Friday, June 01, 2018

യഗ്രീവന്‍ എന്ന അസുരന്‍ ബ്രഹ്മസന്നിധിയില്‍ നിന്നും വേദങ്ങള്‍ മോഷ്ടിച്ചെടുത്തു കടലില്‍ ഒളിപ്പിച്ചു. ബ്രഹ്മദേവന്‍ വിവരം മഹാവിഷ്ണുവിനെ ധരിപ്പിച്ചു. മത്സ്യാവതാരമെടുത്തു ഹയഗ്രീവനെ വധിച്ച് വേദങ്ങള്‍ വീണ്ടെടുത്തു കൊടുക്കാമെന്ന് മഹാവിഷ്ണു ബ്രഹ്മാവിന് ഉറപ്പു കൊടുത്തു.
സത്യവൃതമനു ബദരിയില്‍ തപസ്സു ചെയ്യുന്ന കാലത്ത്,  ഒരിക്കല്‍ സന്ധ്യാവന്ദനത്തിനായി  കൃതമാലാ നദിയില്‍ ഇറങ്ങവെ അദ്ദേഹത്തിന്റെ കാലില്‍ മുട്ടിയുരുമ്മി ഒരു മത്സ്യം അദ്ദേഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.
''രാജാവേ, ഈ നദിയിലെ പെരുമത്സ്യങ്ങല്‍ എന്നെ വെട്ടി വിഴുങ്ങാന്‍ വരുന്നു. അവിടുന്ന് എനിക്ക് അഭയം തരണം''. ചെറുമത്സ്യം മനുവിനോട് അപേക്ഷിച്ചു.
മത്സ്യക്കുഞ്ഞിന്റെ അപേക്ഷ കേട്ട് മനു അതിനെയെടുത്ത് ഒരു കുടത്തിലിട്ടു. കുടത്തില്‍ കിടന്ന് അത് വളരാന്‍ തുടങ്ങി. ദിവസങ്ങള്‍ക്കുള്ളില്‍ കുടത്തില്‍ അതിന് ഇടം പോരാതെ വന്നു. മനു അതിനെയെടുത്ത് ഒരു കുട്ടകത്തില്‍ ഇട്ടു. കുട്ടകത്തില്‍ കിടന്നും അത് വളര്‍ന്നു. ഏതാനും ആഴ്ചകള്‍ കഴിഞ്ഞപ്പോഴേക്കും കുട്ടകത്തിലും അതിനിടം തികയാതെയായി. മനു ആ മത്സ്യത്തെ എടുത്ത് ഒരു കുളത്തിലിട്ടു. കുളത്തില്‍ കിടന്നും മത്സ്യം വളര്‍ന്നു. അവസാനം മനു അതിനെ ഗംഗാനദിയില്‍ നിക്ഷേപിച്ചു. നദിയില്‍ കിടന്നും അത് വളര്‍ന്നുകൊണ്ടേയിരുന്നു.
ഒരിക്കല്‍ സന്ധ്യാവന്ദനത്തിനായി മനു ഗംഗാനദിയില്‍ ഇറങ്ങി. മത്സ്യം അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. 
''രാജാവേ, ഇന്നേക്ക് ഏഴാം നാള്‍ ഈ ഭൂമി പ്രളയത്തിലാഴും. അവിടുന്ന് ഒരു തോണിയുണ്ടാക്കി സപ്തര്‍ഷികളെയും കൂട്ടി കഴിയുന്നത്ര ജൈവബീജങ്ങളും സമാഹരിച്ച് അവയുമായി തോണിയില്‍ കയറുക. ഞാന്‍ നിങ്ങളെ രക്ഷിക്കുന്നതാണ്''.
ഇത്രയും പറഞ്ഞ് മത്സ്യം അപ്രത്യക്ഷമായി. മത്സ്യം പറഞ്ഞതുപോലെ  മനു അനുസരിച്ചു. ഏഴാം നാളില്‍ പേമാരി പെയ്തിറങ്ങി. മണിക്കൂറുകള്‍ക്കുള്ളില്‍ ഭൂമി പ്രളയത്തിലാഴ്ന്നു. തോണിയില്‍ ബന്ധിച്ച കയര്‍ മത്സ്യത്തിന്റെ തലയില്‍ മുളച്ച കൊമ്പില്‍ കൊളുത്തി അത് നീന്തിയകന്നു.
ജലനിരപ്പ് നിമിഷംപ്രതി ഉയര്‍ന്നുകൊണ്ടേയിരുന്നു. ഹിമാലയ ശൃംഗത്തിന്റെ മുകള്‍പ്പരപ്പുവരെ ജലം പൊങ്ങി. തോണിയില്‍ ബന്ധിച്ച കയര്‍ ഗിരിശൃംഗത്തില്‍ ഉടക്കി നിര്‍ത്തിയ ശേഷം മത്സ്യം മറഞ്ഞു.
ദിവസങ്ങള്‍ കടന്നുപോയി. പേമാരി ശമിച്ചു. മലമുകളിലെ ഉടക്കഴിഞ്ഞു കയറിന്റെ ബന്ധം വിച്ഛേദിക്കപ്പെട്ടു. ജലനിരപ്പിനോടൊപ്പം തോണിയും താഴ്ന്നു കൊണ്ടിരുന്നു. മനുവും സപ്തര്‍ഷികളും തോണിയില്‍ ശേഖരിക്കപ്പെട്ടിരുന്ന ബീജജോടികളും സുരക്ഷിതമായി കരയിലിറങ്ങി. ഭൂമി സാധാരണ നിലയിലായി. തോണിയില്‍ കരുതിയിരുന്ന ബീജജോടികളെ മനു ഭൂമിയില്‍ വിതച്ചു. സൃഷ്ടി പുനരാരംഭിച്ചു.janmabhumi

No comments: