Saturday, April 21, 2018

എഴുതിവെച്ച കൃതികള്‍ എത്രതന്നെ ഉല്‍കൃഷ്ട വിചാരങ്ങള്‍ അടങ്ങിയതാണെങ്കിലും മാറിയ കാലത്തിന്റെ ലോകബോധത്തെക്കൂടി ഉള്‍ക്കൊണ്ട് തലമുറകളിലേക്ക് പകരുമ്പോഴാണ് അത് ജീവസ്സുറ്റതായി നിലനില്‍ക്കുന്നത്. ശ്രദ്ധയും വിനയവും സമാധാനവുമുള്ള ശിഷ്യരിലൂടെയാണ് ഈ പാരമ്പര്യത്തെ കൈമാറ്റം ചെയ്യപ്പെടേണ്ടത്. പത്മപാദാചാര്യര്‍, തോടകാചാര്യര്‍, ഹസ്താമലകന്‍, സുരേശ്വരാചാര്യര്‍ തുടങ്ങിയ ശിഷ്യവൃന്ദം ഈ ധര്‍മ്മത്തെ നിര്‍വ്വഹിക്കാന്‍ ആചാര്യസവിധത്തില്‍ അണഞ്ഞവരായിരുന്നു. ഉറവവറ്റാത്ത ആ നിര്‍ഝരിയില്‍ നിന്നും അവതരിച്ചവരായിരുന്നല്ലോ ശ്രീരാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി തപോവനം, ശ്രീനാരായണഗുരുദേവന്‍, ആഗമാനന്ദസ്വാമികള്‍, ചിന്മയാനന്ദസ്വാമികള്‍ തുടങ്ങിയ ഗുരുക്കന്മാര്‍.
'സ്വാമിന്‍ നമസ്‌തേ നതലോകബന്ധോ
കാരുണ്യസിന്ധോ പതിതം ഭവാബ്ധൗ
മാമുദ്ധരാത്മീയകടാക്ഷദൃഷ്ട്യാ
ഋജ്വാദികാരുണ്യസുധാഭിവൃഷ്ട്യാ
ഇങ്ങനെ ഗുരുവിനെ ഭക്തിപൂര്‍വ്വം സേച്ച് ആത്മതത്ത്വം  ഉപദേശിക്കാന്‍ പ്രാര്‍ത്ഥിച്ച ശിഷ്യപ്രശിഷ്യപരമ്പരയാണ് ഇന്നും സനാതന സംസ്‌കൃതിയെ നിലനിര്‍ത്തുന്നത്. ഭാരതത്തിന്റെ  നാലതിര്‍ത്തികളില്‍ സ്ഥാപിച്ച മഠങ്ങളുടെ ദൗത്യവും, മേല്‍പ്പറഞ്ഞ വിജ്ഞാനത്തെ നിലനിര്‍ത്തുകയും അറിവിന്റേയും  ശാന്തിയുടേയും ഏകതയുടേയും സന്ദേശം പകര്‍ന്നുനല്‍കുകയും ചെയ്യുക എന്നതായിരുന്നു. ജാതി, നീതി, കുലം, ഗോത്രം, ശരീരബോധം തുടങ്ങിയ ഒരു ഭേദവും ഈ അറിവ് പകരുന്നിടത്ത് തടസ്സമായി ഉണ്ടാകരുതെന്നാണ് വീണ്ടും വീണ്ടും ആചാര്യര്‍ താക്കീത് നല്‍കിയിട്ടുള്ളത്. ആചാര്യവചനം ജീവിതത്തില്‍ അനുസരിക്കാത്തവര്‍ ജാതിയും ജാത്യാചാരങ്ങളേയുംകൊണ്ട് വിഭാഗീയത നടപ്പിലാക്കിയപ്പോഴൊക്കെ പഴികേള്‍ക്കേണ്ടിവന്നത് ആചാര്യസ്വാമികള്‍ക്കായിരുന്നു.
അകവും പുറവും തിങ്ങിനില്‍ക്കുന്ന മഹിമാവാര്‍ന്ന ആദിമഹസ് താന്‍ തന്നേയെന്ന ഉറച്ച ബോധ്യം വന്നവന്‍ ചണ്ഡാളനായാലും ബ്രാഹ്മണനായാലും ഗുരുതന്നെയാണെന്ന മനീഷാപഞ്ചകത്തിലെ 'ചണ്ഡാളോസ്തു സ തു ദ്വിജോസ്തു ഗുരുരിത്യേഷാ മനീഷാ മമ' എന്ന പ്രഖ്യാപനം ശ്രീശങ്കരന്റെ ജാതിയില്ലാ വിളംബരമായിരുന്നു. ഈ പ്രഖ്യാപനത്തിന്റെ അലയൊലി ഉപദേശസാഹസ്രിയിലും, വിവേകചൂഡാമണിയിലും, പ്രബോധസുധാകരത്തിലും ആവര്‍ത്തിച്ച് വരുന്നുണ്ട്. ഉദരം നിമിത്തം ജടധരിച്ചും മൊട്ടയടിച്ചും കാവിവസ്ത്രം അണിഞ്ഞും  സംന്യാസിയെന്ന പേരില്‍ വേഷംകെട്ടി നടന്നിരുന്നവര്‍ ഇന്നത്തെപ്പോലെ അന്നുമുണ്ടായിരുന്നു. 
ജടിലോ മുണ്ഡീ ലുഞ്ഛിതകേശഃ
കാഷായാംബര ബഹുകൃതവേഷഃ 
എന്ന പ്രസ്താവന സൂചിപ്പിക്കുന്നത് ഇതാണ്. ജീര്‍ണ്ണിച്ചുപോയ സംന്യാസി സമ്പ്രദായത്തെ ഉപനിഷത്ത് വിചാരങ്ങളുടെ അടിസ്ഥാനത്തില്‍ ചിട്ടപ്പെടുത്തിയതാണ്  'ദശനാമിസമ്പ്രദായം'. വൈദിക സമ്പ്രദായത്തില്‍ ശമദമാദികള്‍ പാലിച്ച് സംന്യാസിസമ്പ്രദായം സ്വീകരിച്ചവര്‍ക്കെല്ലാം ആചാര്യസ്വാമികള്‍ ആദരണീയനാകുന്നത് ഇക്കാര്യങ്ങളെക്കൊണ്ടാണ്.  
അറിവ്, അറിയുന്നവന്‍, അറിയുന്ന ലോകം ഇങ്ങനെ മൂന്നായി പിരിഞ്ഞു നില്‍ക്കുന്നതിനെ ഭാരതീയദര്‍ശനത്തില്‍  ത്രിപുടിയെന്ന് വിളിക്കും. അറിവിന്റെ മുറിവില്ലാതാകുന്ന അവസ്ഥയെ ത്രിപുടി മുടിയുകയെന്നും പറയും. പിരിഞ്ഞുനില്‍ക്കുന്ന അറിവ്  ഒന്നായി നിറവായി നില്‍ക്കുന്നതാണെന്ന് അനുഭവിപ്പിക്കുന്ന ശാസ്ത്രമാണ് വേദാന്തം. ഈ അനുഭൂതിയിലെത്തുന്നതിന് സാധകന്‍ ലോകവ്യവഹാരത്തെ പിരിച്ചും തിരിച്ചും അറിയേണ്ടതുണ്ട്. എല്ലാ സിദ്ധാന്തങ്ങളും കാഴ്ചപ്പാടുകളും ഇവിടെ വിഷയീഭവിക്കും. അതുകൊണ്ടാണ് വേദാന്തത്തിന്റെ പരിധിയില്‍ വരാത്ത ഒരറിവും ലോകത്തില്‍ ശേഷിക്കുന്നില്ലെന്ന് പറയാറുള്ളത്. ദ്വൈതത്തിനും  വിശിഷ്ടാദ്വൈതത്തിനും, ആത്മീയതയ്ക്കും ഭൗതികതയ്ക്കും കര്‍മ്മത്തിനും ഭക്തിക്കും അവിടെ സ്ഥാനമുണ്ട്. മാത്രമല്ല ഏതും മോക്ഷത്തിനു കാരണവുമാണ്. 
ആഹാരനിദ്രാഭയമൈഥുനം ച 
സമാനമേതത് പശുഭിര്‍നരാണാം.
ധര്‍മ്മോ ഹി തേഷാമധികോ വിശേഷോ
ധര്‍മ്മേണഹീനാഃ പശുഭിര്‍സമാനാഃ. 
എന്ന സുഭാഷിതത്തില്‍ ആഹാരം, നിദ്ര, ഭയം, സന്തതി ഉല്‍പ്പാദനം എന്നീ ജന്തുസഹജമായ കാര്യങ്ങള്‍ക്കപ്പുറം മനുഷ്യന്റെ മേന്മയായി ധര്‍മ്മത്തെ പറയുന്നുണ്ട്. അതുപ്രകാരം ധര്‍മ്മബോധത്തോടെ ഭക്ഷണം കഴിക്കുകയും കഴിക്കാതിരിക്കുകയും ചെയ്യുന്നത് ഉയര്‍ന്ന സാധനയാണ്. അതുമതി മനുഷ്യനെ ഉന്നതിയിലേക്ക് നയിക്കാന്‍. നിദ്രയും ഭയവും സന്തതി ഉല്‍പ്പാദനവുമെല്ലാം ധര്‍മ്മബോധത്തോടെ നിര്‍വ്വഹിച്ചാല്‍ അവയോരോന്നും പരമപദത്തിലേക്ക് നയിക്കാന്‍ പര്യാപ്തമാണ്. ഇപ്രകാരം വ്യക്തിജീവിതത്തിലെ വ്യവഹാരങ്ങളെ ധാര്‍മ്മികമായും വിവേകത്തോടെയും ശാസ്ത്രീയമായും സമീപിക്കേണ്ട ഉപദേശസാരമാണ് അദ്വൈതം.

No comments: