Sunday, April 05, 2026

*"അകനാൾ ദോഷം"* ഒരു വ്യക്തി മരിച്ചു കഴിഞ്ഞാൽ അനുബന്ധ ചടങ്ങുകളായ പുല ആചരണം, സഞ്ചയനം തുടങ്ങിയ കർമ്മങ്ങളോടൊപ്പം ചിന്തിക്കുന്ന വിഷയമാണ് മരിച്ച വ്യക്തിയുമായി ബന്ധപ്പെട്ട് അകനാൾ ദോഷം ഉണ്ടോ എന്ന് നിർണ്ണയിക്കുന്നതും ഉണ്ടെങ്കിൽ ആ ദോഷം തീർക്കുന്ന കാര്യം വിചിന്തനം ചെയ്യുന്നതും ...... ... ദുർദിനങ്ങളിൽ മരണം സംഭവിച്ചാലുള്ള ദോഷമാണ് അകനാൾ ദോഷം ... ഈ ദോഷം സംഭവിച്ച ഗൃഹത്തിൽ അടുത്തു തന്നെ മരണഭീതിയുണ്ടാകാമെന്ന ഒരു പ്രാചീന വിശ്വാസം നിലനിൽക്കുന്നുണ്ട് ' . കൂടാതെ സഫലമാകാത്തതും ശക്തിയേറിയതുമായ ആഗ്രഹങ്ങളോടെയും കുടുംബത്തോട് അമിതാസക്തി വച്ചു പുലർത്തുന്ന വ്യക്തികളുടെ മരണശേഷവും അകന്നാൾ ദോഷം കാണുമെന്നുമുള്ള വിശ്വാസവും നിലവിലുണ്ട്.... വ്യക്തിയുടെ മരണശേഷം അകനാൾ ദോഷം ഉണ്ടോ എന്ന് നിർണയിക്കുന്നത് വ്യക്തി മരണപ്പെട്ട ദിവസത്തെ നക്ഷത്രവും ആ ദിവസത്തെ സൂര്യ നക്ഷത്രവും അഭിജിത്ത് ഉൾപ്പെടെ മറ്റ് നക്ഷത്രങ്ങളേയും വിധിപ്രകാരം ഗണനം നടത്തിയാണ് അകനാൾ ദോഷം ഉണ്ടോ എന്നറിയുന്നത്..... മരണദേവനായ കാലൻ കാല ദണ്ഡും പാശവും മരിച്ച ഗൃഹത്തിൽ നിക്ഷേപിക്കുമെന്നും അതെടുക്കുവാനായ് വരുമ്പോൾ ബലി നൽകിയാൽ ദോഷം ഒഴിഞ്ഞു പോകും എന്ന വിശ്വാസത്തിലാണ് മരണം നടന്ന് പന്ത്രണ്ടാം ദിനം ഈ ചടങ്ങ് നടത്തി പോരുന്നത് .... അള്ളടം ദേശത്ത് അകനാൾ ദോഷം ഉച്ചാടനം ചെയ്യുന്ന കർമ്മിമാർ പ്രധാനമായും വണ്ണാൻ സമുദായത്തിലുള്ളവരാണ്. അതാത് നാടുകളിൽ മാറ്റും വിളക്ക് തിരിയും നൽകാൻ അവകാശപ്പെട്ട വണ്ണാൻ സമുദായത്തിൽപ്പെട്ടവർ ആണ് തദ്ദേശങ്ങളിലെ ഈ കർമ്മത്തിൻ്റെ കാർമ്മികാവകാശി...... ചില ദേശങ്ങളിൽ മലയൻ സമുദായത്തിലുള്ളവരും ഈ കർമ്മം ചെയ്തു പോരുന്നുണ്ട്..... രാത്രി മനുഷ്യ സഞ്ചാരമടങ്ങിയ നേരത്താണ് മുമ്പു കാലത്ത് മരണവീട്ടിൽ ഈ ചടങ്ങു നടത്തുക .... പേടിപ്പിക്കുന്ന അന്തരീക്ഷം..... സന്ധ്യക്കു ശേഷം വീട്ടിലെത്തുന്ന കർമ്മി കൊടിയിലയിൽ ഭസ്മമിട്ട് നൂൽക്കെട്ട് വച്ച് മന്ത്ര സിദ്ധി ചെയ്ത് വീട്ടിനു ചുറ്റും നൂൽ കെട്ടി ദിക്: ബന്ധനം ചെയ്യലാണ് കർമ്മത്തിൻ്റെ ആദ്യഘട്ടം ..... തുടർന്ന് തിരിയോല കൊണ്ടുണ്ടാക്കുന്ന ബലിത്തട്ടും വെക്കോൽ കൊണ്ടുണ്ടാക്കുന്ന പ്രേത ശരീരവും (പിണം) ഗുരുതിയും മറ്റും തയാറാക്കുന്നു.... മരണ സംസ്കാര കർമ്മങ്ങളെ പ്രതിനിധീകരിക്കുമാറ്' വീട്ടിന്നകത്ത് ഒരു ചെറുപലക മേൽ പിണത്തിൻ്റെ ശിരസ്സ് തെക്ക് ദിശയിലേക്കാക്കി പിണത്തെ തെക്ക് വടക്കായി കിടത്തിവെച്ച് കോടി മുണ്ട് പുതപ്പിക്കുന്നു... തോട്ടടുത്തായി നിറനാഴിയും മറ്റും ഒരുക്കിവെച്ച് അടുത്ത് കുക്കുട ബലിക്കായി ഒരു കോഴിയെയും ഒരുക്കി വെക്കുന്നു: തുടർന്ന് വീട്ടിൻ മുറ്റത്ത് അരിപ്പൊടി കൊണ്ട് ബലിക്കളം വരച്ച് മുതിർച്ച ചെയ്യുന്നു.... ബലിത്തട്ടിൽ കോത്തിരി കുത്തി വച്ച് തയാറാക്കുന്നു.... ആൾ സഞ്ചാരമടങ്ങിയ വൈകിയ രാവിൽ വീട്ടുമുറ്റത്തെ എല്ലാ വിളക്കുകളും അണച്ച് കനത്ത നിശ്ശബ്ദതയിൽ ആണ് ഈ ഗുഡ കർമ്മം ആരംഭിക്കുന്നത് .... നിറഞ്ഞു കത്തുന്ന കോത്തിരി വെളിച്ചത്തിൽ ബലിത്തട്ട് വലതു കൈയിൽ പിടിച് ഇടതു കൈയിൽ മണി നാദമുതിർത്തു കാലൻ്റെ ദേവനായ ഗുളിക നെ സ്തുതിച്ചു കൊണ്ടുള്ള അകനാൾ സ്ത്രോത്രം ഉച്ചത്തിൽ മുഴങ്ങുന്ന ശബ്ദത്തിൽ ആരംഭിക്കും.... " മാതാവെ പിതാവെ പോറ്റി - മാതംഗ മുഖവാ :വാണി - മാമനെക്കൊന്ന കണ്ണാ - ബാധകൾ ചരിതം ചൊൽവാൻ - എൻ മുമ്പിൽ വെളിപ്പെടേണം ......... " തുടർന്ന് ബാധാ ഗണത്തിൽപ്പെട്ട മൂർത്തികളേയും ദേവതകളേയും ബലിത്തട്ടുഴിഞ്ഞു കൊണ്ട് മണി കിലുക്കി കൊണ്ട് കനത്ത നിശ്ശബ്ദതയെ മുറിച്ച് മന്ത്രാധിഷ്ഠിതമായി ഉച്ചത്തിൽ പേരു ചൊല്ലി വിളിച്ചു സ്തുതിക്കുന്നു...... "ബ്രഹ്മനും ബ്രഹ്മ കാളി - ബ്രഹ്മ രാക്ഷസനാം ദൈവം - കലയണിഞ്ഞ ന്തി കോലം - കുറത്തിയും കരുകലക്കി - ......................... ".മണി ക്കുണ്ടൻ കണ്ഠാകർണൻ നിണമുണ്ണി ചോരക്കണ്ണി- ................................. ഉമ്മട്ടൻ കുളിയൻ ചൊക്കൽ - അഖില മോഹിനിയാംമൂർത്തി - പേർ ക്കൊല്ലി കരിച്ചാമുണ്ണി- കുണ്ടോ റ ചാമുണ്ടി കുറത്തി ഗുളികനും - കോട്ടപ്പുറത്ത് ചാമുണ്ടി ഭയങ്കരി ..............................::: ശൂലം ധരിച്ചുള്ള പാഷണ മൂർത്തികൾ - മാരണ വക്രനും മാരണ മൂർത്തിയും ........... . തുടങ്ങിയ ദീർഘമായ സ്തുതികൾ ....... കർമ്മാനന്തരം ഒരുക്കി വെച്ച കോഴിയെ ബലി കൊടുത്തെറിഞ്ഞ് വീട്ടുകാർക്ക് കുക്കുട ലക്ഷണം പറഞ്ഞു കൊടുക്കുന്ന ചടങ്ങും കാണാറുണ്ട്.... അകനാൾ കർമ്മം കഴിഞ്ഞ് സാധനങ്ങളൊക്കെയെടുത്ത് ദക്ഷിണ സ്വീകരിച്ച് കർമ്മി പിൻ നോക്കാതെ വീട് വിട്ടിറങ്ങുമ്പോൾ വീട്ടുകാർ ചാണകം തെളിച്ച് തുറന്നിട്ട വാതിൽ കൊട്ടിയടക്കുകയും ചെയ്യുന്നു: ഇത് പൂർണമല്ല ..... കർമ്മങ്ങളുടെ ചെറുതായ ഒരു സാമാന്യ വിവരണം മാത്രം ::ചെയ്തു പോരുന്ന കർമ്മങ്ങളിലും ചൊല്ലുന്ന സ്തുതികളിലും പ്രാദേശിക വ്യത്യാസം ഉണ്ടായിരിക്കും.... പണ്ട് കാലത്ത് പാതിരാത്രികളിൽ കർമ്മം കഴിഞ്ഞ് ... കയ്യിൽ പിണവും നിറഞ്ഞു കത്തുന്ന ബലിത്തട്ടുമായി കുടുസ്സായ ഇടവഴികളിലൂടെയും കുന്നിൻ ചരിവുകളിലൂടെയും പുഴയോരത്ത് കുടെയും മരണവീട്ടിൽ നിന്നും ഒറ്റക്കിറങ്ങി നടന്നു നീങ്ങുന്ന കർമ്മിയായ വണ്ണാൻ്റെ മാനസിക ധൈര്യം സങ്കൽപാതീതമല്ലേ?.... : പല പഴയ കർമ്മികളും അവർക്കുണ്ടായ ഭീതിദമായ അനുഭവങ്ങൾ അയവിറക്കാറുണ്ട്...... ഇന്ന് അന്ധവിശ്വാസമായി മാത്രം കാണുന്ന ഈ ചടങ്ങ് ഒറ്റപ്പെട്ട മരണവീടുകളിൽ ചെയ്യുന്നത് .. മറ്റു കുടുംബാംഗങ്ങളിൽ ആ വീട്ടിലെ മരണത്തിൻ്റെ മാനസികാഘാതം ലഘുകരിക്കുന്നതിനും അവരുടെ മനസ്സിൽ ഉറഞ്ഞു കൂടിയിരിക്കുന്ന ദു:ഖത്തിനുണ്ടാകുന്ന ലാഘവത്വവും അതുവഴി അവർക്കുണ്ടാകുന്ന മാനസിക ധൈര്യവും സമാശ്വാസവും തന്നെയാണ് ' പ്രാചീനമായ ഇത്തരം ചടങ്ങുകൾ കൊണ്ടുള്ള നേട്ടവും ...... മരണപ്പെട്ട വ്യക്തിയുമായുള്ള മാനസിക ബന്ധത്തിൻ്റെ ദൃഡത കുറക്കുവാനുള്ള " സെക്കോ തെറാപ്പിക്ക്; .: സൂചനമായി ഈ കർമ്മത്തെ കാണാവുന്നതാണ് ബലിക്കളം, ബലിത്തട്ട്, സ്ത്രോത്രങ്ങൾ, മന്ത്രങ്ങൾ, ഗുരുതി തുടങ്ങിയ സങ്കേതങ്ങൾ അതിൻ്റെയൊരു ഭാഗം മാത്രം.......... ഈ കുറിപ്പ് തയാറാക്കാനായി ആ വേദകരായി എൻ്റെ ചില സുഹൃത്തുക്കളും ഒരു മാന്ത്രിക വിജ്ഞാന ഗ്രന്ഥവും' ' എന്നെ സഹായിച്ചിട്ടുണ്ടെന്നറിയിക്കട്ടെ .........

No comments: