നാരായണന്‍ നമ്പൂതിരിപ്പാട്, ഒ.എം.സി. (1910 - 89)
മലയാള സാഹിത്യകാരന്‍. യഥാര്‍ഥ നാമം ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാട് എന്നാണെങ്കിലും ഒ.എം.സി. എന്ന ചുരുക്കപ്പേരില്‍ പ്രസിദ്ധന്‍. 1910 ജൂണ്‍ 20-ന് ഒറ്റപ്പാലത്തു ജനിച്ചു. നീലി അന്തര്‍ജനവും വാസുദേവന്‍ നമ്പൂതിരിപ്പാടുമാണ് മാതാപിതാക്കള്‍. ബി.എ. ബിരുദം നേടുകയും വേദസാഹിത്യങ്ങളില്‍ പാണ്ഡിത്യം കൈവരിക്കുകയും ചെയ്തു. നമ്പൂതിരി യുവജനസംഘം സെക്രട്ടറിയായും യോഗക്ഷേമ സഭാധ്യക്ഷനായും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. ഉണ്ണിനമ്പൂതിരി, യോഗക്ഷേമം എന്നീ മാസികകളുടെ പത്രാധിപരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്നാപക ചരിതം ആട്ടക്കഥ, ഗാന്ധിചരിതം തുള്ളല്‍, വെല്ലുവിളി, കണ്ണീര്‍മൊഴി എന്നീ കവിതാ സമാഹാരങ്ങള്‍; ഭാരത ജനനി കസ്തൂര്‍ബാ എന്ന ജീവചരിത്രം; വേദരശ്മികള്‍ എന്ന സൂക്തഭാഷ്യങ്ങള്‍ എന്നിങ്ങനെ നിരവധി കൃതികള്‍ ഇദ്ദേഹത്തിന്റേതായുണ്ട്. വേദരശ്മികള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
ഋഗ്വേദം-ഭാഷാഭാഷ്യം എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഋഗ്വേദത്തിന്റെ സായണഭാഷ്യ വിവര്‍ത്തനമാണ് ഒ.എം.സിയുടെ മറ്റൊരു മികച്ച സംഭാവന. ഈ ഋഗ്വേദ ഭാഷാഭാഷ്യം സായണാചാര്യരുടെ പ്രക്രിയാനുസാരിയാണെങ്കിലും പലേടത്തും മൗലികാശയങ്ങള്‍ പ്രകടിപ്പിക്കുന്നതുമാണ്. യാജ്ഞികവും പൗരാണികവുമായ ആശയങ്ങളുടെ വിശദീകരണവും ഈ ഭാഷ്യത്തില്‍ സുലഭമാണ്.
No comments:
Post a Comment