കുന്നു.
'ഓം' എന്ന അക്ഷരം പരമാത്മാവിന്റെ ഏറ്റവും അടുത്ത പേരാണ്. ലോകത്തുള്ള ആളുകളെ അവരുടെ പേര് വിളിച്ച് അഭിസംബോധന ചെയ്യുമ്പോള്‍ കേള്‍ക്കുന്നതില്‍ താല്‍പര്യമുണ്ടാകുന്നതുപോലെ ഓം എന്ന ഏകാക്ഷര മന്ത്രംകൊണ്ട് പരമാത്മാവ് പ്രസാദിക്കുന്നു. 'ഇതി' എന്ന വാക്ക് കൂടെചേര്‍ത്തിരിക്കുന്നതിനാല്‍ 'ഓം' എന്നതിന്റെ അര്‍ത്ഥമല്ല. ശബ്ദസ്വരൂപത്തെ അറിയണം എന്ന് മനസ്സിലാക്കണം. അതുകൊണ്ട് പരമാത്മാവിന്റെ പ്രതീകമാണ് ഓം പേര് എന്ന നിലയിലും പ്രതീകം എന്ന നിലയിലും ഓം എന്നത് ശ്രേഷ്ഠമായ പരമാത്മാ ഉപാസന സാധനയാണ്.
ജപം, കര്‍മ്മം, സ്വാദ്ധ്യായം എന്നിവയിലൊക്കെ 'ഓം' പലതവണ പ്രയോഗിക്കാറുണ്ട്. ഉദ്ഗാനം ചെയ്യുന്നത് ഓം എന്ന് തുടങ്ങിയതിനാല്‍ ഓങ്കാരത്തെ ഉദ്ഗീഥമെന്നു പറയുന്നു. ഉദ്ഗീഥ ഭക്തിക്ക് അവയവമായതിനാല്‍ ഉദ്ഗീഥമെന്ന് വിളിക്കാറുണ്ട്. ഉദ്ഗീഥമായ ഓങ്കാരത്തെ ഉപാസിക്കുകതന്നെ വേണം. കര്‍മ്മാംഗത്തിന് അവയവമായ ഓങ്കാരത്തില്‍ ഉറച്ചതും ഏകാഗ്രവുമായ ചിത്തവൃത്തി തുടര്‍ച്ചയായി ഉണ്ടായിരിക്കണം. ഓങ്കാരത്തിന്റെ ഉപാസനം എങ്ങനെയാണ് ആ അക്ഷരത്തിന്റെ വിഭൂതികള്‍ എന്തൊക്കെയാണ്. ഉപാസനത്തിന്റെ ഫലം ഏതൊക്കെയെന്ന് പറയുവാന്‍ പോകുന്നു.
ഭൂതജാലങ്ങളുടെ രസം ഭൂമിയും ഭൂമിയുടെ രസം ജലവും ജലത്തിന്റെ രസം ഓഷധികളും ഓഷധികളുടെ രസം പുരുഷനും പുരുഷന്റെ രസം വാക്കും വാക്കിന്റെ രസം ഋക്കും ഋക്കിന്റെ രസം സാമവും സാമത്തിന്റെ രസം ഉദ്ഗീഥവുമാണ്. ഉദ്ഗീഥമെന്ന എട്ടാമത്തേതായ ഓങ്കാരം അങ്ങേയറ്റത്തെ രസവും പരമവും പരമാത്മാവ് എന്ന സ്ഥാനത്തിന് അര്‍ഹതയുള്ളതുമാണ്. ഋക് എന്ന വാക്കും സാമം എന്ന പ്രാണനും മിഥുനമാണ്. ഈ മിഥുനം ഓം എന്ന അക്ഷരത്തില്‍ ചേര്‍ന്നിരിക്കുമ്പോള്‍ കൂടിച്ചേരുന്ന സ്ത്രീപുരുഷന്‍മാര്‍ കാമത്തെ നേടുന്നു. സര്‍വ്വകാമ പ്രാപ്തി എന്ന ഗുണത്തോടെ മിഥുനം ഓങ്കാരത്തില്‍ ചേര്‍ന്നിരിക്കുന്നതിനാല്‍ ഓങ്കാരം എല്ലാ ആഗ്രഹങ്ങളേയും സാധിപ്പിക്കുന്നു. ഇങ്ങനെ അറിഞ്ഞ് ഓങ്കാരത്തെ ഉപാസിക്കുന്ന ഉദ്ഗാതാവിനും അതിന്റെ ധര്‍മ്മം ഉണ്ടാകും. അയാളുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കും. ഓം എന്നത് അനുജ്ഞാനരൂപമായ അക്ഷരമാണ്. അനുമതിയെ നല്‍കുന്നതാണത്. ഇത് സമൃദ്ധിയെ കുറിക്കുന്നതാണ്. ഇപ്രകാരം ഓങ്കാരമായ ഉദ്ഗീഥത്തെ ഉപാസിക്കുന്നയാള്‍ കാമങ്ങളെ വര്‍ധിപ്പിക്കുന്നവനായിത്തീരും.
അറിവ്, ധനം എന്നിവ നല്‍കുമ്പോള്‍ 'ഓം' ഉച്ചരിച്ച് കൊടുക്കുന്ന സമ്പ്രദായമുണ്ട്. ഇതിനാലാണ് 'ഓം' എന്നതിനെ അനുജ്ഞം അക്ഷരം എന്നു പറഞ്ഞത്. ഓം എന്നത് ഉപാസ്യമായതിനാല്‍ പിന്നെ അതിനെ സ്തുതിക്കുന്നു. ത്രയീവിദ്യയില്‍ ഓം എന്ന് ചൊല്ലിയാണ് ആശ്രാവണവും ശാസനയും ഉദ്ഗാനവും ചെയ്യുന്നത്. ത്രയീവിദ്യയിലെ കര്‍മ്മമാണ് ഇവിടെ പറഞ്ഞത്. അത് സോമയാഗമാണ്. ഓം പരമാത്മാവിന്റെ പ്രതീകമായതിനാല്‍ വേദവിഹിതകര്‍മ്മം പരമാത്മാപൂജയാണ്. ഓങ്കാരത്തിന്റെ മഹത്വംകൊണ്ടാണ് വേദവിഹിതകര്‍മ്മം വേണ്ടപോലെ നല്‍കുന്നത്. ഓം എന്നതിനെ അറിയുന്നവരും അറിയാത്തവരും ആ അക്ഷരംകൊണ്ട് കര്‍മ്മം ചെയ്യുന്നു. അറിഞ്ഞ് ചെയ്താല്‍ അത് ഏറ്റവും വീര്യമുള്ളതായിത്തീരുന്നു. ഇങ്ങനെ പറഞ്ഞത് ഓങ്കാരത്തിന്റെ ഉപവ്യാഖ്യാനമാണ്.
9495746977
No comments:
Post a Comment