Wednesday, April 18, 2018

വെറും സാധാരണ മനുഷ്യന്‍-കയ്യും കാലും ഉണ്ട്;  ആഹാരം കഴിക്കുന്നു. ഉറങ്ങുന്നു. ഇതല്ലേ കൃഷ്ണന്റെ അവസ്ഥ? ആ കൃഷ്ണനെ സേവിച്ചാല്‍ ബ്രഹ്മമായിത്തീരാന്‍ കഴിയുമോ? അങ്ങനെയാണോ ഗീതയില്‍ പറയുന്നത്? ഇങ്ങനെ ചിന്തിക്കുന്നവരും എഴുതുന്നവരും പറയുന്നവരുമുണ്ട്.
നമുക്ക് ശ്രീശങ്കര ഭഗവത് പാദര്‍ എന്താണ് പറയുന്നതെന്ന് നോക്കാം-
ഭാഷ്യത്തിന്റെ ആരംഭത്തില്‍ തന്നെ-
''സ ഭഗവാന്‍ സൃഷ്‌ടേര്‍ ദം ജഗത്''- എന്നുപറയുന്നു. ഭഗവാനാണ് ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചത് എന്നുപറയുന്നു. പുംലിംഗ വാച്യനായ വ്യക്തിയാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന് വ്യക്തമാക്കുന്നു.
''സ ആദികര്‍ത്താദേവക്യാം വസുദേവാല്‍ അംശേ ന കൃഷ്ണഃ കിലസംബഭുവ.'' (ആദികര്‍ത്താവായ ആ ഭഗവാന്‍ ദേവകിയെ നിമിത്തമാക്കി വസുദേവനില്‍ നിന്ന് സംഭവിച്ചു.)
''സച ഭഗവാന്‍ ജ്ഞാനൈ, ശ്വര്യ, ശക്തി, ബല, വീര്യ, തേജോഭിഃ സദാസന്നഃ'' ഭഗവാന്‍ എന്ന് പറയുന്നത് ജ്ഞാനം ഐശ്വര്യം, ബലം, വീര്യം, തേജസ്സ് എന്നീ ഗുണങ്ങള്‍ എപ്പോഴും ആ കൃഷ്ണനില്‍ നിറഞ്ഞുനില്‍ക്കുന്നതുകൊണ്ടാണ്. മാത്രമല്ല, ''ഭൂതാനാം ഈശ്വരഃ=സര്‍വ്വപ്രാണികളെയും-ദേവ-മനുഷ്യ-മൃഗ-പക്ഷി വൃക്ഷലതാ-കീടാദികളെയും രക്ഷിക്കുന്നവനാണ്-നിയന്ത്രിക്കുന്നവനുമാണ്.
''ദേഹവാന്‍ ഇവ ജാതവാന്‍ ഇവ ലോകാനുഗ്രഹം കുര്‍വന്നിവലക്ഷ്യതേ'' നമുക്ക് ഉള്ളതുപോലെയുള്ള ദേഹം സ്വീകരിച്ചതുപോലെയും ജനിച്ചതുപോലെയും ഭക്തന്മാരെ അനുഗ്രഹിക്കുന്നതുപോലെയും കാണപ്പെടുന്നു. ''പരമാര്‍ത്ഥതത്വം ച വാസുദേവാഖ്യം പരബ്രഹ്മ അഭിധേയഭൂതം, വിശേഷതഃ അഭിവ്യന്ദ യദ് ഗീതാശാസ്ത്രം.''
(പരമാര്‍ഥമായ തത്ത്വം വാസുദേവന്‍-വസുദേവ പുത്രന്‍-എന്നുപേരുള്ള പരബ്രഹ്മത്തെ വിശേഷമായി വ്യഞ്ജിപ്പിക്കുന്നതാണ് ഗീതാശാസ്ത്രം) ശ്രീശങ്കരാചാര്യര്‍ വസുദേവ പുത്രനായ ശ്രീകൃഷ്ണന്‍ തന്നെയാണ് പരമതത്ത്വമെന്നും ഭഗവാന്‍ തന്നെയാണ് പരബ്രഹ്മമെന്നും സ്പഷ്ടമായി പറയുന്നു. അതിന്റെ കാരണം ഈ 27-ാം ശ്ലോകമണ്.
ഭഗവാന്‍ പറയുന്നു -(14-27)
''അഹം ബ്രഹ്മണഃ പ്രതിഷ്ഠാഹി''- (=ഞാന്‍ തന്നെയാണ് (ഹി) ബ്രഹ്മത്തിന്റെ പ്രതിഷ്ഠ) എന്താണ് 'പ്രതിഷ്ഠാ''- എന്ന വാക്കിന്റെ അര്‍ത്ഥം? പറയുന്നു- ''പ്രതിതിഷ്ഠതി അസ്മിന്‍ ഇതി പ്രതിഷ്ഠാ.''
=''ഒരു വസ്തു, ഏതൊന്നില്‍ ഉറച്ചുനില്‍ക്കുന്നുവോ, അതാണ് പ്രതിഷ്ഠ. ഭഗവാന്‍ പറയുന്നത് എന്നിലാണ് ബ്രഹ്മം ഉറച്ചു നില്‍ക്കുന്നത്; അതിനാല്‍ ഞാനാണ് ബ്രഹ്മത്തിന്റെ പ്രതിഷ്ഠ എന്നാണ്.
 janmabhumi

No comments: