Monday, April 13, 2026

അതേ.. സ്വന്തം വിധിയെ.. കർമ്മഫലത്തെ എങ്ങനെ മാറ്റിമറിക്കാനാവും.. സൂര്യദേവന്റെ പുത്രനായി കുന്തി ദേവിയുടെ പുത്രനായി ഉന്നത കുലത്തിൽ ജനിച്ചിട്ടും സ്വന്തം അമ്മയുടെ മുലപ്പാൽ കുടിക്കാനോ.. അച്ഛന്റെ വാത്സല്യം അനുഭവിക്കാനോ.. കർണ്ണന് ഭാഗ്യമുണ്ടായില്ല.. സർവ്വ വിദ്യകളും വശമായിട്ടും അവഹേളനങ്ങൾ മാത്രം ബാക്കി.. സത്യത്തെ മുറുകെ പിടിച്ചു ജീവിതം നയിച്ചിട്ടും ചതിയിൽ തന്നെ പെടേണ്ടിവന്നു... സർവ്വ ബന്ധുക്കളും ശത്രുക്കളായി.. ഒരേ അമ്മയിൽ പിറന്ന സഹോദരങ്ങൾ തന്റെ മരണം കൊതിക്കുന്നത് അനുഭവിച്ചറിഞ്ഞു.. എന്തിനേറെ സകല ഗുണങ്ങളാൽ ജീവിച്ചിട്ടും ചതിയിൽ തന്നെ മരിക്കേണ്ടിയും വന്നു.. അതാണ് വിധി.. ഇത് കർണ്ണന്റെ മാത്രം അനുഭവമാണോ.. ഇങ്ങനെ അല്ലെങ്കിൽ വേറെ വിധത്തിൽ വിധിയുടെ പിടിയിൽപ്പെട്ടുകൊണ്ട് കണ്ണുനീരും ദുരിതവുമായി എത്രയോപേർ ജീവിക്കുന്നു.. സത്യത്തെ മുറുകെ പിടിച്ചിട്ടും സന്മാർഗ്ഗങ്ങളിൽ ജീവിച്ചിട്ടും സ്വന്തബന്ധങ്ങളെ പ്രാണനെപോലെ സ്നേഹിച്ചിട്ടും ആർക്കും വേണ്ടാതെ ദുരിതങ്ങൾ മാത്രം കൂട്ടായി മരിക്കാൻ പോലും കഴിയാതെ സ്വന്തം കർമ്മഫലം എന്ന് ഓർത്ത് എല്ലാം സഹിക്കുന്നവർ എത്ര എത്ര... പക്ഷേ ഒന്നോർക്കേണം മനുഷ്യ ജന്മം പുണ്യമായ ജന്മമാണ്.. മോക്ഷത്തിലേക്ക് കടക്കാനുള്ള അമൂല്യമായ ജന്മം.. എന്നിട്ടും പലരും ആ മഹിമ അറിയാതെ അമിതമായ സുഖങ്ങളെ തേടികൊണ്ട് ജീവിതം നയിക്കുന്നു.. പാപങ്ങളും അധർമ്മങ്ങളും ചെയ്യുന്നു മോക്ഷം ലഭിക്കാതെ കർമ്മഫലം അനുഭവിക്കാനായി വീണ്ടും വീണ്ടും ജനിക്കുന്നു.. എന്നാൽ ഏതെങ്കിലും ഒരു ജന്മത്തിൽ ഈശ്വരനോട് അളവറ്റ ഭക്തിയും സത്യധർമ്മങ്ങളും പാലിച്ചുകൊണ്ട് തന്റെ മുൻജന്മങ്ങളിൽ ചെയ്തുപോയ പാപകർമ്മഫലങ്ങൾ അനുഭവിച്ച് തീർത്ത്കൊണ്ട് തന്റെ അവസാന ജന്മമായ ഈ ജന്മത്തിൽ തികച്ചും ഈശ്വരാനുഗ്രഹത്താൽ മരണം സംഭവിച്ചുകൊണ്ട് ഈശ്വര പാദങ്ങളിൽ ശരണമടയുന്നു.. നാം നമ്മുടെ ദുർവിധികളാൽ നാം ചെയ്തുപോയ പാപകർമ്മഫലങ്ങൾ തന്നെയാണ് അനുഭവിക്കുന്നത്.. അത് മനസ്സിലാക്കി ഈശ്വരനോട് ചേർന്നു ജീവിതം നയിക്കാതെ വീണ്ടും വീണ്ടും തിന്മകളിലേക്ക് അടുത്താൽ വരും ജന്മങ്ങളിലും ദുരിതം തന്നെ ഫലം.. നാം നമ്മുടേതായ കർമ്മഫലങ്ങൾ ഈശ്വരനോട് ചേർന്ന് നിന്നുകൊണ്ട് അനുഭവിച്ചു തീർത്തുകൊണ്ട് ഈശ്വരനോട് ചേർന്ന് മോക്ഷപഥത്തിലേക്ക് എത്തിച്ചേരാം..

No comments: