ഗരുഡോപനിഷത്ത്
അഥര്‍വവേദാന്തഗതമായ ഒരു വൈഷ്ണവോപനിഷത്ത്. ഗരുഡന്റെ വിഷഹാരശക്തിയാണ് പ്രതിപാദ്യവിഷയം. ഗരുഡദൈവതാപരമായ വിഷനാശകമന്ത്രം എന്നും പേരുണ്ട്. ഗരുഡന്റെ പ്രീതിക്കും സകല വിഷനാശത്തിനും ഇത് പഠിക്കണമെന്നും അമാവാസിദിവസം പഠിച്ചാല്‍ ശരിക്കും സര്‍പ്പദംശനമേല്ക്കില്ലെന്നും ഇതിന്റെ ഫലശ്രുതിയില്‍ പറയുന്നു. മന്ത്രത്തിന്റെ ഋഷി ബ്രഹ്മാവും ഛന്ദസ് ഗായത്രിയും ദേവത ഗരുഡനുമാണ്.
ഇടതുകാല്‍ മടക്കി വലതുകാലില്‍ സ്വസ്തികാസനത്തില്‍ ഇരിക്കുന്ന ഗരുഡന്‍ വാസുകിയെ യജ്ഞോപവീതമായും തക്ഷകനെ മേഖലാസൂത്രമായും കാര്‍ക്കോടകനെ മാലയായും അണിഞ്ഞിരിക്കുന്നു. പദ്മം, മഹാപദ്മം എന്നീ രണ്ടു നിധികളെ വലതുചെവിയിലും ഇടതുചെവിയിലും ധരിച്ചിരിക്കുന്നു. കപിലനേത്രങ്ങളും സ്വര്‍ണച്ചിറകുകളുമുള്ള ഗരുഡന്‍ കിരീടമണിഞ്ഞിരിക്കുന്നു.
ഈ ഉപനിഷത്തില്‍ വിവരിച്ചിട്ടുള്ള മന്ത്രങ്ങള്‍, വിഷമുള്ള പാമ്പ്, എട്ടുകാലി, എലി, തേള്‍, പല്ലി മുതലായ ജന്തുക്കളില്‍നിന്നും ഇല, പുല്ല്, ചെടികള്‍ എന്നിവയില്‍നിന്നും ശസ്ത്രാസ്ത്രങ്ങളില്‍നിന്നും മറ്റും ഉണ്ടാകുന്ന വിഷത്തെ നശിപ്പിക്കുമെന്നാണ് വിശ്വാസം. ഈ മന്ത്രങ്ങള്‍ ജപിക്കുകയോ ഇവകൊണ്ട് അഗ്നിയില്‍ ഹോമിക്കുകയോ ആകാം. ബ്രഹ്മാവ് നാരദനും നാരദന്‍ ബൃഹത്സേനനും ബൃഹത്സേനന്‍ ഇന്ദ്രനും ഇന്ദ്രന്‍ ഭരദ്വാജനും ഭരദ്വാജന്‍ ജീവത്കാമശിഷ്യന്മാര്‍ക്കും ഉപദേശിച്ചതാണ് ഈ ഉപനിഷത്ത്.
(പ്രൊഫ. വി. വെങ്കടരാജശര്‍മ)
No comments:
Post a Comment